Russia Coronavirus (Covid-19) Vaccine: കോവിഡ് 19 വ്യാപനം ലോകത്ത് റിപ്പോർട്ട് ചെയ്ത് ഒമ്പത് മാസത്തിന ശേഷമാണ് വൈറസിനെതിരായ വാക്സിൻ കണ്ടെത്തിയെന്ന റഷ്യയുടെ പ്രഖ്യാപനം എത്തുന്നത്. മനുഷ്യവംശത്തിന് തന്നെ ആശ്വാസവും പ്രതീക്ഷയും നൽകുന്ന പ്രഖ്യാപനം നടത്തിയത് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണ്.

ലോകത്തിലെ ആദ്യത്തെ കോവിഡ്-19 വാക്‌സിനാണ് റഷ്യയുടെ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് മനുഷ്യരില്‍ രണ്ട് മാസത്തോളം പരീക്ഷച്ചശേഷം വാക്സിന് അനുമതി നേടിയത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവയ്പ് എടുത്തതായും പുടിന്‍ പ്രഖ്യാപിച്ചു.

ഉയരുന്ന പ്രധാന ആശങ്ക

പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് റഷ്യയിലെ മോസ്കോ ഗമാലയ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഗാം-കോവിഡ്-വാക് ലിയോ വാക്സിൻ ചില ചോദ്യങ്ങളും ആശങ്കകളും ബാക്കിവയ്ക്കുന്നുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ സിവിലിയൻ ഉപയോഗത്തിനായി ഇത് അംഗീകരിക്കപ്പെടുന്നതിനാൽ അതിന്റെ സുരക്ഷയും ഫലപ്രാപ്തിയും ചോദ്യം ചെയ്യപ്പെടുന്നു.

Also Read: Covid-19 Vaccine: ലോകത്തെ ആദ്യത്തെ കോവിഡ്-19 വാക്‌സിന് റഷ്യ അനുമതി നല്‍കി

നേരത്തെ വാക്സിനുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസിലെ പൊതുജനാരോഗ്യ വിദഗ്ധനായ ആന്റണി ഫോക്കിയും റഷ്യയും ചൈനയും വികസിപ്പിക്കുന്ന വാക്സിനുകളിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

റഷ്യൻ വാക്സിന്റെ പ്രവർത്തനം എങ്ങനെ?

സാധാരണ ജലദോഷ വൈറസായ SARS-CoV-2 വിഭാഗത്തിൽപ്പെട്ട അഡെനോവൈറസിന്റെ ഡിഎൻ‌എ അടിസ്ഥാനമാക്കിയാണ് റഷ്യയുടെ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്നതിനാണ് പ്രധാനമായും വാക്സിൻ സഹായിക്കുന്നത്. വാക്‌സിനിലെ കൊറോണ വൈറസ് കണങ്ങൾക്ക് ശരീരത്തിന് ദോഷം വരുത്താനാകില്ലെന്നും അവ വർധിക്കില്ലെന്നും ഗമാലയ ദേശീയ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് സ്പുട്നിക് ന്യൂസിനോട് പറഞ്ഞു.

റഷ്യൻ വാക്സിന്റെ പരീക്ഷണ ഫലം എന്ത്?

ഇതുവരെ, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഒന്നാം ഘട്ട ഫലങ്ങൾ മാത്രമാണ് റഷ്യ പരസ്യമാക്കിയത്. അത് വിജയകരമാണെന്ന് അവർ അവകാശപ്പെടുകയും ചെയ്യുന്നു. വാക്സിൻ സന്നദ്ധപ്രവർത്തകരാരും പരാതികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പാർശ്വഫലങ്ങൾ അനുഭവിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.

ജൂൺ 17ന് ആരംഭിച്ച ആദ്യഘട്ട പരീക്ഷണത്തിൽ 76 വോളന്റിയർമാരാണ് പങ്കെടുത്തത്. ഇതിൽ കൂടുതൽ ആളുകളും സൈന്യത്തിന്റെ ഭാഗമാണ്. പരീക്ഷണത്തിൽ പങ്കെടുത്ത പകുതിയോളം ആളുകളിൽ ദ്രാവക രൂപത്തിലും മറ്റുള്ളവരിൽ ലയിക്കുന്ന പൊടിയായുമാണ് വാക്സിൻ പ്രയോഗിച്ചത്.

Also Read: ന്യൂസീലൻഡിൽ 102 ദിവസത്തിനു ശേഷം സമ്പർക്കത്തിലൂടെ കോവിഡ് രോഗബാധ

ജൂലൈ 13 നാണ് 2-ാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചതെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രണ്ടാം ഘട്ടം പൂർത്തിയായോ? മൂന്നാം ഘട്ടം പരീക്ഷണങ്ങൾ നടത്തിയോ എന്ന കാര്യത്തിലൊന്നും ഇതുവരെ വ്യക്തത വന്നട്ടില്ല. സാധാരണയായി രണ്ടാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകാൻ കുറച്ച് മാസങ്ങളെടുക്കും.

റഷ്യൻ വാക്‌സിനിനെക്കുറിച്ച് വിദഗ്ധർ ആശങ്ക ഉന്നയിച്ചത് എന്തുകൊണ്ട്?

ഓക്സ്ഫോർഡ്-അസ്ട്രാസെനെക, മോഡേണ, ഫൈസർ എന്നിവരെ മറികടന്ന് അതിവേഗത്തിലുള്ള റഷ്യൻ വാക്സിൻ നിർമാണം പൗരന്മാരുടെ ജീവിതം അപകടകരമാക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണ സാഹചര്യങ്ങളിൽ വർഷങ്ങളോളം എടുക്കുന്ന മനുഷ്യ പരീക്ഷണങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയായി എന്നതാണ് വിദഗ്ധർ ഉന്നയിക്കുന്ന ആശങ്ക.

എന്നാൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന മറ്റൊരു രോഗമായ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോ(MERS) മിനുള്ള വാക്‌സിനോട് സാമ്യമുള്ളതിനാലാണ് വാക്സിൻ ഇത്ര വേഗം സാധ്യമാക്കിയതെന്ന് റഷ്യ അവകാശപ്പെടുന്നു.

റഷ്യൻ വാക്‌സിനിൽ താൽപ്പര്യം പ്രകടിപ്പിച്ച രാജ്യങ്ങൾ ഏതൊക്കെ?

2021 ജനുവരിയോടെ മാസംതോറും ആയിരകണക്കിന് വാക്സിൻ ഡോസുകൾ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രി അറിയിച്ചിരുന്നു. ഇരുപതിലധികം രാജ്യങ്ങൾ ഇതിനോടകം തങ്ങളുടെ വാക്സിനോട് താൽപ്പര്യം കാണിച്ചെന്നും റഷ്യ അവകാശപ്പെടുന്നു.

“ഞങ്ങളുടെ വിദേശ പങ്കാളികൾ അവരുടെ രാജ്യങ്ങളിൽ ഈ വാക്സിൻ ഉൽപാദിപ്പിക്കാൻ വലിയ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. റഷ്യൻ വാക്സിൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രസീൽ, ഇന്ത്യ തുടങ്ങിയ പല രാജ്യങ്ങളിൽനിന്നും വലിയ താൽപ്പര്യമുണ്ട്. വാക്‌സിൻ ഉത്പാദിപ്പിക്കാൻ അഞ്ചിലധികം രാജ്യങ്ങൾ ഇപ്പോൾ ഞങ്ങളുമായി സജീവമായി പ്രവർത്തിക്കുന്നു,” ഡെനിസ് ദിമിത്രോവ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook