കൊറോണവൈറസിനെതിരായ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മോസ്‌കോയിലെ സെഷനോവ് യൂണിവേഴ്‌സിറ്റി പൂര്‍ത്തിയാക്കിയെന്ന് ഞായറാഴ്ച്ച അനവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ആദ്യ ഘട്ട പരീക്ഷണം മാത്രമാണ് പൂര്‍ത്തിയാക്കിയതെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമായി പറയുന്നില്ല.
രണ്ടാം ഘട്ട പരീക്ഷണം തിങ്കളാഴ്ച്ച ആരംഭിക്കുമെന്ന് കരുതുന്നു. ഒരു വാക്‌സിന്‍ മാത്രമാണ് റഷ്യയില്‍ വികസിപ്പിക്കുന്നതും അത് മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലെത്തുകയും ചെയ്തു. റഷ്യയുടെ പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് ഗമാലേ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്റ് മൈക്രോബയോളജിയാണ് ഈ വാക്‌സിന്‍ വികസിപ്പിക്കുന്നത്. ജൂണ്‍ 18-ന് ആരംഭിച്ച ഒന്നാം ഘട്ട മനുഷ്യ പരീക്ഷണത്തില്‍ 18 സൈനികര്‍ സന്നദ്ധസേവകരായി.
Read Also: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 449 പേർക്ക്; രണ്ട് മരണം
ജൂലൈ 15-ന് ഒന്നാം ഘട്ട പരീക്ഷണം അവസാനിക്കുമെന്നും ജൂലൈ 13-ന് രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് ടാസ് വാര്‍ത്ത ഏജന്‍സി ജൂലൈ 10-ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാക്‌സിന്‍ പരിശോധനയ്ക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ ആദ്യ സംഘത്തിന്റെ പരീക്ഷണം ജൂലൈ 15-ന് അവസാനിക്കും, ടാസ് ഏജന്‍സി റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു ചെറിയ സംഘം സന്നദ്ധ പ്രവര്‍ത്തകരില്‍ വാക്‌സിന്റെ സുരക്ഷയും സഹനശേഷിയും പരീക്ഷിക്കും. സന്നദ്ധ സേവകരില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായില്ലെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നും വിട്ടയക്കുമെന്നും വാര്‍ത്തയില്‍ പറയുന്നു.
വാക്‌സിന്റെ കാര്യക്ഷമതയും രോഗപ്രതിരോധ ശേഷിയും പരിശോധിക്കുന്നതിനുള്ള രണ്ടാം സംഘത്തിലെ സന്നദ്ധ സേവകര്‍ക്ക് ജൂലൈ 13-ന് കൊറോണവൈറസിന്റെ വാക്‌സിന്റെ രണ്ടാം ഘടകം കുത്തിവയ്ക്കുമെന്ന് ഏജന്‍സി പറഞ്ഞു. സിവിലിയന്‍ സന്നദ്ധ സേവകരിലും ഈ ഘട്ടത്തില്‍ വാക്‌സിന്‍ കുത്തിവയ്ക്കും.
രണ്ടാം ഘട്ട പരീക്ഷണത്തിലാണ് കാര്യക്ഷമതയും രോഗപ്രതിരോധ ശേഷിയും (രോഗ പ്രതിരോധം ഉണ്ടാകുക) പരിശോധിക്കുന്നത്. മനുഷ്യരില്‍ ഈ വാക്‌സിന്‍ രോഗ പ്രതിരോധശേഷി ഉണ്ടാക്കുന്നുണ്ടോയെന്ന് ഗവേഷകര്‍ ഈ ഘട്ടത്തിലാണ് നിരീക്ഷിക്കുന്നത്. കൂടാതെ, രോഗ പ്രതിരോധം ഉണ്ടാകുന്നതിന് വാക്‌സിന്റെ എത്ര ഡോസ് നല്‍കണമെന്നും കണ്ടെത്തും.
മൂന്നാമത്തെ ഘട്ടത്തിലാണ് വാക്‌സിന്റെ വികസനം ഉള്‍പ്പെടുന്നത്. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളില്‍ രോഗ പ്രതിരോധ ശേഷി നല്‍കാന്‍ വാക്‌സിന് കഴിയുമോയെന്ന് പരിശോധിക്കുന്നത് ഈ ഘട്ടത്തിലാണ്. ആയിരക്കണക്കിന് സന്നദ്ധ സേവകരിലാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ കുത്തിവയ്ക്കുക. ഇപ്പോഴത്തെ നിലയില്‍ രണ്ടാംഘട്ടത്തിലെ പരീക്ഷണത്തിന്റെ വിജയം ഉറപ്പില്ല. പരീക്ഷണം പൂര്‍ത്തിയാക്കിയശേഷമാണ് അത് വിലയിരുത്തുന്നത്.
Read Also: ഇന്ത്യയിൽ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗിൾ
മൂന്നാം ഘട്ട പരീക്ഷണത്തിലൂടെ റഷ്യന്‍ വാക്‌സിന്‍ കടന്നു പോകുമെന്നും വ്യക്തമല്ല. രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ഉപയോഗത്തിന് അനുമതി ലഭിച്ചത് ചൈനയിലെ ഒരു വാക്‌സിന്‍ മാത്രമാണ്. അവര്‍ ഇപ്പോള്‍ സൈനികരില്‍ മാത്രമാണ് പരീക്ഷിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക റഷ്യയിലെ റെഗുലേറ്ററി അതോറിറ്റിയാണ്.