റഷ്യയെ ടോക്കിയോ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര കായികവേദികളില്‍നിന്ന് നാലു വര്‍ഷത്തേക്കു വിലക്കാന്‍ ലോക ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) പാനല്‍ ശിപാര്‍ശ ചെയ്തിയിരിക്കുകയാണ്. കായികതാരങ്ങള്‍ക്കു വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്ന പദ്ധതി നടക്കുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു ശിപാര്‍ശ. എന്താണ് റഷ്യയുടെ ഉത്തേജകമരുന്ന് പദ്ധതി? എന്ത് പുതിയ വെളിപ്പെടുത്തലാണു വിലക്ക് ശിപാര്‍ശയിലേക്കു നയിച്ചത്?

വെളിപ്പെട്ടതെങ്ങനെ?

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി റഷ്യ കായികതാരങ്ങള്‍ക്ക് ഉത്തേജകമരുന്ന് നല്‍കുന്നതായി വിസില്‍ ബ്ലോവര്‍മാരും നിരീക്ഷകരും ആരോപിക്കുന്നുണ്ട്. ഇതിനെ ത്തുടര്‍ന്ന് പല പ്രമുഖ രാജ്യാന്തര ഫെഡറേഷനുകളും റഷ്യയുടെ കായികതാരങ്ങളെ പ്രധാന മത്സരങ്ങളില്‍നിന്നു തടയുകയുണ്ടായി. കായികതാരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡോപ്പിങ് റെഗുലേറ്റര്‍മാര്‍ക്കു മോസ്‌കോയിലെ ലബോറട്ടറിയില്‍നിന്നു കൈമാറണമെന്ന വ്യവസ്ഥയില്‍ 2018 സെപ്റ്റംബറില്‍ വാഡ ഉപരോധം നീക്കി. വിവിധ കായിക ഇനങ്ങളില്‍ കൃത്രിമം കാണിച്ച നൂറുകണക്കിന് കായികതാരങ്ങളെ തിരിച്ചറിയാന്‍ റഷ്യയുടെ പുതിയ തീരുമാനത്തിലൂടെ കഴിയുമായിരുന്നു.

എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷമുണ്ടായ വെളിപ്പെടുത്തല്‍ റഷ്യയെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തി. കൃത്യമായി ആസൂത്രണം ചെയ്ത ഉത്തേജകമരുന്ന് പദ്ധതി സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ നടക്കുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍. മറ്റൊരു വിസില്‍ ബ്ലോവറും റഷ്യന്‍ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ റുസാഡയുടെ മുന്‍ മേധാവിയുമായ ഗ്രിഗറി റോഡ്ചെങ്കോവ് ന്യൂയോര്‍ക്ക് ടൈംസിനോടാണു വെളിപ്പെടുത്തല്‍ നടത്തിയത്.

Russia ban, റഷ്യയ്ക്ക് വിലക്ക്, Russia faces sports ban, കായിക വിലക്ക് അഭിമുഖീകരിച്ച് റഷ്യ, WADA, വാഡ, Anti-Doping Agency, ഉത്തേജകമരുന്ന് വിരുദ്ധ പരിശോധനാ ഏജൻസി,  International Olympic Committee, രാജ്യാന്തര ഒളിമ്പിക്  കമ്മിറ്റി, Tokyo Olympics, ടോക്കിയോ ഒളിമ്പിക്സ്, Russia athletics, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam,ഐഇ മലയാളം

റഷ്യന്‍ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (റുസാഡ) മുന്‍ മേധാവി ഗ്രിഗറി റോഡ്ചെങ്കോവ്

റോഡ്ചെങ്കോവിന്റെ ആരോപണങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതായിരുന്നു. 2014 ലെ സോചി വിന്റര്‍ ഒളിമ്പിക്‌സിന്റെ സമയത്ത് രാജ്യത്തെ ഉത്തേജമരുന്ന് വിരുദ്ധ ഏജന്‍സിയിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും അംഗങ്ങള്‍ തന്നെ പരിശോധനയ്ക്കു വേണ്ട കായികതാരങ്ങളുടെ മൂത്ര സാമ്പിളുകള്‍ ഏജന്‍സിക്കു മാറ്റി നല്‍കിയെന്നായിരുന്നു ആരോപണം.

ഏജന്‍സി ലബോറട്ടറിയിലെ മതിലിലുണ്ടാക്കിയ രഹസ്യദ്വാരത്തിലൂടെയാണ് സാമ്പിളുകള്‍ മാറ്റിയതെന്നാണ് റോഡ്ചെങ്കോവ് വെളിപ്പെടുത്തിയത്. റഷ്യയുടെ സുരക്ഷാ ഏജന്‍സികളുടെ ശക്തമായ കാവലുള്ള ലബോറട്ടറിയാണ് ആരോപണവിധേയമായിരിക്കുന്നത്. ഈ സംഭവവികാസങ്ങളെത്തുടര്‍ന്നു റഷ്യയ്ക്കെതിരേ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി), വാഡ, മറ്റ് ആഗോള ഫെഡറേഷനുകള്‍ എന്നിവയുടെ അന്വേഷണ പരമ്പര ആരംഭിച്ചു.

അന്വേഷണസംഘങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചത്

മോസ്‌കോ ലാബിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ കനേഡിയന്‍ അഭിഭാഷകന്‍ റിച്ചാര്‍ഡ് മക് ലാരന്റെ നേതൃത്വത്തില്‍ വാഡ സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. ഐഒസി രണ്ട് അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഈ ഏജന്‍സികളിലൊന്ന് സോചി ഗെയിംസില്‍ സാമ്പിളുകള്‍ കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ പരിശോധിച്ചപ്പോള്‍, മറ്റൊന്ന് സംഭവത്തില്‍ റഷ്യന്‍ ഭരണകൂടത്തിന്റെ പങ്കെന്താണെന്നാണ് അന്വേഷിച്ചത്.

സോചി ഒളിമ്പിക്‌സില്‍ റഷ്യന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ഉത്തജകമരുന്ന് ഉപയോഗിക്കപ്പെട്ടത്തിന്റെ തെളിവുകള്‍ മക് ലാരന്റെ റിപ്പോര്‍ട്ട് വെളിച്ചത്തുകൊണ്ടുവന്നു. ഉത്തേജകമരുന്നു വിരുദ്ധ നിയമലംഘനങ്ങളില്‍ ഡസന്‍ കണക്കിനു റഷ്യന്‍ അത്ലറ്റുകള്‍ കുറ്റക്കാരാണെന്ന് ഐഒസി കമ്മിഷനുകളിലൊന്നു കണ്ടെത്തി.
മോസ്‌കോയിലെ ലബോറട്ടറിയില്‍ പരീക്ഷണഫലങ്ങള്‍ മാറ്റാനും ശേഖരിച്ച സാമ്പിളുകളില്‍ വ്യത്യാസം വരുത്താനും സഹായിക്കുന്ന സംവിധാനം റഷ്യന്‍ അധികൃതര്‍ രൂപകല്‍പ്പന ചെയ്തതായി ഐഒസിയുടെ രണ്ടാമത്തെ കമ്മിഷന്‍
സ്ഥിരീകരിച്ചു.

Russia ban, റഷ്യയ്ക്ക് വിലക്ക്, Russia faces sports ban, കായിക വിലക്ക് അഭിമുഖീകരിച്ച് റഷ്യ, WADA, വാഡ, Anti-Doping Agency, ഉത്തേജകമരുന്ന് വിരുദ്ധ പരിശോധനാ ഏജൻസി,  International Olympic Committee, രാജ്യാന്തര ഒളിമ്പിക്  കമ്മിറ്റി, Tokyo Olympics, ടോക്കിയോ ഒളിമ്പിക്സ്, Russia athletics, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam,ഐഇ മലയാളം

പിന്നീട് സംഭവിച്ചതെന്ത്?

ആരോപണങ്ങള്‍ ഉയര്‍ന്നയുടനെ, 2015 ല്‍ റഷ്യയുടെ ഉത്തേജക മരുന്ന് പരിശോധനാ ലാബിന്റെ അക്രഡിറ്റേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയുണ്ടായി. റിയോ ഒളിമ്പിക്സിനായുള്ള റഷ്യയുടെ 389 അംഗ സംഘത്തില്‍നിന്നുള്ള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ടീം ഉള്‍പ്പെടെയുള്ള 111 അത്ലറ്റുകളെ പ്രാഥമിക അന്വേഷണത്തിനുശേഷം ഐഒസി നീക്കം ചെയ്തു. വിശദമായ അന്വേഷണത്തെത്തുടര്‍ന്ന്, ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ നടന്ന 2018 ലെ വിന്റര്‍ ഒളിമ്പിക്‌സില്‍നിന്നു റഷ്യയെ പൂര്‍ണമായി വിലക്കാന്‍ ഐഒസി നിര്‍ദേശിച്ചു. ഒടുവില്‍, രാജ്യാന്തര ഫെഡറേഷനുകള്‍ നല്‍കിയ പ്രത്യേക ഇളവിലൂടെ 168 റഷ്യന്‍ അത്ലറ്റുകള്‍ മാത്രമാണു പങ്കെടുത്തത്.

അതേസമയം, റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു പൂര്‍ണമായും വിലക്കുകയും രാജ്യത്തിന്റെ പതാക ഏതെങ്കിലും വേദിയില്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്നതു തടയുകയും ചെയ്തു. ‘റഷ്യയില്‍ നിന്നുള്ള ഒളിമ്പിക് അത്ലറ്റ്’ എന്ന് അച്ചടിച്ച അനൗദ്യോഗിക യൂണിഫോം ധരിക്കാനുള്ള അനുവാദം മാത്രമാണു റഷ്യന്‍ അത്ലറ്റുകള്‍ക്കുണ്ടായിരുന്നത്.

എന്തുകൊണ്ടാണു വാഡ ഉപരോധം നീക്കിയത്?

ലോകമെമ്പാടുമുള്ള അത്‌ലറ്റുകളുടെയും ഉത്തേജകമരുന്ന് വിരുദ്ധ ഉദ്യോഗസ്ഥരുടെയും പ്രതിഷേധത്തിനു വിരുദ്ധമായി 2018 സെപ്റ്റംബറില്‍ അപ്രതീക്ഷിതമായാണു വാഡ വിലക്ക് നീക്കുന്നത്. റഷ്യന്‍ ഉദ്യോഗസ്ഥരും രാജ്യാന്തര കായികസംഘടനകളുടെ നേതാക്കളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു ഈ നടപടി.

വാഡയുമായുള്ള അനുരഞ്ജനത്തിന്റെ ഭാഗമായി, തെറ്റുകള്‍ സമ്മതിച്ച റഷ്യ കായികതാരങ്ങളുടെ കൃത്യമായ ഡേറ്റയും സാമ്പിളുകളും കൈമാറാമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വാഡ ഈ ആവശ്യം പിന്നീട് പിന്‍വലിച്ചു. ‘റഷ്യന്‍ സര്‍ക്കാര്‍ പങ്കിനെക്കുറിച്ചുള്ള ഐഒസി കമ്മിഷന്റെ ഗൗരവം കുറഞ്ഞ കണ്ടെത്തലുകള്‍’ അംഗീകരിക്കുകയും ചെയ്തു’വെന്നാണു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ‘കര്‍ശനമായ നിബന്ധനകളോടെയാണു വിലക്ക് മാറ്റിയത്’എന്നാണു വാഡ പ്രസിഡന്റ് ക്രെയ്ഗ് റെഡി അഭിപ്രായപ്പെട്ടത്. കായികതാരങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മോസ്‌കോ ലബോറട്ടറിയിലേക്കു വാഡയ്ക്കു പ്രവേശനം നല്‍കുന്നത് ഉള്‍പ്പെടുന്ന നിബന്ധനകളാണു വാഡ മുന്നോട്ടുവച്ചിരിക്കുന്നത്.

കായികതാരങ്ങളുടെ വിവരങ്ങള്‍ റഷ്യ വാഡയ്ക്ക് നല്‍കിയോ?

2019 ജനുവരിയില്‍ മോസ്‌കോ ലബോറട്ടറിയിലെ ‘വിവിധ സെര്‍വറുകള്‍, ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക് വസ്തുക്കള്‍’ എന്നിവയില്‍ നിന്നായി കായികതാരങ്ങളുടെ 2,262 സാമ്പിളുകള്‍ മൂന്നംഗ വാഡ ടീം വീണ്ടെടുത്തു. വിശദമായ വിശകലനത്തിനും അധികാരികമായ സ്ഥിരീകരണത്തിനുമായി വിവരങ്ങള്‍ റഷ്യക്കു പുറത്തേക്കു കൊണ്ടുപോയി.

മോസ്‌കോ ലാബില്‍നിന്ന് വീണ്ടെടുത്ത ഡേറ്റയും 2017 ല്‍ ഒരു വിസില്‍ബ്ലോവര്‍ നല്‍കിയ പ്രത്യേക ഡേറ്റാബേസും തമ്മിലുള്ള ‘വ്യത്യാസങ്ങള്‍’ അന്വേഷകര്‍ പരിശോധിക്കുന്നുണ്ടെന്നു ജൂലൈയില്‍ വാഡ വ്യക്തമാക്കി. റഷ്യ സമര്‍പ്പിച്ച ഡേറ്റയുടെ സാധുതയെക്കുറിച്ച് ചില സംശയങ്ങളുണ്ടെന്നും വാഡ അഭിപ്രായപ്പെട്ടു.

 

റഷ്യന്‍ അത്ലറ്റുകള്‍ക്കു പുതിയ ശിക്ഷയുണ്ടാകുമോ ?

ടോക്കിയോ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര കായിക വേദികളില്‍നിന്ന് റഷ്യയെ നാലുവര്‍ഷത്തേക്കു വിലക്കണമെന്ന് വാഡ പാനല്‍ നവംബര്‍ 25നു ശിപാര്‍ശ ചെയ്തു. നിര്‍ദിഷ്ട ഉപരോധങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:

* റഷ്യന്‍ കായികതാരങ്ങള്‍ തുടര്‍ച്ചയായി രണ്ടാം തവണയും അനൗദ്യോഗിക യൂണിഫോമില്‍ തന്നെ ഒളിമ്പിക്‌സില്‍ പങ്കെടുക്കേണ്ടിവരും. അവര്‍ മെഡലുകള്‍ നേടിയാല്‍ രാജ്യത്തിന്റെ പതാക ഉയര്‍ത്തുകയോ ദേശീയഗാനം മുഴക്കുകയോ ചെയ്യില്ല.

* റഷ്യന്‍ അത്ലറ്റുകള്‍ക്ക് അവര്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിക്കുകയും മറ്റു നിരവധി കര്‍ശന വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ പ്രധാന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

* പുതിയ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്താന്‍ റഷ്യയ്ക്ക് സാധിക്കില്ല. ഈ കാലയളവില്‍ റഷ്യ ആതിഥ്യം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റുകള്‍ മറ്റു രാജ്യങ്ങളിലേക്കു മാറ്റും

* പ്രധാനമേളകളില്‍ പങ്കെടുക്കുന്നതിനു റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പ്രതിനിധികള്‍ക്കും വിലക്ക്. ഇവര്‍ക്ക്, ആഗോള ഉത്തേജക മരുന്ന് വിരുദ്ധ കോഡില്‍ ഒപ്പിട്ട സംഘടനകളുടെ ബോര്‍ഡില്‍ സേവനമനുഷ്ഠിക്കുന്നതിനും വിലക്ക്.

ഇനി എന്ത്?

എല്ലാ ആരോപണങ്ങളും റഷ്യ നിഷേധിച്ചു. എന്നാല്‍ ഈ വിഷയത്തെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ റഷ്യ നല്‍കണമെന്നും വിവരങ്ങളില്‍ കൃത്രിമം കാണിച്ചവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകണമെന്നും ഐ.ഒ.സി. 26നു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ ഒന്‍പതിനു വാഡ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരും. ഇവ അംഗീകരിക്കപ്പെട്ടാല്‍, റഷ്യന്‍ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ റുസാഡയ്ക്കു വാഡ ഔദ്യോഗിക അറിയിപ്പ് നല്‍കും. പാനല്‍ നിര്‍ദേശം റഷ്യ തള്ളുകയാണെങ്കില്‍, വിഷയം കായികവിഷയങ്ങളിലെ രാജ്യാന്തര തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കോടതിക്കു (കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ട്) കൈമാറും. ശിപാര്‍ശകള്‍ കോടതി അംഗീകരിച്ചാല്‍ ഇത് അന്തിമവും എല്ലാ രാജ്യാന്തര ഫെഡറേഷനുകള്‍ക്കും ബാധകവുമായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook