പാകിസ്താനില്‍ മതനിന്ദ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് എട്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞ അസിയ ബിബിയെ ഫ്രാന്‍സിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് ഇമ്മാനുമേല്‍ മാക്രോണ്‍. അസിയയെ പാക് സുപ്രീംകോടതി കുറ്റവിമുക്തമാക്കിയതിനെ തുടര്‍ന്ന് അവര്‍ കാനഡയില്‍ രാഷ്ട്രീയ അഭയം നേടിയിരുന്നു. 2019 മെയ് മാസത്തിലാണ് അവര്‍ കാനഡയിലേക്ക് കുടിയേറിയത്. വര്‍ഷങ്ങളായി കുടുംബം കാനഡയിലാണ് താമസിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള ക്ഷണം ലഭിച്ചതിലൂടെ ആദരിക്കപ്പെട്ടതായി അസിയ പറഞ്ഞു. ഫ്രാന്‍സിലേക്ക് താമസം മാറണമോയെന്ന് തീരുമാനമെടുക്കാന്‍ സമയം വേണമെന്ന് അവര്‍ പറഞ്ഞു. അതേസമയം, അസിയയും കുടുംബാംഗങ്ങളും ആവശ്യമായ ഫോമുകള്‍ പൂരിപ്പിച്ചുവെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
അസിയ ബിബിയ്ക്കെതിരായ കേസ്
സംശയാസ്പദമായ സാഹചര്യത്തിലാണ് 2010-ല്‍ അസിയയെ മതനിനന്ദയ്ക്ക് ശിക്ഷിച്ചത്. ക്രിസ്ത്യാനികളും മറ്റു മതന്യൂനപക്ഷങ്ങളും അശുദ്ധിയുള്ളവരാണെന്ന് പാകിസ്താനിലെ ചില യാഥാസ്ഥിതിക മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതിനാല്‍ അവരോടൊപ്പം ആഹാരം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഇഷ്ടപ്പെടുന്നില്ല.
മുസ്ലിം സഹപ്രവര്‍ത്തകര്‍ക്ക് വെള്ളം കുടിക്കാന്‍ വച്ചിരുന്ന പാത്രം ഉപയോഗിച്ച് അസിയ വെള്ളം കുടിച്ചതിന് പിന്നാലെയാണ് അവര്‍ക്ക് നേരെ മതനിന്ദ ആരോപണം ഉണ്ടാകുന്നതും അറസ്റ്റ് ചെയ്യുന്നതും. അവര്‍ പ്രവാചകനായ മുഹമ്മദിനെ നിന്ദിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നത്.
അസിയയെ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയ ദിവസം അവരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് മതനിന്ദ കുറ്റം ചുമത്തുകയും ചെയ്തു. 2010-ല്‍ അവരെ വധശിക്ഷയ്ക്ക് വിധിച്ചു. 2018-ല്‍ തെളിവുകളുടെ അഭാവത്തില്‍ അവരെ വിട്ടയച്ചു. ഇതേതുടര്‍ന്ന് മതനിന്ദ നിയമത്തെ പിന്തുണച്ച് തെഹ്രീക്-ഇ-ലബെയ്ക്ക് അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അസിയയെ കുറ്റവിമുക്തരാക്കിയതിനെതിരെ ചില കടുത്തമതവാദികള് സുപ്രീംകോടതിയെ സമീപിച്ചു.
പാകിസ്താനിലെ മതനിന്ദാ നിയമങ്ങള്‍
മതനിന്ദാ കുറ്റത്തിന് പാകിസ്താന് ഇതുവരെ ആരേയും വധശിക്ഷയ്ക്ക് വിധേയനാക്കിയിട്ടില്ലെങ്കിലും നിയമം കൈയിലെടുത്തവര്‍ നിരവധി പേരെ കൊലപ്പെടുത്തിയെന്ന വാര്‍ത്തകളുണ്ട്. 2017-ല്‍ ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിയായ മഷാല്‍ ഖാനെ മതനിന്ദയ്ക്ക് ആക്രമിച്ചിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മതനിന്ദ നിയമങ്ങള്‍ ആദ്യം നടപ്പിലാക്കിയത്. ബ്രിട്ടീഷുകാര്‍ വിട്ടുപോയശേഷം 1980-കളില്‍ ഈ നിയമങ്ങള്‍ വീണ്ടും വിപുലീകരിച്ചു. ഇത് രാജ്യത്തെ മതസ്വാതന്ത്ര്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി.
1956-ല്‍ പാകിസ്താനെ ഇസ്ലാമിക റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. മതവിശ്വാസത്തേയും ആചാരങ്ങളേയും വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ നിന്ദിക്കുന്നത് പാകിസ്താന്റെ പീനല്‍ കോഡിലെ 295, 298 സെക്ഷന്സുകള് നിരോധിക്കുന്നുണ്ട്. ഇത് ഭൂരിപക്ഷ മതവികാരങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്.
മതനിന്ദ കുറ്റകരമാക്കുന്നത് 295-സി സെക്ഷനാണ്. ഇത് നടപ്പിലാക്കിയത് 1986-ല്‍ ജനറല്‍ സിയ-ഉള്-ഹക്കിന്റെ കാലത്താണ്.
പാകിസ്താനിലെ മതനിന്ദാ കുറ്റങ്ങള്‍
2019 ജൂണില്‍ ക്രിസ്ത്യന്‍ കൗമാരക്കാരായ സണ്ണി മുഷ്താഖിനേയും നൊമാന്‍ അസ്ഗറിനേയും മതനിന്ദയ്ക്ക് അറസ്റ്റ് ചെയ്തതാണ് ഈ കേസുകളില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. പ്രവാചകനായ മുഹമ്മദിനെ നിന്ദിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ സ്വീകരിച്ചുവെന്നതാണ് ഇവരുടെ പേരിലെ കുറ്റം. ഇതേവര്‍ഷം തന്നെ ഹിന്ദുവായ വെറ്റിനറി ഡോക്ടര്‍ രമേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. ഇസ്ലാമിനെ കുറിച്ചെഴുതിയ പേപ്പറില്‍ മരുന്ന് പൊതിഞ്ഞു നല്‍കിയെന്നാണ് കേസ്.
ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ച് ടൈമൂര്‍ റാസയ്ക്ക് വധശിക്ഷ വിധിച്ചു. ഖുറാനിലെ പേജുകള്‍ ഉള്‍പ്പെടെയുള്ള പഴയ പേപ്പറുകള്‍ കത്തിച്ചുവെന്നാരോപിച്ച് 2015 നവംബറില്‍ ഖമര്‍ അഹമ്മദ് താഹിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ 2019 ഡിസംബറില്‍ സര്‍വകലാശാല മുന്‍ ലക്ചററായ ജുനൈദ് ഹഫീസിനെ വധശിക്ഷയ്ക്ക് ഒരു പാക് കോടതി വിധിച്ചു.