ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടി 3 വർഷത്തിന്ശേഷം 1950 ജനുവരി 26നാണ് രാജ്യം ആദ്യമായി റിപ്പബ്ലിക് ദിനം ആചരിച്ചത്. ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. അപ്പോൾ എന്താണ് ഭരണഘടനാ ദിനം? റിപ്പബ്ലിക് ദിനത്തിന് രണ്ട് മാസം മുൻപ് ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രത്യേകത എന്താണ്?
70 വർഷങ്ങൾക്ക് മുൻപ്, 1949 നവംബർ 26 ഇന്ത്യൻ ഭരണഘടനാ അസംബ്ലി നമ്മുടെ ഭരണഘടന അംഗീകരിച്ചു. 2015 മുതൽ, ഈ ദിവസം ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കുന്നു. ഈ ദിവസം സംവിധാൻ ദിവസ് എന്നും അറിയപ്പെടുന്നു. ഭരണഘടന അംഗീകരിച്ചതിന് രണ്ടു മാസത്തിന് ശേഷമാണ് അത് നിലവിൽ വന്നത്. 1950 ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കപ്പെട്ടു.
Constitution Day: ഭരണഘടനാ ദിനം
‘പൗരന്മാർക്കിടയിൽ ഭരണഘടനാ മൂല്യങ്ങൾ’ പ്രോത്സാഹിപ്പിക്കുന്നതിനായി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് 2015 മെയ് മാസത്തിലാണ് കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ചത്. ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായിരുന്ന ബാബാസാഹെബ് ഭീംറാവു അംബേദ്കറുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന വർഷമായിരുന്നു ഇത്.
ഭഗത് സിംഗ്, ഡോ റാം മനോഹർ ലോഹ്യ എന്നിവരുൾപ്പെടെ നിരവധി പ്രതിഭകളെ സ്വന്തമാക്കാനുള്ള ബിജെപിയുടെ പ്രത്യക്ഷ ശ്രമങ്ങൾക്ക് അനുസൃതമായി, അംബേദ്കറുടെ പൈതൃകത്തിന് അവകാശവാദം ഉന്നയിക്കാനുള്ള നീക്കമായാണ് കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനത്തെ കണ്ടത്.
നവംബർ 19 2015ന് നവംബർ 26 ഭരണഘടനാ ദിനമായി സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. ഇതിന് മുമ്പ് ഈ ദിവസം ദേശീയ നിയമദിനമായി ആചരിച്ചിരുന്നു. ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി കൂടിയായിരുന്നു അംബേദ്കർ.
ഭരണഘടനാ അസംബ്ലി
ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപീകരണത്തിനായി രൂപീകരിച്ച ഭരണഘടനാ അസംബ്ലി, 1946 ഡിസംബർ 9ന് അതിന്റെ ആദ്യ സമ്മേളനം നടത്തി. ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 207 അംഗങ്ങൾ പങ്കെടുത്തു. തുടക്കത്തിൽ, നിയമസഭയിൽ 389 അംഗങ്ങളുണ്ടായിരുന്നു.
സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം, അതിന്റെ അംഗബലം 299 ആയി കുറഞ്ഞു. ഭരണഘടനയുടെ കരട് തയ്യാറാക്കാൻ അസംബ്ലി മൂന്ന് വർഷമെടുത്തു. കരടിന്റെ ഉള്ളടക്കത്തിനായി മാത്രം 114 ദിവസത്തിലധികം ചെലവഴിച്ചു.
1946 ഡിസംബർ 13ന് ജവഹർലാൽ നെഹ്‌റു ലക്ഷ്യ പ്രമേയം (Objective Resolution) അവതരിപ്പിച്ചു. അതിനെ ഏകകണ്ഠമായി ഭരണഘടനയുടെ ആമുഖമായി (Preamble) 1947 ജനുവരി 22ന് അംഗീകരിച്ചു. ഭരണഘടനാ അസംബ്ലിയിലെ 17ലധികം കമ്മിറ്റികളിൽ ഒന്നായിരുന്നു അംബേദ്കർ അധ്യക്ഷനായ ഡ്രാഫ്റ്റിങ് കമ്മിറ്റി.
അത് 1947 ഓഗസ്റ്റ് 29നാണ് രൂപീകരിക്കപ്പെട്ടു. ഇന്ത്യയ്‌ക്കായി ഒരു കരട് ഭരണഘടന തയ്യാറാക്കുക എന്നതായിരുന്നു അവരുടെ ചുമതല. 7,600 ഭേദഗതികളിൽ, ഭരണഘടനയെക്കുറിച്ച് ചർച്ച ചെയ്തും സംവാദം നടത്തിയും 2,400 ഓളം ഭേദഗതികൾ കമ്മിറ്റി ഒഴിവാക്കി.
ഭരണഘടനാ അസംബ്ലിയുടെ അവസാന സമ്മേളനം 1949 നവംബർ 26ന് ഭരണഘടന അംഗീകരിച്ചതോടെ അവസാനിച്ചു. 284 അംഗങ്ങൾ ഒപ്പിട്ടതിന് ശേഷം അടുത്ത വർഷം ജനുവരി 26ന് ഇത് പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണ സ്വരാജ് പ്രമേയം 1930ൽ ഈ ദിവസം പ്രഖ്യാപിച്ചതു കൊണ്ടാണ് ജനുവരി 26 തിരഞ്ഞെടുത്തത്.
ഭരണഘടനാ ദിനം 2022: ചില വസ്തുതകൾ
ഇന്ത്യൻ ഭരണഘടന തയാറാക്കാൻ ഏകദേശം 2 വർഷവും 11 മാസവും 18 ദിവസവും വേണ്ടി വന്നു.
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന.
ഭരണഘടനയുടെ യഥാർത്ഥ പകർപ്പ് കൈകൊണ്ട് എഴുതിയതാണ്.
ഭരണഘടനയുടെ യഥാർത്ഥ പകർപ്പുകൾ പാർലമെന്റ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഭരണഘടനയുടെ ഓരോ പേജിലും ഒരു സ്വർണ്ണ ഇല ഫ്രെയിമും ഓരോ അധ്യായത്തിന്റെയും ആദ്യ പേജിൽ ചില കലാസൃഷ്ടികളുമുണ്ട്.
പ്രശസ്ത എഴുത്തുകാരൻ പ്രേം നാരായൺ റൈസാദയാണ് ഭരണഘടനയുടെ യഥാർത്ഥ പകർപ്പുകൾ തയ്യാറാക്കിയത്.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടന 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
നമ്മുടെ ഭരണഘടനയുടെ ചില സുപ്രധാന ഭാഗങ്ങൾ പല രാജ്യങ്ങളുടെയും ഭരണഘടനയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. യുഎസ്എയിൽ നിന്നുള്ള മൗലികാവകാശങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും, ബ്രിട്ടനിൽ നിന്നുള്ള പാർലമെന്ററി സമ്പ്രദായവും പ്രസിഡന്റ് സ്ഥാനവും, കാനഡയിൽ നിന്നുള്ള ഫെഡറൽ ഗവൺമെന്റ് സംവിധാനം, ആഫ്രിക്കയിൽ നിന്നുള്ള ഭരണഘടനാ ഭേദഗതി സംവിധാനം, സോവിയറ്റ് യൂണിയനിൽ നിന്നുള്ള മൗലിക കർത്തവ്യങ്ങൾ, ജർമ്മനിയിൽ നിന്നുള്ള അടിയന്തര വ്യവസ്ഥകൾ, അയർലൻഡിൽ നിന്നുള്ള നയ തത്വങ്ങൾ, ഫ്രാൻസിൽ നിന്നുള്ള റിപ്പബ്ലിക്കൻ ഭരണസംവിധാനം, ഓസ്‌ട്രേലിയയിൽ നിന്നുള്ള കൺകറന്റ് ലിസ്റ്റും ചേർന്നാണ് നമ്മുടെ ഭരണഘടന രൂപം കൊണ്ടത്.
സർ ഐവർ ജെന്നിംഗ്സ് ഇന്ത്യൻ ഭരണഘടനയെ ലോകത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ഭരണഘടനയായി പ്രഖ്യാപിച്ചു.