ലോകമെമ്പാടുമുള്ള വാർഷിക പ്ലാസ്റ്റിക് മാലിന്യത്തിന്റെ വെറും ഒൻപത് ശതമാനം മാത്രമാണ് പുനചംക്രമണം ചെയ്യപ്പെടുന്നുന്നത്. വർധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണ പ്രതിസന്ധിയിൽനിന്ന് കരകയറാൻ നമുക്ക് കഴിയും എന്നത് മിഥ്യാധാരയാണെന്ന് ഇത് വ്യക്തമാക്കുന്നു . 85ശതമാനം പ്ലാസ്റ്റിക് പാക്കേജിങ്ങും മാലിന്യക്കൂമ്പാരങ്ങളായി അവസാനിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാകുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിൽ, 2021ൽ 50 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ അഞ്ചു ശതമാനം മാത്രമാണ് പുനചംക്രമണം ചെയ്യപ്പെട്ടതെന്ന് ‘ഗ്രീൻപീസ്’ പറയുന്നു. അന്തരീക്ഷ മലിനീകരണത്തിനെതിരെയും പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്‍ജിഒയാണ് ‘ഗ്രീന്‍പീസ്.’
2060 ഓടെ ആഗോളതലത്തിൽ പ്ലാസ്റ്റിക് ഉൽപ്പാദനം മൂന്നിരട്ടിയാകും, എണ്ണയിൽ നിന്നോ വാതകത്തിൽ നിന്നോ നിർമ്മിച്ച പ്ലാസ്റ്റിക്കുകൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാർബൺ മലിനീകരണത്തിന്റെ ഉറവിടങ്ങളാണ്. ഇവയിൽ പലതും സമുദ്രങ്ങളിൽ എത്തുകയും സമുദ്രജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. പുനചംക്രമണം പ്രോത്സാഹിപ്പിച്ച് ആ പ്ലാസ്റ്റിക്കുകൾ തങ്ങളുടെ കണ്ടെയ്‌നറുകളിൽ ഉൾപ്പെടുത്തും എന്നുമുള്ള നെസ്‌ലെയും ഡാനോണും പോലുള്ള പ്രമുഖ പ്ലാസ്റ്റിക് ഉൽപ്പാദകരുടെ വാഗ്ദാനങ്ങളും നടപ്പിലായില്ല.
ഓസ്ട്രിയ മുതൽ സ്പെയിൻ വരെയുള്ള രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകൾക്കൊപ്പം പ്ലാസ്റ്റിക് ലോബിയും ചേർന്ന് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടുന്ന ഡെപ്പോസിറ്റ് റിട്ടേൺ സ്കീമുകൾക്കെതിരെ സ്വാധീനം ചെലുത്തി കൊണ്ട് ഈ ഉത്തരവാദിത്തത്തിൽനിന്നു ഒഴിയുന്നു. എങ്കിലും പ്രതീക്ഷ ബാക്കിയുണ്ട്. സർക്കുലർ ഇക്കോണമി മോഡൽ ഉപയോഗിച്ച് പ്ലാസ്റ്റിക്കിന്റെ ഉൽപ്പാദനവും ഉപയോഗവും പുനരുപയോഗവും കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള ആഗോള പ്ലാസ്റ്റിക് ഉടമ്പടിയുടെ ഭാഗമായി പുതിയ യൂണിവേഴ്സൽ പ്ലാസ്റ്റിക് നിയന്ത്രണങ്ങൾ നിലവിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും, പുനചംക്രമണം എന്ന മിഥ്യയെയാണ് സർക്കുലർ പ്രൊഡക്റ്റ് രൂപകൽപനയും ആശ്രയിക്കുന്നത്. നിലവിൽ പ്ലാസ്റ്റിക് പ്രതിസന്ധിയെ ലഘൂകരിക്കാൻ കാര്യമായി ഒന്നും ചെയ്യാൻ ഈ ആശയത്തിന് കഴിഞ്ഞിട്ടില്ല.
ഏഴ് തരം പ്ലാസ്റ്റിക്കുകൾ
മിക്ക പ്ലാസ്റ്റിക് പാക്കേജിങ്ങും നിർമ്മിക്കുന്നത് ഏഴ് ഗ്രേഡിലുള്ള പ്ലാസ്റ്റിക്കിൽ നിന്നാണ്. അവ പരസ്പരം പൊരുത്തപ്പെടാത്തതും പുനചംക്രമണത്തിന് വേർതിരിക്കാൻ ചെലവേറിയതുമാണ്. പോളിയെത്തിലീൻ ടെറഫ്താലേറ്റ്(പിഇറ്റി) ലോകത്തിലെ ഏറ്റവും സാധാരണമായ പ്ലാസ്റ്റിക് #1 , ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ (എച്ച്ഡിപിഇ) #2 എന്നിവയുൾപ്പെടെ അഞ്ച് തരം പ്ലാസ്റ്റിക്കുകൾ ശേഖരിക്കാമെങ്കിലും അവ അപൂർവമായി മാത്രമേ പുനചംക്രമണം ചെയ്യപ്പെടൂ എന്ന് ‘ഗ്രീൻപീസ്’ പറയുന്നു.
പിഇറ്റിയാണ് ഏറ്റവും പുനചംക്രമണം ചെയ്യാൻ കഴിയുന്ന പ്ലാസ്റ്റിക്. അതിന്റെ ഉപോല്‍പ്പന്നം ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയുന്ന പാനീയ കുപ്പികൾ, പാത്രങ്ങൾ അല്ലെങ്കിൽ വസ്ത്രങ്ങളുടെ നാരുകൾ എന്നിവയ്ക്ക് വലിയ വിപണിയുണ്ട്.
എന്നാൽ മൂന്നു മുതൽ ഏഴ് വരെയുള്ള കാഠിന്യമുള്ള പ്ലാസ്റ്റിക്കുകൾക്ക് വളരെ ചെറിയ വിപണിയാണുള്ളത്. കാരണം അവയുടെ അസംസ്‌കൃത വസ്തുക്കളുടെ മൂല്യം പുനചംക്രമണത്തിന്റെ വിലയെക്കാൾ കുറവായതിനാലാണിത്. “എല്ലാ പ്ലാസ്റ്റിക്കുകളും പുനഃക്രമീകരിക്കാനും വേർതിരിക്കാനും ബുദ്ധിമുട്ടാണ്,” ‘ഗ്രീൻപീസ്’ യുഎസ്എ സീനിയർ പ്ലാസ്റ്റിക് ക്യാംപെയ്നർ ലിസ റാംസ്‌ഡൻ പറഞ്ഞു. മിക്‌സഡ് കണ്ടെയ്‌നർ റീസൈക്ലിങ്ങ് ബിന്നുകളിൽ ധാരാളംമറ്റു മാലിന്യങ്ങൾ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് ആ പ്ലാസ്റ്റിക്ക് പുനരുപയോഗം ചെയ്യാൻ കഴിയില്ല, അവർ കൂട്ടിച്ചേർത്തു. “പുനചംക്രമണം അല്ല പ്ലാസ്റ്റിക്കാണ് പ്രശ്നമെന്ന്,” റാംസ്ഡൻ പറയുന്നു. പുതിയ വെർജിൻ പ്ലാസ്റ്റിക്ക് പലപ്പോഴും പുനചംക്രമണം ചെയ്ത മെറ്റീരിയലിനേക്കാൾ വിലകുറഞ്ഞതായതിനാൽ, പ്ലാസ്റ്റിക് റീസൈക്ലിംഗ് ലാഭകരമല്ലെന്ന് ലിസ പറഞ്ഞു.
വിർജിൻ പ്ലാസ്റ്റിക്
പുനചംക്രമണം ചെയ്ത വസ്തുക്കളിൽനിന്നു സൃഷ്ടിച്ച പോസ്റ്റ്-കൺസ്യൂമർ പ്ലാസ്റ്റിക് റെസിനെക്കാൾ വിലകുറഞ്ഞതാണ് പ്രൈം മെറ്റീരിയൽ. ഇത് പുനചംക്രമണം ചെയ്ത പ്ലാസ്റ്റിക്കുകളുടെ വിപണിയെ പരിമിതപ്പെടുത്തുന്നു. ഏഷ്യയിലെ റീസൈക്ലിംഗ് ബിസിനസുകളുടെ ഗതാഗത ചെലവ് വർധിക്കുന്നതും പ്ലാസ്റ്റിക് നിർമ്മാണ സാമഗ്രികളുടെ നിർമ്മാണ മേഖലയിലെ മാന്ദ്യവും കാരണം അസംസ്കൃത പുനചംക്രമണ പ്ലാസ്റ്റിക്കിന്റെ ആവശ്യം കുറവാണെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള മാർക്കറ്റ് അനലിസ്റ്റുകളായ എസ് ആന്റ് പി ഗ്ലോബൽ പറയുന്നു.
ആഫ്രിക്കയിലെയും ഏഷ്യയിലെയും പ്ലാസ്റ്റിക് ബാഗ് നിരോധനം അസംസ്കൃത വസ്തുക്കളുടെ അളവ് പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ആഗോളതലത്തിൽ കുറഞ്ഞ റീസൈക്ലിംഗ് നിരക്കുകൾക്ക് പുറമേ, പുനചംക്രമണം ചെയ്ത വസ്തുക്കളുടെ വിലയും ഉയർത്തുന്നു. വിർജിൻ പ്ലാസ്റ്റിക്കിന്റെ വില ഇന്ധന വിലയുടെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ഇന്ധനങ്ങൾക്ക് പലപ്പോഴും സർക്കാരിന്റെ സബ്സിഡി ലഭിക്കും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്ലെൻ മക്ആർതർ ഫൗണ്ടേഷനിൽ ന്യൂ പ്ലാസ്റ്റിക്ക് ഇക്കണോമി സംരംഭത്തിന് നേതൃത്വം നൽകുന്ന സാൻഡർ ഡിഫ്രൂയിറ്റ് പറയുന്നതനുസരിച്ച്, ഇന്ധന സബ്‌സിഡികൾ ഘട്ടം ഘട്ടമായി നിർത്തലാക്കുകയാണെങ്കിൽ പുനചംക്രമണം ചെയ്ത പ്ലാസ്റ്റിക്കിനു കൂടുതൽ മത്സരക്ഷമതയുള്ളതായിരിക്കും.
എന്നാൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾക്ക് പ്ലാസ്റ്റിക് റീസൈക്ലിംഗ് സ്കീമുകൾക്ക് സബ്‌സിഡി നൽകിക്കൊണ്ട്, എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ) എന്ന രീതിയിൽ പ്ലാസ്റ്റിക് ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന്, ഡിഫ്രൂയ്റ്റ് പറഞ്ഞു. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ മാലിന്യ പുനരുപയോഗ പദ്ധതികളുടെ വിജയത്തിന് ഇത്തരം കോർപ്പറേറ്റ് സബ്‌സിഡികൾ പ്രധാനമാണെന്നും ഡിഫ്രൂയ്റ്റ് കൂട്ടിച്ചേർത്തു.
ഭാരം കുറഞ്ഞ ‘ഫ്ലെക്‌സിബിൾ’ പാക്കേജിങ്
ലഘുഭക്ഷണങ്ങളായ ചിപ്‌സ് അല്ലെങ്കിൽ ചോക്ലേറ്റ് ബാറുകൾ എന്നിവയുടെ ഭാരം കുറഞ്ഞ പാക്കറ്റുകൾ, ലോകത്തിലെ പ്ലാസ്റ്റിക് പാക്കേജിങ്ങിന്റെ 40 ശതമാനം വരുമെന്ന് ഡിഫ്രൂയിറ്റ് പറയുന്നു. ഫ്ലെക്സിബിൾ പാക്കേജിങ് എന്നറിയപ്പെടുന്ന, ഭാരം കുറഞ്ഞതും മൾട്ടി-ലയേഡ് സിംഗിൾ യൂസ് പാക്കറ്റുകൾ യുകെയിൽ മാത്രം ഏകദേശം 215 ബില്യൺ ഉൽപ്പന്നങ്ങൾക്കായി ഉപയോഗിക്കുന്നു. നിലവിൽ അഞ്ചോളം യൂറോപ്യൻ രാജ്യങ്ങൾ മാത്രമാണ് ഈ പാക്കറ്റുകൾ പുനചംക്രമണം ചെയ്യാൻ ശ്രമിക്കുന്നതെന്ന് ഡിഫ്രൂയ്റ്റ് അഭിപ്രായപ്പെട്ടു. അമേരിക്കൻ വീടുകളിൽനിന്നും പുറന്തള്ളപ്പെടുന്ന ഗാർഹിക ഫ്ലെക്സിബിൾ പാക്കറ്റുകളുടെ രണ്ടു ശതമാനം പോലും പുനചംക്രമണം ചെയ്യപ്പെടുന്നില്ലെന്ന് 2020ലെ ഒരു റിപ്പോർട്ടിൽ പറയുന്നു.
ഭൂമി നികത്തുന്നതിനോ കത്തിക്കുന്നിടത്തതോ എത്താത്തപ്പോൾ, പാക്കേജിങ് എളുപ്പത്തിൽ നഷ്ടപ്പെടുകയോ ഉപേക്ഷിപ്പെടുകയോ ചെയ്യാം. പ്രധാന പ്രശ്നം അവയുടെ മൾട്ടി-ലയേഡ് കോമ്പോസിഷനാണ്. ഫോയിൽ കൊണ്ട് നിരത്തിയിരിക്കുന്ന അവ പുനരുപയോഗത്തിന് വേർതിരിക്കുന്നത് ചെലവേറിയ പ്രക്രിയയാണ്. ഫ്ലെക്സിബിൾ പാക്കേജിങ്ങുകൾ പലപ്പോഴും ഭക്ഷണ അവശിഷ്ടങ്ങൾകൊണ്ട് മലിനീകരിക്കപ്പെടുന്നതിനാൽ ഇത് പുനചംക്രമണം ചെയ്യുന്നത് അസാധ്യമാകുന്നു, എന്ന് ഡിഫ്രൂയ്റ്റ് പറഞ്ഞു.
ഫ്ലെക്സിബിൾ പാക്കേജിങ്ങിന് പാരിസ്ഥിതിക നേട്ടങ്ങളുണ്ടെന്ന് പാക്കേജിങ്ങ് വ്യവസായം അവകാശപ്പെടുന്നു. ഭക്ഷണം കൂടുതൽ കാലം ഫ്രഷ് ആയി നിലനിർത്തുന്നതിനൊപ്പം മറ്റു പ്ലാസ്റ്റിക്കുകളേക്കാൾ ഭാരം കുറഞ്ഞതായതിനാൽ ഇവ പലയിടത്തേക്കും കയറ്റിഅയയ്ക്കുന്നതിന് വളരെ കുറച്ച് ഇന്ധനം മതിയാകും. പാക്കറ്റുകളെ ഒരു സർക്കുലർ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള ഫ്ലെക്‌സിബിൾ പാക്കേജിങ്ങ് വ്യവസായത്തിന്റെ ശ്രമങ്ങൾ പുനചംക്രമണം അളവ് ഉയർത്തുന്നതിൽ കാര്യമായി ബാധിക്കുന്നില്ല.
നിരോധനമാണോ പരിഹാരം?
34 രാജ്യങ്ങളിലായി 23,000ലധികം ആളുകളിൽ 2022ൽ നടത്തിയ സർവേയിൽ, 80 ശതമാനം ആളുകളും എളുപ്പത്തിൽ പുനചംക്രമണം ചെയ്യാൻ കഴിയാത്ത തരത്തിലുള്ള പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്നതിനെ പിന്തുണയ്ക്കും. പുനചംക്രമണം ചെയ്യാൻ പ്രയാസമുള്ള പ്ലാസ്റ്റിക്കിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും വസ്തുക്കളുടെയും ആഗോള നിരോധനം ഇതിൽ ഉൾപ്പെടും. ഇന്റർനാഷണൽ കൺസർവേഷൻ ഓർഗനൈസേഷൻ ഡബ്ല്യുഡബ്ല്യുഎഫും ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് ഫ്രീ ഫൗണ്ടേഷനും ചേർന്ന് നടത്തിയ സർവേയിൽ, “ആഗോള പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിൽ പുരോഗതി കൈവരിക്കണമെങ്കിൽ ഏറ്റവും ദോഷകരവും പ്രശ്‌നകരവുമായ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ, ഫിഷിങ്ങ് ഗിയർ, മൈക്രോപ്ലാസ്റ്റിക് എന്നിവ നിരോധിക്കേണ്ടതുണ്ട്, ” എന്ന് പറയുന്നു.
ഈ രീതിയിൽ യൂറേപ്യൻ യൂണിയൻ ചില നടപടികൾ സ്വീകരിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പത്ത് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ചു. യൂറോപ്പിലെ ബീച്ചുകളെ മലിനമാക്കുന്ന എല്ലാ ഡിസ്പോസിബിൾ പ്ലാസ്റ്റിക്കുകളും 2030-ഓടെ പുനരുപയോഗിക്കാനോ പുനചംക്രമണം ചെയ്യാനോ ഉള്ള നടപടികളും സ്വീകരിച്ചു. അതേസമയം, 30ലധികം ആഫ്രിക്കൻ രാജ്യങ്ങൾ ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായോ ഭാഗികമായോ നിരോധിച്ചിട്ടുണ്ട്. ഇത്തരം നിരോധനങ്ങളെ ലോകമെമ്പാടുമുള്ള യോജിച്ച നിയന്ത്രണത്തിലേക്ക് എത്തിക്കുക എന്നതാണ് ആഗോള പ്ലാസ്റ്റിക് ഉടമ്പടിയുടെ ലക്ഷ്യങ്ങളിലൊന്ന്.
സ്റ്റുവർട്ട് ബ്രൗൺ/ ഡൊയിച്ച് വെല്ല