ഇന്ത്യയില്‍ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ വരുത്തിയ ഇളവുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ച്ച വന്ന ശ്രദ്ധേയമായ ചിത്രം രാജ്യവ്യാപകമായി മദ്യശാലകള്‍ക്ക് മുന്നിലെ നീണ്ട വരികളാണ്. വൈകുന്നേരത്തോടെ ഡല്‍ഹി സര്‍ക്കാര്‍ എല്ലാ മദ്യത്തിന്റേയും വില 70 ശതമാനം വര്‍ദ്ധിപ്പിച്ചു. സംസ്ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ മദ്യത്തിനുള്ള പ്രാധാന്യം അടിവരയിടുന്നതാണ് ഡല്‍ഹിയുടെ പ്രത്യേക കൊറോണ ഫീ.
മദ്യം നിര്‍മ്മിക്കുന്നതും വില്പനയുമാണ് അവരുടെ പ്രധാന വരുമാന സ്രോതസ്സ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഖജനാവിലേക്കുള്ള വരുമാനം നിലച്ചതിനാല്‍ സംസ്ഥാനങ്ങള്‍ വിഷമിക്കുമ്പോഴാണ് മദ്യശാലകള്‍ തുറന്നത്.
മദ്യത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ വരുമാനം നേടുന്നതെങ്ങനെ?
മദ്യനിരോധനം നിലനില്‍ക്കുന്ന ഗുജറാത്ത്, ബീഹാര്‍ സംസ്ഥാനങ്ങള്‍ ഒഴിച്ച് എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും ഖജനാവിലെ നല്ലൊരു പങ്ക് വരുമാനം നല്‍കുന്നത് മദ്യമാണ്. പൊതുവില്‍, മദ്യത്തിന്റെ നിര്‍മ്മാണത്തിലും വില്പനയിലും എക്സൈസ് നികുതി ചുമത്തുന്നു. ചില സംസ്ഥാനങ്ങള്‍ ഉദാഹരണമായി, കൂടെ മൂല്യ വര്‍ദ്ധിത നികുതിയും ചേര്‍ക്കും. ഇറക്കുമതി ചെയ്യുന്ന വിദേശമദ്യത്തിന് പ്രത്യേക ഫീസ് ചുമത്താറുണ്ട്. കൂടാതെ കടത്ത് കൂലി, ലേബല്‍, ബ്രാന്‍ഡ് രജിസ്ട്രേഷന് ചാര്ജ്ജുകളുമുണ്ട്. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ തെരുവില്‍ അലഞ്ഞ് നടക്കുന്ന കന്നുകാലികളുടെ സംരക്ഷണത്തിനായി മദ്യത്തിനുമേല്‍ പ്രത്യേക നികുതി ചുമത്തുന്നുണ്ട്.
ഭൂരിപക്ഷം സംസ്ഥാനങ്ങളുടേയും സ്വന്തം നികുതി വരുമാനത്തിന്റെ 10-15 ശതമാനം വരെ മദ്യത്തിനുമേലുള്ള സംസ്ഥാന എക്സ്സൈസ് നികുതിയാണെന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കുന്ന നികുതികളില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സ്ഥാനം മദ്യത്തിനുമേലുള്ള എക്സ്സൈസ് നികുതിയാണ്. ഒന്നാമത്തേത് വില്പന നികുതി (ഇപ്പോള്‍ ജി എസ് ടി). അതുകൊണ്ടാണ് ജി എസ് ടി പരിധിയില്‍ നിന്നും മദ്യത്തെ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങള്‍ എപ്പോഴും ആവശ്യപ്പെടുന്നത്.
മദ്യത്തിനുമേലുള്ള എക്സ്സൈസ് നികുതി വരുമാനമെത്ര?
2019-20-ല്‍ 29 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്ഹിയുംം പുതുച്ചേരിയും ചേര്‍ന്ന് മദ്യത്തിനുള്ള എക്സ്സൈസ് നികുതി വഴി 1,75,501.42 കോടി രൂപ പിരിച്ചുവെന്ന് ആര്‍ബിഐയുടെ റിപ്പോര്‍ട്ട് പറയുന്നു.
2018-19-ല്‍ മാസം ശരാശരി 12,500 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു. ഇത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയായി വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷം 15,000 കോടി രൂപയ്ക്കുമേല്‍ പ്രതിമാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ്-19 വ്യാപനത്തിനുമുമ്പുള്ള പ്രവചനമാണിത്.
Read Also: മദ്യം വീട്ടുപടിക്കലെത്തും; ഡെലിവറി ചാർജ് 120 രൂപ
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉത്തര്‍പ്രദേശ് ഒരു മാസം ശരാശരി 2,500 കോടി രൂപ മദ്യത്തില്‍ നിന്ന് ശേഖരിച്ചുവെന്നും ഈ വര്‍ഷമത് 3,000 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുപി സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
ഏത് സംസ്ഥാനമാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത്?
സംസ്ഥാനങ്ങളുടെ വരുമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് കാലതാമസം വരാറുണ്ട്. അതിനാല്‍ 2018-19 വര്‍ഷത്തെ പൂര്‍ണമായ വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. ആ സാമ്പത്തിക വര്‍ഷം ഉത്തര്‍പ്രദേശ് (25,100 കോടി രൂപ), കര്‍ണാടക (19,750 കോടി രൂപ), മഹാരാഷ്ട്ര (15,343.08 കോടി രൂപ), പശ്ചിമ ബംഗാള്‍ (10,554.36 കോടി രൂപ), തെലങ്കാന (10,313.68 കോടി രൂപ) എന്നിങ്ങനെയാണ് വരുമാനം. കേരളത്തിന്റേത് 14,000 കോടി രൂപയാണ്.
മദ്യത്തിന്റെ നിര്‍മ്മാണത്തിനും വില്പനയ്ക്കും എക്സ്സൈസ് നികുതി മാത്രമാണ് യുപി ശേഖരിക്കുന്നത്. അതിനാലാണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത്. അവര്‍ തമിഴ്നാടിനെ പോലെ പ്രത്യേകം മൂല്യവര്‍ദ്ധിത നികുതി ശേഖരിക്കുന്നില്ല. ഈ നികുതി, എക്സ്സൈസ് നികുതി വരുമാനത്തില്‍ കൂട്ടുകയില്ല.
മദ്യ നിരോധനമുള്ള സംസ്ഥാനങ്ങളായ ബീഹാറില്‍ വരുമാനം ഇല്ലാത്തപ്പോള്‍ ഗുജറാത്തില്‍ വളരെക്കുറവുമാണ്. കഴിഞ്ഞ വര്‍ഷം ആന്ധ്രാപ്രദേശ് മദ്യനിരോധനം ഏര്‍പ്പെടുത്തി. അതേസമയം, തിങ്കളാഴ്ച മുതല്‍ നിരോധന നികുതി ഏര്‍പ്പെടുത്തി മദ്യവില്പന ആരംഭിച്ചിട്ടുണ്ട്.
എന്താണ് സംസ്ഥാന എക്സ്സൈസ് നികുതി?
മദ്യത്തിനും മറ്റ് ആല്‍ക്കഹോള്‍ അധിഷ്ഠിത വസ്തുക്കള്‍ക്കുമാണ് സംസ്ഥാന എക്സ്സൈസ് നികുതി ഈടാക്കുന്നത്. മദ്യം, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, വാണിജ്യാവശ്യങ്ങള്‍ക്കുള്ള സ്പിരിറ്റ്, കഞ്ചാവ്, വൈന്‍, ആല്‍ക്കോള്‍ അടങ്ങിയിട്ടുള്ള മരുന്നുകളും ടോയ്ലറ്റ് വസ്തുക്കളും തുടങ്ങിയവയില്‍ നിന്നാണ് സംസ്ഥാന എക്സ്സൈസ് നികുതി വരുമാനം വരുന്നത്. കൂടാതെ, ലൈസന്‍സ് വിതരണം, പിഴ തുടങ്ങിയവ വഴിയും വരുമാനം ലഭിക്കും.
Read in English: Why liquor matters to states