scorecardresearch
Latest News

Explained: 800 വർഷം പഴക്കമുള്ള മുളന്തുരുത്തി പള്ളി സർക്കാർ ഇപ്പോൾ ഏറ്റെടുക്കാൻ കാരണമെന്ത്?

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുളന്തുരുത്തി പള്ളി യാക്കോബായ- ഓർത്തഡോക്സ് സഭതർക്കത്തിലെ പ്രധാന വിഷയമാണ്

Explained: 800 വർഷം പഴക്കമുള്ള മുളന്തുരുത്തി പള്ളി സർക്കാർ ഇപ്പോൾ ഏറ്റെടുക്കാൻ കാരണമെന്ത്?

കൊച്ചി: മുളന്തുരുത്തി മാർത്തോമ്മൻ പള്ളി ഇന്ന് രാവിലെയാണ് സർക്കാർ ഏറ്റെടുത്തത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മുളന്തുരുത്തി പള്ളി യാക്കോബായ- ഓർത്തഡോക്സ് സഭതർക്കത്തിലെ പ്രധാന വിഷയമാണ്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ സ്ഥിതി ചെയ്യുന്ന പള്ളി സബ് കലക്ടറുടെ നേതൃത്വത്തിലാണ് ഏറ്റെടുത്തത്.

നിർണായകമായ സുപ്രീംകോടതി വിധി

ഒരു പതിറ്റാണ്ടോളമായി ഇരു വിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ ഏറ്റവും ഒടുവില്ലാത്തെ സംഭവമാണ് ഈ സർക്കാർ ഇടപ്പെടൽ. എഡി 1200ൽ പണികഴിപ്പിച്ച പള്ളിയുടെ നിയന്ത്രണം യാക്കോബായ വിഭാഗത്തിന്റെ കയ്യിലായിരുന്നു. എന്നാൽ 2017 ജൂലൈ മൂന്നിലെ വിധിപ്രകാരം ഉടമസ്ഥാവകാശം എതിർവിഭാഗമായ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണം.

1934 ലെ മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ഭരണഘടനയുടെ സാധുത ശരിവച്ചായിരുന്നു സുപ്രീം കോടതി വിധി. രണ്ട് പള്ളികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിലാണ് കോടതി വിധി വന്നതെങ്കിലും ഇത് 1000-ഓളം പള്ളികളെ ബാധിച്ചു. 1934 ലെ ഭരണഘടന ഭരിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന് കോടതി വിധി വ്യക്തമായ മേൽകൈ നൽകി.

Also Read: മുളന്തുരുത്തി പളളി സ‍ർക്കാ‍ർ ഏറ്റെ‌ടുത്തു; ബിഷപ്പുമാരെയും പ്രതിഷേധക്കാരെയും അറസ്റ്റ് ചെയ്തു

സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ, തർക്കത്തിലുള്ള നിരവധി പള്ളികൾ ഇതിനോടകം തന്നെ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്ന് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ കാലതാമസം നേരിട്ടതോടെ, സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്സ് സഭ വിവിധ കോടതികളെ സമീപിച്ചു.

ചരിത്രമുറങ്ങുന്ന മുളന്തുരുത്തി പള്ളി

എ ഡി 1200 ൽ സ്ഥാപിതമായ കേരളത്തിലെ പുരാതന ദേവാലയങ്ങളിലൊന്നാണ് മുളന്തുരുത്തിയിലെ മാർത്തോമാൻ യാക്കോബയ സിറിയൻ കത്തീഡ്രൽ പള്ളി. ഗോതിക് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് പള്ളി. കൊത്തുപണികൾ, ശിൽപങ്ങൾ,, ചുമർ ചിത്രങ്ങൾ എന്നിവ ഇന്ത്യൻ, പശ്ചിമേഷ്യൻ, യൂറോപ്യൻ വാസ്തുവിദ്യകളുടെ സമന്വയമാണ്. ഇടവകക്കാരിൽ ഭൂരിഭാഗവും യാക്കോബായ വിഭാഗത്തിൽ പെട്ടവരാണ്.

എന്തുകൊണ്ട് ഇപ്പോൾ പള്ളി സർക്കാർ ഏറ്റെടുക്കുന്നു?

മുളന്തുരുത്തി പള്ളിയിൽ തങ്ങൾക്ക് പ്രവേശിക്കാനാകുന്നില്ലെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടികാട്ടി ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചതാണ് പുതിയ സംഭവ വികാസങ്ങളുടെ തുടക്കം. കോവിഡ് 19 സൃഷ്ടിച്ചിരിക്കുന്ന പ്രത്യേക സാഹചര്യവും ജില്ലയിലെ കാലവർഷക്കെടുതിയുമാണ് നടപടി വൈകാൻ കാരണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് വിധി സർക്കാർ വാദത്തെ അംഗീകരിച്ചതോടെ ഓർത്തഡോക്സ് വിഭാഗം കേസ് വിശാല ബെഞ്ചിലേക്ക് നീക്കി.

Also Read: Covid-19 vaccine: ഇന്ത്യയില്‍ കോവിഡ്-19 വാക്‌സിന്‍ നിര്‍മിക്കാന്‍ രണ്ട് കരാറുകള്‍ കൂടി

സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പളളിയിൽ പ്രവേശിക്കാൻ സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് ഓ‍ർത്ത‍ഡോക്സ് വിഭാഗം നേരത്തെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. വിധി നടപ്പാക്കാൻ പോലീസിന് കഴിയില്ലെങ്കിൽ സിആർപിഎഫിനെ നിയോഗിക്കാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചും പള്ളി ഏറ്റെടുക്കാൻ കർശന നിർദ്ദേശം നൽകിയത്.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം നടപ്പാക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ തിങ്കളാഴ്ച അതിരാവിലെ പള്ളി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഏറ്റെടുത്തത്.

നാടകീയ സംഭവങ്ങൾ

പള്ളിയുടെ ഗെയ്റ്റ് പൊളിച്ചാണ് പോലീസ് പള്ളിക്കകത്ത് കടന്നത്. യാക്കോബായ വിഭാഗം മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിസിന്റെ നേതൃത്വത്തിൽ ആറോളം മെത്രാപ്പോലിത്തമാരും നൂറോളം വൈദികരും സ്ത്രീകൾ അടക്കമുള്ള വിശ്വാസികളും പ്രതിരോധത്തിന്റെ ഭാഗമാമയി പ്രാർത്ഥനായജ്ഞത്തിലായിരുന്നു.

രാത്രി പത്ത് മണിയോടെ പൊലീസ് പള്ളിക്ക് ചുറ്റുമുള്ള റോഡുകൾ അടച്ചു. പുലർച്ചെ രണ്ടരയോടെ 144 പ്രഖ്യാപിച്ചു. അഞ്ചരയോടെ പൊലീസ് നടപടി ആരംഭിച്ചു. സമാധാനപരമായി പിരിഞ്ഞു പോവണമെന്ന ആവശ്യം വിശ്വാസികൾ അനുസരിക്കാത്തതിനെ തുടർന്ന് ഗേറ്റ് നീക്കിയാണ് പൊലീസ് അകത്ത് പ്രവേശിച്ചത്. മെത്രാൻ മാർ അടക്കമുള്ളവരെ ബലപ്രയോഗത്തിലുടെ നീക്കുകയായിരുന്നു.

Also Read: കോടതിയലക്ഷ്യം: പ്രശാന്ത് ഭൂഷണ് ലഭിക്കാവുന്ന ശിക്ഷ എത്ര?

സബ് കലക്ടർ സ്നേഹിൽ കുമാർ സിംഗിനായിരുന്നു പള്ളിയേറ്റെടുക്കേണ്ട ചുമതല. ഫയർഫോഴ്സിൻ്റെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് അകത്തു കടന്നാണ് പൊലീസ് പ്രതിഷേധക്കാരെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തുനീക്കിയത്.

ഞാറാഴ്ച രാത്രി മുതല്‍ തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. ഇന്ന് കോടതി കേസ് പരിഗണിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അറസ്റ്റ് ചെയ്തവരെയെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കോവിഡ് ഭീതിയുള്ളതിനാല്‍ പോലീസ് പിപിഇ കിറ്റ് ധരിച്ചാണ് വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.

മലങ്കര സഭയിലെ പിളർപ്പ്

1912ലാണ് മലങ്കര സഭ ആദ്യമായി യാക്കോബായ-ഓർത്തഡോക്സ് വിഭഗങ്ങളായി പിരിയുന്നത്. എന്നാൽ 1959ൽ വീണ്ടും ഒന്നിച്ച ഇരുകൂട്ടരും തമ്മിലുള്ള ഉടമ്പടി നീണ്ടുനിന്നത് 1972-1973 കാലഘട്ടം വരെ മാത്രമായിരുന്നു. അതിന് ശേഷം പള്ളികളുടെ ഉടമസ്ഥാവകാശത്തിനും സ്വത്തിനുമായുള്ള പോരാട്ടത്തിൽ നേർക്കുനേരെത്തി. ഇത് പലപ്പോഴും വലിയ ഏറ്റുമുട്ടലിലേക്കും നയിച്ചു. പ്രാദേശിക സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പല പള്ളികളും ഇരു വിഭാഗങ്ങളും കൈവശം വെച്ചിരിക്കുന്നത്.

2017ലെ കോടതി വിധി

വിവിധ കോടതികളിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കങ്ങൾക്കെല്ലാം പരിഹാരമായാണ് 2017ലെ സുപ്രീംകോടതി വിധി എത്തുന്നത്. 1934 ലെ ചർച്ച് ഭരണഘടനയനുസരിച്ച് മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളുടെയും നിയന്ത്രണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി ഹർജികളിൽ വാദം കേട്ട സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ പിറവം സെന്റ് മേരീസ് പള്ളി ഉൾപ്പടെ യാക്കോബയ പക്ഷത്തിന്റെ കൈവശമുള്ള 1064 പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണം. ഈ ഉത്തരവ് നടപ്പാക്കാൻ സർക്കാർ പരാജയപ്പെട്ടതോടെ കഴിഞ്ഞ വർഷം സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്ത വിശദീകരണം തേടിയിരുന്നു.

ഉടമസ്ഥാവകാശം നിലനിൽക്കുന്ന 1,064 പള്ളികളിൽ 15 എണ്ണം വർഷങ്ങളായി ആരാധനയില്ലാതെ അടച്ചിരിക്കുകയാണ്. രണ്ട് വിഭാഗങ്ങളും സ്വന്തമായി ആരാധനാലയങ്ങൾ നിർമ്മിച്ചതിനുശേഷം ഉപേക്ഷിക്കപ്പെട്ട ഏതാനും പള്ളികൾ തകർന്നടിഞ്ഞു. ഇരു വിഭാഗങ്ങളും തുല്യമായി ശക്തമായിരിക്കുന്ന 200 ഓളം പള്ളികളിൽ ഉടമസ്ഥാവകാശത്തിനായുള്ള പോരാട്ടം ഇപ്പോഴും വളരെ തീവ്രമായി തുടരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why kerala govt took control of an 800 year old marthoman jacobite syrian cathedral church