scorecardresearch
Latest News

ജോൺസൺ ആൻഡ് ജോൺസൺ ടാൽക്; എന്തിനാണ് കമ്പനി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്?

ജോൺസൺ ആൻഡ് ജോൺസണിൽ നിന്നുള്ള ബേബി പൗഡറോ മറ്റ് ടാൽക്ക് അധിഷ്ഠിത ഉൽപ്പന്നങ്ങളോ ഉപയോഗിച്ചവർക്ക് അണ്ഡാശയ കാൻസറോ മെസോതെലിയോമയോ വികസിച്ചതായി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. അനോന ദട്ട് തയാറാക്കിയ റിപ്പോർട്ട്

Johnson & Johnson, Johnson & Johnson settlement offer, Johnson & Johnson lawsuit, what is Johnson & Johnson lawsuit

ജോൺസൺ ആൻഡ് ജോൺസൺ ടാൽകം പൗഡർ കാൻസറിന് കാരണമായെന്ന് ആയിരക്കണക്കിന് ആളുകൾ കേസ് നൽകിയതിനെതുടർന്ന്, ഫാർമസ്യൂട്ടിക്കൽ കമ്പനി 8.9 ബില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരമായി നൽകാമെന്ന് കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. എന്നാൽ കോടതി ഇത് ഇതുവരെ അംഗീകരിച്ചിട്ടില്ല. കമ്പനി മുമ്പ് വാഗ്ദാനം ചെയ്തിരുന്ന 2 ബില്യൺ യുഎസ് ഡോളറിന്റെ നാലിരട്ടിയിലേറെയാണ്.

ടാൽക്ക് ഉപയോഗിക്കുന്ന ബേബി പൗഡർ പോലുള്ള ഉൽപ്പന്നങ്ങൾക്ക് കമ്പനിക്കെതിരെ 38,000ലധികം വ്യവഹാരങ്ങൾ തീർപ്പാക്കാത്തതിനാൽ, കോടതിയുടെ അംഗീകാരം ലഭിച്ചാൽ ഈ ഉൽപ്പന്നങ്ങൾക്കെതിരായ നിലവിലുള്ളതും ഭാവിയിൽ വരുന്നതുമായ എല്ലാ ക്ലെയിമുകളും പരിഹരിക്കപ്പെടും. നിർദിഷ്ട 8.9 ബില്യൺ ഡോളർ സെറ്റിൽമെന്റ് ജോൺസൺ ആൻഡ് ജോൺസൺ എൽടിഎൽ മാനേജ്‌മെന്റിന്റെ സബ്‌സിഡിയറി വഴി 25 വർഷത്തിനുള്ളിൽ നൽകും. 2021ൽ ആരംഭിച്ച ഈ സ്ഥാപനം മാതൃ കമ്പനിയെ ടാൽക്കുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽനിന്ന് രക്ഷിക്കാൻ പാപ്പരത്തത്തിനായി ഫയൽ ചെയ്തിരുന്നു.

കരാർ അന്തിമമാകാൻ കോടതിയുടെ അംഗീകാരം ആവശ്യമാണ്. വാദികൾക്ക് 2 ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്ത പാപ്പരത്വ ഫയൽ യുഎസ് അപ്പീൽ കോടതി നിരസിച്ചിരുന്നു. സെറ്റിൽമെന്റ് ഓഫറുകൾ നൽകിയെങ്കിലും, തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ക്യാൻസറിന് കാരണമാകില്ലെന്നുമുള്ള വാദത്തിലാണ് കമ്പനി.

2020ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ടാൽക്ക് അധിഷ്ഠിത ഉൽപ്പന്നങ്ങൾ വിൽപന നിർത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു. കൂടാതെ, 2023 മുതൽ ലോകമെമ്പാടും ചോളപ്പൊടി അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നത്തിലേക്ക് മാറുമെന്നും അറിയിച്ചിരുന്നു. തീരുമാനം പ്രഖ്യാപിച്ചെങ്കിലും കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങളുടെ സുരക്ഷാ പ്രൊഫൈൽ നിലനിർത്തി.

“ലോകമെമ്പാടുമുള്ള പോർട്ട്‌ഫോളിയോ വിലയിരുത്തലിന്റെ ഭാഗമായി, ചോളപ്പൊടി അടിസ്ഥാനമാക്കിയുള്ള ബേബി പൗഡർ പോർട്ട്‌ഫോളിയോയിലേക്ക് മാറാനുള്ള വാണിജ്യപരമായ തീരുമാനം ഞങ്ങൾ എടുത്തിട്ടുണ്ട്. ഞങ്ങളുടെ കോസ്‌മെറ്റിക് ടാൽക്കിന്റെ സുരക്ഷയെക്കുറിച്ചുള്ള നിലപാട് മാറ്റമില്ലാതെ തുടരുന്നു. ലോകമെമ്പാടുമുള്ള മെഡിക്കൽ വിദഗ്ധരുടെ ദശാബ്ദങ്ങളുടെ ശാസ്ത്രീയ വിശകലനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ടാൽക്ക് അടിസ്ഥാനമാക്കിയുള്ള പൗഡർ സുരക്ഷിതമാണ് അതിൽ, ആസ്ബറ്റോസ് അടങ്ങിയിട്ടില്ല, കാൻസറിന് കാരണമാകുകയുമില്ല,” കമ്പനി പറയുന്നു.

എന്താണ് ടാൽക്ക്, അത് കാൻസറിന് കാരണമാകുമോ?

ഏറ്റവും മൃദുവായ ധാതുവാണ് ടാല്‍ക്. ഭൂഗര്‍ഭ നിക്ഷേപങ്ങളില്‍നിന്നാണ് ഇതു ഖനനം ചെയ്‌തെടുക്കുന്നത്. ഇത് വിവിധ സൗന്ദര്യവർധക ഉൽപന്നങ്ങളിലും ഉപയോഗിക്കാറുണ്ട്. പൊടിയായി മാറ്റുമ്പോള്‍ ഇതിന് ഈര്‍പ്പം ആഗിരണം ചെയ്യാനും ഘര്‍ഷണം കുറയ്ക്കാനും കഴിയും. ടാൽക്കും അണ്ഡാശയ, ശ്വാസകോശ അർബുദവും തമ്മിലുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, പല ഡോക്ടർമാരും പൊടി ശ്വസിക്കുന്നതിനെതിരെയും ജനനേന്ദ്രിയ മേഖലയിൽ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഉപദേശിക്കുന്നു.

ടാൽക്കം ആസ്ബറ്റോസിനാൽ മലിന്യപ്പെടുന്നതാണ് ആശങ്ക ഉണ്ടാകുന്നത്. പ്രകൃതിദത്തമായ സിലിക്കേറ്റ് ധാതുക്കളുടെ മറ്റൊരു ഗ്രൂപ്പിന്റെ പേരായ ആസ്ബറ്റോസ്, ടാല്‍ക്കു നിക്ഷേപങ്ങള്‍ക്കു സമീപം കാണാപ്പെടുന്നതാണ്. “ആസ്ബറ്റോസ് ടാല്‍ക്കുമായി കലരാന്‍ സാധ്യതയുണ്ട്. അതിനാൽ ടാൽക്ക് ഖനന സ്ഥലങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും അയിര് വേണ്ടത്ര പരിശോധിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് പ്രധാനമാണ്,” യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ) പറയുന്നു.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ(ഡബ്ല്യൂഎച്ച്ഒ) ഇൻറർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ആസ്ബറ്റോസിനെ ഗ്രൂപ്പ് 1 ൽ തരംതിരിക്കുന്നു. മനുഷ്യർക്ക് അർബുദമുണ്ടാക്കുന്ന പദാർത്ഥങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ആസ്ബറ്റോസ് എക്സ്പോഷർ ശ്വാസകോശം, ശ്വാസകോശത്തിന്റെ ആവരണം, ശ്വാസനാളം (വോയ്സ് ബോക്സ്), അണ്ഡാശയങ്ങൾ എന്നിവയുടെ അർബുദത്തിന് കാരണമാകുന്നു. നിലവിൽ, ലോകത്ത് ഏകദേശം 125 ദശലക്ഷം ആളുകൾ ജോലിസ്ഥലത്ത് ആസ്ബറ്റോസുമായി സമ്പർക്കം പുലർത്തുന്നു, പകുതിയോളം തൊഴിൽ അർബുദങ്ങളും ആസ്ബറ്റോസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡബ്ല്യൂഎച്ച്ഒ പറയുന്നു.

ബേബി പൗഡറിന് കാൻസറുമായി ബന്ധമുണ്ടോ?

കമ്പനി പല അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും, ജോൺസൺ ആൻഡ് ജോൺസണിൽ നിന്നുള്ള ബേബി പൗഡറോ മറ്റ് ടാൽക്ക് അധിഷ്ഠിത ഉൽപ്പന്നങ്ങളോ ഉപയോഗിച്ച ആയിരക്കണക്കിന് ആളുകൾ തങ്ങൾക്ക് അണ്ഡാശയ ക്യാൻസറോ മെസോതെലിയോമയോ (ശ്വാസകോശത്തിന്റെ ആവരണത്തിലോ മറ്റ് അവയവങ്ങളിലോ ഉണ്ടാകുന്ന ഒരു തരം കാൻസർ) വികസിച്ചതായി കേസ് ഫയൽ ചെയ്തിട്ടുണ്ട്.

മെസോതെലിയോമ കാൻസറിന് ചികിത്സ ലഭ്യമല്ല. കാൻസർ സാധാരണയായി ശ്വാസകോശത്തിന് ചുറ്റുമുള്ള ടിഷ്യുകളെയാണ് ബാധിക്കുന്നത്, എന്നാൽ ചിലപ്പോൾ അബ്ഡോമൻ, ഹൃദയം, വൃഷണങ്ങൾ എന്നിവയിലും ഇത് കാണപ്പെടുന്നു. നാഷണൽ ഹെൽത്ത് സർവീസ് പറയുന്നതനുസരിച്ച്, യുകെയിൽ ഓരോ വർഷവും ഏകദേശം 2,700 പേരെ കാൻസർ ബാധിക്കുന്നു. അത് കൂടുതലും 75 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ്.

മെസോതെലിയോമ ആസ്ബറ്റോസുമായി ബന്ധപ്പെട്ടതാണ്. സാധാരണയായി ഖനികളിലോ ആസ്ബറ്റോസ് ഉപയോഗിക്കുന്ന വ്യവസായങ്ങളിലോ ജോലി ചെയ്തിരുന്നവരിലാണ് ഇത് കാണപ്പെടുന്നത്. എക്സ്പോഷർ കഴിഞ്ഞ് ഏകദേശം 20 വർഷത്തിന് ശേഷമാണ് കാൻസർ വികസിക്കുന്നത്.

പൗഡറുകൾ ജനനേന്ദ്രിയത്തിലും സാനിറ്ററി നാപ്കിനുകളിലും ദീർഘകാല ഉപയോഗിച്ചത് അണ്ഡാശയ ക്യാൻസറിന് കാരണമായെന്നും ജോൺസൺ ആൻഡ് ജോൺസണെതിരായ കേസുകളിലെ ഹർജിക്കാർ പറയുന്നു. ജനനേന്ദ്രിയ മേഖലയിൽ ടാൽക്കം പൗഡറിന്റെ ഉപയോഗത്തെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ചിലർ അണ്ഡാശയ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നിലെന്ന് കണ്ടെത്തിയപ്പോൾ മറ്റു ചിലർ ഉയർന്ന അപകടസാധ്യതയുള്ളതായും കണ്ടെത്തി.

എന്നിരുന്നാലും, കോസ്മെറ്റിക്-ഗ്രേഡ് ടാൽക്കിന് ആസ്ബറ്റോസ് മലിനീകരണം ഇല്ലെന്ന് ഇൻഡസ്ട്രി വാദിച്ചു. “ഖനികൾ, മില്ലുകൾ, ഫാക്ടറികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ ആളുകളെ ആസ്ബറ്റോസ് അടങ്ങിയ ടാൽക്കിൽ നിന്ന് സംരക്ഷിക്കുന്ന നിയന്ത്രണങ്ങൾ ശിശുക്കൾക്കും സൗന്ദര്യവർദ്ധക ടാൽക്കിന് വിധേയരായ മറ്റുള്ളവർക്കും ബാധകമാകാത്തത് ഭാഗികമാണ്. ബേബി പൗഡർ ടാൽക്ക് അതേ ഖനികളിൽ നിന്ന് വന്നിട്ടുള്ളതാണെങ്കിലും അതിന് മാറ്റമുണ്ടാകാറില്ല.. വ്യാവസായിക ഉപയോഗത്തിനായി വിറ്റു, ”2018 ലെ റോയിട്ടേഴ്‌സ് അന്വേഷണത്തിൽ ആസ്ബറ്റോസ് മലിനീകരണത്തെക്കുറിച്ച് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് കണ്ടെത്തി.

കമ്പനിയ്ക്ക് ഇതേപ്പറ്റി അറിയുമായിരുന്നോ?

കമ്പനി കോടതിയിൽ പങ്കുവെക്കാൻ നിർബന്ധിതരായ മെമ്മോകൾ, ഇൻറ്റേണൽ റിപ്പോർട്ടുകൾ, രഹസ്യരേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ 2018-ൽ റോയിട്ടേഴ്‌സും ന്യൂയോർക്ക് ടൈംസും നടത്തിയ അന്വേഷണത്തിൽ ടാൽക്കിൽ ആസ്ബറ്റോസ് കണ്ടെത്തുന്നതിനെപ്പറ്റി കമ്പനിക്ക് അറിയാമായിരുന്നെന്നും പൊതു ജനങ്ങളിൽനിന്നും റെഗുലേറ്റർമാരിൽ നിന്നും ഈ വിവരങ്ങൾ മറച്ചു വച്ചതായും കണ്ടെത്തി.

1972 ഡിസംബറിനും 1972 ഒക്ടോബറിനും ഇടയിൽ ടാൽക്കിന്റെ ഒരു സാമ്പിളിലും ആസ്ബറ്റോസ് കണ്ടെത്തിയിട്ടില്ലെന്ന് 1976ൽ കമ്പനി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് ഉറപ്പുനൽകിയതായി റോയിട്ടേഴ്‌സിന്റെ അന്വേഷണത്തിൽ പറയുന്നു. എന്നാൽ, 1972നും 1975നും ഇടയിൽ മൂന്ന് വ്യത്യസ്ത ലാബുകളിൽ നടത്തിയ മൂന്ന് ടെസ്റ്റുകളിൽ ടാൽകത്തിൽ ആസ്ബറ്റോസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി രേഖകളിൽ പറയുന്നു. “ഒരു കേസിൽ അത് ഉയർന്ന അളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,” റോയിട്ടേഴ്‌സിന്റെ അന്വേഷണം പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why johnson johnsons talc is offering settlement to thousands