ബ്രോഡ്ബാൻഡ് സെഗ്‌മെന്റിൽ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ. പ്രതിമാസം 200 രൂപയിൽ താഴെയുള്ള എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ നിരക്കുകളാണ് ജിയോ അവതരിപ്പിച്ചത്. എതിരാളിയായ ഭാരതി എയർടെല്ലിന്റെ ഹോം ഓഫറുകളോട് മത്സരിക്കാനുള്ള അടുത്ത പദ്ധതിയാണിതെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 16-ാം സീസൺ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ജിയോയുടെ പുതിയ നീക്കം. പരസ്യദാതാക്കളെ അതിന്റെ ഓൺലൈൻ സ്ട്രീമിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തോടൊപ്പം, മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള സ്റ്റാർ ഇന്ത്യയ്ക്കുള്ള വെല്ലുവിളിയും ജിയോ ഉയർത്തുന്നു.
എന്താണ് ജിയോയുടെ പുതിയ പ്ലാൻ, എയർടെല്ലുമായി താരതമ്യം ചെയ്യുന്നത് എങ്ങനെ?
ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാൻ എന്ന് പേരിട്ടിരിക്കുന്ന പ്ലാനിന്റെ നിരക്ക് പ്രതിമാസം 198 രൂപയാണ്. സെക്കൻഡിൽ 10 മെഗാബിറ്റ് ഇന്റർനെറ്റ് വേഗതയാണ് ജിയോ ഓഫർ ചെയ്യുന്നത്. നേരത്തെ ജിയോ ഫൈബർ കണക്ഷൻ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രതിമാസ നിരക്ക് 399 രൂപയായിരുന്നു. 21 രൂപ മുതൽ 152 രൂപ വരെ അടച്ച് ഒരു ദിവസം മുതൽ ഏഴ് ദിവസത്തേക്ക് ഇന്റർനെറ്റ് വേഗത 30 അല്ലെങ്കിൽ 100 എംബിപിഎസ് ആയി ഉയർത്താനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. 84 ലക്ഷം ഉപഭോക്താക്കളുമായി 30.6 ശതമാനം വിപണി വിഹിതമാണ് ഫിക്സഡ് ഹോംലൈൻ കണക്ഷനിൽ ജിയോയ്ക്ക് ഉള്ളത്.
മറ്റു പ്രധാന സേവന ദാതാക്കൾക്കിടയിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള ബ്രോഡ്‌ബാൻഡ് കണക്ഷനുകളിൽ ഒന്നായിരിക്കും ജിയോയുടെ പുതിയ ഓഫർ. ബ്രോഡ്‌ബാൻഡ് കണക്ഷനും വിനോദ ആപ്പുകളുമായും വരുന്ന എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ ബണ്ടിൽഡ് പ്ലാൻ പ്രതിമാസം 699 രൂപയാണ് ഈടാക്കുക. 40Mbps വേഗതയാണിത് വാഗ്ദാനം ചെയ്യുന്നത്.
“എയർടെല്ലിന് നിലവിൽ പ്രതിമാസം 198 രൂപ എന്ന കുറഞ്ഞ നിരക്കിൽ ഒരു പ്ലാനും ഇല്ല. എന്നിരുന്നാലും, മത്സരാധിഷ്ഠതമായി എയർടെൽ പിന്നീട് കുറഞ്ഞ നിരക്കിലുള്ള പ്ലാൻ അവതരിപ്പിക്കുന്നത് ഞങ്ങൾ തള്ളിക്കളയില്ല, ”മോർഗൻ സ്റ്റാൻലി ഒരു കുറിപ്പിൽ പറഞ്ഞു.
ഇത് ബ്രോഡ്‌ബാൻഡിന്റെ 4ജിക്കുള്ള അവസരമായിരിക്കുമോ?
ബ്രോഡ്‌ബാൻഡ് വിപണിയിൽ കൂടുതൽ സാന്നിധ്യം ലഭിക്കുന്നതിലൂടെ ഇത് മാറ്റങ്ങൾ വരുത്തുമെന്നും ജിയോയുടെ എതിരാളികളെ സമാനമായ നിരക്കിലുള്ള പ്ലാനുകൾ അവതരിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നും വിദഗ്ധർ വിശ്വസിക്കുന്നു.
“ഞങ്ങളുടെ കാഴ്ചപ്പാടിൽ, വളരെ കുറഞ്ഞ ചെലവിൽ മാറ്റം സുഗമമാക്കുന്നതിനുള്ള മൊബൈൽ തന്ത്രം ആവർത്തിക്കാനാണ് ജിയോ ശ്രമിക്കുന്നത്. മൊബൈൽ ഫോണിന്റെ വിപണിയിൽ, ഉപയോക്താക്കൾ ജിയോയെ ആദ്യം സെക്കൻഡറി സിമ്മായിയാണ് ഉപയോഗിക്കാൻ തുടങ്ങിയത്. മികച്ച വേഗതയും/നിരക്കും നൽകിയതോടെ പലരും ജിയോയിലേക്ക് മാറി. സമാനമായ ഒരു ഫലമാണ് ജിയോ പ്രതീക്ഷിക്കുന്നതെന്ന് ഞങ്ങൾ കരുതുന്നു. ബ്രോഡ്‌ബാൻഡ് വിപണി മൊബൈലിൽ നിന്ന് വ്യത്യസ്തമാണെങ്കിലും (സ്വിച്ചുചെയ്യാനുള്ള സാധ്യത കൂടുതലാണ്), അനന്തരഫലം സമാനമായി വലിയ തോതിലായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ബിഒഎഫ്എ സെക്യൂരിറ്റീസ് ഒരു കുറിപ്പിൽ പറയുന്നു.
1) ജിയോ/ഭാരതി പോലുള്ള വലിയ ടെലികോം കമ്പനികൾക്ക് അനുകൂലമായ ഏകീകരണം
2) നിരക്ക് കുറയ്ക്കുന്നതിൽ മറ്റു സേവനദാതാക്കളും പ്രതികരിക്കാനാകുമെന്നതിനാൽ ഇടക്കാലത്തേക്ക് നിരക്കുകൾ കുറയാനുള്ള സാധ്യത
3) ഫിക്സഡ് ബ്രോഡ്‌ബാൻഡ് മേഖലയിൽ കൂടുതൽ ഉപയോക്താക്കൾ എത്തുന്നതും അതിന്റെ സ്വീകാര്യതയും എന്നിവ ഞങ്ങൾ കാണാൻ സാധ്യതയുണ്ടെന്ന് ബിഒഎഫ്എ സെക്യൂരിറ്റീസ് വ്യക്തമാക്കി.
ഇന്ത്യയിൽ ബ്രോഡ്ബാൻഡ് സ്വീകരിക്കുന്നതിനുള്ള തടസങ്ങൾ കുറയ്ക്കുക, നിലവിലുള്ള നെറ്റ്‌വർക്കിന്റെ ഉപയോഗം മെച്ചപ്പെടുത്തുക, നിലവിൽ ഓരോ ഉപയോക്താവിനുള്ള (എആർപിയു) ശരാശരി വരുമാനം കുറയ്ക്കുക (നിലവിൽ ഇത് ഏകദേശം 500-700 രൂപയാണ്) എന്നിവ പുതിയ ഈ നീക്കത്തിലൂടെ കഴിയുമെന്ന് മോർഗൻ സ്റ്റാൻലി പറഞ്ഞു.