ചരിത്രസ്മാരകമായ ജാലിയന്‍വാലാ ബാഗ് നവീകരിച്ചതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. നവീകരണ പദ്ധതി തയാറാക്കിയവര്‍ സ്മാരകം വിനോദവല്‍ക്കരിച്ചതായും സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കുനേരെ കേണല്‍ ഡയര്‍ നടത്തിയ വെടിവയ്പില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ട 1919 ഏപ്രില്‍ 13 എന്ന ഭയാനകമായ ദിവസത്തിന്റെ ഓര്‍മകള്‍ മായ്ക്കുകയാണെന്നും ചരിത്രകാരന്മാര്‍ ആരോപിക്കുന്നു. സ്മാരകത്തിന്റെ ചരിത്രവും വിവാദത്തിനു പിന്നിലെ കാരണവും പരിശോധിക്കാം.
എന്താണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല?
വാറന്റും വിചാരണയും കൂടാതെ ആളുകളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന റൗലത്ത് നിയമത്തിനെതിരെ ബ്രിട്ടീഷുകാര്‍ പഞ്ചാബില്‍ വലിയ പ്രതിഷേധങ്ങള്‍ നേരിട്ടപ്പോള്‍ 1919 ഏപ്രിലിലാണ് സംഭവം നടന്നത്.
സര്‍ മിഷേല്‍ ഓ ഡയര്‍ ഏപ്രില്‍ 11 ന് ലാഹോറിലും അമൃത്സറിലും പട്ടാളഭരണം ഏര്‍പ്പെടുത്തി. പക്ഷേ ഏപ്രില്‍ 14 നാണ് ഉത്തരവ് അമൃത്സറില്‍ എത്തിയത്. അതോടൊപ്പം, ബ്രിഗേഡിയര്‍ ജനറലിന്റെ താല്‍ക്കാലിക പദവി വഹിച്ചിരുന്ന കേണല്‍ ആര്‍ ഇ എച്ച് ഡയറിനെ അദ്ദേഹം ജലന്ധര്‍ കന്റോണ്‍മെന്റില്‍നിന്ന് അമൃത്സറിലേക്ക് അയച്ചു.
നാലിലധികം പേര്‍ കൂട്ടംചേരുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഏപ്രില്‍ 13, ഞായറാഴ്ച, കേണല്‍ ഡയറിന്റെ സേന പട്ടണത്തിലൂടെ മാര്‍ച്ച് നടത്തി. ഈ പ്രഖ്യാപനം മിക്ക ആളുകളിലേക്കും എത്തിയില്ല. ഭക്തര്‍ ബൈശാഖി ആഘോഷിക്കാന്‍ സുവര്‍ണ ക്ഷേത്രത്തിലേക്കു വരാന്‍ തുടങ്ങി. ഇവരില്‍ പലരും ഡോ.സത്യപാലിന്റെയും ഡോ. സൈഫുദ്ദീന്‍ കിച്ച്ലുവിന്റെയും അറസ്റ്റിനെതിരെ വൈകിട്ട് നാലിനു നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനായി സമീപത്തെ ജാലിയന്‍വാലാ ബാഗിലേക്കു തിരിച്ചു. റൗലത്ത് നിയമത്തെ എതിര്‍ത്തതിനാണു ഡോ.സത്യപാലും ഡോ. സൈഫുദ്ദീന്‍ കിച്ച്ലുവും അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ പ്രാദേശിക നേതാക്കള്‍ ഏപ്രില്‍ 13നു വൈകിട്ട് യോഗം വിളിക്കുകയായിരുന്നു.

വലിയ ഒത്തുചേരലിനെക്കുറിച്ച് അറിഞ്ഞ ജനറല്‍ ഡയര്‍, .303, ലീ എന്‍ഫീല്‍ഡ്, ബോള്‍ട്ട് ആക്ഷന്‍ റൈഫിളുകള്‍ ഏന്തിയ അന്‍പത് സൈനികരടങ്ങിയ ഒരു കോളവുമായി അഞ്ചുമണിയോടെ ജാലിയന്‍വാലാ ബാഗിലേക്കു മാര്‍ച്ച് നടത്തി. ഒരു മുന്നറിയിപ്പും നല്‍കാതെ വെടിവയ്ക്കാന്‍ അദ്ദേഹം സൈന്യത്തോട് ഉത്തരവിട്ടു. ആദ്യ കൂട്ടവെടിയ്ക്കുശേഷം ആള്‍ക്കൂട്ടം ഓടിപ്പോകാന്‍ തുടങ്ങിയെങ്കിലും സൈന്യം തങ്ങളുടെ കൈവശമുണ്ടായിരുന്ന 1,650 റൗണ്ടുകളും വെടിയും ഉതിര്‍ത്തു. വെടിവയ്പില്‍ 376 പേര്‍ കൊല്ലപ്പെട്ടതായും ഒന്‍പതു മുതല്‍ 80 വരെ വയസുളളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നുമാണ് ബ്രിട്ടീഷുകാരുടെ അഭിപ്രായം. എന്നാല്‍ മരണസംഖ്യ ആയിരമാണെന്നാണ് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ പറയുന്നത്.
രക്ഷപ്പെട്ടവരില്‍ ഇരുപത്തിയൊന്നുകാരനായ ഉദ്ധം സിങ്ങുമുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്കു പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം 1942 -ല്‍ ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളില്‍വച്ച് സര്‍ മൈക്കിള്‍ ഓ’ഡയറെ വെടിവച്ചു കൊന്നു.
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല രാജ്യത്തെ ഞെട്ടിച്ചു. നൊബേല്‍ സമ്മാന ജേതാവ് രവീന്ദ്ര നാഥ ടാഗോര്‍ തന്റെ സര്‍ പദവി തിരിച്ചുനല്‍കി, ”പരിഷ്‌കൃത സര്‍ക്കാരുകളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത” സംഭവമെന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ടാഗോറിന്റെ ഈ നടപടി. താമസിയാതെ മഹാത്മാ ഗാന്ധി നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. കൂട്ടക്കൊലയെ ‘പൈശാചിക സംഭവം, അപൂര്‍വവും കുടിലമായതുമായ ഒറ്റപ്പെട്ട സംഭവം’ എന്നാണ് ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ചത്.

കൂട്ടക്കൊലയ്ക്കുശേഷം ജാലിയന്‍വാലാ ബാഗിന് എന്ത് സംഭവിച്ചു?
കൂട്ടക്കൊല നടന്ന ദിവസം ജാലിയന്‍വാലാ ബാഗില്‍ സന്നിഹിതനായിരുന്ന സഷ്ഠി ചരണ്‍ മുഖര്‍ജിയെന്ന ഹോമിയോപ്പതി ചികിത്സകന്‍, ആ വര്‍ഷം അവസാനം അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ബാഗ് ഏറ്റെടുക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. താമസിയാതെ, മഹാത്മാ ഗാന്ധി ധനസമാഹരണത്തിനായി രാജ്യവ്യാപകമായി അഭ്യര്‍ത്ഥന നടത്തി. മദന്‍ മോഹന്‍ മാളവ്യ പ്രസിഡന്റും മുഖര്‍ജി സെക്രട്ടറിയുമായി ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് വസ്ത്ര വിപണി സ്ഥാപിച്ച് കൂട്ടക്കൊലയുടെ മുഴുവന്‍ അടയാളം തുടച്ചുനീക്കാന്‍ ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചു. പക്ഷേ ഇന്ത്യക്കാര്‍ നിരന്തരം പരിശ്രമിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 5,60,472 രൂപ ശേഖരിച്ച് 6.5 ഏക്കര്‍ ബാഗ് അതിന്റെ ഹിമ്മത് സിങ്ങില്‍നിന്ന് 1920 ഓഗസ്റ്റ് ഒന്നിനു സ്വന്തമാക്കി. അന്നുമുതല്‍ മുഖര്‍ജിമാരായിരുന്നു സ്മാരകത്തിന്റെ പരിപാലകര്‍. ഇപ്പോഴത്തെ പരിപാലകനായ സുകുമാര്‍ മുഖര്‍ജി ബാങ്ക് ജോലി ഉപേക്ഷിച്ച് 1988ലാണു തന്റെ പിതാവില്‍നിന്ന് ചുമതല ഏറ്റെടുത്തത്.
സ്വാതന്ത്ര്യത്തിനുശേഷം സ്മാരകത്തിന് എന്ത് സംഭവിച്ചു?
കേന്ദ്ര സര്‍ക്കാര്‍ 1951 മേയ് ഒന്നിനു ജാലിയന്‍വാലാ ബാഗ് നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിച്ചു. 9.25 ലക്ഷം രൂപ ചെലവില്‍ സ്വാതന്ത്ര്യത്തിന്റെ ജ്വാല ഉണ്ടാക്കാന്‍ അമേരിക്കന്‍ ശില്‍പ്പി ബെഞ്ചമിന്‍ പോള്‍ക്കിനെ ചുമതലപ്പെടുത്തി. 1961 ഏപ്രില്‍ 13 നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണു സ്മാരകം ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രി ചെയര്‍മാനായ ട്രസ്റ്റില്‍ കൂടാതെ സ്ഥിരം അംഗങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, പഞ്ചാബ് മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.
പുതിയ നവീകരണവുമായി ബന്ധപ്പെട്ട് വിവാദം എന്തുകൊണ്ട് ?
ജാലിയന്‍വാലാ ബാഗ് വര്‍ഷങ്ങളായി നിരവധി നവീകരണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും വിധേയമായിട്ടുണ്ട്. പക്ഷേ, ബാഗിലേക്കുള്ള ഇടുങ്ങിയ ഇടവഴി ഏതാണ്ട് 100 വര്‍ഷത്തോളം മാറ്റംവരുത്താതെ നിലനിര്‍ത്തി. മറ്റു പല വസ്തുക്കളിലും മാറ്റം വരുത്തിയപ്പോഴും, ഡയറിന്റെ സൈന്യം ബാഗിലേക്ക് മാര്‍ച്ച് നടത്തിയ, നാനാക്ഷാഹി ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച കവാടം ആ ദിവസത്തെ ഭീകരത ഓര്‍മയിലെത്തിച്ചുകൊണ്ടേരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പഴയ ഇടവഴിയുടെ ഒരു അടയാളം പോലും അവശേഷിപ്പിക്കാതെ, ചുവര്‍ച്ചിത്രങ്ങളുള്ള ഗാലറിയായി ഇത് പുനര്‍നിര്‍മിച്ചത്. ഭൂതകാലത്തെ ഇല്ലായ്മ ചെയ്തുള്ള ഈ പ്രവൃത്തിയാണ് സ്മാരകത്തിന്റെ ഏറ്റവും പുതിയ നവീകരണത്തെ ചോദ്യം ചെയ്യാന്‍ പലരെയും പ്രേരിപ്പിച്ചത്.
1919 ഏപ്രില്‍ 13 എന്ന ഭയാനകമായ ആ ദിവസം ജാലിയന്‍വാലാ ബാഗില്‍നിന്ന ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയാത്തവിധം ബ്രിട്ടീഷ് പട്ടാളക്കാര്‍ തടസപ്പെടുത്തിയ ഇടുങ്ങിയ പാത ഇപ്പോള്‍ തിളങ്ങുന്ന പുതിയ തറയാണ്. പക്ഷികള്‍ വന്നിരിക്കുന്നതു തടയാന്‍ ശില്‍പ്പങ്ങള്‍ ഭാഗികമായി മൂടുകയും ചെയ്തിട്ടുണ്ട്.
ഒരു ചരിത്രകാരന്‍ പങ്കുവച്ച, ഈ പാതയുടെ നവീകരണത്തിനു മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. പുനര്‍നിര്‍മാണം ചരിത്രം മായ്ക്കാനുള്ള ശ്രമമാണെന്ന് ചില നെറ്റിസണ്‍സ് ആരോപിക്കുന്നു.
”ചരിത്രപരവും പൈതൃകപരവുമായ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ തീം പാര്‍ക്കുകളായി ചുരുങ്ങുന്നു. അഞ്ച്-ഏഴ് വര്‍ഷമായി ഈ പ്രവണത തുടരുന്നു. ജാലിയന്‍ വാലാബാഗ് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തിന്റെ തുടക്കമായിരുന്നു. പ്രതിമകള്‍ സ്ഥാപിച്ച് ഒരു തീം പാര്‍ക്കാക്കി ചുരുക്കുന്നതിനുപകരം ഡോക്യുമെന്റേഷന്‍, വിശദീരകരണ കേന്ദ്രം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,” നവീകരണം സംബന്ധിച്ച്, കള്‍ച്ചറല്‍ റിസോഴ്‌സ് കണ്‍സര്‍വേഷന്‍ ഇനിഷ്യേറ്റീവ് (സിആര്‍സിഐ) ഡയറക്ടറും ഹെറിറ്റേജ് മാനേജ്‌മെന്റ് സ്‌പെഷലിസ്റ്റുമായ ഗുര്‍മീത് റായ് സംഘ പറഞ്ഞു. പഞ്ചാബ് സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി പൈതൃക സംരക്ഷണ പദ്ധതികളില്‍ പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം.