കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുറത്ത് വന്ന രണ്ട് ബെറ്റിങ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൊഹാലി പൊലീസ് ഒത്തുകളിക്കാരനെന്ന് ആരോപിക്കപ്പെടുന്ന രവീന്ദര്‍ ധണ്ഡിവാലിനെ ഞായറാഴ്ച്ച അറസ്റ്റ് ചെയ്തു.
ആദ്യ ബെറ്റിങ് പുറത്ത് വന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. അതിന് പിന്നാലെ, ടെന്നീസിലേയും ക്രിക്കറ്റിലേയും ആഗോള ഒത്തുകളി സംഘത്തിന്റെ പ്രധാനിയാണ് രവീന്ദറെന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രവീന്ദറിനെ മറ്റൊരു കേസില്‍ മൊഹാലി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഒരു വ്യാജ ശ്രീലങ്കന്‍ ടി20 ലീഗ് നടത്തിയതിന്. ശ്രീലങ്കയില്‍ നടക്കുന്നുവെന്ന് രവീന്ദര്‍ പറഞ്ഞ മത്സരം യഥാര്‍ത്ഥത്തില്‍ അയാള്‍ സംഘടിപ്പിച്ചത് ചണ്ഡിഗഢിലെ ഒരു ഗ്രാമമായ സവാരയില്‍ ആയിരുന്നു.
ഐപിസിയുടെ 420-ാം വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം ഇയാളുടെ മേല്‍ പൊലീസ് ചുമത്തിയിട്ടുണ്ട്.
ഒത്തുക്കളിക്ക് പകരം വഞ്ചനാക്കുറ്റം ചുമത്തിയത് എന്തുകൊണ്ട്?
ഇന്ത്യയില്‍ ഒത്തുകളി കുറ്റകരമാക്കിയുള്ള നിയമം ഇല്ല. ഓരോ ഒത്തുകളി വിവാദങ്ങള്‍ക്കുശേഷവും കേസ് അന്വേഷിക്കുന്നവരും നിയമനിര്‍മ്മാതാക്കളും അഭിഭാഷകരും പരിഷ്‌കാരങ്ങള്‍ക്കുവേണ്ടി മുറവിളി കൂട്ടും. നിയമം ഇല്ലാത്തതിനാല്‍ ഒത്തുക്കളിക്കാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് വാദിച്ചു കൊണ്ടാണ് ഈ മുറവിളി ഉയരുക. അതുകൂടാതെ, കളിക്കാര്‍ ഒഴിച്ച് ഒത്തുകളിയുടെ ആസൂത്രകരായവരുടെ പിന്നാലെ പോകാന്‍ ചെറിയ സാധ്യതയേ നിലവിലുള്ളൂ.
Read Also: സ്വർണക്കടത്ത് കേസ്: ഫലപ്രദമായ അന്വേഷണത്തിന് അടിയന്തര ഇടപെടൽ വേണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
മത്സരത്തില്‍ നടക്കുന്ന കള്ളക്കളികള്‍ കേവലം കളിനിയമങ്ങളുടെ ലംഘനം മാത്രമല്ല വിശാലാര്‍ത്ഥത്തില്‍ പൊതുജനങ്ങള്‍ക്കെതിരായ കുറ്റം കൂടിയാണെന്ന് തെളിയിക്കാന്‍ ഒത്തുകളിക്കെതിരായ ഒരു നിയമനടപടിക്ക് കഴിയുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ഇന്റര്‍പോള്‍, മയക്കുമരുന്ന്, കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ഓഫീസ് എന്നിവ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു.
എങ്കില്‍, ഒത്തുകളി ആരോപണ വിധേയര്‍ മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?
നിയമപരമായ ശിക്ഷാ നടപടികള്‍ ഉണ്ടായിട്ടില്ല. ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ നിയമ പ്രകാരമുള്ള ശിക്ഷ മാത്രമാണ് ലഭിക്കുന്നത്. അവ പിന്നീട് കോടതികള്‍ റദ്ദാക്കുകയോ കുറച്ചു നല്‍കുകയോ ചെയ്യും. അതിനാല്‍, ഒത്തുകളിക്കെതിരായ കുറ്റമറ്റ പ്രത്യേക നിയമം വേണമെന്നത് തെളിയിക്കുന്നതിനായി അഭിഭാഷകര്‍ ഈ കേസുകള്‍ ഉപയോഗിക്കുന്നു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടെ ഇന്ത്യയില്‍ രണ്ട് പ്രമാദമായ ഒത്തുക്കളി വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2000-ല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദീന്‍ ഉള്‍പ്പെട്ടതും 2013-ല്‍ എസ് ശ്രീശാന്ത് വിവാദ കേന്ദ്രമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളി വിവാദവും. രണ്ട് കേസുകളിലും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കുന്നതില്‍ അന്വേഷകര്‍ പരാജയപ്പെട്ടു.
ഫിക്‌സിങ് ഇറ്റ് ടാക്ലിങ് മാച്ച് മാനിപുലേഷന്‍ എന്നൊരു പഠന റിപ്പോര്‍ട്ട് വിധി ലീഗല്‍, സ്‌പോര്‍ട് ലോ ആന്റ് പോളിസി സെന്റര്‍ എന്നീ സ്ഥാനപനങ്ങള്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു.
2000-ലെ സംഭവത്തില്‍ അസ്ഹറുദ്ദീന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും സിബിഐയ്ക്ക് കഴിഞ്ഞില്ലെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏതെങ്കിലും നിയമങ്ങള്‍ ക്രിക്കറ്റ് താരങ്ങള്‍ ലംഘിച്ചുവെന്ന് തെളിയിക്കാന്‍ കഴിയാത്തതും സിബിഐ നിര്‍വചിച്ച തരത്തിലെ ഒത്തുകളിയുടെ പരിധിയില്‍ താരങ്ങളുടെ പെരുമാറ്റം വരാത്തതും കാരണമാണിത്.
എന്താണ് സിബിഐയുടെ ഒത്തുകളിയുടെ നിര്‍വചനം?
- മത്സരത്തില്‍ ഉഴപ്പുന്നതിന് കളിക്കാരനോ കളിക്കാരോ വ്യക്തിയില്‍ നിന്നോ വ്യക്തികളില്‍ നിന്നോ പണം കൈപ്പറ്റുന്ന സംഭവങ്ങള്‍
- ഒരു കളിക്കാരന്‍ മത്സരത്തില്‍ ബെറ്റ് വയ്ക്കുകയും ആ മത്സരത്തില്‍ തന്റെ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാതിരിക്കുകയും ചെയ്യുക
- ടീമിന്റെ ഘടന, സാധ്യമായ ഫലം, പിച്ചിന്റെ അവസ്ഥ, കാലാവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ഒത്തുകളി സംഘവുമായി കളിക്കാര്‍ പങ്കുവയ്ക്കുന്ന സംഭവങ്ങള്‍
- ഒത്തുകളി സംഘം ആവശ്യപ്പെടുന്നതു പോലെ ഒരു പിച്ച് തയ്യാറാക്കി നല്‍കുന്നതിന് ഗ്രൗണ്ട്‌സ്‌മെന്‍ പണം കൈപ്പറ്റുന്ന സംഭവം
- ധനപരമായ നേട്ടത്തിനുവേണ്ടി ഇന്ത്യയുടെയോ വിദേശത്തെയോ കളിക്കാരുമായി സമ്പര്‍ക്കമുണ്ടാക്കുന്നതിന് ഒത്തുകളിക്കാര്‍ നിലവിലെയോ മുന്‍ കളിക്കാരെയോ ഉപയോഗിക്കുന്ന സംഭവം
എന്നിവയാണ് സിബിഐയുടെ ഒത്തുകളി നിര്‍വചനത്തില്‍ വരിക.
അപ്പോള്‍, നിലവിലെ ഏത് നിയമപ്രകാരമാണ് അവരുടെ മേല്‍ കുറ്റം ചുമത്താന്‍ കഴിയുക?
ഐപിസിയുടെ 420-ാം വകുപ്പ് പ്രകാരമാണ് 2000-ലെ വിവാദത്തില്‍ ഒത്തുകളിക്കാരനെന്ന് ആരോപണമുള്ള സഞ്ജീവ് ചൗളയെ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചതെന്ന് ചൗളയുടെ അഭിഭാഷകനായ വികാസ് പഹ്വ പറയുന്നു.
കഴിഞ്ഞയാഴ്ച്ച, ഇതേ വകുപ്പ് വ്യാജ ശ്രീലങ്കന്‍ ടി-20 മത്സരം നടത്തിയ ആള്‍ക്കെതിരെയും ഈ വകുപ്പാണ് ചുമത്തിയത്. അതിനുമുമ്പ്, കര്‍ണാടക പ്രീമിയര്‍ ലീഗിലെ ഒത്തുകളിയില്‍പ്പെട്ട കളിക്കാര്‍ക്കും ഒത്തുകളിക്കാര്‍ക്കും എതിരെ ബംഗളുരു ക്രൈം ബ്രാഞ്ചും ഇതേ വകുപ്പാണ് ചുമത്തിയത്.
Read Also: ബ്ലാസ്റ്റേഴ്സ് വല കാക്കാൻ ഗോവൻ ഗോൾ കീപ്പർ; ആൽബിനോ ഗോമസ് കേരളത്തിലേക്ക്
മറ്റു നിയമങ്ങളും ഉപയോഗിക്കാറുണ്ട്. 2000-ല്‍ അസ്ഹറുദീനെതിരെ 1988-ലെ അഴിമതി വിരുദ്ധ നിയമം ഉപയോഗിച്ച് വിചാരണ ചെയ്യാന്‍ ശ്രമിച്ചു. അസ്ഹറുദ്ദീന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജീവനക്കാരനായിരുന്നു (ഈ നിയമം സ്വകാര്യ മേഖലയ്ക്ക് ബാധകമല്ല). എന്നാല്‍, ആരോപിക്കപ്പെട്ട കുറ്റം അദ്ദേഹം ഡ്യൂട്ടി സമയത്തല്ല ചെയ്തതെന്ന വാദം ഉയര്‍ന്നു.
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ മുംബൈ പൊലീസ് ശ്രീശാന്തിനെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മോക്ക), 1999, ഉപയോഗിച്ചു. ഇവിടേയും തെളിവുകളില്ലാത്തതിനാല്‍ ഡല്‍ഹിയിലെ ഒരു കോടതി ശ്രീശാന്തിനെ വെറുതെവിട്ടു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരങ്ങള്‍ എന്തെല്ലാമാണ്?
ആരേയും വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കാനും ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ സേവനദാതാക്കളുടെ പക്കല്‍ നിന്നുമെടുത്ത് പരിശോധിക്കാനുമുള്ള അധികാരമുണ്ടെന്ന് പഹ്വ പറയുന്നു. അതിനാല്‍, തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള എല്ലാ അധികാരങ്ങളും അവര്‍ക്കുണ്ട്. എന്നാല്‍, ഒരു കുറ്റകൃത്യം അന്വേഷിക്കേണ്ടതുണ്ട്. ഒത്തുകളി ഒരു കുറ്റകൃത്യമായി നിര്‍വചിച്ചിട്ടില്ലാത്തതിനാല്‍ ഐപിസിയുടെ 420-ാം വകുപ്പിന്റെ പരിധിയില്‍ കൊണ്ടുവരിക ബുദ്ധിമുട്ടാണ്, അദ്ദേഹം പറയുന്നു.
ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് സമാനമായ അധികാരമുണ്ടോ?
തങ്ങള്‍ ശിക്ഷ നടപ്പിലാക്കല്‍ ഏജന്‍സിയല്ല എന്നാണ് ബിസിസിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റിന്റെ തലവനായ അജിത്ത് സിംഗ് അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത്. നമുക്ക് അയാളോട് ആവശ്യപ്പെടാം (ചോദ്യം ചെയ്യലിന് വരുന്നതിന്). അയാള്‍ വന്നാല്‍. നല്ലത്. പക്ഷേ, വന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ അധികമൊന്നുമില്ല. കൂടാതെ, അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാന്‍ മാത്രമേ കഴിയത്തുള്ളൂ. അതിനാലാണ് ഒത്തുകളി നിയമം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്, അജിത്ത് പറഞ്ഞു.
ഒത്തുകളിക്കെതിരായ നിയമം പാസാക്കാന്‍ ശ്രമം നടന്നിട്ടുണ്ടോ?
ഉണ്ട്. 2013-ല്‍ കായികമന്ത്രാലയം കായിക തട്ടിപ്പ് തടയല്‍ നിയമത്തിന്റെ കരട് രൂപം തയ്യാറാക്കിയിരുന്നു. പക്ഷേ, ആ ബില്‍ സ്വാഭാവിക മരണം കൈവരിച്ചു.
ലോകസഭയില്‍ രണ്ട് സ്വകാര്യ നിയമങ്ങളും അവതരിപ്പിക്കപ്പെട്ടു. 2016-ല്‍ അനുരാഗ് താക്കൂറും 2018-ല്‍ ശശി തരൂരും അവതരിപ്പിച്ച നിയമങ്ങള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.
എഴുത്ത്: മിഹിര്‍ വസവദ
Read in English: Why it is difficult to prosecute someone accused of match-fixing