scorecardresearch

ഗിസയിലെ ഗ്രേറ്റ് പിരമിഡിൽ മറഞ്ഞിരിക്കുന്ന ഇടനാഴി; എന്താണ് ഇതിന്റെ പ്രാധാന്യം?

ഗിസയിലെ മൂന്ന് പിരമിഡുകളിൽ ഏറ്റവും വലുതാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡ് -അർജുൻ സെൻഗുപ്തയുടെ റിപ്പോർട്ട്

Pyramid, Giza, Egypt, Muons, hidden corridor, Khufu

4,500 വർഷം പഴക്കമുള്ള ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ പ്രധാന കവാടത്തിനുസമീപം ശാസ്ത്രജ്ഞർ ഒൻപത് മീറ്റർ നീളവും ഏകദേശം രണ്ടു മീറ്റർ വീതിയുമുള്ള ഒരു രഹസ്യ ഇടനാഴി കണ്ടെത്തി. ഈജിപ്ഷ്യൻ പുരാവസ്തു ഉദ്യോഗസ്ഥർ വ്യാഴാഴ്ച കണ്ടെത്തൽ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കോസ്മിക്-റേ മ്യൂവോൺ റേഡിയോഗ്രാഫി എന്ന നോൺ-ഇൻവേസിവ് ടെക്നിക് ഉപയോഗിച്ച് 2016ൽ സ്കാൻ പിരമിഡ്സ് പ്രോജക്റ്റാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. അതിനുശേഷം, ശാസ്ത്രജ്ഞർ ഒന്നിലധികം രീതികൾ ഉപയോഗിച്ച്, കണ്ടെത്തിയ ഘടനയെക്കുറിച്ച് ഒരു പഠനം നടത്തി. അതിലെ കണ്ടെത്തലുകൾ വ്യാഴാഴ്ച നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു.

“ഞങ്ങൾ ഞങ്ങളുടെ സ്കാനിങ്ങ് തുടരുകയാണ്, അതിലൂടെ എന്തുചെയ്യാനാകുമെന്ന് നമ്മുക്ക് കാണാം. അതോടെ അതിനടിയിൽ അല്ലെങ്കിൽ ഈ ഇടനാഴിയുടെ അവസാനത്തിൽ എന്താണ് ഉള്ളതെന്ന് കണ്ടുപിടിക്കാൻ കഴിയും,” ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് മേധാവി മൊസ്തഫ വസീരി പിരമിഡിന് മുൻപിൽവച്ചുള്ള പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏറ്റവും വലിയ പിരമിഡ്

ഗിസയിലെ മൂന്ന് പിരമിഡുകളിൽ ഏറ്റവും വലുതാണ് ഗിസയിലെ ഗ്രേറ്റ് പിരമിഡ്. യഥാർത്ഥത്തിൽ ഗിസയുടെ സമതലത്തിൽനിന്നു ഏകദേശം 147 മീറ്റർ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഈജിപ്തിലെ പഴയ രാജ്യത്തിലെ ഏറ്റവും വലിയ ഫറവോയായി കണക്കാക്കപ്പെടുന്ന ഖുഫുവിന്റെ ഭരണകാലത്ത് ഏകദേശം 2550 ബിസിയിലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 2.5 മുതൽ 15 ടൺ വരെ ഭാരമുള്ള 2.5 മില്ല്യൺ കല്ലുകൾ ഉപയോഗിച്ചാണ് പിരമിഡ് നിർമ്മിച്ചിരിക്കുന്നതെന്നാണ് നാഷനൽ ജിയോഗ്രഫിക് പറയുന്നത്.

ആയിരക്കണക്കിന് വർഷങ്ങളായി സമാനതകളില്ലാത്ത എഞ്ചിനീയറിംഗിന്റെ ഒരു നേട്ടമായിരുന്നു ഗ്രേറ്റ് പിരമിഡിന്റെ നിർമ്മാണം. സമുച്ചയത്തിന്റെ വിസ്താരം മാത്രമല്ല ശ്രദ്ധിക്കേണ്ടത്, യുകെയിലെ ലിങ്കൺ കത്തീഡ്രലിന്റെ ഗോപുരം എഡി 1400-ൽ അതിനെ മറികടക്കുന്നതുവരെ ഈ ഗ്രഹത്തിലെ ഏറ്റവും ഉയരം കൂടിയ ഘടനയായിരുന്നു ഗിസ പിരമിഡ്. മാത്രമല്ല അതിന്റെ സമമിതിയും നാല് പ്രധാന ദിശകളുമായുള്ള സമ്പൂർണ്ണ വിന്യാസവും. (പിശക് 1/15 ഡിഗ്രിയിൽ താഴെയാണ്)

അങ്ങനെ വർഷങ്ങളായി ഈ ഘടന പലരുടെയും കൗതുക വസ്തുവാണ്. ബിസി അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസ് ഇതിനെക്കുറിച്ച് പ്രകീർത്തിച്ച് എഴുതിയിരുന്നു. മധ്യകാലഘട്ടത്തിലെ അറബ് സഞ്ചാരികൾ ഈ ഘടന വളരെ കൃത്യതയോടെ വിവരിക്കുകയും അളക്കുകയും ചെയ്തു. നെപ്പോളിയൻ ബോണപാർട്ട് 1798-ലെ തന്റെ നൈൽ പര്യവേഷണ വേളയിൽ പണ്ഡിതന്മാരും ശാസ്ത്രജ്ഞരും അടങ്ങിയ ഒരു സംഘത്തോടൊപ്പം ഗിസയിൽ ദിവസങ്ങൾ ചെലവഴിച്ചിരുന്നു. പ്രത്യക്ഷത്തിൽ നമുക്ക് അറിയാവുന്ന ഈജിപ്തോളജിയുടെ ആധുനിക മേഖല ആരംഭവും കൂടിയായിരുന്നിത്.

ഗ്രേറ്റ് പിരമിഡിന്റെ ഉൾവശം

എന്നാൽ ഗ്രേറ്റ് പിരമിഡിന്റെ ഉയർന്ന സാന്നിദ്ധ്യം പോലെ ഒരുപക്ഷേ അതിലും വലിയ ആകർഷണം അത് മറച്ചുവച്ചിട്ടുള്ള രഹസ്യങ്ങളാണ്. പല നിഗൂഢതകളും മറച്ചുവച്ചിരിക്കുന്ന ഇടനാഴികളും അറകളും ഇതിനുള്ളിലുണ്ട്. ചിലത് ഇപ്പോഴും സ്പർശിച്ചിട്ടില്ല, ഇതിനകം കണ്ടെത്തിയതും വിസ്മ-തിലാണ്ടുവയുണ്ട്. മറന്നുപോയതുമുണ്ട്. ഇവയിൽ പലതിലും ഇപ്പോഴും പ്രവേശിക്കാവുന്നതാണ്.

ഖുഫുവിന്റെ പിരമിഡിൽ “ഏത് പിരമിഡിനുള്ളിലും മറഞ്ഞിരിക്കുന്ന ഏറ്റവും വിപുലമായ ഇടനാഴികളും അറകളും” അടങ്ങിയിരിക്കുന്നതായി, സ്മിത്‌സോണിയൻ മാഗസിൻ പറയുന്നു. ബിസി 2630നും 1750നും ഇടയിൽ നിർമ്മിച്ച അത്തരം 35 ശവകുടീരങ്ങളിൽ ഒന്നാണിത്. ഭൂനിരപ്പിൽനിന്നു വളരെ ഉയരത്തിൽ തുരങ്കങ്ങളും നിലവറകളും ഉൾക്കൊള്ളുന്നു. മറ്റുള്ളവയിൽ ഭൂരിഭാഗവും തറനിരപ്പിലോ അതിനു താഴെയോ ഉള്ള ഒരു അറയുണ്ട്, ബാക്കി ഘടനകൾ ഉള്ളിൽ പൂർണ്ണമായും ഉറച്ചതാണ്.

ഈജിപ്തിലെ പുരാതന കാലത്തെ നിധി വേട്ടക്കാരെയും പണ്ഡിതന്മാരെയും ഒരേപോലെ ആകർഷിച്ച ഒരു ഘടകം മഹത്തായ ഒരു ലോകം പിരമിഡ് അതിനുള്ളിൽ മറച്ചുവെച്ചു എന്നുള്ളതാണ് എന്നാണ് ഇതിനർത്ഥം. ബിസി 2566-ൽ മുദ്രവച്ചതിനുശേഷം, ആരാണ് ആദ്യം ശവകുടീരത്തിൽ പ്രവേശിച്ചതെന്ന് സമവായമില്ലെങ്കിലും, ഹെറോഡൊട്ടസിന്റെ (ബിസി 445) കണക്കുകൾ സൂചിപ്പിക്കുന്നത് പിരമിഡിനുള്ളിലെ ചില ഭാഗങ്ങളെങ്കിലും പുരാതന കാലത്ത് തന്നെ തുറന്ന് പര്യവേക്ഷണം നടത്തിയിരുന്നു എന്നാണ്. ഗ്രേറ്റ് പിരമിഡിനുള്ളിൽ രണ്ട് വ്യത്യസ്ത തുരങ്ക സംവിധാനങ്ങളുണ്ട്. താഴെയ്ക്ക് ഇറങ്ങുന്ന പാതയും (ഹെറോഡൊട്ടസിനെപ്പോലുള്ള ഗ്രീക്കുകാർ വിവരിച്ചത്) മുകളിലേക്ക് കയറുന്ന പാതയും (കൂടുതൽ മറഞ്ഞിരിക്കുന്നു, ഒമ്പതാം നൂറ്റാണ്ടിൽ അറബികൾ തുറന്നത്).

പുതിയ കണ്ടുപിടുത്തവും ഉപയോഗിച്ച സാങ്കേതികവിദ്യയും

ഇന്ന് ഉപയോഗിക്കുന്ന വിനോദസഞ്ചാരികളുടെ പ്രവേശന കവാടം മധ്യകാലഘട്ടത്തിൽ അബ്ബാസിദ് ഖലീഫ അൽ-മാമൂന്റെ ആളുകൾ കുഴിച്ച പാതയാണ്. മുകളിലേയ്ക്കും താഴെയ്ക്കുമുളള ഇടനാഴികളും കൂട്ടിമുട്ടുന്നിടത് സ്ഥിതിചെയ്യുന്നു. ഗ്രേറ്റ് പിരമിഡിന്റെ വടക്കൻ മുഖത്തിന് പിന്നിൽ ഈ പ്രവേശന കവാടത്തിന് ഏകദേശം ഏഴ് മീറ്റർ ഉയരത്തിൽ ഒരു ശൂന്യമായ ഇടം ശാസ്ത്രജ്ഞർ കണ്ടെത്തി. പുറത്ത് ഗേബിൾഡ് ഷെവ്റോൺ ഘടനയുള്ള ഒരു ശിലാഫലകം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നത് കണ്ടതോടെ ശാസ്ത്രജ്ഞർ ഇതിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു ഇടനാഴിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കോസ്മിക്-റേ മ്യൂൺ റേഡിയോഗ്രാഫി എന്നറിയപ്പെടുന്ന ഒരു ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഒഴിഞ്ഞ ഇടം കണ്ടെത്തിയത്. ഈ രീതി വലിയ ഘടനകളെ സ്കാൻ ചെയ്യാൻ മ്യൂയോണുകൾ എന്ന് വിളിക്കുന്ന കോസ്മിക് സബ് ആറ്റോമിക് കണങ്ങളുടെ പെനട്രേറ്റീവ് പവർ ഉപയോഗിക്കുന്നു.

ഒരു ത്രിമാന ഇമേജ് രൂപപ്പെടുത്തുന്നതിന് വ്യത്യസ്ത ദിശകളിൽ നിന്ന് ഒബ്‌ജക്റ്റിലൂടെ കടന്നുപോകുന്ന മ്യൂയോണുകളുടെ എണ്ണം ഒരു മ്യൂൺ ഡിറ്റക്ടർ വഴി ട്രാക്കുചെയ്യുന്നു. തുടർന്ന്, ഈ ചിത്രം “സ്വതന്ത്ര ആകാശത്തിന്റെ” ഒരു മ്യൂൺ ചിത്രവുമായി താരതമ്യപ്പെടുത്തുന്നു, അതിലൂടെ എത്ര മ്യൂയോണുകളെ തടഞ്ഞുവെന്ന് സൂചിപ്പിക്കുന്നു. അന്തിമ ചിത്രം, കോസ്മിക് മ്യൂണുകളുടെ വെളിച്ചത്തിലുള്ള വസ്തുവിന്റെ നിഴലാണ്. ഷെവ്‌റോണുകൾ നിർമ്മിക്കുന്ന കല്ലുകൾക്കിടയിലുള്ള ഒരു ചെറിയ ജോയിന്റിലൂടെ 6 എംഎം (0.24 ഇഞ്ച്) എൻഡോസ്കോപ്പ് കടത്തിവിടുന്നതിനു മുൻപ് റഡാറും അൾട്രാസൗണ്ടും ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ നടത്തിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വസീരിയുടെ വാർത്താ സമ്മേളനത്തിനിടെയാണ് ഈ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടത്.

കണ്ടെത്തലിന്റെ പ്രാധാന്യം

2015ൽ ആരംഭിച്ച സ്കാൻപിരമിഡുകൾ എന്ന അന്താരാഷ്ട്ര പദ്ധതിയിൽ, നോൺ-ഇൻവേസിവ് ഇൻഫ്രാറെഡ് തെർമോഗ്രഫി, അൾട്രാസൗണ്ട്, 3ഡി സിമുലേഷനുകൾ, കോസ്മിക്-റേ റേഡിയോഗ്രാഫി എന്നിവ പോലുള്ള വിവിധ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ഘടനകൾ പഠിക്കുന്ന. കട്ടിയുള്ള മതിലുകൾക്ക് പിന്നിൽ, ശാരീരികമായി അപ്രാപ്യമായ സ്ഥലങ്ങളിൽ പല രഹസ്യങ്ങളും മറഞ്ഞിരിക്കുന്നതായി വിദഗ്ധർക്ക് വളരെക്കാലമായി അറിയാം.

ഇനിയും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, സ്കാൻപിരമിഡ്സ് പ്രോജക്റ്റിലെ പ്രമുഖ അംഗമായ മ്യൂണിക്കിന്റെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റോഫ് ഗ്രോസ്, ഡിഡബ്ല്യുവിനോട് പറഞ്ഞു. “അറയുടെ അറ്റത്ത് രണ്ടു വലിയ കുമ്മായക്കല്ലുകൾ ഉണ്ട്. എന്താണ് ആ കല്ലുകൾക്ക് പിന്നിലും അറയ്ക്ക് താഴെയുമുള്ളതെന്നാണ് ഇപ്പോൾ ചോദ്യം? ” പുതുതായി കണ്ടെത്തിയ ഇടനാഴിയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം പറഞ്ഞു.

പ്രധാന കവാടത്തിന് മുകളിലോ അല്ലെങ്കിൽ ഇതുവരെ കണ്ടെത്താത്ത അറയ്ക്ക് ചുറ്റും ഭാരം പുനർവിതരണം ചെയ്യുന്നതിനാണ് ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നതിനായിരിക്കാമെന്ന വസീരി പറഞ്ഞതായി ഡിഡബ്യു റിപ്പോർട്ട് പറയുന്നു. ബിബിസി പറയുന്നതനുസരിച്ച്, ഖുഫു രാജാവിന്റെ അടക്കിയിട്ടുള്ള ‘അറ ഇപ്പോഴും പിരമിഡിനുള്ളിൽ ഉണ്ടോയെന്ന് വെളിപ്പെടുത്താൻ ഇത് സഹായിച്ചേക്കുമെന്നും വസീരി പറഞ്ഞു.

കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം പുതിയതായി കണ്ടെത്തിയ ഇടനാഴിയിലല്ല, മറിച്ച് 4500 വർഷങ്ങൾക്ക് മുൻപ് ഗ്രേറ്റ് പിരമിഡിനെ ചുറ്റിപ്പറ്റിയുള്ള ദീർഘകാല ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായിക്കുന്ന കണ്ടെത്തലിന്റെ വിവിധ അനുമാനങ്ങളിലാണ്. ആ സമയത്ത് ലഭ്യമായ എന്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്, 4500 വർഷങ്ങൾക്ക് മുൻപ് ഇത് നിർമ്മിച്ചുവെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why is the discovery of a hidden corridor in the great pyramid of giza important

Best of Express