അഞ്ച് തവണ പ്രീമിയര്‍ ലീഗ് കിരീടം നേടുകയും ലോകത്തിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായി പതിറ്റാണ്ടുകളോളം നിലനില്ക്കുകയും ചെയ്ത ചെല്‍സിയെ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് റോമന്‍ അബ്രമോവിച്ച്. റഷ്യയുടെ യുക്രൈന് അധിനിവേശത്തിന് ശേഷം ഉപരോധങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ചെല്‍സിയുടെ നിയന്ത്രണം ചാരിറ്റബിള്‍ ഫൗണ്ടേഷനിലെ അംഗങ്ങള്‍ക്ക് കൈമാറുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പുതിയ തീരുമാനം.
ക്ലബ്ബിന്റെ വില്‍പ്പന സംബന്ധിച്ച് ഇന്നലെ രാത്രിയോടെയാണ് അബ്രമോവിച്ച് പ്രസ്താവന പുറത്തു വിട്ടത്. ക്ലബ്ബിന്റേയും ആരാധകരുടേയും സ്പോണ്‍സര്‍മാരുടെയും പങ്കാളികളുടേയും താത്പര്യം ഇതു തന്നെയാകുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ക്ലബ്ബ് വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന തുക ചാരിറ്റി ഫൗണ്ടേഷന് ലഭിക്കുമെന്നും അത് യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ടാണ് റോമൻ അബ്രമോവിച്ച് ക്ലബ്ബിനെ വിൽക്കുന്നത്?
2003 ലാണ് ബ്രിട്ടീഷ് വ്യവസായി കെൻ ബേറ്റ്സിൽ നിന്ന് അബ്രമോവിച്ച് 140 മില്യൺ പൗണ്ട് നല്കി ചെല്‍സിയെ സ്വന്തമാക്കിയത്. 2018 വരെ എല്ലാ ലീഗ് മത്സരങ്ങളുടെയും കാണിയായി ഡയറക്ടറുടെ ബോക്സിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഇതിനിടെയാണ് യുകെയും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചത്. പിന്നാലെ നിക്ഷേപക വിസ പുതുക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിക്കാന്‍ യുകെ അധികൃതര്‍ വിസമ്മതിച്ചു.
എണ്ണ, വാതക വില്‍പ്പന തുടങ്ങിയവയിലൂടെ സമ്പത്തുണ്ടാക്കിയ റഷ്യന്‍ വ്യവസായികളെപ്പോലെ അബ്രമോവിച്ചിനും വ്ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യങ്ങളിലൊന്നാണ്. 2008 വരെ റഷ്യയുടെ കിഴക്ക് ഭാഗത്തുള്ള പ്രദേശമായ ചുക്കോത്കയുടെ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഇക്കാലത്താണ് സ്വിസ് റെസിഡന്‍സിക്കുള്ള അപേക്ഷ അബ്രമോവിച്ച് നല്‍കുന്നതും അത് നിരസിക്കപ്പെടുന്നതും. പണം വെളുപ്പിക്കല്‍, കുറ്റവാളികളുമായി സമ്പര്‍ക്കമുണ്ടെന്ന സംശയം എന്നിവയായിരുന്നു കാരണങ്ങള്‍.
2018 മുതല്‍ 2021 വരെ ഇസ്രയേലി പാസ്പോര്ട്ടില് ലണ്ടണില്‍ എത്തുന്നതു വരെ ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അബ്രമോവിച്ചിന് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്ന് വര്‍ഷം പുറത്ത് നിന്നുകൊണ്ട് ബിസിനസ് മുന്നോട്ട് കൊണ്ടുപോകേണ്ടി വന്നു. ഇതിനിടയില്‍ തോമസ് ടുഷലിനെ പുതിയ മാനേജറായും നിയമിച്ചു.
2022 ലെ വഴിത്തിരുവുകളിലേക്ക്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അബ്രമോവിച്ചിന് കൂടുതല്‍ തിരിച്ചടികള്‍ നല്കി. അബ്രമോവിച്ചിന് ഉപരോധം ഏര്‍പ്പെടുത്താന്‍ ബോറിസ് ജോണ്സണ് വലിയ തോതിലുള്ള രാഷ്ട്രീയ സമ്മര്‍ദമുണ്ടായി. പണം വെളുപ്പിക്കലുമായി നിലനിന്നിരുന്ന ആരോപണങ്ങള്‍ പോലും പാര്‍ലമെന്റില്‍ വീണ്ടും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ക്ലബ്ബില്‍ നിന്ന് പുറത്ത് പോകാനും നിക്ഷേപം ഭാഗീകമായെങ്കിലും തിരിച്ചുപിടിക്കാനുള്ള സമയമാണിതെന്നും അബ്രമോവിച്ചിന് തോന്നിയത്. തുടര്‍ന്നാണ് ക്ലബ്ബ് വില്പനയിലേക്ക് അദ്ദേഹം കടന്നത്.
Also Read: യുക്രൈന് ആണവായുധ ശേഖരം ഉപേക്ഷിച്ചത് എന്തിന്? ബുഡാപെസ്റ്റ് മെമ്മോറാണ്ടം വീണ്ടും ചർച്ചയിൽ