/indian-express-malayalam/media/media_files/2025/12/04/indigo-explaned-2025-12-04-17-27-57.jpg)
(Photo: IndiGo)
ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. ചൊവ്വാഴ്ച മുതൽ ഇൻഡിഗോയുടെ വിമാന സർവീസുകൾ താറുമാറായതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ജീവനക്കാരുടെ കുറവും, പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ 'ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ' ചട്ടങ്ങളും മോശം കാലാവസ്ഥയും ഒരേസമയം വന്നതാണ് ഇൻഡിഗോയെ ഇത്രമാത്രം ബാധിച്ചത്.
ഇന്ത്യയിലെ ആഭ്യന്തര യാത്രക്കാരുടെ 60 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഇൻഡിഗോയെ പിടിച്ചുലച്ചത് പ്രധാനമായും ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ചട്ടങ്ങളാണ്. ചട്ടങ്ങളുടെ രണ്ടാം ഘട്ടം കഴിഞ്ഞ മാസം നടപ്പിലാക്കിയതോടെയാണ് ജീവനക്കാരുടെ ക്ഷാമം രൂക്ഷമായത്. നൂറുകണക്കിന് വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച മാത്രം ഏകദേശം 200 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.
Also Read: ഇന്നും പണിമുടക്കി ഇൻഡിഗോ; ബെംഗളൂരുവിൽ മാത്രം വ്യാഴാഴ്ച റദ്ദാക്കിയത് 73 സർവ്വീസുകൾ
സർവീസ് നടത്തിയ വിമാനങ്ങളിൽ പലതും 10 മണിക്കൂർ വരെ വൈകിയാണ് പുറപ്പെട്ടതെന്നാണ് വിവരം. സാധാരണയായി വിമാനങ്ങളുടെ സമയത്തിൽ കൃത്യനിഷ്ഠ പാലിക്കാറുള്ള വിമാനക്കമ്പനിയാണ് ഇൻഡിഗോ. ബുധനാഴ്ച കമ്പനിയുടെ 19.7 ശതമാനം വിമാനങ്ങൾ മാത്രമാണ് കൃത്യസമയത്ത് സർവീസ് നടത്തിയത്, ചൊവ്വാഴ്ച ഇത് 35 ശതമാനവും തിങ്കളാഴ്ച 50 ശതമാനവും ആയിരുന്നു.
എന്തുകൊണ്ട് ഇൻഡിഗോയിൽ പ്രതിസന്ധി രൂക്ഷം?
എല്ലാ വിമാനക്കമ്പനികൾക്കും പുതിയ നിയമം ബാധകമാണെങ്കിലും, വമ്പൻ ശൃംഖല, രാത്രി യാത്രകൾ തുടങ്ങി ഒന്നിലേറെ കാരണങ്ങളാണ് ഇൻഡിഗോയ്ക്ക് പുതയ നിയമം വലിയ തിരച്ചടി സൃഷ്ടിച്ചത്. 400-ലധികം വിമാനങ്ങളുമായി ദിവസേന 2,300-ലധികം സർവീസുകൾ നടത്തുന്ന വമ്പൻ ശൃംഖലയാണ് ഇൻഡിഗോയുടേത്.
വിമാനങ്ങളെയും ജീവനക്കാരെയും പരമാവധി സമയം ഉപയോഗിക്കുന്ന രീതിയാണ് ഇൻഡിഗോയുടേത്. രാത്രികാല സർവീസുകളും കമ്പനിക്ക് കൂടുതലുണ്ട്. രാത്രി ലാൻഡിംഗുകൾ രണ്ടായി ചുരുക്കിയത് ഇത്തരം സർവീസുകളെ നേരിട്ട് ബാധിച്ചിട്ടുണ്ട്. കൂടാതെ അധിക ലാഭത്താനായി ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവർത്തിക്കുന്ന രീതിയാണ് ഇൻഡിഗോ പിന്തുടരുന്നത്. അതിനാൽ അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകുമ്പോൾ പകരത്തിന് പൈലറ്റുമാർ ഇല്ലാത്ത അവസ്ഥയാണ് കമ്പനിയിലുള്ളത്.
Also Read: ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി
അതേസമയം, എയർ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു കമ്പനികൾക്ക് എഞ്ചിൻ തകരാറുകൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിരവധി വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, പറക്കുന്ന വിമാനങ്ങളുടെ എണ്ണത്തിന് വേണ്ട രീതിയിൽ കൂടുതൽ പൈലറ്റുമാർ നിലവിൽ കമ്പനിക്ക് ലഭ്യമാണ്. ഇത് പ്രതിസന്ധി ഘട്ടത്തിൽ കൂടുതൽ ഗുണകരമായി.
എന്താണ് ഇൻഡിഗോയെ വലച്ച പുതിയ നിയമം?
വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൈലറ്റുമാരുടെ ക്ഷീണം കുറയ്ക്കുന്നതിനുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപ്പിലാക്കിയ പുതിയ നിയമങ്ങളാണിവ. പൈലറ്റുമാരുടെ പ്രതിവാര വിശ്രമ സമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കുക, ഒരു പൈലറ്റിന് ചെയ്യാവുന്ന രാത്രി ലാൻഡിംഗുകളുടെ എണ്ണം ആറിൽ നിന്ന് രണ്ടായി വെട്ടിച്ചുരുക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ചട്ടങ്ങളിലുള്ളത്.
പുതിയ നിയമങ്ങൾ 2024 ജൂൺ മുതൽ നടപ്പിലാക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇൻഡിഗോ അടക്കമുള്ള ഇന്ത്യൻ എയർലൈനുകളിൽ നിന്ന് എതിർപ്പ് ശക്തമായതോടെ നിയമം പുറത്തിറക്കുന്നത് വൈകുകയായിരുന്നു. പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ ജീവനക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കേണ്ടിവരുമെന്നാണ് എയർലൈനുകളുടെ പ്രധാന വാദം. കൂടാതെ, ഘട്ടം ഘട്ടമായി വേണം ഇതു നടപ്പിലാക്കാനെന്നും വിമാന കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഈ വർഷം തന്നെ ഡിജിസിഎ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയായിരുന്നു.
Also Read:പുതിയ തൊഴിൽ നിയമം; ജീവനക്കാർക്ക് അനുകൂലമോ? പ്രതികൂലമോ? എന്തൊക്കെ മാറ്റങ്ങൾ, അറിയാം വിശദമായി
സാങ്കേതിക തകരാറുകൾ, കാലാവസ്ഥാ മാറ്റങ്ങൾ, തിരക്ക്, പുതിയ നിയമങ്ങൾ തുടങ്ങിയ അപ്രതീക്ഷിത വെല്ലുവിളികൾ ആണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇൻഡിഗോയുടെ പ്രതികരണം. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ 48 മണിക്കൂർ വേണ്ടിവരുമെന്നും, വിമാനങ്ങളുടെ സമയം പുനക്രമീകരിക്കുകയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
അതിനിടെ ഇൻഡിഗോയുടെ വാദങ്ങളെ തള്ളി പൈലറ്റുമാരുടെ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് തന്നെ പുതിയ നിയമങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും ഇൻഡിഗോ വേണ്ടത്ര പൈലറ്റുമാരെ നിയമിച്ചില്ലെന്നും പുതിയ നിയമങ്ങളിൽ ഇളവ് വരുത്താനുള്ള സമ്മർദ്ദ തന്ത്രമായിരിക്കാം ഇതെന്ന് സംശയിക്കുന്നതായും സംഘടനകൾ കുറ്റപ്പെടുത്തി.
റെക്കോർഡ് ലാഭമുണ്ടായിട്ടും ജീവനക്കാരെ നിലനിർത്താനോ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനോ ഇൻഡിഗോ തയ്യാറായില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് വിമർശിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കിയ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഇൻഡിഗോയിൽ നിന്ന് സ്ലോട്ടുകൾ തിരിച്ചുവാങ്ങി മറ്റു വിമാനക്കമ്പനികൾക്ക് നൽകണമെന്നും പൈലറ്റുമാരുടെ സംഘടനകൾ ഡിജിസിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: അമേരിക്കൻ പഠനം ആശങ്കയിലോ? പ്രവേശനം പരിമിതപ്പെടുത്താൻ സർവകലാശാലകൾക്ക് നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us