മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍സിഇപി) കരാറില്‍ നിലവിലെ അവസ്ഥയില്‍ ഒപ്പുവയ്ക്കില്ലെന്ന് ഇന്നലെയാണ് ഇന്ത്യ വ്യക്തമാക്കിയത്. സുപ്രധാന പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാകുന്നതുവരെ ഈ വന്‍ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ചൈനയുമായുള്ള വ്യാപാരത്തിലെ അന്തരം പരിഹരിക്കുന്നതു സംബന്ധിച്ച ചര്‍ച്ച തൃപ്തികരല്ലാത്തതാണ് കരാര്‍ ഒപ്പിടുന്നതില്‍നിന്ന് ഇന്ത്യ മാറിനില്‍ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് നിലവില്‍ അഞ്ചുകോടി ഡോളറിന്റെ കുറവുണ്ട്. അതേസമയം, ആര്‍സിഇപിയില്‍ അംഗങ്ങളായ
ഇന്ത്യ ഒഴികെയുള്ള മറ്റു 15 രാജ്യങ്ങള്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 2020ല്‍ കരാറില്‍ ഒപ്പിടാന്‍ തയാറാണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്താണ് ആര്‍സിഇപി?
16 രാജ്യങ്ങള്‍ ചേര്‍ന്നുള്ള വ്യാപാര പങ്കാളിത്തമാണു മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തം അഥവാ ആര്‍സിഇപി. ബ്രൂണെ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മര്, ഫിലിപ്പൈന്‍സ്, സിംഗപ്പുര്‍, തായ്ലാന്ഡ്, വിയറ്റ്നാം എന്നീ 10 ആസിയാന്‍ (തെക്കുകിഴക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ) മറ്റ് ആറു രാജ്യങ്ങളും ചേര്‍ന്നതാണ് ആര്‍സിഇപി. ഇന്ത്യയെക്കൂടാതെ ചൈന, ജപ്പാന്, കൊറിയ,ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയാണ് ഈ ആറ് രാജ്യങ്ങള്‍.
16 രാജ്യങ്ങളിലുടനീളം സംയോജിത വിപണി സൃഷ്ടിക്കുകയാണ് ആര്‍സിഇപി കരാറിന്റെ ലക്ഷ്യം. കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ കൂട്ടായ്മയിലെ ഓരോ രാജ്യത്തിന്റെയും ഉത്പന്നങ്ങളും സേവനങ്ങളും മേഖലയിലുടനീളം ലഭ്യമാകുന്നത് എളുപ്പമാക്കും.
ഇതുവരെയുള്ള പ്രാദേശിക വ്യാപാരക്കരാറുകളില്‍ ഏറ്റവും വലുതാണ് ആര്‍സിഇപി. ലോകജനസംഖ്യയുടെ പകുതിയോളം ആര്‍സിഇപിയില്‍ അംഗങ്ങളായ രാജ്യങ്ങളില്‍നിന്നാണ്. ലോകത്തെ കയറ്റുമതിയുടെ നാലിലൊന്നും ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തി(ജിഡിപി)ന്റെ 30 ശതമാനവും ഈ രാജ്യങ്ങളുടെ സംഭാവനയാണ്. കരാറിന് അന്തിമ രൂപം നല്‍കുന്നതിന് അംഗരാജ്യങ്ങള്‍ തമ്മില്‍ 2013 മുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ വര്‍ഷം നവംബറോടെ കരാറിനു അന്തിമരൂപം നല്‍കുകയായിരുന്നു ലക്ഷ്യം.
ഇന്ത്യ പിന്നോട്ടുപോകാൻ കാരണമെന്ത്?
ഇന്ത്യ ഒഴികെയുള്ള ആര്‍സിഇപി പങ്കാളിത്ത രാജ്യങ്ങള്‍ നിര്‍ദിഷ്ട കരാറിലെ 20 അധ്യായങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച പൂര്‍ത്തിയാക്കി 2020ല്‍ കരാറില്‍ ഒപ്പിടാന്‍ ധാരണയിലെത്തിക്കഴിഞ്ഞു. എന്നാല്‍ നിര്‍ണായക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നതിനാല്‍ ഇന്ത്യ കരാറില്‍നിന്നു പിന്നോട്ടുപോകുകയായിരുന്നു. നിലവിലുള്ള രൂപത്തില്‍ കരാര്‍ ആര്‍സിഇപിയുടെ അടിസ്ഥാന മനോഭാവത്തെയും മാര്‍ഗനിര്‍ദേശക തത്വങ്ങളെയും പൂര്‍ണമായി പ്രതിഫലപ്പിക്കുന്നതല്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞത്.
”മുഴുവന്‍ ഇന്ത്യക്കാരുടെയും താല്‍പ്പര്യം കണക്കിലെടുത്ത് ആര്‍ഇസിപി കരാര്‍ പരിശോധിച്ചപ്പോള്‍ തനിക്ക് ഗുണപരമായ ഉത്തരം ലഭിച്ചില്ല. ഗാന്ധിജിയന്‍ ആശയങ്ങളോ എന്റെ മനഃസാക്ഷിയോ ആര്‍സിഇപിയില്‍ ചേരാന്‍ അനുവദിക്കുന്നില്ല,”തിങ്കളാഴ്ച ബാങ്കോക്കില്‍ നടന്ന മൂന്നാം ആര്‍സിഇപി ഉച്ചകോടിയില്‍ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നിർണായക പ്രശ്നങ്ങള്‍ എന്തൊക്കെ?
ഇറക്കുമതിയിലെ കുതിച്ചുചാട്ടത്തിനെതിരായ ‘അപര്യാപ്തമായ’പരിരക്ഷയാണ് ഇന്ത്യയെ തടയുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ചൈനയില്‍നിന്നുള്ള വിലകുറഞ്ഞ ഉത്പന്നങ്ങള്‍ വിപണിയിലേക്ക് ഒഴുകുമെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്കയാണ്. ഇറക്കുമതി ഒരു നിശ്ചിത പരിധി കടക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ ഉയര്‍ത്താന്‍ അനുവദിക്കുന്ന സംവിധാനം ഇന്ത്യ തേടുകയായിരുന്നു. ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിലും ഒഴിവാക്കുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ വിപണി പ്രവേശനം എന്ന ആവശ്യം സംബന്ധിച്ച് വിശ്വസനീയ ഉറപ്പും ഇന്ത്യയ്ക്കു ലഭിച്ചിട്ടില്ല.
”സ്വന്തം വിപണി തുറക്കുന്നതിനു പകരമായി ഇന്ത്യ മറ്റു രാജ്യങ്ങളിലേക്കു കൂടുതല്‍ തൊഴില്‍, സേവന മുന്നേറ്റം അനുവദിക്കാന്‍ ദീര്‍ഘകാലമായി സമ്മര്‍ദം ചെലുത്തുകയാണ്” എന്നാണ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി ബാങ്കോക്ക് പോസ്റ്റിനോട് പറഞ്ഞത്. വ്യാപാര കമ്മിറ്റി സംബന്ധിച്ച ആശങ്കകളും പരിഹരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
”വിശാലമായ ഇന്ത്യന്‍ വിപണി തുറക്കുന്നതു ഞങ്ങളുടെ വ്യാപാരത്തിനും പ്രയോജനം ലഭിക്കുന്ന ചില മേഖലകള്‍ തുറക്കുന്നതുമായി പൊരുത്തപ്പെടണമെന്നു തിരിച്ചറിയേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. ന്യായമായ നിര്‍ദേശങ്ങള്‍ വ്യക്തമായ രീതിയില്‍ ഇന്ത്യ മുന്നോട്ടുവച്ചതായും ആത്മാര്‍ത്ഥതയോടെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മിക്ക ആര്‍സിഇപി രാജ്യങ്ങളുമായും ഇന്ത്യയ്ക്കു പ്രത്യേക ഉഭയകക്ഷി സ്വതന്ത്ര
വ്യാപാരക്കരാറുകള്‍ ഉണ്ട്. എന്നിട്ടും ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്കു വ്യാപാര കമ്മിയുണ്ട്.
ആശങ്കകള്‍ എന്തൊക്കെ?
ഇന്ത്യന്‍ വ്യവസായത്തിലെ പല വിഭാഗങ്ങളും ഇന്ത്യ ആര്‍സിഇപി കരാര്‍ ഒപ്പിടുന്നതില്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. പങ്കാളിത്ത രാജ്യങ്ങളില്‍നിന്നുള്ള വിലകുറഞ്ഞ ബദല്‍ കാരണം ചില ആഭ്യന്തര മേഖലകള്‍ പ്രതിസന്ധി നേരിടുമെന്ന് അവര്‍ വാദിച്ചു. ഉദാഹരണത്തിനു ക്ഷീരവ്യവസായം ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നു കടുത്ത മത്സരം നേരിടേണ്ടിവരുമെന്നു പ്രതീക്ഷിച്ചിരുന്നു. സ്റ്റീല്‍, ടെക്സ്റ്റൈല്‍സ് മേഖലകളും സംരക്ഷണം ആവശ്യപ്പെടുന്നു.
ഇടതുപാര്‍ട്ടികളുടെയും ആര്‍എസ്എസിന്റെ സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും എതിര്‍പ്പിനുപുറമെ, ആര്‍സിഇപി വ്യാപാര ചര്‍ച്ചകള്‍ക്കു തുടക്കമിട്ട മുന്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗമായവരും കരാര്‍ ഒപ്പിടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നോട്ട് നിരോധം, ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയ നടപടികള്‍ മൂലം തളര്‍ച്ച നേരിടുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും ആര്‍സിഇപി കരാറെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറയുകയുണ്ടായി.
ആര്‍സിഇപിയില്‍ ചേരുന്നതു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഈ നടപടി കര്‍ഷകര്‍ക്കും കടയുടമകള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പറഞ്ഞറിയിക്കാനാവാത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും സോണിയ മുന്നറിയിപ്പ് നല്കി.
ഇനി എന്ത്?
മറ്റെല്ലാ ആര്‍സിഇപി അംഗരാജ്യങ്ങളും ഒപ്പിടാന്‍ സമ്മതിച്ചതിനാല്‍, കരാര്‍ അംഗീകരിക്കാന്‍ അവര്‍ ഇന്ത്യയെ പ്രേരിപ്പിക്കാന്‍ ശ്രമിക്കും. ആ ശ്രമങ്ങള്‍ ആത്യന്തികമായി നടപ്പാകുമോയെന്നു കണ്ടറിയണം. ”പ്രശ്നങ്ങള്‍ പരസ്പരം തൃപ്തികരമായ രീതിയില്‍ പരിഹരിക്കാന്‍ എല്ലാ പങ്കാളിത്ത രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയുടെ അന്തിമ തീരുമാനം ഈ പ്രശ്നങ്ങളിലെ തൃപ്തികരമായ പരിഹാരത്തെ ആശ്രയിച്ചിരിക്കും,” എന്നാണ് ആര്‍സിഇപി അംഗങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook