14 ലക്ഷം കോടി രൂപ വരുന്ന ഭവന വായ്പ വിഭാഗത്തിലെ പലിശ നിരക്കില്‍ ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് കമ്പനികളും മത്സരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഭവന വായ്പാ നിരക്ക് 15 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചപ്പോള്‍ മറ്റു സ്ഥാപനങ്ങളും ആ വഴിയിലേക്കെത്താന്‍ ഒരുങ്ങുന്നു.
ഏതൊക്കെ ബാങ്കുകളാണ് ഭവനവായ്പാ നിരക്ക് കുറച്ചത്?
കൊട്ടക് മഹീന്ദ്ര ബാങ്ക് മാര്‍ച്ച് ഒന്നിന് ഭവനവായ്പാ പലിശനിരക്ക് 10 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് പ്രതിവര്‍ഷം 6.65 ശതമാനമാക്കി താഴ്ത്തി. മോര്‍ട്ട്ഗേജ് വിപണിയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. വായ്പക്കാരുടെ ക്രെഡിറ്റ് സ്കോര്‍, ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതവുമായി നിരക്കുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. ശമ്പളം ലഭിക്കുന്ന ജോലിയുള്ളവര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്ന ഉപഭോക്തൃ വിഭാഗങ്ങള്‍ക്കും നിരക്കുകള്‍ ബാധകമാകും.
അതേ ദിവസം തന്നെ എസ്ബിഐ 70 ബിപിഎസ് വരെ ഇളവ് നല്കി പലിശനിരക്ക് 6.70 ശതമാനം മുതലാക്കി (2021 മാര്‍ച്ച് 31 ന് അവസാനിക്കുന്ന പരിമിത ഓഫര്‍). രണ്ടു ദിവസത്തിനു ശേഷം എച്ച്ഡിഎഫ്സി ഭവനവായ്പാ പലിശ നിരക്ക് അഞ്ച് ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് 6.75 ശതമാനമാക്കി.
Also Read: കോവാക്സിന് 81 ശതമാനം ഫലപ്രാപ്തി; രാജ്യത്തെ വാക്സിൻ വിതരണം സംബന്ധിച്ച് ഇത് അർത്ഥമാക്കുന്നതെന്ത്?
പ്രൊസസിങ് ഫീസില്‍ 100 ഇളവും എസ്ബിഐ നല്കുന്നു. പലിശ ഇളവ് വായ്പാ തുകയെയും വായ്പക്കാരന്റെ സിബില്‍ സ്കോറിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ച് ബിപിഎസിന്റെ അധിക പലിശ ഇളവ് ലഭിക്കാന്‍ വായ്പക്കാരന് വീട്ടില്‍നിന്ന് യോനോ ആപ്പ് വഴി അപേക്ഷിക്കാം. വനിതാ വായ്പക്കാര്‍ക്ക് അഞ്ചു ബിപിഎസിന്റെ പ്രത്യേക ഇളവുമുണ്ട്. ആര്‍ക്കും ആഗ്രഹിക്കാവുന്ന ഭവനവായ്പയിലെ ഏറ്റവും മികച്ച പലിശനിരക്കാണ് കുറച്ച നിരക്ക്, ”എസ്ബിഐ ഡിഎംഡി (റീട്ടെയില്‍ ബിസിനസ്) സലോനി നാരായണ്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ബാങ്കുകള്‍ നിരക്ക് കുറയ്ക്കുന്നത്?
റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച്, 2020 മാര്‍ച്ചില്‍ ഭവനവായ്പയുടെ വളര്‍ച്ച കുറഞ്ഞു, ഇത് കോവിഡ് മഹാമാരി മൂലം 2020-21 വരെ നീണ്ടു.2020 ഭവനവായ്പാ വളര്‍ച്ച ജനുവരിയിലെ 17.5 ശതമാനത്തില്‍നിന്ന് 2021 ജനുവരിയില്‍ 7.7 ശതമാനമായി കുറഞ്ഞു. വായ്പാ അടവില്‍ മുടക്കം വരുത്താനുള്ള സാധ്യത കുറവായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഭവന വായ്പകള്‍ സുരക്ഷിതമായ പന്തയമാണെന്ന് ബാങ്കുകള്‍ തിരിച്ചറിഞ്ഞു. എസ്ബിഐയുടെ കാര്യത്തില്‍ മൊത്തം നിഷ്ക്രിയ ആസ്തി വെറും 0.67% മാത്രമാണ്.
നേരത്തെ വന്‍കിട കോര്‍പ്പറേറ്റ് വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എസ്ബിഐയുടെ നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ ഭവന വായ്പ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. ഭവന ധനകാര്യ കമ്പനികളായ എച്ച്ഡിഎഫ്സി, എല്‍ഐസി ഹൗസിങ് എന്നിവയും അവരുടെ നിരക്കുകള്‍ക്ക് ഉത്സാഹത്തോടെ വില നിശ്ചയിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖല പലതരം നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് പലിശനിരക്ക് കുറയുന്നത് മത്സരം പ്രതിഫലിപ്പിക്കുന്നത്.
ഇപ്പോള്‍ ഭവനവായ്പ എടുക്കണോ?
”തീര്‍ച്ചയായും വീട് വാങ്ങാനുള്ള ഏറ്റവും നല്ല സമയമാണിത്,” ഈ ആഴ്ച ആദ്യം നിരക്ക് കുറയ്ക്കുന്നതിനിടെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കണ്‍സ്യൂമര്‍ അസറ്റ്സ് പ്രസിഡന്റ് അംബുജ് ചന്ദ്ന പറഞ്ഞു.
”ഭവനവായ്പ പലിശനിരക്ക് 15 വര്‍ഷത്തെ ഏറ്റവും താഴ്ന്നതും വസ്തു വില മന്ദഗതിയിലായതുമായതിനാല്, ഭവനവായ്പ എടുക്കാനുള്ള അനുയോജ്യമായ സമയമാണിത്. സമീപഭാവിയില്‍ സാധ്യമായ ഏറ്റവും കുറഞ്ഞ ഇഎംഐ ഇതായിരിക്കാം. ബോണ്ട് വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പലിശനിരക്ക് എവിടേക്കാണു പോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, ”ഒരു ദേശസാത്കൃത ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
Also Read: ആമസോണിന്റെ പുതിയ ഐക്കൺ വിവാദത്തിലാവാൻ കാരണമെന്ത്?
ഇപ്പോള്‍ നടക്കുന്ന സാമ്പത്തിക വീണ്ടെടുക്കല്‍ കൂടുതല്‍ വീട് വാങ്ങലിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ബാങ്കുകള്‍. മേയിലെ നയത്തില്‍ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ച് നാലു ശതമാനമാക്കിയശേഷം റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റമുണ്ടായിട്ടില്ല. പ്രതിദിനം ശരാശരി ആയിരത്തോളം ഭവനവായ്പ ഉപഭോക്താക്കളാണ് എസ്ബിഐക്കുണ്ടാവുന്നത്.
”കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു കനത്ത തിരിച്ചടി നേരിട്ടെങ്കിലും, ഭവനവായ്പ ബിസിനസില്‍ ഭവന ബിസിനസ് സമാനതകളില്ലാത്ത കുത്തനെയുള്ള വളര്‍ച്ച രേഖപ്പെടുത്തി. 2020 ഡിസംബറില്‍ ഭവനവായ്പയുടെ വളര്‍ച്ചയ്ക്ക് എസ്ബിഐ സാക്ഷ്യം വഹിച്ചു”എസ്ബിഐ ചെയര്മാന് ദിനേശ് ഖര പറഞ്ഞു.
ഭവനവായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ട്?
ഭവന വായ്പകള്‍ ഫലത്തില്‍ വെല്ലുവിളി കുറവാണെന്നതാണ് വായ്പ നല്‍കുന്നവരുടെ ഏറ്റവും വലിയ ആകര്‍ഷണം. വ്യക്തിഗത വായ്പകളില്‍ നിന്ന് വ്യത്യസ്തമായി, ഭവന വായ്പകളില്‍ വീട് ഈടായി മാറുന്നു. വായ്പാ അടവില്‍ മുടക്കം വന്നാല്‍ ബാങ്കുകള്‍ക്ക് വസ്തു പിടിച്ചെടുക്കാനും ലേലത്തില്‍ വില്ക്കാനുംകഴിയും. സമയബന്ധിതമായി വായ്പാ തിരിച്ചടവ് ഉറപ്പുനല്‍കുന്നതിനാല്‍ ബാങ്കുകള്‍ പ്രധാനമായും ശമ്പളക്കാരായ ജീവനക്കാരെയും സ്വയംതൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകളെയുഞാണ് ലക്ഷ്യമിടുന്നു. ഭവനവായ്പ വിതരണം ചെയ്യുന്ന പ്രക്രിയയും എളുപ്പമാണ്.
Also Read: ഇടത് പക്ഷ-കോൺഗ്രസ്-ഐഎസ്എഫ് സംയുക്ത റാലിക്ക് ശേഷം; പശ്ചിമ ബംഗാളിലെ പുതിയ മുന്നണി അർത്ഥമാക്കുന്നത്
എസ്ബിഐയുടെ ഭവനവായ്പാ വിഭാഗം ഇപ്പോള്‍ 5 ലക്ഷം കോടി രൂപ മറികടന്നു. ഈ വിഭാഗത്തില്‍ മൂന്നിലൊന്ന് വിപണി വിഹിതം എസ്ബിഐയുടേതാണ്. മറ്റ് പൊതുമേഖലാ ബാങ്കുകളും ഈ വിഭാഗത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്.
നിരക്ക് ഇനിയും കുറയുമോ?
ഭവനവായ്പ നിരക്ക് 15 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. കൂടാതെ, ബോണ്ട് വരുമാനം വര്‍ധിക്കുന്നതിനാല്‍ സമീപഭാവിയില്‍ റിസര്‍വ് ബാങ്കില്‍നിന്നു വീണ്ടുമൊരു റിപ്പോ നിരക്ക് കുറയ്ക്കലിനു സാധ്യതയില്ല. പലിശനിരക്ക് ഏറ്റവും താഴെയെത്തിയതായി ബാങ്കര്‍മാര്‍ ഇതിനകം സൂചിപ്പിച്ചു.
കൊട്ടക് മഹീന്ദ്രയും എസ്ബിഐയും പ്രഖ്യാപിച്ച ഏറ്റവും പുതിയ ഭവനവായ്പ നിരക്ക് മാര്‍ച്ച് 31 വരെ മാത്രമാണ്. ഒരു വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന്റെ നിരക്ക് നിലവില്‍ 4.9 ശതമാനം (എസ്ബിഐ നിരക്ക്) ആയതിനാല്‍ കൂടുതല്‍ കുറവ് ബാങ്കുകളുടെ മാര്‍ജിനിനെ ബാധിക്കും. ഭവനവായ്പ നിരക്കില്‍ ഇനിയും കുറവു വരുത്തുന്നത് നിക്ഷേപ നിരക്കില്‍ ഇനിയും കുറവുണ്ടാക്കും, അത് സാധ്യതയില്ല. എന്നിരുന്നാലും, പ്രൊസസിങ് ചാര്‍ജുകള്‍ എഴുതിത്തള്ളല്‍, ഒന്നോ രണ്ടോ മാസത്തെ നിര്‍ദിഷ്ട കാലയളവിലേക്കുള്ള നിരക്ക് കുറയ്ക്കല്‍ എന്നിവ പോലുള്ള ഉപയോക്താക്കള്‍ക്കു പ്രതീക്ഷിക്കാം.