/indian-express-malayalam/media/media_files/ZoivDt8HZCAHrGahBEO8.jpg)
Image Source: WikiMedia Commons
ഇന്ത്യയിലേക്ക് പോകുകയായിരുന്ന ഇസ്രായേലുമായി ബന്ധമുള്ള ഒരു കപ്പൽ, യെമൻ വിമത വിഭാഗം ഹൂതികൾ ഞായറാഴ്ച (നവംബർ 19) പിടിച്ചെടുത്തു. ഇത് നിലവിലുള്ള ഗാസ സംഘർഷത്തിന് മറ്റൊരു മാനം കൂടി ചേർക്കപ്പെടുമോ എന്ന ആശങ്ക ഉയർത്തുന്നു. ഹൂതികൾ ഹെലികോപ്റ്ററുകളിൽ നിന്ന് കപ്പലിലേക്ക് ഇറങ്ങി 25 ജീവനക്കാരെയും ബന്ദികളാക്കി. "ഇസ്‌ലാമിക മൂല്യങ്ങൾക്കനുസൃതമായാണ്" ക്രൂവിനോട് പെരുമാറുന്നതെന്ന് യെമനി വിമതർ പറഞ്ഞു.
കപ്പൽ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ളതും കപ്പൽ നടത്തിപ്പ് ജപ്പാൻ നിയന്ത്രണത്തിലാണെന്നും ഇസ്രായേൽ അവകാശപ്പെട്ടു, അതേസമയം ഹൈജാക്കിനെ "മറ്റൊരു ഇറാനിയൻ ഭീകരപ്രവർത്തനം" എന്നും അവർ വിശേഷിപ്പിച്ചു.
എന്തുകൊണ്ടാണ് ഇന്ത്യയിലേക്കുള്ള കപ്പൽ ഹൂതികൾ പിടിച്ചെടുത്തത്? ഇതിനോട് ഓരോരുത്തും എങ്ങനെ പ്രതികരിച്ചു? ആരാണ് ഹൂതികൾ, അവർ എങ്ങനെയാണ് ഇസ്രായേൽ-പലസ്തീൻ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
എന്തുകൊണ്ടാണ് കപ്പൽ തട്ടിക്കൊണ്ടുപോയത്?
തുർക്കിയിൽ നിന്ന് ഗുജറാത്തിലെ പിപാവാവിലേക്ക് പോവുകയായിരുന്ന ഗ്യാലക്‌സി ലീഡർ എന്ന കപ്പലിൽ ചരക്കുകളൊന്നും ഉണ്ടായിരുന്നില്ല. ബൾഗേറിയ, റൊമാനിയ, ഉക്രെയ്ൻ, മെക്സിക്കോ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിലെ ജീവനക്കാർ അഥവാ ക്രൂ.
പലസ്തീനിൽ ഇസ്രായേൽ രക്തച്ചൊരിച്ചിൽ തുടരുകയാണെങ്കിൽ ചെങ്കടലിലെ ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളും ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കടലിടുക്കായ ബാബ് അൽ മന്ദേബിലും ആക്രമണം നടത്തുമെന്ന് ഹൂതികൾ നേരത്തെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ കപ്പൽ ഹൈജാക്ക് ചെയ്തത്.
“ചെങ്കടലിൽ, പ്രത്യേകിച്ച് ബാബ് അൽ മന്ദാബിലും, യെമനിലെ പ്രാദേശികമായ ജലമാർഗങ്ങളിലും ഇസ്രായേൽ കപ്പലിനെ നിരന്തരം നിരീക്ഷിക്കാനും തിരയാനും ഞങ്ങളുടെ കണ്ണുകൾ തുറന്നിരിക്കുന്നു,” ഹൂതി ഗ്രൂപ്പിന്റെ നേതാവ് അബ്ദുൾമാലിക് അൽ-ഹൂതി കഴിഞ്ഞയാഴ്ച പറഞ്ഞതായി, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
"ഇസ്രായേലികൾക്ക് “ബലപ്രയോഗത്തിന്റെ ഭാഷ” മാത്രമേ മനസ്സിലാകൂ,” എന്ന് ഹൈജാക്കിങ്ങിന് ശേഷം, ഹൂതി വക്താവായ മുഹമ്മദ് അബ്ദുൽ സലാം പറഞ്ഞതായി എ പി റിപ്പോർട്ട് ചെയ്തു. "ഇസ്രായേൽ കപ്പൽ തട്ടിയെടുത്തത് യെമൻ സായുധ സേനയുടെ കടൽ യുദ്ധത്തിന്റെ ശേഷി തെളിയിക്കുന്ന ഒരു പ്രായോഗിക ചുവടുവെപ്പാണ്, അതിന് നൽകേണ്ടി വരുന്ന വില പരിഗണിക്കാതെ ... ഇത് തുടക്കമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ എങ്ങനെ പ്രതികരിച്ചു, ജപ്പാൻ ഉൾപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
ഇങ്ങനെയൊരു കപ്പൽ തങ്ങൾക്കില്ല , ഇത് പ്രവർത്തിപ്പിക്കുന്നതും തങ്ങളല്ല, ഇസ്രായേലിൽ നിന്നുള്ള ഒരു ക്രൂ അംഗം പോലും കപ്പലില്ലെന്ന് ഇസ്രായേൽ പറഞ്ഞു.
"ഇത് മറ്റൊരു ഇറാനിയൻ തീവ്രവാദ പ്രവർത്തനമാണ്, ഇത് സ്വതന്ത്ര ലോകത്തിലെ പൗരന്മാർക്കെതിരായ ഇറാന്റെ യുദ്ധവെറിയാണ് കാണിക്കുന്നത്, ആഗോള ഷിപ്പിങ് റൂട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രത്യാഘാതങ്ങളുവാക്കന്നതാണ്," ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.
ഹൈജാക്കിങ്ങിനെ "ആഗോള പ്രത്യാഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ള വളരെ ഗുരുതരമായ സംഭവം" എന്ന് ഇസ്രായേൽ സൈന്യം വിശേഷിപ്പിച്ചതായി എപി റിപ്പോർട്ട് ചെയ്തു.
അതേസമയം, കപ്പലിന് ഒരു ഇസ്രായേലി ശതകോടീശ്വരനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, "പബ്ലിക് ഷിപ്പിങ് ഡാറ്റാബേസുകളിലെ ഉടമസ്ഥാവകാശ വിശദാംശങ്ങൾ കപ്പലിന്റെ ഉടമകളെ ഇസ്രായേലിലെ ഏറ്റവും സമ്പന്നരിൽ ഒരാളായി അറിയപ്പെടുന്ന എബ്രഹാം "റാമി" ഉൻഗർ സ്ഥാപിച്ച റേ കാർ കാരിയറുകളുമായി ബന്ധപ്പെതാണെന്ന് പറയുന്നു.
ഉൻഗാറുമായി ബന്ധമുള്ള കപ്പലിൽ 2021ൽ ഒമാൻ ഉൾക്കടലിൽ വച്ച് സ്‌ഫോടനം നടന്നിരുന്നു. അന്ന് ഇസ്രായേൽ മാധ്യമങ്ങൾ ഇറാനെ കുറ്റപ്പെടുത്തിയിരുന്നു.
ജാപ്പനീസ് കമ്പനിയായ നിപ്പോൺ യൂസെൻ ആണ് ഗാലക്‌സി ലീഡർ ഓപ്പറേറ്റ് ചെയ്യുന്നത്. ഹൈജാക്കിനെ അപലപിച്ച ജാപ്പനീസ് ഉദ്യോഗസ്ഥർ, കപ്പലിനെയും ജീവനക്കാരെയും മോചിപ്പിക്കുന്നതിന് സൗദി അറേബ്യ, ഒമാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് സഹായം തേടുന്നതിനൊപ്പം ഹൂതികളുമായി ചർച്ച നടത്തുകയാണെന്നും അറിയിച്ചു.
ആരാണ് ഹൂത്തികൾ, എന്തിനാണ് അവർ ഇസ്രായേൽ -പലസ്തീൻ വിഷയത്തിൽ ഇടപെടുന്നത്?
ഒരു ദശാബ്ദത്തോളമായി യെമൻ സർക്കാരുമായി ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വിമത വിഭാഗമാണ് ഹൂതികൾ. ഔദ്യോഗിക തലസ്ഥാനമായ സന ഉൾപ്പെടെ വടക്കൻ യെമനിൽ അവർ അധികാരത്തിലാണ്. ഔദ്യോഗിക സർക്കാർ ഇപ്പോൾ ഏദൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
ഹൂതി ഗോത്രത്തിന്റെ പേരാണ് സംഘത്തിന് നൽകിയിരിക്കുന്നത്. ഇറാന്റെ പിന്തുണയുള്ള സായിദി ഷിയകളാണ് ഹൂതികൾ, അതേസമയം യെമൻ സർക്കാരിന് ഇറാന്റെ ഏറ്റവും വലിയ എതിരാളിയായ സൗദി അറേബ്യയുടെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും പിന്തുണയുണ്ട്. 1990-കളുടെ തുടക്കത്തിലെ സായിദി മത പുനരുജ്ജീവന പ്രസ്ഥാനത്തിലാണ് ഹൂതി ഗ്രൂപ്പിന്റെ ഉത്ഭവം.
"പലസ്തീനിലെ സഹോദരീസഹോദരന്മാർക്ക്" ഹൂതികളുടെ പിന്തുണ ഇസ്രായേലിനോടും പടിഞ്ഞാറൻ രാജ്യങ്ങളോടുമുള്ള കടുത്ത എതിർപ്പിൽ നിന്നാണ്. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, ഒരു ശക്തി എന്ന നിലയിൽ, പതിനായിരക്കണക്കിന് ആളുകൾ ഉൾപ്പെടുന്ന സാധുയ സേനയും ബാലിസ്റ്റിക് മിസൈലുകളുടെയും സായുധ ഡ്രോണുകളുടെയും വലിയ ആയുധശേഖരമുണ്ട്. യെമനിലെ ഹൂതികളുടെ ശക്തികേന്ദ്രം ഇസ്രായേലിൽ നിന്ന് അവരുടെ റോക്കറ്റുകൾക്കും സൈന്യത്തിനും നേരിട്ടുള്ള ഭീഷണി ഉയർത്താൻ കഴിയാത്തവിധം അകലെയാണെങ്കിലും, അവർ “ശത്രു രാജ്യത്തിന്” നേരെ മിസൈലുകൾ അയ്ക്കുന്നു.
ഹൂതികളുടെ പ്രവർത്തനത്തിൽ നിന്നുള്ള പ്രധാന അപകടം അവരുടെ ഇടപെടൽ സംഘർഷം വിപുലമാക്കുകയും ഇറാനെ കൂടി ചിത്രത്തിലേക്ക് വരുത്താൻ സാധ്യതയുള്ളതുമാണ്. കൂടാതെ, പ്രതികാരമായി ഹൂതികളുടെ പ്രദേശം ആക്രമിക്കാൻ ഇസ്രായേലിന് താൽപ്പര്യമുണ്ടെങ്കിൽ, അതിന്റെ റോക്കറ്റുകൾ സൗദി അറേബ്യയ്ക്ക് മുകളിലൂടെ പോകേണ്ടിവരും, ഒരുപക്ഷേ ശക്തമായ മുസ്‌ലിം രാജ്യത്തെ സംഘർഷത്തിലേക്ക് നയിക്കാൻ നിർബന്ധിതരാകാം. കപ്പലുകൾ പിടിച്ചെടുക്കുന്നതിനാൽ ഈ മേഖലയിലെ സമുദ്ര വ്യാപാരത്തിൽ ഓഹരി പങ്കാളിത്തമുള്ള മറ്റ് പല രാജ്യങ്ങളെയും ഈ വിഷയത്തിൽ ഉൾപ്പെടുന്നതിന് കാരണമായേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.