/indian-express-malayalam/media/media_files/cTpc1HsvJa71MaJlrFsB.jpg)
Photo Courtesy: Kiren Rijiju/ X
മാലദ്വീപിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുയിസു, ശനിയാഴ്ച (നവംബർ 18) പുറത്തിറക്കിയ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ, രാജ്യത്ത് നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യൻ സർക്കാരിനോട് "ഔപചാരികമായി അഭ്യർത്ഥിച്ചു". എന്ന് പറയുന്നു.
"സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ഇക്കാര്യം ഇന്ത്യയോട് ആവശ്യപ്പെടാൻ മാലദ്വീപ് ജനത തനിക്ക് ശക്തമായ ജനവിധി നൽകിയെന്നും മാലിദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും," പ്രസിഡന്റിന്റെ ഓഫീസ് പറഞ്ഞു.
വെള്ളിയാഴ്ച മുയിസുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഇന്ത്യയുടെ ഭൗമശാസ്ത്ര മന്ത്രി കിരൺ റിജ്ജുവും അദ്ദേഹവുമായി ഇക്കാര്യം ചർച്ച ചെയ്തതായി അറിയുന്നു.
റിജ്ജുവുമായുള്ള കൂടിക്കാഴ്ചയിൽ, മെഡിക്കൽ ആവശ്യങ്ങൾക്കും ലഹരിമരുന്ന് കടത്ത് വിരുദ്ധ ആവശ്യങ്ങൾക്കുമായി വിമാനം പ്രവർത്തിപ്പിക്കുന്നതിനായി മാലദ്വീപിലുള്ള ഇന്ത്യൻ സൈനികരുടെ വിഷയം ഉന്നയിച്ചുവെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞു. തുടർ സഹകരണത്തിനുള്ള പ്രവർത്തനക്ഷമമായ പരിഹാരങ്ങൾ ഇരു ഗവൺമെന്റുകളും ചർച്ച ചെയ്യും, കാരണം ഈ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം "മാലദ്വീപിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു" എന്നതാണ്.
ഈ ആവശ്യത്തിന് പിന്നിലെ സന്ദർഭം എന്താണ്, ഇന്ത്യ-മാലദ്വീപ് ബന്ധങ്ങളിൽ ഇത് എങ്ങനെ പ്രതിഫലിക്കും?
ആരാണ് മുഹമ്മദ് മുയിസു?
ഈ വർഷം ഒക്ടോബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസു വിജയിച്ചു, വിദേശ ശക്തികളുടെ പങ്കിനെക്കുറിച്ച് രാജ്യത്ത് വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ വിജയം.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപ് രാജ്യമാണ് മാലദ്വീപ്, ഏകദേശം 500,000 ആണ് ജനസംഖ്യ. ഒരു ദശാബ്ദത്തോളമായി ചൈന മാലദ്വീപുമായി ബന്ധം ശക്തമാക്കാൻ ശ്രമിച്ചു. ദക്ഷിണേഷ്യൻ മേഖലയിലുൾപ്പെടെ ചൈനയുടെ ഉയർച്ചയും അതിന്റെ ശക്തിപ്രകടനവും ഈ കാലഘട്ടത്ത് സമാനമായി സംഭവിച്ചു.
വളരെക്കാലമായി, ഇന്ത്യ മാലിദ്വീപിനെ സ്വന്തം പ്രാദേശിക സ്വാധീനമേഖലയുടെ ഭാഗമായി കണക്കാക്കുന്നു. മാലിദ്വീപിന്റെ ശക്തനായ മുൻ പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂം വർഷങ്ങളോളം ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 2008-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടതോടെ, പുതിയ നേതാക്കൾ അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ഘടകമായി വിദേശനയം സ്വീകരിച്ചു.
മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എംഡിപി) മുഹമ്മദ് നഷീദ് 2008ൽ വിജയിച്ചു. എം ഡി പിയും അതിന്റെ ഉന്നത നേതാക്കളും, പ്രത്യേകിച്ച് നഷീദും ഇന്ത്യാ അനുകൂലികളായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ എതിരാളിയായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപിലെ (പിപിഎം) അബ്ദുള്ള യമീൻ ചൈനയോട് താൽപ്പര്യമുള്ളയാളായി വിലയിരുത്തപ്പെട്ടു. 2013 നും 2018 നും ഇടയിലാണ് അദ്ദേഹം അധികാരത്തിൽ വന്നത്.
ഈ സമയത്ത്, അബ്ദുള്ള യമീൻ മാലദ്വീപിനെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (BRI) ഭാഗമാക്കി. ഇതിന് കീഴിൽ, വ്യാപാരവും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ - റെയിൽ, റോഡുകൾ, തുറമുഖങ്ങൾ, ഹൈവേകൾ എന്നിവയുടെ നിർമ്മാണത്തിന് സാമ്പത്തികവും മറ്റ് സാങ്കേതികവുമായ പിന്തുണ നൽകാൻ സഹായിക്കാൻ ശ്രമിക്കുന്നതായി ചൈന പറയുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ ശ്രമമായും ഈ പദ്ധതി കണക്കാക്കപ്പെടുന്നു.
2018 മുതൽ 2023 വരെ എം ഡി പി യുടെ ഇബ്രാഹിം സ്വാലിഹ് പ്രസിഡന്റായി. സ്വാലിഹ് ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് അനുകൂലമായി നിലപാടുള്ളയാളായിരുന്നു.
ഈ സാഹചര്യത്തിൽ, 2023 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ പി പി എമ്മിന്റെ മുഹമ്മദ് മുയിസു വിജയിച്ചു. പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ ഔട്ട്’ കാമ്പെയ്‌നിൽ അധികാരത്തിൽ എത്തിയ മുയിസു സ്വാലിഹിനെ പരാജയപ്പെടുത്തി.
എന്താണ് ഇന്ത്യ ഔട്ട് ക്യാമ്പയിൻ?
'ഇന്ത്യ ഔട്ട്' എന്നറിയപ്പെടുന്ന കാമ്പെയ്‌ൻ 2020-ഓടെ മാലദ്വപിൽ നടന്ന പ്രതിഷേധങ്ങളോടെ ആരംഭിച്ചു, പിന്നീട് അനുബന്ധ ഹാഷ്‌ടാഗോടു കൂടിയ വാചകം ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. ഇന്ത്യ, മാലദ്വീപിലേക്ക് ഒരു വലിയ സൈനിക സംഘത്തെ അയച്ചുവെന്ന ആരോപണം സ്വാലിഹ് സർക്കാർ ആവർത്തിച്ച് നിഷേധിച്ചു.
അതിനിടെ, മാലദ്വീപ് തീരസംരക്ഷണ സേനയ്ക്കായി ഉതുരു തിലഫൽഹു (UTF) അറ്റോളിൽ ഒരു തുറമുഖം വികസിപ്പിക്കുന്നതിനുള്ള സഹകരണം ഇന്ത്യയും മാലിദ്വീപും തമ്മിലുണ്ടായി. 2022 മാർച്ച് 13 ന് മാലദ്വീപ് പ്രതിരോധ മന്ത്രാലയം ഒരു പ്രസ്താവനയിൽ, മാലദ്വീപ് കോസ്റ്റ് ഗാർഡിന്റെ ഡോക്ക് യാർഡായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന യുടിഎഫിൽ വിദേശ സൈനികർ ഇല്ലെന്ന് പറഞ്ഞു,
ഇന്ത്യൻ സൈന്യം രണ്ട് ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും കടലിൽ കുടുങ്ങിപ്പോയ അല്ലെങ്കിൽ ദുരന്തങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും സഹായിക്കുകയും ചെയ്യുന്നു എന്നല്ലാതെ മാലദ്വീപിലെ ഇന്ത്യൻ സൈനികരുടെ എണ്ണം പരസ്യമായി വെളിപെടുത്തിയിട്ടിലെന്നും സമീപകാലത്ത് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് പറയുന്നു.
മുയിസുവിന്റെ ഓഫീസിൽ നിന്നുള്ള സമീപകാല പ്രസ്താവനയിൽ, രണ്ട് ഹെലികോപ്റ്ററുകളുടെയും "നിരവധി അടിയന്തര മെഡിക്കൽ ഒഴിപ്പിക്കലുകളിലും മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിന് (എംഎൻഡിഎഫ്) ഇന്ത്യ നൽകിയ ഒരു വിമാനത്തിന്റെയും "പ്രധാന പങ്ക്" " മാലദ്വീപ് പ്രസിഡന്റ് അംഗീകരിച്ചു.
ഇന്ത്യയുടെ 100 മില്യൺ ഡോളറിന്റെ ഗ്രാന്റും 400 മില്യൺ ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റ് വഴിയും ധനസഹായം നൽകുന്ന മെഗാ ഗ്രേറ്റർ മാലെ കണക്റ്റിവിറ്റി പ്രോജക്റ്റ് (ജിഎംസിപി) പോലുള്ള രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ മറ്റ് മേഖലകളെക്കുറിച്ചും പ്രസ്താവന പരാമർശിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.