scorecardresearch
Latest News

പെട്രോള്‍, ഡീസല്‍ കയറ്റുമതിക്ക് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയത് എന്തിന്? ആഭ്യന്തര വിലയെ ബാധിക്കുമോ?

കറന്റ് അക്കൗണ്ട് കമ്മിയില്‍ സമ്മര്‍ദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍നിന്ന് 15 ആയി ഉയര്‍ത്തി

petrol export tax, diesel export tax, gold import duty hike

പെട്രോളിനും വിമാന ഇന്ധനത്തിനും ലിറ്ററിന് ആറു രൂപയും ഡീസലിനു 13 രൂപയും പ്രത്യേക കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. ഇവയുടെ കയറ്റുമതി നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്.

കറന്റ് അക്കൗണ്ട് കമ്മിയില്‍ സമ്മര്‍ദം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തടയാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍നിന്ന് 15 ആയി ഉയര്‍ത്തി.

അസംസ്‌കൃത എണ്ണയ്ക്കുമേല്‍ ടണ്ണിനു ടണ്ണിന് 23,230 രൂപ പ്രത്യേക അധിക എക്‌സൈ് തീരുവ ചുമത്തി. അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തശേഷം രാജ്യാന്തര തലത്തിലെ വില വര്‍ധനയ്ക്കനുരിച്ച് വില്‍പ്പന നടത്തി നേട്ടം കൊയ്യുന്നതില്‍നിന്നു ആഭ്യന്തര അസംസ്‌കൃത എണ്ണ ഉല്‍പ്പാദകരെ തടയാന്‍ ലക്ഷ്യമിട്ടാണിത്.

”ആഭ്യന്തര അസംസ്‌കൃത എണ്ണ ഉല്‍പ്പാദകര്‍ രാജ്യാന്തരതലത്തില്‍ കൂടുന്ന വിലയ്ക്ക് അസംസ്‌കൃത എണ്ണ ആഭ്യന്തര റിഫൈനറികള്‍ക്കു വില്‍ക്കുന്നു. ഇതിലൂടെ ആഭ്യന്തര ഉത്പാദകര്‍ വന്‍തോതില്‍ നേട്ടമുണ്ടാക്കുന്നു. ഇത് കണക്കിലെടുത്ത്, അസംസ്‌കൃത എണ്ണയ്ക്കുമേല്‍ ടണ്ണിനു 23,250 രൂപ സെസ് ചുമത്തി. അസംസ്‌കൃത എണ്ണ ഇറക്കുമതി ഈ സെസിനു വിധേയമാകില്ല,” സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Also Read: ഉദയ്‌പുർ കൊലപാതകം: എന്താണ് ദഅ്‌വത്ത്-ഇ-ഇസ്‌ലാമി?

”അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കുന്ന കമ്പനികള്‍ ഈ ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ നിലവിലുള്ള വിലയ്ക്കു കയറ്റുമതി ചെയ്യുന്നു. അത് വളരെ ഉയര്‍ന്നതാണ്. കയറ്റുമതി വഴി ഉയര്‍ന്ന ലാഭം ലഭിക്കുന്നതിനാല്‍ ചില റിഫൈനര്‍മാര്‍ ആഭ്യന്തര വിപണിയില്‍ തങ്ങളുടെ പമ്പുകള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുന്നു,” പ്രസ്താവന പറയുന്നു.

ഇങ്ങനെ കയറ്റുമതി തടയുന്നതിനായാണു പെട്രോളിനു ലിറ്ററിന് ആറ് രൂപയും ഡീസലിന് 13 രൂപയും സെസ് ഏര്‍പ്പെടുത്തിയത്.

കയറ്റുമതിക്കാര്‍ ഷിപ്പിങ് ബില്ലില്‍ പറഞ്ഞിരിക്കുന്ന അളവിന്റെ 50 ശതമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വിപണിയില്‍ വിതരണം ചെയ്തു അല്ലെങ്കില്‍ നല്‍കുമെന്ന് കയറ്റുമതി സമയത്ത് പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിനായി കയറ്റുമതി നയ വ്യവസ്ഥ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി ജി എഫ് ടി) ഏര്‍പ്പെടുത്തി.

”ഈ നടപടികള്‍ ഡീസലിന്റെയും പെട്രോളിന്റെയും ആഭ്യന്തര ചില്ലറവില്‍പ്പന വിലയെ പ്രതികൂലമായി ബാധിക്കില്ല. അതിനാല്‍, ആഭ്യന്തര ചില്ലറ വില്‍പ്പന വില മാറ്റമില്ലാതെ തുടരും. അതേസമയം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുകയും ചെയ്യും,” പ്രസ്താവനയില്‍ പറയുന്നു.

എന്തിനാണു പെട്രോളിയത്തിന്റെ തീരുവ ഉയര്‍ത്തിയത്?

ജൂണില്‍ ഏറെക്കുറെയും രാജ്യത്തുടനീളമുള്ള പല നഗരങ്ങളിലും പെട്രോള്‍ പമ്പുകള്‍ കടുത്ത ഇന്ധനക്ഷാമം നേരിട്ടു. വില്‍പ്പന റേഷനാക്കുന്നതിനോ ഇന്ധനം ലഭ്യമല്ലാത്തതിനാല്‍ പമ്പുകള്‍ അടച്ചിടുന്നതിനോ ഇത് ഇടയാക്കി. ഇക്കാര്യം ഇന്ധനക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകളിലേക്കു നയിക്കുകയും ചില ഉപഭോക്താക്കളില്‍ പരിഭ്രാന്തി പരത്തുകയും ചെയ്തു.

ജൂണ്‍ മധ്യത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. പമ്പുകള്‍ തുറന്നിടുന്നതിനായി സര്‍ക്കാര്‍ ഇടപെടുകയും ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്ത് ആവശ്യമായത്ര ഇന്ധനമുണ്ടെന്നു പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം ഉറപ്പുനല്‍കിയിരുന്നു.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഐ ഒ സി എല്‍, എച്ച് പി സി എല്‍, ബി പി സി എല്‍ തുടങ്ങിയ പൊതുമേഖലാ എണ്ണവിതരണ കമ്പനികളും റോസ്‌നെഫ്റ്റ് പിന്തുണയുള്ള നയാര എനര്‍ജി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ സ്വകാര്യ കമ്പനികളും ചില്ലറ വില്‍പ്പനയില്‍ നഷ്ടം നേരിട്ടുതുടങ്ങി.

Also Read: പെട്രോൾ കിട്ടാതെ മടങ്ങിയോ? കാരണമിതാണ്

നഷ്ടം വര്‍ധിച്ചതോടെ, എണ്ണവിതരണ കമ്പനികള്‍ പെട്രോള്‍ പമ്പുകള്‍ക്കുള്ള വിതരണം കുറയ്ക്കാന്‍ ശ്രമിച്ചു. ഇതു കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പമ്പുകളില്‍ ഇന്ധനക്ഷാമത്തിനു കാരണമായി. കേരളത്തില്‍ എച്ച് പി സി എല്‍ പമ്പുകളിലായിരുന്നു കൂടുതല്‍ പ്രതിസന്ധി. രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും 15 നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സ്വര്‍ണ ഇറക്കുമതി തീരുവയിലെ മാറ്റങ്ങള്‍ എന്തിന്?

സ്വര്‍ണ ഇറക്കുമതി പൊടുന്നനെ വര്‍ധിച്ചിരുന്നു. മേയില്‍ 107 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ജൂണിലും ഇറക്കുമതി ഗണ്യമായതായി ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. സ്വര്‍ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടം കറന്റ് അക്കൗണ്ട് കമ്മിയെ സമ്മര്‍ദത്തിലാക്കുന്നു. ഈ സാഹചര്യത്തിലാണു സ്വര്‍ണ ഇറക്കുമതി തടയാന്‍ കസ്റ്റംസ് തീരുവ 10.75 ശതമാനത്തില്‍നിന്ന് 15 ആയി ഉയര്‍ത്തിയത്.

നേരത്തെ സ്വര്‍ണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 7.5 ശതമാനമായിരുന്നെങ്കില്‍ ഇനിയതു 12.5 ശതമാനമാകും. 2.5 ശതമാനം കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് കൂടിയാവുന്നതോടെ സ്വര്‍ണത്തിന്മേലുള്ള കസ്റ്റംസ് തീരുവ 15 ശതമാനമായി ഉയരും.

Also Read:സ്ത്രീകളേക്കാൾ ചൊറിച്ചില്‍ പുരുഷന്മാർക്ക്; എന്തുകൊണ്ട്?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why has the govt imposed a special cess on exports of automobile fuels