2021-ല്‍ 1.6 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ ജോലിക്കും മികച്ച അവസരങ്ങള്‍ക്കുമായി ജന്മദേശം ഉപേക്ഷിക്കുന്നു. എന്നാല്‍ കാരണങ്ങള്‍ ഓരോ രാജ്യങ്ങള്‍ക്കും വിവിധ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമാണ്.
2021-ല്‍ 1.6 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി ചൊവ്വാഴ്ച ലോക്സഭയില്‍ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിനു മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തവരുടെ കാര്യത്തില്‍, കോവിഡ് പൊട്ടിപ്പുറപ്പെട്ട 2020ലെ 85,256 പേര്‍ എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വര്‍ധനവാണു കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നത്്. അതേസമയം, 2019-ല്‍ 1.44 ലക്ഷം പേര്‍ എന്ന കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനവ് നാമമാത്രമാണ്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2021-ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറിയത് അമേരിക്ക (78,284), ഓസ്ട്രേലിയ (23,533), കാനഡ (21,597) യുകെ (14,637) എന്നീ രാജ്യങ്ങളിലേക്കാണ്. ഇറ്റലി (5,986), ന്യൂസിലന്‍ഡ് (2,643), സിംഗപ്പൂര്‍ (2,516), ജര്‍മനി (2,381), നെതര്‍ലന്‍ഡ്സ് (2,187), സ്വീഡന്‍ (1,841), സ്പെയിന്‍ (1,595) എന്നിവയാണു പിന്നീടുള്ള സ്ഥാനങ്ങളില്‍.

ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. അതിനാല്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നതു ഇന്ത്യന്‍ പൗരത്വം സ്വയമേവ റദ്ദാക്കുന്നതിനു കാരണമാകുന്നു.
എന്തുകൊണ്ടാണ് ആളുകള്‍ പൗരത്വം ഉപേക്ഷിക്കുന്നത്?
പൗരത്വം ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ ഓരോ രാജ്യത്തിനും സാമൂഹിക-സാമ്പത്തിക, വംശീയ വിഭാഗങ്ങള്‍ക്കനുസരിച്ചും വ്യത്യാസപ്പെടുന്നു. ആളുകള്‍ മെച്ചപ്പെട്ട ജോലികള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കുമായി സ്വന്തം രാജ്യം വിട്ടുപോകുന്നതാണു പൊതുവെ ലോകമെമ്പാടുമുള്ള പ്രവണത. ചിലര്‍ കാലാവസ്ഥാ വ്യതിയാനം മൂലമോ പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമോ മറ്റൊരു രാജ്യത്തേക്കു പോകുന്നു.
പുതിയ തലമുറ മറ്റു രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കുന്നതിനാലും പ്രായമായ ചില ഇന്ത്യക്കാര്‍ വിദേശത്ത് സ്ഥിരതാമസമാക്കിയ കുടുംബത്തോടൊപ്പം പോകാന്‍ തയാറാകുന്നതിനാലും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്്. എന്നാല്‍ രത്‌നവ്യാപാരിയായ മെഹുല്‍ ചോക്സിയെപ്പോലുള്ള ചിലര്‍ രാജ്യം വിടുന്നതു നിയമത്തില്‍നിന്നു രക്ഷപ്പെടാനോ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ പേരില്‍ നിയമനടപടി ഭയന്നോ ആയിരിക്കും.
ജനനം വഴി നേടിയ പൗരത്വം ഉപേക്ഷിക്കുന്ന ലോകമെമ്പാടുമുള്ള ഉന്നത ആസ്തിയുള്ള വ്യക്തികള്‍ കുറ്റകൃത്യ നിരക്ക് വര്‍ധിക്കുന്നതിനാലോ സ്വന്തം രാജ്യത്ത് ബിസിനസ് അവസരങ്ങളുടെ അഭാവത്താലോ അങ്ങനെ ചെയ്‌തേക്കാമെന്നാണു 2020-ലെ ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ റിപ്പോര്‍ട്ട് കാണിക്കുന്നത്. ”ഇത് വരാനിരിക്കുന്ന മോശമായ കാര്യങ്ങളുടെ അടയാളമായിരിക്കാം. കാരണം അവര്‍ പലപ്പോഴും ആദ്യം പുറത്തുപോകുന്ന ആളുകളാണ്. മധ്യവര്‍ഗ പൗരന്മാരില്‍നിന്ന് വ്യത്യസ്തമായി അവര്‍ക്കു രാജ്യം വിടാനുള്ള മാര്‍ഗമുണ്ട്്,” റിപ്പോര്‍ട്ട് പറയുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, കാലാവസ്ഥയും മലിനീകരണവും പോലുള്ള ജീവിതശൈലി ഘടകങ്ങള്‍, നികുതി ഉള്‍പ്പെടെയുള്ള സാമ്പത്തിക ആശങ്കകള്‍, കുടുംബങ്ങള്‍ക്കു മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ അവസരം, അടിച്ചമര്‍ത്തുന്ന സര്‍ക്കാരുകളില്‍നിന്നുള്ള രക്ഷപ്പെടല്‍ എന്നിവയാണു മറ്റു രാജ്യങ്ങളിലേക്കു കുടിയേറാനും ഒടുവില്‍ പൗരത്വം നേടാനും ആളുകള്‍ തീരുമാനിക്കുന്നതിന്റെ മറ്റു കാരണങ്ങളായി ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ പറയുന്നത്.
ഇന്ത്യയുടെ ആഗോള കുടിയേറ്റങ്ങളെ സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവുമുള്ള വീക്ഷണകോണില്‍നിന്ന് വിശകലനം ചെയ്യേണ്ടതുണ്ടെന്ന് ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ഡയസ്പോറ സ്റ്റഡീസ് സെന്റര്‍ പ്രൊഫസര്‍ ഡോ. അതാനു മൊഹപത്ര ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
”സ്വാതന്ത്ര്യാനന്തരമുള്ള കുടിയേറ്റ സമൂഹം ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനുമായി ഇന്ത്യയ്ക്കു പുറത്തുപോകുന്നു. ജോലിക്കു പോകുന്നവര്‍ അവിദഗ്ധരോ അര്‍ദ്ധ നൈപുണ്യമുള്ളവരോ വിദഗ്ധ തൊഴിലാളികളോ ആകാം,”അദ്ദേഹം പറഞ്ഞു.
നേരെമറിച്ച്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള കുടിയേറ്റ സമൂഹം തികച്ചും വ്യത്യസ്തമായിരുന്നു അവിടെ നാം നിര്‍ബന്ധിതവും കരാര്‍ അടിസ്ഥാനത്തിലുള്ളതുമായ ജോലിക്കു സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള കൂലിത്തൊഴിലാളികളുടെ കാര്യത്തില്‍, പ്രത്യേകിച്ച് 19-ആം നൂറ്റാണ്ടില്‍, ധാരാളം പേര്‍ ബന്ധിത തൊഴിലേക്കും അടിമത്തത്തിലേക്കും നിര്‍ബന്ധിതരാകുകയും കബളിപ്പിക്കപ്പെടുകയും ചെയ്തു. മൗറീഷ്യസ്, ലാ റീയൂണിയന്‍, സ്‌ട്രെയിറ്റ് സെറ്റില്‍മെന്റ്, ഫിജി, നടാല്‍, ദക്ഷിണാഫ്രിക്ക, ബ്രിട്ടീഷ് ഗയാന, ട്രിനിഡാഡ്, സുരിനാം, ഗ്വാഡലൂപ്പ്, മാര്‍ട്ടിനിക്ക്, ഫ്രഞ്ച് ഗയാന, ജമൈക്ക, ബെലീസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ്, ഗ്രെനഡ തുടങ്ങിയ സ്ഥലങ്ങളിലേക്കു കൊളോണിയല്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ തൊഴിലാളികളെ അയച്ചു.
ഇന്ത്യ വിടുന്ന ആളുകള്‍ ചില പ്രത്യേക രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?
ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ ആഗോള കണക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും അതിന്റെ ചില ഘടകങ്ങള്‍ ഇന്ത്യക്കാര്‍ക്കു പ്രത്യേകമായി ബാധകമായേക്കാം. പൊതുവേ, ഇന്ത്യക്കാര്‍ വളരെക്കാലമായി കുടിയേറുന്ന അല്ലെങ്കില്‍ കുടുംബമോ സുഹൃത്തുക്കളോ ഉള്ള രാജ്യങ്ങള്‍ സ്വഭാവികമായ തിരഞ്ഞെടുപ്പുകളായിരിക്കും. എളുപ്പമുള്ള കടലാസ് ജോലികളും കൂടുതല്‍ സ്വാഗതാര്‍ഹമായ സാമൂഹികവും വംശീയവുമായ അന്തരീക്ഷം പോലുള്ള പരിഗണനകളും ഇതിനു കാരണമാവാം.
വലിയതോതിലുള്ള കുടിയേറ്റത്തിനു സാക്ഷ്യം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഓസ്ട്രേലിയയുടെ ആഗോള ജനപ്രീതി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എന്‍ജിനീയര്‍മാര്‍, അക്കൗണ്ടന്റുമാര്‍ തുടങ്ങിയ ധനികരും ഉയര്‍ന്ന വരുമാനമുള്ളവരുമായ പ്രൊഫഷണലുകള്‍ക്ക് അനുകൂലമായ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സംവിധാനം ഓസ്ട്രേലിയയെ ജനപ്രിയ ലക്ഷ്യസ്ഥാനമാക്കി മാറ്റിയ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.
യുഎസില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന ആസ്തിയുള്ള മുതിര്‍ന്ന വ്യക്തികള്‍ക്ക് ആരോഗ്യസംരക്ഷണ സംവിധാനം സങ്കീര്‍ണമോ ചെലവേറിയതോ അല്ലാത്തതിനാലും ഇംഗ്ലീഷ് സംസാര ഭാഷയായതിനാലും ഓസ്ട്രേലിയ ഒരു പ്രധാന തിരഞ്ഞെടുപ്പായിരിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഏഷ്യയിലെ ഉയര്‍ന്നുവരുന്ന ‘ടോപ്പ് വെല്‍ത്ത് മാനേജ്മെന്റ് സെന്റര്‍’ ആയി സിംഗപ്പൂരിനെ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ഇത് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു.