ന്യൂഡല്‍ഹി: രണ്ട് സെറ്റ് പിന്നില്‍ നിന്ന ശേഷം, അതിശയകരമായ തിരിച്ചു വരവിലൂടെയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് തന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. രണ്ട് തവണയെങ്കിലും നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടിയ ഏക പുരുഷതാരവും ജോക്കോ തന്നെ. ജോക്കോവിച്ചാണോ എക്കാലത്തെയും മികച്ച താരമെന്ന ചോദ്യത്തിന് ഉത്തരം അതെ എന്നാണ്. കോര്‍ട്ടിലെ കണക്കുകളും ഇതിനെ അനുകൂലിക്കുന്നു.
ഇതിഹാസങ്ങള്‍ക്ക് മുകളിലെ ആധിപത്യം
ടെന്നീസിലെ ഇതിഹാസങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനും മുകളില്‍ ജോക്കോവിച്ചിന് ആധിപത്യം സ്ഥാപിക്കാനായി. ഫെഡററിനെതിരെ 50 മത്സരങ്ങളില്‍ 27 ജയം, നദാലിനെതിരെ 58 മത്സരങ്ങളില്‍ 30 വിജയവും സെര്‍ബിയന്‍ താരത്തിനുണ്ട്. നാല് ഗ്ലാന്‍ഡ് സ്ലാമുകളിലും ഇരുവരേയും തോല്പ്പിച്ചിട്ടുള്ള ഏക കളിക്കാരന്. ഏറ്റവും അധികം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും ജോക്കോവിച്ചിനാണ്. പക്ഷെ നദാലിന്റേയും, ഫെഡററിന്റേയും കുത്തകകളില്‍ വിള്ളല്‍ വീഴിക്കാന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് ആയിട്ടില്ല.
കളിമണ്‍ കോര്‍ട്ടിലും മികവ്
റോളണ്ട് ഗാരോസിലെ രാജകുമാരന് റാഫേല്‍ നദാലാണെന്നതില് തര്‍ക്കമില്ല. കളിമണ്‍ കോര്‍ട്ടില്‍ നേര്‍ക്കുനേര്‍ 27 തവണ ഏറ്റുമുട്ടി. ഏട്ട് പ്രാവശ്യം മാത്രമാണ് ജോക്കോവിച്ചിനൊപ്പം ജയം നിന്നത്. എന്നാല്‍ ഫ്രഞ്ച് ഓപ്പണില്‍ നദാലിനെതിരെ ഏറ്റവും അധികം വിജയങ്ങള്‍ നേടിയിട്ടുള്ളത് മറ്റാരുമല്ല, ജോക്കൊ തന്നെയാണ്.
ഇന്നലെ നേടിയ ഫ്രഞ്ച് ഓപ്പണ്‍ ഉള്‍പ്പടെ 84 കിരീടങ്ങള്‍ കളിമണ്‍ കോര്‍ട്ടില്‍ സെര്‍ബിയന്‍ താരം നേടിയിട്ടുണ്ട്. കളിമണ്‍ കോര്‍ട്ടില്‍ ഏറ്റവും അധിരം കീരിടം നേടിയവരുടെ പട്ടികയില്‍ പത്താമതാണ് ജോക്കോവിച്ച്. പ്രഗത്ഭരായ കാര്‍ലോസ് മോയ, ആന്‍ഡ്രേസ് ഗോമസ് എന്നിവരേക്കാള്‍ മുകളില്‍. പത്ത് മാസ്റ്റേഴ്സ് കിരീടങ്ങള്‍ ജോക്കോവിച്ച് കോര്‍ട്ടില്‍ നേടി. 26 എണ്ണവുമായി നദാലാണ് മുന്നില്‍.
ഗ്രാസ് കോര്‍ട്ടിലെ നേട്ടങ്ങള്‍
ഗ്രാസ് കോര്‍ട്ടുകളില്‍ ജോക്കോവിച്ചിന് അത്ര മികവ് പുലര്‍ത്താന്‍ തുടക്കത്തിലായിരുന്നില്ല. വളരെ അധികം ബുദ്ധിമുട്ട് നേരിട്ടിരുന്നതായും താരം തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഗ്രാസ് കോര്‍ട്ടിലെ ഏറ്റവും മികവ് പുലര്‍ത്തുന്ന താരമാണ് ഫെഡറര്‍. അദ്ദേഹത്തിന്റെ വിജയശതമാനം 87 ആണ്.
ഫെഡററെ ഗ്രാസ് കോര്‍ട്ടില്‍ നാല് തവണ നേരിട്ടപ്പോള്‍ മൂന്നിലും ജോക്കോവിച്ച് വിജയം കൊയ്തു. മൂന്നും വിംബിള്‍ഡണ്‍ ഫൈനലായിരുന്നു എന്നത് ഇരട്ടി മധുരം നല്കുന്ന ഒന്ന് തന്നെ. ഹാര്‍ഡ് കോര്‍ട്ടിലും ഫെഡററിനേക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് ഉള്ളതെങ്കില്‍ നദാലിന് മുകളില്‍ വ്യക്തമായ അധിപത്യമുണ്ട്.
പൊരുതി നേടിയ വിജയങ്ങള്‍
അഞ്ച് സെറ്റുകള്‍ നീണ്ട് നില്ക്കുന്ന മത്സരങ്ങളില്‍ ജോക്കോവിച്ചിന്റെ മികവ് അസാധ്യമാണ്. 35 തവണ വീജയം നേടി. 10 തവണ തോല്‍വിയും. വിജയശതമാനം 77 ആണ് സെര്‍ബിയന്‍ താരത്തിന്റെ. ഫെഡററിന് 63 ഉം, നദാലിന് 58 ഉം ശതമാനം മാത്രമാണുള്ളത്.
റാങ്കിങ്ങിലെ ആദ്യ പത്ത് പേരെ നേരിടുന്നതിലെ ജോക്കോ തന്നെ കേമന്‍ 222-100 എന്നിങ്ങനെയാണ് ജയ തോല്‍വി നിരക്ക്. വിജയ ശതമാനം 69. കൂടുതല്‍ വിജയവും തോല്‍വിയും മൂവരില്‍ ഫെഡറര്‍ക്ക് തന്നെ 223-123, നദാലാകട്ടെ 178-99 എന്ന നിരക്കിലാണ്.
ആദ്യ അഞ്ചിലുള്ളവരെ നേരിടുന്നതിലെ വിജയ ശതമാനം കുറച്ച് കടുപ്പമാണ്. ജോക്കോവിച്ച്- 60, നദാല്‍- 59, ഫെഡറര്‍- 58 എന്നിങ്ങനെയാണ് കണക്കുകള്‍.
ശെരിക്കും ‘മാസ്റ്റര്‍’
എടിപിയുടെ മാസ്റ്റേഴ്സ് 1000 സീരിസിലും ജോക്കോവിച്ച് തന്നെയാണ് മുന്നില്‍. ഗ്രാന്‍ഡ് സ്ലാമുകള്‍ക്ക് ശേഷമുള്ള ഏറ്റവും പ്രാധാന്യമേറിയ ടൂര്‍ണമെന്റാണിത്. മുന്‍നിര താരങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുക. ഒന്‍പത് മാസ്റ്റേഴ്സ് സിംഗിള്‍സും നേടിയിട്ടുണ്ട് ജോക്കോവിച്ച്. ഒരു സീസണില്‍ ഏറ്റവും അധികം മാസ്റ്റേഴ്സ് കിരീടമെന്ന റെക്കോഡും സെര്‍ബിയന്‍ താരത്തിന്റേതാണ് – ആറ് എണ്ണം.