അടുത്തിടെ ഡെൻമാർക്ക്, അയർലൻഡ്, തായ്‌ലൻഡ് എന്നിവയുൾപ്പെടെയുള്ള ഏതാനും രാജ്യങ്ങൾ ആസ്ട്രാസെനെക്കയുടെ കൊറോണ വൈറസ് വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ച ചില ആളുകളിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടായെന്നുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. എന്നാൽ രക്തം കട്ടപിടിക്കാൻ കാരണമായത് വാക്സിൻ ഷോട്ടുകളാണെന്നതിന് തെളിവുകളൊന്നുമില്ല.
യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും ലോകാരോഗ്യ സംഘടനയും പറയുന്നത് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാവില്ലെന്നാണ്. അതിനാൽ ആളുകൾക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് തുടരാമെന്നും ഈ ഏജൻസികൾ നിർദ്ദേശിക്കുന്നു.
എന്താണ് സംഭവിച്ചത്?
കഴിഞ്ഞയാഴ്ച അസ്ട്രാസെനെക കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നത് നിർത്തിയ ആദ്യത്തെ രാജ്യമാണ് ഡെൻമാർക്ക്. ചില ആളുകളിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ടുകൾ വന്നതിന് പിറകെയായിരുന്നു ഇത്. ഇതിൽ ഒരാൾക്ക് കുത്തിവയ്പ് നടത്തി 10 ദിവസത്തിന് പലതവണയായി രക്തം കട്ടപിടിക്കുകയും പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു.
വാക്സിനേഷൻ ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കെങ്കിലും നിർത്തിവയ്ക്കുമെന്ന് ഡാനിഷ് ആരോഗ്യ അധികൃതർ അറിയിച്ചു. “വാക്‌സിനും രക്തം കട്ട പിടിക്കുന്നതും തമ്മിൽ ബന്ധമുണ്ടോ എന്ന് ഇപ്പോൾ തീരുമാനിക്കാൻ കഴിയില്ല,” അവർ പറഞ്ഞു.
നോർവേ, ഐസ്‌ലാന്റ്, ബൾഗേറിയ, തായ്‌ലൻഡ്, കോംഗോ എന്നീ രാജ്യങ്ങളും ആസ്ട്രസെനക വാക്സിനിന്റെ വിതരണം നിർത്തിവച്ചു. വാക്സിൻ സ്വീകരിച്ച 50 വയസ്സിന് താഴെയുള്ള നാല് പേർക്ക് രക്തത്തിൽ അസാധാരണമായി കുറഞ്ഞ അളവിലാണ് പ്ലേറ്റ്‌ലെറ്റുകളെന്ന് കണ്ടെത്തിയതായി ശനിയാഴ്ച നോർവീജിയൻ അധികൃതർ റിപ്പോർട്ട് ചെയ്തു. പ്ലേറ്റ്ലറ്റുകളുടെ കുറവ് കടുത്ത രക്തസ്രാവത്തിലേക്ക് നയിച്ചേക്കാം.
Read More: എന്താണ് വാക്സിൻ പാസ്പോർട്ട്? സമീപ ഭാവിയിൽ അവ അനിവാര്യമായി വരുമോ?
ഞായറാഴ്ച, അയർലൻഡും നെതർലാന്റും തങ്ങൾ അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു. ആസ്ട്രാസെനെക്ക വാക്സിൻ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് കർശനമായി മുൻകരുതലെന്ന നിലയിൽ സ്വീകരിച്ച നടപടിയാണെന്ന് ഡച്ച് അധികൃതർ പറഞ്ഞു. “നാം എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കണം, അതിനാലാണ് മുൻകരുതൽ എന്ന നിലയിൽ താൽക്കാലികമായി നിർത്തിവച്ചത്. അത് വിവേകപൂർണ്ണമാണ്,” ഡച്ച് ആരോഗ്യമന്ത്രി ഹ്യൂഗോ ഡി ജോംഗ് പറഞ്ഞു.
വാക്‌സിൻ താൽക്കാലികമായി നിർത്തിവച്ച സംഭവത്തിൽ പ്രതികരണമറിയിച്ച അസ്ട്രാസെനെക യൂറോപ്പിലുടനീളം ഡോസുകൾ ലഭിച്ച 17 ദശലക്ഷം ആളുകളുടെ വിവരങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്തതായി പറഞ്ഞു. ഏതെങ്കിലും രാജ്യത്തുള്ളവർക്കോ, ലിംഗഭേദമോ പ്രായഭേദമോ അനുസരിച്ചോ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കൂടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വാക്സിൻ കാരണമാണ് പ്രശ്നം എന്നതിന് എന്തെങ്കിലും തെളിവുണ്ടോ?
വാക്സിൻ കാരണമാണ് പ്രശ്നം എന്നതിന് തെളിവ് ഇല്ല. യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) പറയുന്നത് “വാക്സിനേഷൻ ഈ അവസ്ഥകൾക്ക് കാരണമായി എന്നതിന് ഒരു സൂചനയും ഇല്ല” എന്നാണ്. അസ്ട്രാസെനെക്ക വാക്സിൻ ലഭിച്ച ആളുകളിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ട് ചെയ്തവരുടെ എണ്ണം ഈ അവസ്ഥ കണ്ടെത്തിയ വാക്സിൻ ലഭിക്കാത്ത ആളുകളേക്കൾ കൂടുതലല്ലെന്ന്ഏജൻസി പറഞ്ഞു.
Read More: കോവാക്‌സിന് 81 ശതമാനം ഫലപ്രാപ്‌തി; രാജ്യത്തെ വാക്‌സിൻ വിതരണം സംബന്ധിച്ച് ഇത് അർത്ഥമാക്കുന്നതെന്ത്?
ബ്രിട്ടനിൽ, 11 ദശലക്ഷം ഡോസ് അഥവാ “മറ്റേതൊരു രാജ്യത്തേക്കാളും” കൂടുതൽ അസ്ട്രാസെനെക്ക വാക്സിൻ നൽകിയിട്ടുണ്ട്. അവിടെ വാക്സിൻ ലഭിച്ച 11 പേർക്കാണ് രക്തം കട്ടപിടിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്. അവ ഒന്നും വാക്സിൻ കാരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
എന്തുകൊണ്ടാണ് ചില രാജ്യങ്ങൾ വാക്സിനേഷൻ നിർത്തിയത്?
ഏത് സമയത്തും വാക്സിനുകൾ വ്യാപകമായി വികസിപ്പിച്ചെടുക്കുമ്പോൾ, ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്കാണ് വാക്സിൻ ഷോട്ടുകൾ ലഭിക്കുന്നകത്, മാത്രമല്ല പ്രശ്‌നങ്ങൾ വളരെ വലിയ ഒരു ഗ്രൂപ്പിൽ ക്രമരഹിതമായി സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവയിൽ ബഹുഭൂരിപക്ഷവും വാക്സിനുമായി ബന്ധിപ്പെട്ടതാവില്ല. പക്ഷേ കോവിഡ്-19 വാക്സിനുകൾ ഇപ്പോഴും പരീക്ഷണാത്മകമായതിനാൽ, ഷോട്ടിന് മുൻകൂട്ടി പ്രതീക്ഷിക്കാത്ത ചില പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും ശാസ്ത്രജ്ഞർ അന്വേഷിക്കണം.
വാക്സിനുകൾ കഴിഞ്ഞ വർഷത്തിൽ മാത്രം വികസിപ്പിച്ചതിവയായതിനാൽ അവയെ പരീക്ഷണാത്മകമായ വാക്സിനുകളായി കണക്കാക്കുന്നു. പുതിയ വാക്സിനുകളായതിനാൽ അവയെക്കുറിച്ചുള്ള ദീർഘകാല വിവരങ്ങൾ ലഭ്യമല്ല.
“ആളുകൾ ഓരോ ദിവസവും മരിക്കുന്നു, ആഗോളതലത്തിൽ 300 ദശലക്ഷത്തിലധികം ആളുകൾ രോഗപ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്, അവർ മറ്റ് കാരണങ്ങളാൽ മരിക്കും,” ലോകാരോഗ്യ സംഘടനയിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. മരിയാംഗെല സിമാവോ പറഞ്ഞു.
മറ്റ് കോവിഡ് -19 വാക്‌സിനുകളുമായി ബന്ധപ്പെട്ടും ആശങ്കയുണ്ടോ?
ഫൈസർ-ബയോൻടെക്, മോഡേണ ഇൻകോർട്ട്, അസ്ട്രാസെനെക എന്നിവ നിർമ്മിച്ച കോവിഡ്-19 വാക്സിൻ ഷോട്ടുകൾ ചില രോഗികളിൽ രക്ത പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയാൻ കാരണമാകുമോ എന്ന് ഇഎംഎ ഇപ്പോൾ പരിശോധിക്കുന്നുണ്ട്.
മറ്റു രാജ്യങ്ങളിൽ പ്രശ്നം കണ്ടെത്തിയോ?
50 ലധികം രാജ്യങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ആസ്ട്രസെനക വാക്സിൻ നൽകുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ബ്രിട്ടൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നടത്തിയ ഗവേഷണങ്ങളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാൽ വാക്സിൻ ഡാറ്റ എങ്ങനെയാണ് പുറത്തുവിട്ടത് എന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള ചില യൂറോപ്യൻ നേതാക്കൾ വാക്സിനുകളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്തിട്ടുമുണ്ട്.
ഷോട്ടുകൾ 70 ശതമാനം ഫലപ്രദമാണെന്ന് നിർദ്ദേശിച്ച ഭാഗിക ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടൻ ആദ്യം വാക്സിൻ അംഗീകരിച്ചത്. നിർമ്മാണത്തിലെ തെറ്റ് കാരണം ആ ഫലങ്ങളിൽ പിഴവ് വന്നിരുന്നു. പരീക്ഷണത്തിൽ പങ്കെടുത്ത ചിലർക്ക് അവരുടെ ആദ്യ ഷോട്ടിൽ പകുതി ഡോസ് ലഭിക്കാൻ അത് കാരണമായിരുന്നു. ഈ പിഴവ് ഗവേഷകർ പെട്ടെന്ന് അംഗീകരിച്ചിരിന്നുമില്ല.
വാക്സിൻ ലൈസൻസിനായി ശുപാർശ ചെയ്യുമ്പോൾ, വാക്സിനുകളുടെ ഫലപ്രാപ്തി ഏകദേശം 60 ശതമാനമാണെന്നാണ് എഎംഎ കണക്കാക്കിയത്.
വാക്സിൻ പ്രായമായവരെ സംരക്ഷിക്കുന്നുണ്ടോയെന്ന ഡാറ്റയും അപൂർണ്ണമാണ്. അത് ചില യൂറോപ്യൻ രാജ്യങ്ങൾ പ്രായമായവർക്ക് വാക്സിൻ നൽകുന്നത് തുടക്കത്തിൽ തന്നെ തടഞ്ഞിരുന്നു.
യുഎസിൽ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 30,000 അമേരിക്കക്കാരിൽ ആറ് ആഴ്ചത്തേക്ക് ഒരു പഠനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചില പാർശ്വഫലങ്ങളെക്കുറിച്ച് വിവരങ്ങൾ തേടിയതിനോട് അനുബന്ധിച്ചായിരുന്നു അത്.
“ആസ്ട്രാസെനെക്ക വാക്സിനെക്കുറിച്ച് ഞങ്ങൾ കണ്ട എല്ലാ ഡാറ്റയും ഇത് വളരെ സുരക്ഷിതമാണെന്നും കോവിഡ് ബാധിച്ച് മരിക്കുന്നതിൽ നിന്ന് ആളുകളെ രക്ഷിക്കുന്നുവെന്നും സൂചിപ്പിക്കുന്നു,” ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ വൈദ്യശാസ്ത്ര പ്രൊഫസർ ഡോ പോൾ ഹണ്ടർ പറഞ്ഞു.
വിദഗ്ധർ എന്താണ് പറയുന്നത്?
ലോകാരോഗ്യസംഘടനയും ഇഎംഎയും – അതുപോലെ തന്നെ നിരവധി രാജ്യങ്ങളിലെ റെഗുലേറ്റർമാരും പറയുന്നത് ആളുകൾക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് തുടരണമെന്നാണ്.