യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് വില കുതിച്ചുയർന്നതിനെത്തുടർന്ന് എണ്ണ വിപണന കമ്പനികൾ പാചകവാതകത്തിന്റെ (എൽപിജി) വില 14.2 കിലോഗ്രാം സിലിണ്ടറിന് 50 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. 70 ശതമാനത്തിലധികം വീടുകളിലും പ്രാഥമിക പാചക ഇന്ധനമായി എൽപിജിയാണ് ഉപയോഗിക്കുന്നത്. 85 ശതമാനം ആളുകള്‍ക്കും എൽപിജി കണക്ഷനുള്ളതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള എണ്ണ വിലയുമായുള്ള ബന്ധം
2020 നവംബര്‍ മുതലാണ് പാചകവാതക വില ഉയര്‍ന്നു തുടങ്ങിയത്. 14.2 കിലോ ഗ്രാം സിലിണ്ടറിന് ഡല്‍ഹിയില്‍ 949 രൂപയാണ് ഇപ്പോഴത്തെ വില. ഏകദേശം 60 ശതമാനം വര്‍ധനയാണ് നേരത്തെ വിലയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയുള്ള തിരിച്ചുവരവ് ലക്ഷ്യമാക്കിയുള്ള നടപടികളും എണ്ണ കയറ്റുമതിക്കാരുടെ ഉൽപ്പാദനം മന്ദഗതിയിലുള്ള പുനഃസ്ഥാപിക്കലും റഷ്യ-യുക്രൈന്‍ യുദ്ധവുമൊക്കെയാണ് ക്രൂഡ് വില ഉയരാനുള്ള കാരണങ്ങള്‍.
പെട്രോളിയം ഗ്യാസിന്റെ അന്താരാഷ്ട്ര വിലയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പാചകവാതക വില മാനദണ്ഡമാക്കിയിരിക്കുന്നു. മാര്‍ച്ചില്‍ സൗദി അറേബ്യയുടെ എണ്ണക്കമ്പനിയായ സൗദി അരാംകോ പാചകവാതകത്തിന്റെ വില മെട്രിക് ടണ്ണിന് (എംടി) 769.1 ഡോളറായി (58,645 രൂപ) നിശ്ചയിച്ചു. ജനുവരിയില്‍ ഇത് 726.4 ഡോളറായിരുന്നു (55,389 രൂപ). 5.9 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2020 നവംബറില്‍ ഇത് 376.3 ഡോളര്‍ മാത്രമായിരുന്നു (28,693 രൂപ). ഇന്ത്യയുടെ ക്രൂഡ് ഓയിൽ ബാസ്‌ക്കറ്റിന്റെ വില 2020 നവംബറിൽ ബാരലിന് 41 ഡോളറായിരുന്നു (3,126 രൂപ). മാര്‍ച്ചില്‍ ഇത് 115.4 ഡോളറായി (8,799 രൂപ) ഉയര്‍ന്നു.
2020 മേയിൽ ഭൂരിഭാഗം ഉപഭോക്താക്കൾക്കും നല്‍കിയിരുന്ന പാചകവാതക സബ്‌സിഡി സർക്കാർ നിർത്തിവച്ചിരുന്നു. ഇതോടെ ഉപഭോക്താക്കള്‍ കൂടുകല്‍ വില നല്‍കേണ്ട സാഹചര്യമുണ്ടായി. ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയിലൂടെ മാത്രമാണ് സർക്കാർ ഇപ്പോൾ സബ്‌സിഡി നൽകുന്നത്.
പിഎന്‍ജിയ്ക്കും സിഎന്‍ജിയ്ക്കും പൊള്ളുന്ന വില
അന്താരാഷ്‌ട്ര തലത്തില്‍ വാതക വില ഉയര്‍ന്നത് കമ്പനികള്‍ പൈപ്പ്ലൈന്‍ വഴി വിതരണം ചെയ്യുന്ന പ്രകൃതി വാതകത്തിന്റെയും (പിഎൻജി), കംപ്രസ്ഡ് പ്രകൃതി വാതകത്തിന്റെയും (സിഎൻജി) വിലയെ ബാധിച്ചു. കാരണം കമ്പനികള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് പുറമെ പ്രകൃതി വാതകവും ഇറക്കുമതി ചെയ്തു.
ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ഡൽഹിയിൽ സിഎൻജിയുടെ വില കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ച് 59 രൂപയാക്കി. പിഎൻജിയുടെ വില എസ്‌സിഎമ്മിന് (സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ) ഒരു രൂപ കൂട്ടി 36.61 രൂപയാക്കിയും ഈ ആഴ്ച വര്‍ധിപ്പിച്ചു. പിഎന്‍ജിയുടേയും സിഎന്‍ജിയുടേയും വില ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
വീടുകളിലെ പാചകവാതകം
ഇന്ത്യയില്‍ എല്‍പിജിയാണ് വീടുകളില്‍ പാചകവാതകമായി കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. ഏകദേശം 70 ശതമാനത്തോളമാണിത്. 85 ശതമാനം പേര്‍ക്കും കണക്ഷനുമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും 54 ശതമാനം കുടുംബങ്ങളിലും എല്‍പിജിക്കൊപ്പം വിറക്, ഉണക്കിയ ചാണകം, കരി, മണ്ണെണ്ണ എന്നിവയും ഉപയോഗിക്കുന്നു. ഇത് വീടിനുള്ളിലെ വായുമലിനീകരണത്തിന് കാരണമാകുന്നു.