സ്വവർഗ ദമ്പതികൾ കുട്ടികളെ ദത്തെടുക്കുന്നതിനെ എതിർത്ത് ദേശീയ ബാലാവകാശ കമ്മിഷൻ (എൻ സി പി സി ആർ). സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരത്തിനുള്ള ഹർജികളിൽ വാദം കേൾക്കുന്നത് ആരംഭിക്കുന്നതിനും ദിവസങ്ങൾക്ക് മുൻപേ, കമ്മിഷൻ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സുപ്രീം കോടതി പരിഗണിക്കുന്ന വിവാഹ തുല്യതാ ഹർജികളിൽ ഇടപെട്ടുകൊണ്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) എതിർപ്പ് ഉന്നയിക്കുന്നത്. ബാലവകാശ കമ്മീഷൻ എതിർപ്പിന് കാരണമായി പറയുന്ന വാദങ്ങൾ ഇവയാണ് :
ബാലനീതി നിയമം (ജുവനൈൽ ജസ്റ്റിസ് ആക്ട്) 2015ന് എതിരാണിത്
ഹിന്ദു വിവാഹ നിയമം 1955, ബാലനീതി നിയമം (ജുവനൈൽ ജസ്റ്റിസ് -ജെ ജെ- ആക്ട്) 2015 എന്നിവയിൽ സ്വവർഗ ദമ്പതികൾ കുട്ടികളെ ദത്തെടുക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് എൻസിപിസിആർ പറയുന്നു.
ബാലനീതി നിയമപ്രകാരം ഒരു പുരുഷന് ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ സാധിക്കില്ല. അത് പരാമർശിച്ചുകൊണ്ട്, ബാലാവകാശ കമ്മിഷൻ “സ്വവർഗ ദമ്പതികൾക്ക് പെൺകുഞ്ഞിനെ ദത്തെടുക്കാൻ അനുവദിക്കുന്നത് നിയമ വിരുദ്ധമാകുമെന്ന്” അഭിപ്രായപ്പെട്ടതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
വിവാഹം കഴിക്കാനുള്ള അവകാശം ലഭിക്കുമ്പോൾ “മറ്റു ചില അവകാശങ്ങളും ആനുകൂല്യങ്ങളും പ്രത്യേക നിയമങ്ങളും അതിൽ ഉൾപ്പെടുത്തുന്നതായി,” സുപ്രീം കോടതിക്ക് മുൻപാകെയുള്ള ഹർജിയിൽ ബാലാവകാശ കമ്മിഷൻ പറയുന്നു.
വാടക ഗർഭധാരണം വഴിയോ, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി വഴിയോ ദത്തെടുക്കാനോ പ്രസവിക്കാനോ, വിവാഹിതരായ ദമ്പതികൾക്ക് മാത്രമാണ് സാധിക്കുന്നത്. കൂടാതെ അനന്തരാവകാശം, പരിപാലനം, നികുതി ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള സ്വയമേവയുള്ള അവകാശങ്ങളും ഇവർക്ക് മാത്രമാണ് നൽകിയിരിക്കുന്നതെന്നും, ഹർജിയിൽ പരാമർശിക്കുന്നു.
ദത്തെടുപ്പ് നിയമങ്ങൾ
ദത്തെടുക്കൽ ചട്ടങ്ങളിലെ 5(2) എ, 5(3) വകുപ്പുകൾ 2022, ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെടുന്ന ‘അമ്പൂരി റോയിയും യൂണിയൻ ഓഫ് ഇന്ത്യയും ‘ (ഇത് കോടതി പരിഗണിക്കുന്ന 20 ഹർജികളിൽ ഒന്നാണ്) എന്ന കേസിൽ അമ്പൂരി റോയിയുടെ ഹർജിയെ കമ്മീഷൻ എതിർക്കുന്നു.
സെക്ഷൻ 5(2)A പ്രകാരം, “വിവാഹിതരായ ദമ്പതികളുടെ കാര്യത്തിൽ രണ്ട് പങ്കാളികളുടെയും സമ്മതം ഉണ്ടെങ്കിൽ” മാത്രമേ ഒരു കുട്ടിയെ ദത്തെടുക്കാൻ കഴിയൂ, കൂടാതെ “പുരുഷന്, പെൺകുട്ടിയെ ദത്തെടുക്കാൻ കഴിയില്ല”
സെക്ഷൻ 5(3) ൽ ബന്ധുക്കൾ, സ്റ്റെപ്പ് പേരന്റ് (രണ്ടാനമ്മ, രണ്ടാനച്ഛൻ) എന്നിവരൊയൊഴികെയുള്ള കേസുകളിൽ, വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷമെങ്കിലും ആയാൽ മാത്രമേ ദത്തെടുക്കാൻ സാധിക്കുകുള്ളൂ.
“നിലവിലുള്ള നിയമം സംരക്ഷിക്കണം എന്നാണ് ഞങ്ങൾ അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച്, പുരുഷനോ രണ്ട് പുരുഷന്മാർക്കോ (ദമ്പതികൾ) പെൺകുഞ്ഞിനെ ദത്തെടുക്കാൻ കഴിയില്ല. കുട്ടികളുടെ അവകാശങ്ങൾ ഈ കേസിലേക്ക് വലിച്ചിഴക്കാൻ കഴിയാത്തതിനാൽ കേസിൽ കക്ഷിചേരാൻ തീരുമാനിച്ചത്, ”എന്ന് എൻസിപിസിആർ ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ ഇന്ത്യൻ എക്സപ്രസ്സിനോട് പറഞ്ഞു.
സ്വവർഗ കുടുംബത്തിൽ ജീവിക്കുന്നത്, കുട്ടികളുടെ സമ്മർദം വർധിപ്പിക്കുന്നു
ഭിന്നലിംഗ ദമ്പതികൾ വളർത്തുന്ന കുട്ടികൾ വൈകാരികമായി കൂടുതൽ സ്ഥിരതയുള്ളവരാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയതായി എൻസിപിസിആർ അവകാശപ്പെട്ടു. എന്നാൽ സ്വവർഗ ദമ്പതികളെ ദത്തെടുക്കാൻ അനുവദിക്കുന്നത് “കുട്ടികളെ അപകടപ്പെടുത്തുന്നതിന്” തുല്യമാണെന്ന് അവർ വാദിച്ചതായി, ലൈവ് ലോ റിപ്പോർട്ട് പറയുന്നു.
സ്വവർഗ കുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് മാനസികമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അത് അവരുടെ വളർച്ചയെയും വികാസത്തെയും ബാധിച്ചേക്കാമെന്നും കാണിക്കുന്ന “അന്താരാഷ്ട്ര പഠനങ്ങളും ലേഖനങ്ങളും” സമർപ്പിച്ചിട്ടുണ്ടെന്ന് കമ്മീഷൻ വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ”
അതേസമയം, ഇതേ വിഷയത്തിൽ ഡൽഹിയിലെ ബാലാവകാശ കമ്മീഷൻ (ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് -ഡിസിപിസിആർ) വ്യത്യസ്‌തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഡിസിപിസിആർ വിവാഹ സമത്വ ഹർജികളെയും സ്വവർഗ ദമ്പതികൾക്കുള്ള ദത്തെടുക്കൽ അവകാശങ്ങളെയും പിന്തുണച്ചു.
കുട്ടികളെവച്ച് പരീക്ഷണം നടത്താൻ സാധിക്കില്ല
”ഇത്തരം കേസുകളിൽ കുട്ടികളെ ദത്തുനൽകുന്നത് അവരെ പരീക്ഷണത്തിന് വിധേയമാക്കുന്നതിന് തുല്യമാണെന്നും എല്ലാ വ്യക്തികൾക്കും മനുഷ്യാവകാശങ്ങളുണ്ടെന്നും അത് കുട്ടികൾക്കും ബാധകമാണെന്നും എൻസിപിസിആറിന്റെ ഹർജിയിൽ പറയുന്നതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ, ‘കുട്ടികളെ പരീക്ഷണത്തിന് വിധേയമാക്കുന്നതിൽ നിന്ന് കോടതി രക്ഷിക്കണമെന്ന് ‘ എൻസിപിസിആർ ആവശ്യപ്പെട്ടു.
ജെൻഡർ റോളുകൾ മനസ്സിലാക്കാൻ സാധിക്കില്ല
സ്വവർഗ രക്ഷിതാക്കൾ വളർത്തുന്ന കുട്ടികൾക്ക് “ജെൻഡർ റോളുകളും ജെൻഡർ സ്വത്വവും” തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള ശേഷിയെ ബാധിക്കുമെന്നും കുട്ടികളുടെ വ്യക്തിത്വത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ പരിമിതപ്പെടുത്തുമെന്നും എൻസിപിസിആർ അവകാശപ്പെടുന്നതായി ലൈവ് ലോ റിപ്പോർട്ട് പറയുന്നു.