വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനമായ ബോയിങ് 737-800-ന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാന അപകടങ്ങളുടെ കാരണം കണ്ടെത്തുന്നതില്‍ നിര്‍ണായകമാണ് ബ്ലാക്ക് ബോക്‌സുകള്‍. രണ്ട് പൈലറ്റുമാര്‍ അടക്കം 18 പേര്‍ മരിച്ച അപകടത്തിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്താന്‍ യാത്രയിലെ സംഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ അന്വേഷകര്‍ക്ക് ബ്ലാക്ക് ബ്ലോക്‌സിലെ വിവരങ്ങള്‍ സഹായിക്കും.

എന്താണ് ബ്ലാക്ക് ബോക്‌സുകള്‍?

റെക്കോര്‍ഡറുകള്‍ അടങ്ങിയ രണ്ട് ഓറഞ്ച് ബോക്‌സുകളാണ് യഥാര്‍ത്ഥത്തില്‍ ബ്ലാക്ക് ബോക്‌സുകള്‍. വിമാന അപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിന് റെക്കോര്‍ഡറുകളെ വിമാനത്തില്‍ ഉപയോഗിക്കുന്നത് 1950-കളില്‍ ആരംഭിച്ച രീതിയാണ്. തുടക്കകാലത്ത് ഒരു ലോഹ ചീളിലാണ് വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്. പിന്നീടത് കാന്തിക ഡ്രൈവുകളും മെമ്മറി ചിപ്പുകളമായി മാറി.

വിമാന അപകട അന്വേഷണത്തില്‍ ബ്ലാക്ക് ബോക്‌സുകളുടെ പ്രധാന്യം

രണ്ട് ബ്ലാക്ക് ബോക്‌സുകളാണ് മിക്ക വിമാനങ്ങളിലും ഉള്ളത്. കോക് പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ (സിവിആര്‍), ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ (എഫ്ഡിആര്‍) എന്നിവ. റേഡിയോ ട്രാന്‍സ്മിഷനുകളെ സിവിആര്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ കോക്ക് പിറ്റിലെ മറ്റു ശബ്ദങ്ങള്‍ എഫ് ഡി ആര്‍ റെക്കോര്‍ഡ് ചെയ്യും. പൈലറ്റുമാരുടെ സംഭാഷണം, എഞ്ചിന്റെ ശബ്ദം, വിമാനം സഞ്ചരിക്കുന്ന ഉയരം, വായുവിന്റെ വേഗത തുടങ്ങി 80 ഓളം വിവരങ്ങള്‍ എഫ് ഡി ആര്‍ റെക്കോര്‍ഡ് ചെയ്യും.

Read Also: എയര്‍ ഇന്ത്യ വിമാന അപകടം: കരിപ്പൂരിന്റെ ഭാവിയെ ഇരുളില്‍ ആക്കാന്‍ സാധ്യത

ബ്ലാക്ക് ബോക്‌സ് അപകടത്തെ എങ്ങനെ അതിജീവിക്കുന്നു?

സ്റ്റീല്‍ അല്ലെങ്കില്‍ ടൈറ്റാനിയം പോലെ കഠിനതയുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച യൂണിറ്റിന് അകത്താണ് ഈ റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. കടുത്ത ചൂട്, തണുപ്പ്, നനവ് എന്നിവയൊന്നും ഇതിനെ ബാധിക്കുകയില്ല. ബ്ലാക്ക് ബോക്‌സുകളെ വിമാനത്തിന്റെ വാല്‍ഭാഗത്താണ് സൂക്ഷിക്കുന്നത്. അതിന് കാരണം, ഒരു അപകടം ഉണ്ടാകുമ്പോള്‍ ഏറ്റവും കുറവ് നാശനഷ്ടം വരുന്നത് വാല്‍ഭാഗത്താണ്. വിമാനം വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങളും ഉണ്ട്. വെള്ളത്തിനടിയില്‍ നിന്നും ബ്ലാക്ക് ബോക്‌സുകളെ കണ്ടെത്താനും മാര്‍ഗമുണ്ട്. 30 ദിവസത്തേക്ക് ബ്ലാക്ക് ബോക്‌സുകളില്‍ നിന്നും അള്‍ട്രാ സൗണ്ട് സിഗ്നലുകള്‍ ഒരു ബീക്കണ്‍ പുറപ്പെടുവിച്ചു കൊണ്ടിരിക്കും. എന്നിരുന്നാലും മലേഷ്യയുടെ അപകടത്തില്‍പ്പെട്ട വിമാനമായ എംഎച്ച് 370-ന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ല.

ബ്ലാക്ക് ബോക്‌സുകളുടെ വിശകലനം എത്ര വേഗം നടക്കും?

ബ്ലാക്ക് ബോക്‌സുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ 10 മുതല്‍ 15 ദിവസങ്ങള്‍ കൊണ്ട് വിശകലനം ചെയ്യും. അതേസമയം തന്നെ അന്വേഷകര്‍ മറ്റെന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോയെന്നും തിരയും. അതിനായി, എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ജീവനക്കാരും പൈലറ്റുകളും തമ്മില്‍ അപകടം ഉണ്ടാകുന്നതിന് തൊട്ടു മുമ്പ് നടത്തിയ സംഭാഷണം പോലുള്ള വിവരങ്ങള്‍ അവര്‍ അന്വേഷിക്കും.

തങ്ങള്‍ അപകടത്തിലേക്കാണോ പോകുന്നതെന്ന തിരിച്ചറിവ് പൈലറ്റുമാര്‍ക്ക് ഉണ്ടായിരുന്നുവോയെന്ന് അന്വേഷകര്‍ക്ക് അറിയാന്‍ കഴിയും. വിമാനത്തെ നിയന്ത്രിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ അറിയിച്ചിരുന്നുവോയെന്നും കണ്ടെത്താം. കൂടാതെ, വിമാനത്താവളത്തിലെ മറ്റു ഡാറ്റാ റെക്കോര്‍ഡറുകളും അന്വേഷകര്‍ പരിശോധിക്കും. വിമാനം റണ്‍വേയെ സ്പര്‍ശിച്ച കൃത്യസമയവും വിമാനത്തിന്റെ സ്പീഡും അറിയാന്‍ ഇതിലൂടെ കഴിയും.

Read in English: Why black boxes are important to an air crash investigation

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook