തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തകള്‍ സംസ്ഥാനത്തിന്റെ നിര്‍മ്മാണ മേഖലയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. വ്യാജവാര്‍ത്തകളാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുകയും തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യം പഠിക്കുന്നതിനായി ബിഹാര്‍, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ തമിഴ്നാട്ടിലേക്ക് ഉദ്യോഗസ്ഥരെ അയച്ചതായാണ് വിവരം.
എന്നിരുന്നാലും രാജ്യത്തിന്റെ വിവിധ ഭാഗത്ത് അതിഥി തൊഴിലാളികള്‍ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. സംസ്ഥാനങ്ങള്‍ തമ്മില്‍ കൃത്യമായ രീതിയില്‍ വിവര കൈമാറ്റം നടത്തുന്നില്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. തൊഴിലാളികളുടെ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ കൂടുതല്‍ ദുഷ്കരമാകും സാഹചര്യം.
അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നിയമം
1979-ലെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ടതാണ്. തൊഴിലാളികളുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് ഇത് നിര്‍ദേശിക്കുന്നു. കോണ്‍ട്രാക്ടര്‍മാര്‍ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും ലൈസെന്‍സും നേടണം. എന്നിരുന്നാലും, പ്രായോഗികമായി, ഈ നിയമം പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല.
ഈ നിയമം കേന്ദ്രം വിജ്ഞാപനം ചെയ്ത നാല് വിശാലമായ തൊഴിൽ കോഡുകളിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്: വേതനത്തെക്കുറിച്ചുള്ള കോഡ്, 2019; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, 2020; സാമൂഹ്യ സുരക്ഷയെക്കുറിച്ചുള്ള കോഡ്, 2020; കൂടാതെ ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത്, വർക്കിംഗ് കണ്ടീഷൻസ് കോഡ്, 2020. ഇവയും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
അന്തർ സംസ്ഥാന നിയമം നടപ്പാക്കാൻ ശ്രമിച്ച ഏതെങ്കിലും സംസ്ഥാനങ്ങളുണ്ടോ?
2012 ൽ, അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ സഹായത്തോടെ ഒഡീഷയിലെ 11 ജില്ലകളിൽ നിന്നുള്ള തൊഴിലാളികള്‍ അന്നത്തെ യുണൈറ്റഡ് ആന്ധ്രാപ്രദേശിലെ ഇഷ്ടിക കളങ്ങളില്‍ ജോലി ചെയ്യുന്നതിനായി കുടിയേറുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും കരാറില്‍ ഒപ്പു വച്ചിരുന്നു.
അതിഥി തൊഴിലാളികള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികളുടെ വിവരശേഖരണം, അവര്‍ നേരിടാന്‍ സാധ്യതയുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള സംരക്ഷണം എന്നിവ ഉറപ്പാക്കുന്നു. എന്നിരുന്നാലും കേരളവും തൊഴിലാളികളുടെ സംസ്ഥാനങ്ങളും തമ്മില്‍ വിവര കൈമാറ്റം സംഭവിക്കുന്നില്ല.
ജാര്‍ഖണ്ഡും ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനും (ബിആര്‍ഒ) തമ്മിലുള്ള പ്രശ്നമെന്താണ്
കോവിഡ് മഹാമാരിയുടെ സമയത്ത് തൊഴിലാളികള്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെയാണ് അവരുടെ ക്ഷേമത്തെക്കുറിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ചിന്തിച്ച് തുടങ്ങിയത്. ഏകദേശം ഒന്‍പത് ലക്ഷത്തോളം തൊഴിലാളികള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയതായാണ് കണക്കുകള്‍.
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ബിആര്‍ഒ ദുംകയില്‍ നിന്ന് നിരവധി തൊഴിലാളികളെ നിര്‍മ്മാണ ജോലികള്‍ക്കായി റിക്രൂട്ട് ചെയ്തു, കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലേക്കായിരുന്നു കൂടുതലും. 2020-ല്‍ ജാര്‍ഖണ്ഡ് സര്‍ക്കാരും ബിആര്‍ഒയും തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടേംസ് ഓഫ് റെഫെറന്‍സില്‍ ഒപ്പുവച്ചു. ഇടനിലക്കാരുണ്ടാകരുതെന്ന് സംസ്ഥാനം മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു.
എന്നാല്‍ വിചാരിച്ചതുപോലെ റിക്രൂട്ട്മെന്റ് പദ്ധതി സംഭവിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ റിക്രൂട്ട് ചെയ്യപ്പെട്ട തൊഴിലാളികള്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ബിആര്‍ഒ സൈറ്റുകളില്‍ കുറഞ്ഞ വേതനമാണെന്നും സേവനങ്ങളുടെ അഭാവമുണ്ടെന്നും അവര്‍ പറഞ്ഞു. തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കുന്നതിനായി ഇടനിലക്കാരില്ലാതെ പോയതാണ് ദുരനുഭവം നേരിടാനുള്ള കാരണമെന്നും അവര്‍ പറയുന്നു.
ജാര്‍ഖണ്ഡ് ഈ സാഹചര്യത്തെ എങ്ങനെ നേരിട്ടു?
സേഫ് ആന്‍ഡ് റെസ്പോണ്‍സിബിള്‍ മൈഗ്രേഷന്‍ ഇനിഷിയേറ്റിവ് (എസ്ആര്‍എംഐ) 2021-ല്‍ ജാര്‍ഖണ്ഡ് ആരംഭിച്ചു. തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായിരുന്നു ഇത്. തൊഴിലാളികള്‍ ഏതൊക്കെ ജില്ലയില്‍ നിന്നാണ്, ഏതൊക്കെ സംസ്ഥാനങ്ങളിലേക്ക് പോകുന്നു എന്നിവ സംബന്ധിച്ച വിവരശേഖരണമായിരുന്നു എസ്ആര്‍എംഐയിലൂടെയുള്ള പ്രധാന ലക്ഷ്യം.