ആപ്പിളിന്റെ ഇന്ത്യയില്‍ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ മുംബൈയില്‍ തുറന്നു. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് സെന്റർ മാളില്‍ ചൊവാഴ്ചയാണ് സ്റ്റോർ തുറന്നത്. ഏപ്രിൽ 20ന് ഡൽഹിയിലെ സാകേതിലും ആപ്പിൾ സ്റ്റോർ തുറക്കും. രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ആപ്പിൾ സ്റ്റോറുകൾ എന്നത് ആപ്പിൾ വിപണിയിൽ ഇന്ത്യയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് അടിവരയിടുന്നു.
ആപ്പിൾ സ്റ്റോറിന്റെ പ്രാധാന്യം കൂടുന്നത് എങ്ങനെ?
സിംഗിൾ ബ്രാൻഡ് റീട്ടെയിലിനെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണങ്ങൾ കാരണമാണ് ആപ്പിളിന് ഇന്ത്യയിൽ നേരത്തെ സ്റ്റോർ തുറക്കാൻ കഴിയാതിരുന്നത്. ഇമാജിൻ, ഫ്യൂച്ചർ വേൾഡ് തുടങ്ങിയ ഇന്ത്യൻ പാർട്നേഴ്സ് വഴി നടത്തുന്ന സ്റ്റോറുകൾ ആപ്പിളിന് ഉണ്ടായിരുന്നു. ആദ്യത്തെ രണ്ട് സ്റ്റോറുകൾ ആരംഭിക്കുന്നതോടെ, നിർമ്മാണം മുതൽ റീട്ടെയിൽ വരെ എല്ലാം കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഒരു ഫുൾ-സ്റ്റാക്ക് പ്ലെയറായി ആപ്പിൾ മാറും.
ഡെവലപ്പർ നെറ്റ്‌വർക്കിനൊപ്പം ‘ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നു’ എന്ന് ആപ്പിൾ തിങ്കളാഴ്ച അവകാശപ്പെട്ടു.

കമ്പനിയുടെ ഉടമസ്ഥതയിലുള്ള പുതിയ സ്റ്റോറുകളിൽ, ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകൾ വാങ്ങാൻ കഴിയും. ഇത് കമ്പനിയുടെ രാജ്യത്തെ 25 വർഷത്തെ യാത്ര സൂചിപ്പിക്കുന്നു.
ആപ്പിൾ സ്റ്റോറുകൾ വ്യത്യസ്തമാകുന്നതെങ്ങനെ?
ആപ്പിൾ സ്റ്റോറുകളിൽ, ഉൽപ്പന്നങ്ങളുടെ യഥാർത്ഥ വിൽപ്പന എന്നതിനെക്കാൾ അത് എക്സ്പീരിയൻസ് ചെയ്യുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു ടൗൺ സ്‌ക്വയറിൽ എന്നപോലെ, ആളുകൾക്ക് സ്റ്റോറുകളിൽ എത്താനും ഉൽപ്പന്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഐഫോൺ, മാക്ബുക്ക് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് ചോദിച്ച് അറിയാനും സാധിക്കും.
ഓരോ സ്റ്റോറിലും ആപ്പിളിനെക്കുറിച്ച് കൃത്യമായി അറിയുന്ന ആപ്പിൾ ജീനിയസസ് ഉണ്ട്. അവർ ഉപഭോക്താക്കൾക്ക് ആവശ്യമായ സാങ്കേതിക ഉപദേശം നൽകും. ഏതു ഉൽപ്പന്നം വേണം എന്നതിൽ തീരുമാനം എടുക്കാനും അവർ സഹായിക്കും. സ്റ്റോറുകളെ വ്യത്യസ്‌തമാക്കുന്ന മറ്റൊന്നു കൂടിയുണ്ട്: ബില്ലിങ് പോയിന്റുകൾക്കായി ക്യൂവുകളും ഇവിടെ ഇല്ല. ഉപയോക്താക്കൾ എവിടെയാണോ അവിടെതന്നെ ആപ്പിൾ ജീനിയസസ് സെയിൽ പൂർത്തിയാക്കും. ആപ്പിൾ ഉൽപ്പന്നങ്ങളുടെ വ്യത്യസ്‌ത വശങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ പ്രചോദിപ്പിക്കാൻ വിദഗ്‌ദ്ധരുമായുള്ള ടുഡേ അറ്റ് ആപ്പിൾ സെക്ഷനുകളും പതിവായി ഉണ്ടാകും. എല്ലാവിധ ആപ്പിൾ ഉൽപ്പന്നങ്ങളും സ്റ്റോറിൽ ലഭ്യമാക്കും.
ആദ്യ ആപ്പിൾ സ്റ്റോർ തുറന്നത് എപ്പോഴാണ് ?
2001-ൽ വിർജീനിയയിലെ മക്ലീനിലെ ടൈസൺസ് കോർണറിലും കാലിഫോർണിയയിലെ ഗ്ലെൻഡേൽ ഗല്ലേറിയയിലുമാണ് ആദ്യത്തെ ആപ്പിൾ സ്റ്റോർ തുറന്നത്. ചില്ലറ വിൽപ്പനയിലേക്ക് കടക്കാനുള്ള ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റ ശ്രമം വിമർശിക്കപ്പെട്ടു. “മെഗാഹെർട്‌സിനെയും മെഗാബൈറ്റിനെയും കുറിച്ച് കേൾക്കുന്നതിനുപകരം, ഉപഭോക്താക്കൾക്ക് ഇപ്പോൾ കമ്പ്യൂട്ടർ ഉപയോഗിച്ച് യഥാർത്ഥത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് പഠിക്കാനും അനുഭവിക്കാനും കഴിയും. അതായത് ചലചിത്രങ്ങൾ നിർമ്മിക്കുക, ഇഷ്ടാനുസൃത മ്യൂസിക് സിഡികളിലേക്ക് കോപ്പി ചെയ്യുക, അവരുടെ ഡിജിറ്റൽ ഫോട്ടോകൾ സ്വകാര്യ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക,” അദ്ദേഹം പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ആപ്പിളിന് ലോകമെമ്പാടും 500-ലധികം ഫിസിക്കൽ സ്റ്റോറുകളുണ്ട്. ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ അതുല്യമായ മൂല്യം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. പാരീസിലെ കാരൗസൽ ഡു ലൂവ്രെയിലെ സ്റ്റോർ, ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലിനുള്ളിലെ സ്റ്റോർ പോലെയുള്ളവ നഗരത്തിലെ ഐക്കോണിക് ലൊക്കേഷനുകളായി മാറി.