പുരാവസ്തു മ്യൂസിയത്തിനെ അനുസ്മരിപ്പിക്കുന്ന വീട്, മുറ്റം നിറയെ ആഡംബര കാറുകള്‍. പൊലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായുള്ള ബന്ധം. പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ വഞ്ചനക്കഥകള് അനുനിമിഷം പെരുകുകയാണ്.
ചേര്‍ത്തല സ്വദേശിയായ വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോന്സണ് (52) എന്ന വ്യാജ ഡോക്ടറെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

തങ്ങളില്‍നിന്ന് 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറു പേര് മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലാണ് മോണ്‍സന്റെ അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ മാവൂര്‍ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, പേരാമ്പ്ര സ്വദേശി ഇ.എ. സലീം, പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീര്‍, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോന്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.അഹമ്മദ് എന്നിവരാണു പരാതിക്കാര്‍.
തട്ടിപ്പ് കേന്ദ്രമായി കലൂരിലെ വീട്, വന്‍ സുരക്ഷ, പുരാവസ്തുക്കള്‍ വ്യാജം
എറണാകുളം കലൂരില്‍, അന്‍പതിനായിരം രൂപ മാസവാടകയുള്ള വീട്ടിലാണു മോണ്സണ് മാവുങ്കല്‍ താമസിച്ചിരുന്നത്. ‘പുരാവസ്തു’ മ്യൂസിയം കണക്കെ മാറ്റിയിരിക്കുകയാണ് ഈ വീട്. അമൂല്യ പുരാവസ്തുക്കളെന്ന് അവകാശപ്പെട്ടവയില്‍ മിക്കതും വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവയില്‍ 70 ശതമാനവും സിനിമാ ചിത്രീകരണത്തിനു വാടകയ്ക്കു നല്കുന്ന വസ്തുക്കളാണെന്നാണു പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 28 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ തന്റെ പക്കലുണ്ടെന്നാണ് മോണ്സണ് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചത്. അതേസമയം, ഈ വീടിന് എട്ടു മാസമായി വാടക കൊടുത്തിട്ടില്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്കിയതു വഴി തന്റെ അക്കൗണ്ടിലെത്തിയ 2.62 ലക്ഷം കോടി രൂപ തിരികെ വാങ്ങാനെന്നു വിശ്വസിപ്പിച്ചാണു മോണ്സണ് പരാതിക്കാരില്‍നിന്നു പണം തട്ടിയത്. ഗള്‍ഫില്‍നിന്ന് എത്തിയ തുക ഫെമ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഡല്‍ഹിയിലെ സ്വകാര്യ ബാങ്കില്‍ പണം വന്നതു സംബന്ധിച്ച സീല്‍ സഹിതമുള്ള രേഖകള്‍ മോണ്സണ് കാണിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. 25 വര്‍ഷമായി ആന്റിക്, ഡയമണ്ട് ബിസിനസ് നടത്തുകയാണെന്നാണു മോണ്സണ് കബളിപ്പിക്കപ്പെട്ടവരോട് പറഞ്ഞിരുന്നത്.

യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം, കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ മുഖം തുടച്ച തുണി, ഗാഗുല്ത്തയില് യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്, യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂലു കൊണ്ടുണ്ടാക്കിയ മാല, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, മോസയുടെ അംശവടി, സെന്റ് ആന്റണിയുടെ നഖത്തിന്റെ കഷ്ണം, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്, ചാവറയച്ചന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, സ്വര്‍ണം കൊണ്ടു നിര്‍മിച്ച പേജിലെഴുതിയ ബൈബിള്‍, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, രാജാരവിവര്‍മയുടെ ചിത്രങ്ങള്‍, ടിപ്പുവിന്റെ സിംഹാസനം എന്നീ അപൂര്‍വ പുരാവസ്തുക്കള്‍ തന്റെ ശേഖരത്തിലുണ്ടെന്നാണ് മോണ്സണ് അവകാശപ്പെട്ടിരുന്നത്.
ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും ചേര്‍ത്തലയിലെ ആശാരിയെക്കൊണ്ട് നിര്‍മിച്ചതാണെന്നാണ് ആദ്യ ഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങള്‍. എന്നാൽ, സിംഹാസനം മൂന്നു വർഷം മുൻപ് എറണാകുളം കുണ്ടന്നൂരിൽ നിർമിച്ചതാണെന്നാണ് മോൺസന്റെ മുൻ ഡൈവർ അജിത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അംശവടി നിർമിച്ചത് എളമക്കരയിലാണെന്നും ഇയാൾ പറയുന്നു. യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം കൊച്ചിയിൽ നിർമിച്ചതാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
വിമാനയാത്രയില്‍ പരിചയപ്പെട്ട മൈസൂര്‍ രാജാവ് നരസിംഹ വൊഡയാറുമായുള്ള ബന്ധമാണു പുരാവസ്തു ശേഖരണ രംഗത്തേക്ക് എത്തിച്ചതെന്നാണ് മോണ്സണ് പറഞ്ഞിരുന്നത്. മതിൽ നിറയെ ചിത്രങ്ങളുള്ള കലൂരിലെ വീട്ടിലേക്കു പുറത്തുനിന്ന് അധികം പേരെ പ്രവേശിപ്പിച്ചിരുന്നില്ല. നിരവധി സിസിടിവി ക്യാമറകളുള്ള വീട്ടില്‍ സുരക്ഷയ്ക്കായി നായ്ക്കളുണ്ട്. ഇതിനു പുറമെ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷയുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേര്‍ത്തലയിലെ ഒരു വീടിന്റെ മുകളില്‍ നിലയില്‍ താമസിച്ചിരുന്ന മോണ്സണ് പിന്നീട് തേവരയിലെ ഫ്ളാറ്റിലേക്കും 2014ല്‍ കലൂരിലെ വാടകവീട്ടിലേക്കും മാറുകയായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.
ആഡംബര ജീവിതം, മുറ്റം നിറയെ കാറുകള്‍
കോടികള്‍ വിലവരുന്ന ഡോസ്ജ് കാറില്‍ കറങ്ങിയിരുന്ന മോണ്സണ് ആഡംബര ജീവിതമാണു നയിച്ചിരുന്നത്. മിനി ഓഫിസായി മാറ്റിയ ആഡംബര കാറില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്നും കേൾക്കുന്നു. ലാപ്ടോപ്പും നോട്ടെണ്ണല്‍ യന്ത്രവുമായി ബന്ധിപ്പിച്ച നിലയിലാണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പ്രത്യേക വാഹന വ്യൂഹത്തിനൊപ്പമാണു മോണ്സണ് സഞ്ചരിക്കാറുള്ളത്. വ്യൂഹത്തിലെ മുന്നിലെയും പിന്നിലെയും വാഹനങ്ങളിലുള്ളവര്‍ക്കു നിര്‍ദേശങ്ങള്‍ കൈമാറന്‍ വാക്കി ടോക്കിയടക്കമുള്ള സംവിധാനമുണ്ട്.

ആഡംബര കാറുകളുടെ വന്‍ ശേഖരമുണ്ട് മോണ്സന്. കലൂരിലെ വീട്ടില്‍ പോര്‍ഷെ അടക്കം മുപ്പതോളം കാറുകളുണ്ട്. എന്നാല്‍ ഇവയില്‍ പലതും കേടായതാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തകരാറിലായ വാഹനങ്ങള്‍ ചെറിയ തുകയ്ക്ക് വാങ്ങി വീട്ടില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
മോണ്‍സന്റെ കലൂരിയെും ചേര്‍ത്തലയിലെയും വീട്ടില്‍ പൊലീസ് ബീറ്റ് ബോക്സുണ്ടായിരുന്നു. വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ഇവ വച്ചത്. പതിവ് പരിശോധനയുടെ ഭാഗമായി പൊലീസ് ഇവിടെ സ്ഥിരമായി എത്തി ബീറ്റ് റജിസ്റ്ററില്‍ ഒപ്പുവച്ചിരുന്നു.
രക്ഷപ്പെടാന്‍ മറയാക്കിയത് ഉന്നത ബന്ധങ്ങള്‍
കിരീടം വിറ്റ വകയില്‍ ലഭിക്കാനുള്ള വലിയ തുകയുടെ നടപടി ക്രമങ്ങള്ക്കുവേണ്ടിയാണു പത്ത് കോടി രൂപയെന്നാണു വിശ്വസിപ്പിച്ചതെന്നാണ് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറയുന്നത്. ആ പണം കിട്ടിയാല്‍ വലിയ തുക പലിശ രഹിത വായ്പയായി നല്‍കാമെന്ന് വിശ്വസിപ്പിച്ചിപ്പു.
പ്രവാസി മലയാളി ഫെഡറേഷന് രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ അംഗം തുടങ്ങിയ ഒട്ടേറെ പദവികള്‍ വഹിക്കുന്നുണ്ടെന്നാണു മോണ്സണ് പറഞ്ഞിരുന്നത്. ഈ സംഘടനകളുടെ ഭാരവാഹിയാണെന്നു പറയുന്ന ബോര്‍ഡുകള്‍ മോണ്സൻ വീടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി വരെ കൂടിക്കാഴ്ച നടത്തിയെന്നും പരാതിക്കാരോട് പറഞ്ഞു.

പരാതിക്കാര്‍ കലൂരിലെ വീട്ടിലെത്തി പലതവണ മോന്‍സണെ കണ്ടിരുന്നു. തട്ടിപ്പിനിരയായവര്‍ പണം തിരിച്ചുചോദിക്കുമ്പോള്‍ ഈ വീട്ടിലേക്കു വിളിച്ചുവരുത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സ്വാധീനവും ഉപയോഗിച്ചാണ് മോണ്സണ് രക്ഷപ്പെടാറുള്ളതെന്നു പരാതിക്കാര്‍ പറയുന്നു. ഐ ജി ലക്ഷമണയെ തന്റെ മുന്നില്‍നിന്ന് മോണ്സണ് നിരന്തരം ഫോണില്‍വിളിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നു പരാതിക്കാരനായ യാക്കൂബ് പറഞ്ഞു. പൊലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തന്റെ മുന്നില്‍ വച്ച് നിരവധി തവണ വിളിച്ചിട്ടുണ്ടെന്നും യാക്കൂബ് മാധ്യമങ്ങളോട് പറഞ്ഞു.
ഡിഐജി എസ് സുരേന്ദ്രന്, അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, നേരത്തെ ചേര്‍ത്തല സിഐയായിരുന്ന അനന്തലാല്‍ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ മോണ്‍സണിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരാണെന്നും ഇയാള്‍ക്കുവേണ്ടി നിരന്തരം ഇടപെടുന്നവരാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
അതേസമയം, മോണ്‍സണെതിരെ ലോക്കല്‍ പൊലീസ് അന്വേഷണം തുടങ്ങിയത് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തശേഷം മാത്രാണ്. ചേര്‍ത്തലയിലെ വീട്ടില്‍നിന്ന് മോണ്‍സണെ ക്രൈംബ്രാഞ്ച് ക്റ്റഡിയിലെടുക്കുമ്പോള് ആലപ്പുഴ ജില്ലയിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെ അതിഥികളായുണ്ടായിരുന്നു.
ചേര്‍ത്തലയിലും തട്ടിപ്പ് കേസ്, ഇടപെട്ട് ഐജി
മോണ്സണ് മാവുങ്കല്‍ ഏഴുകോടിയോളം രൂപ തട്ടിയെടുത്തെന്ന മറ്റൊരു പരാതിയും നിലവിലുണ്ട്. ശ്രീവത്സം ഉടമ രാജേന്ദ്രന് പിളളയാണു പരാതിക്കാരന്. സിനിമക്കാര്‍ക്കു വാടകയ്ക്കു നല്കാന് കോടികളുടെ കാര്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ പണം തട്ടിയത്. വെളളപ്പൊക്കത്തില്‍ നശിച്ച കാറുകളാണ് നല്‍കിയത്. കേസില്‍ കുടുങ്ങുമെന്ന് വന്നതോടെ രാജേന്ദ്രന് പിളളയ്ക്കെതിരെ മോന്സണ് പരാതി നല്കി. എന്നാല്‍ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ആലപ്പുഴ എസ്പിക്കു കൈമാറി.
Also Read: പുരാവസ്തു തട്ടിപ്പ്: മോന്‍സണെ സഹായിക്കാന്‍ പൊലീസ് ഇടപെടല്‍; ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
മോന്‍സണെതിരെ ചേര്‍ത്തല പൊലീസ് സ്റ്റേഷനിൽ റജിസ്റ്റര്‍ ചെയ്ത പരാതിയില്‍ വഴിവിട്ട ഇടപെടലിന് ഐജി ജി ലക്ഷ്മണയ്ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നുവെന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു. പരാതി ആലപ്പുഴ എസ്പി ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത് ഐജി ഇല്ലാത്ത അധികാരമുപയോഗിച്ച് റദ്ദാക്കി ചേര്‍ത്തല സിഐയിലേക്കു തിരിച്ചുനല്‍കുകയായിരുന്നു. ഇതില്‍ വിശദീകരണം തേടി കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 16നാണു ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് എബ്രഹാം നോട്ടിസ് നല്‍കിയത്. അന്വേഷണം മാറ്റി നല്കിയ നടപടി എഡിജിപി ഇടപെട്ട് തിരുത്തിയിരുന്നതായും പൊലീസ് പറയുന്നു.

അതേസമയം, ഇതേ മനോജ് എബ്രഹാം മോണ്‍സന്റെ വീട്ടില്‍ വാള് പിടിച്ചുനില്‍ക്കുന്ന ചിത്രം പുറത്തുവന്നു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ മോണ്‍സന്റെ വീട്ടിലെ സിംഹാസനത്തിലിരിക്കുന്നതും ചിത്രത്തിലുണ്ട്.
മോണ്‍സണുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് കെ സുധാകരന്
പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമെ രാഷ്ട്രീയനേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായുമുള്ള മോണ്‍സന്റെ ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന് മോണ്സനൊപ്പമിരിക്കുന്ന ചിത്രം ഇതിലൊന്നാണ്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഉള്പ്പെടെയുള്ളവര്ക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്.
Also Read: “മോന്‍സണുമായി ബന്ധമുണ്ട്, പരിചയം ഡോക്ടറെന്ന നിലയില്‍”: ആരോപണങ്ങള്‍ ഗൂഢാലോചനയെന്ന് സുധാകരന്
മോന്‍സനുമായി ബന്ധമുണ്ടെന്നും നിരവധി തവണ വീട്ടില്‍ പോയി കണ്ടിട്ടുണ്ടെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടറെന്ന നിലയിലാണ് പരിചയമെന്നും തന്നെ ചികിത്സിച്ചിട്ടുണ്ടെന്നും പക്ഷേ വ്യാജ ഡോക്ടറാണെന്ന് അറിയില്ലായിരുന്നുവെന്നും സുധാകരന് പറഞ്ഞു. കോസ്മറ്റോളജിയില്‍ ഉള്‍പ്പെടെ ഡോക്ടറേറ്റുണെണ്ടാണ് മോണ്സണ് അവകാശപ്പെട്ടിരുന്നു. ഇതു വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട പണമിടപാടില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെത്തുടര്‍ന്നാണ് സുധാകരന്റെ വിശദീകരണം. സുധാകരറെ സാന്നിധ്യത്തില്‍ മോന്സണ് 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ ക്രൈം ബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. 2018 നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടിനു മോന്‍സന്റെ കലൂരുളള വീട്ടില്‍വച്ചാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, സാമ്പത്തിക തട്ടിപ്പ് പരാതിയെക്കുറിച്ചോ പരാതിക്കാരനെയോ അറിയില്ലെന്നും തനിക്കെതിരായ ആരോണപണത്തിനു പിന്നില്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് സംശയിക്കുന്നതായും സുധാകരന് പറഞ്ഞു. തന്നോട് സംസാരിച്ചെന്ന് പറയുന്ന പരാതിക്കാരനെ അറിയില്ലെന്നും അത്തരമൊരു ചര്‍ച്ച മോന്‍സണ്‍ന്റെ വീട്ടില്‍ വച്ച് നടന്നിട്ടില്ലെന്ന് അടിവരയിട്ട് പറയുകയാണെന്നും സുധാകരന് വ്യക്തമാക്കി.
മോന്‍സന്റെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് ജിജി തോംസണ്‍ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയാണ് തങ്ങള്‍ ഇരുവരും. ഒന്നിച്ച് പങ്കെടുത്ത പരിപാടി ഏതെന്ന് ഓര്‍ക്കുന്നില്ല. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഒന്നുരണ്ട് പ്രാവശ്യം അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം കാണിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭാര്യക്കൊപ്പം പോയാണ് കണ്ടതെന്നും ജിജി തോംസണ്‍ മാധ്യമങ്ങ ളോട് പറഞ്ഞു.
മോന്‍സന്റെ കേസുകള്‍ വാദിച്ചുള്ള പരിചയമാണുള്ളതെന്ന് ലാലി വിന്‍സെന്റും പറഞ്ഞു. ഒന്നു രണ്ട് പരാതികളില്‍ ഹാജരായിട്ടുണ്ട്. ഇടക്കാലത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീടൊരിക്കല്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. 2017ല്‍ ആണെണെന്നാണ് ഓര്മ. കെ.സുധാകരന്, ജിജി തോംസണ്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരടക്കം ഭക്ഷണം കഴിക്കാന്‍ ഉണ്ടായിരുന്നു. പക്ഷേ കേസിന്റെ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ലാലി വിന്‍സെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നതരുമായുള്ള അടുപ്പമാണു സാമ്പത്തിക തട്ടിപ്പിനും കേസ് അട്ടിമറിക്കാനും മോണ്സണ് മാവുങ്കല്‍ ഉപയോഗിച്ചത്. പ്രമുഖ വ്യക്തികളുടെ അടുത്തുകൂടി ഫൊട്ടോ എടുക്കുന്ന ഇയാള്‍ അവരെ വീട്ടിലേക്കു ക്ഷണിച്ച് തന്റെ ആഡംബരം പ്രദര്‍ശിപ്പിക്കും. നടന് മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കൊപ്പമുള്ള ഫൊട്ടോള് ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പ്രമുഖര്‍ തന്റെ അടുത്തയാളുകളാണെന്നാണ് മോണ്സണ് പരാതിക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞിരുന്നത്.