scorecardresearch

കൊല്ലപ്പെട്ടത് ഇന്ത്യന്‍ വിമാനം റാഞ്ചിയ ഭീകരന്‍; ആരാണ് സഹൂര്‍ മിസ്ത്രി?

മാര്‍ച്ച് ഒന്നിന് കറാച്ചിയിലെ അക്തര്‍ കോളനിയില്‍വച്ച് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ മിസ്ത്രിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്

കൊല്ലപ്പെട്ടത് ഇന്ത്യന്‍ വിമാനം റാഞ്ചിയ ഭീകരന്‍; ആരാണ് സഹൂര്‍ മിസ്ത്രി?

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം റാഞ്ചിയവരില്‍ ഒരാളായ സഹൂര്‍ മിസ്ത്രി പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. പാക്കിസ്ഥാനിലെ മാധ്യമങ്ങളാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് ഒന്നിന് കറാച്ചിയിലെ അക്തര്‍ കോളനിയില്‍വച്ച് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ മിസ്ത്രിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാനിലെ ജിയോ ടിവിയാണ് കൊലപാതകം സ്ഥിരീകരിച്ചത്. കറാച്ചിയിലെ ഒരു ‘ബിസിനസ്മാന്‍’ കൊല്ലപ്പെട്ടുവെന്ന തരത്തിലാണു വാര്‍ത്ത പുറത്തുവന്നത്. മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഉന്നത നേതാക്കള്‍ മിസ്ത്രിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതായി പാകിസ്ഥാന്‍ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സഹൂര്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ 1999ല്‍ ഐസി 814 വിമാനം റാഞ്ചിയതിനെത്തുടര്‍ന്നു നടന്ന സന്ധിസംഭാഷണത്തിലെ തീരുമാന പ്രകാരം ഇന്ത്യ വിട്ടയച്ച മൂന്ന് ഭീകരരില്‍ മസൂദ് അസ്ഹറും ഉള്‍പ്പെട്ടിരുന്നു.

ആരാണ് സഹൂര്‍ മിസ്ത്രി?

പാകിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമായി പ്രവര്‍ത്തിച്ച ഇന്ത്യാ വിരുദ്ധ ഭീകര സംഘടനയായ ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്റെ പ്രവര്‍ത്തകനായിരുന്നു മിസ്ത്രി. ഐസി 814 വിമാനം 1999 ഡിസംബര്‍ 24-ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ അഞ്ചുപേരില്‍ മിസ്ത്രിയെക്കൂടാതെ അസ്ഹറിന്റെ സഹോദരന്മാരായ റൗഫ് അസ്ഹറും ഇബ്രാഹിം അസ്ഹറും ഉള്‍പ്പെട്ടിരുന്നു. ഇരുവരും പാക്കിസ്ഥാനില്‍ കഴിയുകയാണ്.

Also Read: എന്തുകൊണ്ടാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇഷ്ടകേന്ദ്രമായി യുക്രൈൻ മാറുന്നത്?

വിമാനം റാഞ്ചിയ സംഭവത്തില്‍ ഇരുപത്തി അഞ്ചുകാരനായ രൂപിന്‍ കത്യാല്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദി മിസ്ത്രിയായിരുന്നു. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താനായി, യാത്രക്കാരില്‍ ഒരാളെ കൊല്ലാന്‍ തീവ്രവാദികള്‍ തീരുമാനിക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍വച്ച് മിസ്ത്രി കത്യാലിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. കാഠ്മണ്ഡുവില്‍ ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു കത്യാലും ഭാര്യയും.

മിസ്ത്രി സാഹിദ് അഖുന്ദ് എന്ന പേരില്‍ കറാച്ചിയില്‍ താമസിച്ചിരുന്നതായും ക്രസന്റ് ഫര്‍ണിച്ചര്‍ എന്ന പേരില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു.

കൊല്ലപ്പെട്ടത് എങ്ങനെ?

കറാച്ചിയിലെ അക്തര്‍ കോളനിയിലാണ് സഹൂര്‍ മിസ്ത്രി കൊല്ലപ്പെട്ടതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് മിസ്ത്രിയെ കൊലപ്പെടുത്തിയതെന്നും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകം നടക്കുന്ന സമയത്ത് പ്രദേശത്ത് ബൈക്കില്‍ ചുറ്റിത്തിരിഞ്ഞ അക്രമികളുടെ ദൃശ്യങ്ങള്‍ ജിയോ ടിവി പുറത്തുവിട്ടു. സംഭവസ്ഥലത്തുനിന്ന് അഞ്ച് ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകള്‍ പൊലീസ് കണ്ടെടുത്തതായി പറയപ്പെടുന്നു.

കറാച്ചിയിലെ ഒരു ‘ബിസിനസ്മാന്‍’ കൊല്ലപ്പെട്ടതായി പറയുന്ന റിപ്പോര്‍ട്ടുകള്‍, ശവസംസ്‌കാര ചടങ്ങില്‍ റൗഫ് അസ്ഗര്‍ ഉള്‍പ്പെടെയുള്ള ജെയ്‌ഷെ മുഹമ്മദ് നേതാക്കള്‍ പങ്കെടുത്തതായും വെളിപ്പെടുത്തുന്നു. യഥാര്‍ത്ഥത്തില്‍, ശവസംസ്‌കാരത്തിനു ശേഷമാണ് മാധ്യമങ്ങള്‍ക്കു കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. എന്തിനാണു മിസ്ത്രിയെ കൊലപ്പെടുത്തിയതെന്നും ആരാണു കൊലപാതകത്തിനു പിന്നിലെന്നും അറിവായിട്ടില്ല.

1999ലെ വിമാന റാഞ്ചല്‍

1999 ഡിസംബര്‍ 24-ന് നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം മിസ്ത്രിയും കൂട്ടാളികളും റാഞ്ചിയത്.

ജീവനക്കാരുള്‍പ്പെടെ 180 യാത്രക്കാരുമായി ലഖ്നൗവിനു മുകളിലൂടെ പറക്കുന്നതിനിടെ തട്ടിയെടുത്ത വിമാനം ലാഹോറിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍, പാക്കിസ്ഥാന്‍ അധികൃതര്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ അനുവദിച്ചില്ല. ഇതിനോടകം ഇന്ധനം കുറഞ്ഞിരുന്ന വിമാനം അമൃത്സറിലേക്ക് തിരിച്ചുവിട്ടു. അവിടെ ഇന്ധനം നിറയ്ക്കുന്നതിനായി ഇറക്കി. ഈ അവസരം മുതലെടുത്ത് വിമാനം ഇന്ത്യ വിടുന്നത് തടയാന്‍ കൃത്യസമയത്ത് പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് പലരും ആരോപണമുയര്‍ത്തിയിരുന്നു.

Zahoor Mistry, 1999 hijacking of IC 814, IC 814 hijacking, Indian Airlines flight hijacking,

അമൃത്സറില്‍നിന്ന്, വീണ്ടും ലാഹോറിലേക്കാണു വിമാനം കൊണ്ടുപോയത്. അവിടെ ലാന്‍ഡ് ചെയ്യാനുള്ള ശ്രമം പാകിസ്ഥാന്‍ അധികൃതര്‍ ആദ്യം തടഞ്ഞെങ്കിലും പിന്നീട് അനുവദിച്ചു. തുടര്‍ന്ന് ദുബായിലേക്കു കൊണ്ടുപോയ വിമാനത്തില്‍നിന്ന് 27 യാത്രക്കാരെ വിട്ടയച്ചു. കത്യാലിന്റെ മൃതദേഹവും ഇവിടെ ഇറക്കി. അവിടെനിന്ന്, വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെത്തിച്ചു. അവിടെവച്ച്, യാത്രക്കാരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചയില്‍ താലിബാന്‍ സര്‍ക്കാര്‍ ഭാഗമായി.

തടവില്‍ കഴിയുന്ന ഭീകരസംഘടനയായ ഹര്‍കത്ത്-ഉല്‍-മുജാഹിദീനുമായി ബന്ധമുള്ള ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ എന്നിവരോടൊപ്പം മസൂദ് അസ്ഹറിനെയും മോചിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചതോടെയാണു സംഭവത്തിനു പരിസമാപ്തിയായത്. ഇന്റലിജന്‍സ് ബ്യൂറോയുടെ അന്നത്തെ തലവനായിരുന്ന അജിത് ഡോവല്‍ (ഇപ്പോള്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ്) ഭീകരെ കൈമാറുന്നതിനും യാത്രക്കാരുടെ മോചനത്തിനും മേല്‍നോട്ടം വഹിച്ചത്.

പിന്നീട് സംഭവിച്ചതെന്ത്?

ഇന്ത്യ കൈമാറിയ മൂന്ന് ഭീകരരെ താലിബാന്‍ പാകിസ്ഥാനിലേക്കു സുരക്ഷിതമായി കടത്തി. അസ്ഹര്‍ പിന്നീട് കൊടും ഭീകരസംഘടനകളിലൊന്നായ ജെയ്ഷെ മുഹമ്മദിനു അടിത്തറയിട്ടു. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുടെ സംരക്ഷണത്തിലായിരുന്നു ഇത്.

ജെയ്ഷെ മുഹമ്മദ് ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയ ഒന്നിലധികം ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയാണ്. 2016-ലെ പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണവും 40 സിആര്‍പിഎഫ് സൈനികരുടെ ജീവന്‍ അപഹരിച്ച 2019ലെ പുല്‍വാമ ആക്രമണവും ഇവയില്‍ ഉള്‍പ്പെടുന്നു.

Also Read: യുക്രൈൻ പ്രഥമ വനിത, വോളോമിഡിർ സെലൻസ്കിയുടെ ഭാര്യ; ആരാണ് ഒലേന സെലൻസ്ക?

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Who was zahoor mistry ic 814 hijacker killed in karachi