ജീവിക്കാന്‍ പതിമൂന്നാം വയസില്‍ നിര്‍മാണത്തൊഴിലാളിയായി തുടങ്ങി, ഒടുവില്‍ ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിയിലേക്ക് എത്തിനില്‍ക്കുന്നതാണ് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിം സുലൈമാനിയുടെ വളര്‍ച്ച.

ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറായ മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ മാരക എതിരാളിയായാണ് അമേരിക്കയും സഖ്യകക്ഷികളും കണ്ടത്. ദീര്‍ഘകാലമായി ഇറാന്റെ ഖുദ്‌സ് സേനയുടെ തലവനായ സുലൈമാനി ബാഗ്ദാദിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നു പുലര്‍ച്ചെ അമേരിക്ക നടത്തിയ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്.

ഇറാനിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച വ്യക്തികളിലൊരാളായ സുലൈമാനി പശ്ചിമേഷ്യയിലെ ഏറ്റവും ശക്തനായ ജനറല്‍ എന്നാണ് അറിയപ്പെടുന്നത്. ഇറാനിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളുമായിരുന്നു അദ്ദേഹം.

അതേസമയം, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അജ്ഞാതമാണു കാസിം സുലൈമാനി. എന്നാല്‍ സുലൈമാനിയെ മനസിലാക്കാതെ ഇന്നത്തെ ഇറാനെ പൂര്‍ണമായി മനസി ലാക്കാനാവില്ല. ഒമാന്‍ ഉള്‍ക്കടലില്‍നിന്ന് ഇറാഖ്, സിറിയ, ലെബനന്‍ വഴി മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ തീരങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സ്വാധീനമേഖല സൃഷ്ടിച്ചതിന്റെ കാരണക്കാരന്‍ സുലൈമാനിയാണ്.

1980 കളില്‍, ഇറാഖുമായുള്ള ഇറാന്റെ നീണ്ട യുദ്ധത്തിന്റെ ഭീകരതയെ അതിജീവിച്ച ശേഷമാണ്, വിദേശ അധിനിവേശത്തിന്റെ ഉത്തരവാദിത്തമുള്ള റവല്യൂഷണറി ഗാര്‍ഡിന്റെ ഉന്നത വിഭാഗമായ കുദ്സ് ഫോഴ്സിന്റെ നിയന്ത്രണം സുലൈമാനി ഏറ്റെടുത്തത്.

അമേരിക്കയുടെ 2003 ലെ ഇറാഖ് അധിനിവേശം വരെ ഇറാനില്‍ താരതമ്യേന അജ്ഞാതനായിരുന്നു സുലൈമാനി. ഇദ്ദേഹത്തെ വധിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്തതോടെ സുലൈമാനി പ്രശസ്തി നേടി. ഒന്നര പതിറ്റാണ്ടിനുശേഷം, രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാനുള്ള ആഹ്വാനങ്ങള്‍ അവഗണിച്ച് സിവിലിയന്‍ നേതൃത്വത്തേക്കാള്‍ ശക്തനായ സുലൈമാനി ഇറാനിലെ ഏറ്റവും അറിയപ്പെടുന്ന യുദ്ധ കമാന്‍ഡറായി.

ഇറാഖില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചകളില്‍ സുലൈമാനിക്കു നേരിട്ട് പങ്കുണ്ടായിരുന്നു. ഇക്കാര്യത്തില്‍ 2018 മുതല്‍ സുലൈമാനി തന്റെ പ്രാദേശിക സ്വാധീനം പരസ്യമായി ഉപയോഗിച്ചു. കഴിഞ്ഞ മാസം പാര്‍ട്ടികള്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചതു മുതല്‍ അദ്ദേഹം ബാഗ്ദാദിലും പുറത്തുമുണ്ടായിരുന്നു,

സമീപ വര്‍ഷങ്ങളില്‍ സുലൈമാനി ഇന്‍സ്റ്റഗ്രാമില്‍ വന്‍ ഫോളോവേഴ്‌സിനെയാണ് സൃഷ്ടിച്ചത്. 2013 മുതല്‍ സിറിയന്‍ സംഘര്‍ഷത്തില്‍ ഇറാന്‍ ഇടപെടുന്നതിന്റെ പൊതുമുഖമായി യുദ്ധമുഖ ഫോട്ടോകളിലും ഡോക്യുമെന്ററികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഒരു മ്യൂസിക് വീഡിയോയിലും ആനിമേറ്റഡ് സിനിമയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പെട്ടെന്ന് ഉയര്‍ന്നു.

2006 ലെ ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധത്തില്‍ മേല്‍നോട്ടം വഹിക്കാനായി സുലൈമാനി ലെബനാനിലായിരുന്നു ഒക്ടോബറില്‍ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത അപൂര്‍വ അഭിമുഖം ഉദ്ധരിച്ച് എഎഫ്പി വ്യക്തമാക്കുന്നു.

2018 ല്‍ ഇറാന്‍പോളും മേരിലാന്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച സര്‍വേയില്‍ 83 ശതമാനം പിന്തുണയാണു സുലൈമാനിക്കു ലഭിച്ചത്. പ്രസിഡന്റ് ഹസന്‍ റൂഹാനിയെയും വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനെയുമാണ് അദ്ദേഹം കടത്തിവെട്ടിയത്. ലെബനാനിലെ ഹിസ്ബുള്ള, പലസ്തീനിലെ ഹമാസ് എന്നിവയുള്‍പ്പെടെയുള്ള സൈനിക ഗ്രൂപ്പുകളുമായുള്ള ഇറാന്റെ ബന്ധത്തിന്റെ കേന്ദ്രബിന്ദുവായാണു സുലൈമാനിയെ പാശ്ചാത്യ നേതാക്കള്‍ കണ്ടത്.

ഇറാന്റെ തെക്കുകിഴക്കന്‍ പ്രദേശമായ കെര്‍മന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍നിന്നുള്ള സുലൈമാനി 1957 മാര്‍ച്ച് 11 നാണു ജനിച്ചത്. അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും അതിര്‍ത്തിക്കള്‍ക്കടുത്തുള്ള പ്രദേശമാണിത്. ഇറാനിലെ മത തലസ്ഥാനമെന്ന് അറിയപ്പെടുന്ന കോമിലാണു സുലൈമാനി ജനിച്ചതെന്നാണ് യുഎസ് ആഭ്യന്തര വകുപ്പ് പറയുന്നത്.

സുലൈമാനിയുടെ ബാല്യകാലത്തെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളൂ. അദ്ദേഹത്തിന്റെ പിതാവ് കര്‍ഷകനായിരുന്നു. അദ്ദേഹത്തിനു ഷാ മുഹമ്മദ് റെസ പഹ്ലാവിയുടെ ഭരണീത്തിനുകീഴില്‍ ഒരു സ്ഥലം ലഭിച്ചുവെങ്കിലും പിന്നീട് കടങ്ങളാല്‍ പ്രയാസപ്പെട്ടു.

13 വയസുള്ളപ്പോള്‍ നിര്‍മാണജോലിയില്‍ ഏര്‍പ്പെട്ട സുലൈമാനി പിന്നീട് കെര്‍മന്‍ വാട്ടര്‍ ഓര്‍ഗനൈസേഷന്റെ ജീവനക്കാരനായി. ഇറാനിലെ 1979 ലെ ഇസ്ലാമിക വിപ്ലവം ഷായെ അധികാരത്തില്‍നിന്ന് പുറന്തള്ളി. ഇതേത്തുടര്‍ന്ന് സുലൈമാനി റവലൂഷണറി ഗാര്‍ഡില്‍ ചേര്‍ന്നു. വിപ്ലവത്തെത്തുടര്‍ന്ന് കുര്‍ദിഷ് സംഘര്‍ഷം നേരിടുന്ന വിഭാഗത്തോടൊപ്പം സുലൈമാനിയെ ഇറാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു നിയോഗിച്ചു.

താമസിയാതെ, ഇറാഖ് ഇറാന്‍ ആക്രമിക്കുകയും ഇരു രാജ്യങ്ങളും തമ്മില്‍ എട്ടു വര്‍ഷത്തെ രക്തരൂക്ഷിത യുദ്ധം ആരംഭിക്കുകയും ചെയ്തു. ഈ പോരാട്ടത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇറാൻ ആയുധധാരികളായ സൈനികരെ മൈൻഫീൽഡുകളിലേക്ക് അയയ്ക്കുന്നതും കൗമാരക്കാരായ സൈനികർ ഉൾപ്പെടെയുള്ള ഇറാഖ് സേനയുടെ വെടിവയ്പും കണ്ടു. സുലൈമാനിയുടെ യൂണിറ്റും മറ്റുള്ളവരും ഇറാഖിലെ രാസായുധങ്ങളും ആക്രമിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook