ബഹിരാകാശത്തേക്ക് പറക്കാനായി ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത അർധ ഹ്യൂമനോയ്ഡ് ‘വ്യോമിത്ര’ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിക്കുന്നു. ബുധനാഴ്ച ബെംഗളൂരുവിൽ നടന്ന പരിപാടിയിൽ ഇസ്രോ മേധാവി കെ.ശിവനാണ് വ്യോമിത്രയെ അനാച്ഛാദനം ചെയ്തത്. ബഹിരാകാശയാത്രികരുടെ പ്രവർത്തനത്തെ അനുകരിക്കാനും അവരെ തിരിച്ചറിയാനും ചോദ്യങ്ങളോട് പ്രതികരിക്കാനും വ്യോമിത്രയ്ക്ക് കഴിയും.
എന്താണ് അർധ ഹ്യൂമനോയ്ഡ്?
ഹ്യൂമനോയ്ഡ് അടിസ്ഥാനപരമായി ഒരു മനുഷ്യന്റെ രൂപഭാവമുള്ള റോബോട്ടാണ്. ഐഎസ്ആർഒയുടെ വ്യോമിത്രയെ (വ്യോമ = സ്‌പേസ്, മിത്ര = സുഹൃത്ത്) അർധ ഹ്യൂമനോയ്ഡ് എന്നും വിളിക്കുന്നു, കാരണം അവയ്ക്ക് തലയും രണ്ട് കൈകളും കബന്ധവും മാത്രമേ ഉണ്ടാകൂ. കാലുകൾ ഉണ്ടാകില്ല.
ഏതൊരു റോബോട്ടിനെയും പോലെ, ഒരു ഹ്യൂമനോയ്ഡിന്റെ പ്രവർത്തനങ്ങളും നിർണയിക്കുന്നത് അത് കണക്റ്റുചെയ്‌തിരിക്കുന്ന കമ്പ്യൂട്ടർ സിസ്റ്റങ്ങളാണ്. കൃത്രിമബുദ്ധിയുടെയും റോബോട്ടിക്സിന്റെയും വളർച്ചയോടെ, ഒരു റസ്റ്ററന്റിലെ വെയിറ്റർ പോലുള്ള ആവർത്തിച്ചുള്ള ജോലികൾക്കായി ഹ്യൂമനോയ്ഡുകൾ കൂടുതലായി ഉപയോഗിക്കുന്നു.
ആധുനിക സംവിധാനങ്ങളായ സ്വയംഭരണ കാറുകൾ അല്ലെങ്കിൽ വോയ്‌സ്-ഓപ്പറേറ്റഡ് സിസ്റ്റങ്ങളായ അലക്സാ, സിരി, ഗൂഗിൾ അസിസ്റ്റന്റ്, കോർട്ടാന, ബിക്‌സ്ബി എന്നിവയ്ക്ക് കരുത്ത് പകരുന്ന നിർമിത ബുദ്ധിയുടെ സാങ്കേതിക വിദ്യാകൾ ഹ്യൂമനോയ്ഡിലേക്കും വിപുലീകരിച്ചിട്ടുണ്ട്. ഇതുവഴി കമാൻഡുകൾ അനുസരിച്ച് നടക്കാനും, ചലിക്കാനും, ആശയവിനിമയം നടത്താനുമെല്ലാം ഹ്യൂമനോയ്ഡിന് എളുപ്പമാണ്.
എന്തിനാണ് ഐഎസ്ആർഒ ഹ്യൂമനോയ്ഡ് നിർമിച്ചിരിക്കുന്നത്?
2022 ഓടെ ആദ്യമായി ഒരു മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഇസ്‌റോ പദ്ധതിയിടുന്നു. ഇന്ത്യൻ ബഹിരാകാശ യാത്രികന്റെ സുരക്ഷിതമായ യാത്രയും തിരിച്ചുവരവും ഉറപ്പാക്കുന്ന ഒരു ക്രൂ മൊഡ്യൂളും റോക്കറ്റ് സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള പദ്ധതികളിലാണ് കേന്ദ്രം. മനുഷ്യരെ ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ച മറ്റ് രാജ്യങ്ങൾ അവരുടെ റോക്കറ്റുകളുടെയും ക്രൂ റിക്കവറി സിസ്റ്റങ്ങളുടെയും പരീക്ഷണങ്ങൾ നടത്താൻ മൃഗങ്ങളെ ഉപയോഗിച്ചതിന് ശേഷമാണ് ഇത് ചെയ്തത്, അതേസമയം ഇസ്‌റോ ഹ്യൂമനോയ്ഡ് ഉപയോഗിച്ച് ജിഎസ്എൽവി എംകെ III റോക്കറ്റിന്റെ ഫലപ്രാപ്തി പരിശോധിച്ച് മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുകയും തിരിച്ചു കൊണ്ടു വരികയും ചെയ്യുന്നു. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ റോബോട്ടിക് ലബോറട്ടറിയിൽ ഹ്യൂമനോയ്ഡ് വികസിച്ചു കൊണ്ടിരിക്കുകയാണ്.
ബഹിരാകാശ പദ്ധതികൾക്കായി റോബോട്ടിക് സംവിധാനങ്ങൾ നിർമിക്കുന്നതിൽ ഐഎസ്ആർഒയ്ക്ക് ആവശ്യത്തിന് പരിചയമുണ്ട്. ലാൻഡർ സിസ്റ്റങ്ങളിൽ സംഭരിച്ചിരിക്കുന്ന ദൂരം, വേഗത, പ്രോസസിങ് കമാൻഡുകൾ എന്നിവ വിലയിരുത്തിക്കൊണ്ട് 2019 സെപ്റ്റംബറിലെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 2 ഉപയോഗിച്ച വിക്രം ലാൻഡർ സിസ്റ്റത്തിന്റെ കാതലായിരുന്നു നിർമിത ബുദ്ധി (ലാൻഡർ ഒരു ഭ്രമണപഥത്തിൽ നിന്ന് ഉപരിതലത്തിലേക്ക് ഇറങ്ങാൻ പരാജയപ്പെട്ടു.).
ബഹിരാകാശത്തേക്ക് പറന്നുകഴിഞ്ഞാൽ, 2022 ൽ ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികന്റെ നിലനിൽപ്പിനും സുരക്ഷിതമായ യാത്രയ്ക്കും വേണ്ടിയുള്ള ക്രൂ മൊഡ്യൂളിലെ സിസ്റ്റങ്ങൾ പരീക്ഷിക്കാൻ ഐഎസ്ആർഒയുടെ അർധ ഹ്യൂമനോയ്ഡിന് കഴിയും.
ആരാണ് വ്യോമിത്ര? ബഹിരാകാശത്ത് വ്യോമിത്ര എന്താണ് ചെയ്യുക
മനുഷ്യനെ പോലെ സംസാരിക്കാനും, അനുകരിക്കാനും കഴിയുന്നവൾ. ബഹിരാകാശത്ത് മനുഷ്യർ ചെയ്യുന്നതെല്ലാം അനുകരിക്കാൻ ഇസ്രോ വികസിപ്പിച്ചെടുത്ത മനുഷ്യറോബോട്ടായ വ്യോമിത്രയ്ക്ക് കഴിയും. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന്റെ മുന്നോടിയായാണ് വ്യോമിത്രയെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നത്. സംഭാഷണങ്ങൾ നടത്താനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ശേഷിയും വ്യോമിത്ര എന്ന റോബോർട്ടിനുണ്ട്.
മുന്നറിയിപ്പുകൾ നൽകാനും ബഹിരാകാശ പേടകത്തിന്റേയും യാത്രികന്റേയും സുരക്ഷ ഉറപ്പു വരുത്താനും വ്യോമിത്രയ്ക്ക് സാധിക്കും. ബഹിരാകാശ യാത്രയ്ക്കിടെ ക്രൂ മൊഡ്യൂളിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും വ്യോമിത്ര ഭൂമിയിലേക്ക് റിപ്പോർട്ടുകൾ നൽകും.
ഐഎസ്ആർഒ കമാൻഡുമായി സമ്പർക്കം പുലർത്തുന്ന വ്യോമിത്രക്ക് പരീക്ഷണങ്ങൾ നടത്താനുള്ള കഴിവുമുണ്ട്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി രണ്ട് ആളില്ലാ ദൗത്യങ്ങൾ നടത്താനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. 2020 ഡിസംബറിൽ ആദ്യ ദൗത്യവും 2021 ജൂണിൽ രണ്ടാമത്തെ ആളില്ലാ ദൗത്യവും നടക്കും. ആദ്യ ദൗത്തിന്റെ ഭാഗമാണ് വ്യോമിത്ര.
2019ലെ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള ദൗത്യം പ്രഖ്യാപിച്ചത്. മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതിയാണ് ഗഗൻയാൻ. ഇന്ത്യയിലും റഷ്യയിലുമായാണ് ബഹിരാകാശ യാത്രികർക്കുള്ള പരിശീലനമൊരുക്കുന്നത്. ബഹിരാകാശ യാത്രികരുടെ ശാരീരിര സ്ഥിതികൾ പരിശോധിക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയിലെ ഡോക്ടർമാരെയും ഫ്രാൻസിലേക്ക് പരിശീലനത്തിന് അയച്ചിട്ടുണ്ട്.