Latest News

മതപാഠശാലയിൽനിന്ന് അഫ്ഗാനിസ്ഥാന്റെ പരമോന്നത പദവിയിലേക്ക്; ആരാണ് ശൈഖ് ഹൈബത്തുല്ല അഖുന്ദ്‌സാദ?

ശൈഖ് ഹൈബത്തുള്ള അഖുന്ദ്‌സാദ പരമോന്നത ആത്മീയനേതാവും മുല്ല അബ്ദുള്‍ ഗനി ബരാദര്‍ ദൈനംദിന ഭരണനേതൃത്വവുമായിക്കൊണ്ടുള്ള ഭരണകൂടമാണു വരാനിരിക്കുന്നതെന്നാണ് സൂചനകള്‍

Afghanistan, Afghanistan new Taliban governement, Sheikh Haibatullah Akhundzada, Sheikh Haibatullah Akhundzada Afghanistan supreme leader, Taliban government, Who is Sheikh Akhundzada, Akhundzada Taliban, Taliban president, World news, Latest current affairs, indian express malayalam, ie malayalam

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം അതിവേഗം പിടിച്ചെടുത്ത താലിബാൻ ആഴ്ചകള്‍ക്കുശേഷം പുതിയ സര്‍ക്കാര്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. താലിബാന്റെ മതകാര്യ പരമോന്നത നേതാവ് ശൈഖ് ഹൈബത്തുള്ള അഖുന്ദ്‌സാദ പരമോന്നത ആത്മീയനേതാവും മുല്ല മുഹമ്മദ് ഒമറിനൊപ്പം താലബാന്‍ സ്ഥാപിച്ച മുല്ല അബ്ദുള്‍ ഗനി ബരാദര്‍ ദൈനംദിന ഭരണനേതൃത്വവുമായിക്കൊണ്ടുള്ള ഭരണകൂടമാണു വരാനിരിക്കുന്നതെന്നാണ് ഇതുവരെ പുറത്തുവന്ന സൂചനകള്‍.

സർക്കാർ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, വലിയ വെല്ലുവിളിയാണു അഫ്ഗാനിസ്ഥാന്റെ പുതിയ നേതാക്കള്‍ക്കു മുന്നിലുള്ളതെന്ന് ഉറപ്പാണ്. മനുഷ്യാവകാശ പ്രതിസന്ധിക്കു പുറമെ താലിബാന്‍ ആധിപത്യത്തില്‍നിന്ന് ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാര്‍ പലായനം ചെയ്തതും മുന്നിലുണ്ട്. ഇതോടൊപ്പം പണം കണ്ടെത്തുന്നതിലും പുതിയ സര്‍ക്കാര്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും. അമേരിക്ക ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന വായ്പാ ദാതാക്കളും ഫണ്ട് നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണ്.

ശൈഖ് ഹൈബത്തുല്ല അഖുന്‍സാദയായിരിക്കും പുതിയ ഇസ്ലാമിക് സര്‍ക്കാരിന്റെ പരമോന്നത അധികാരിയെന്ന് താലിബാന്‍ അധികൃതര്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന അഭിമുഖങ്ങളില്‍, സൂചിപ്പിച്ചിരുന്നു. ഈ ആഴ്ച അദ്ദേഹം മറ്റ് അഫ്ഗാന്‍ നേതാക്കളുമായി കാണ്ഡഹാറില്‍ കൂടിക്കാഴ്ച നടത്തുമെന്നു ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു. അഖുന്‍സാദയായിരിക്കും ഏതു ഭരണസമിതിയുടെയും ഉന്നത നേതാവെന്നു താലിബാന്‍ സാംസ്‌കാരിക കമ്മിഷന്‍ അംഗം ബിലാല്‍ കരിമി ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ആരാണ് ശൈഖ് ഹൈബത്തുള്ള അഖുന്‍സാദ?

തന്റെ മുന്‍ഗാമി അക്തര്‍ മന്‍സൂര്‍ അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ യുഎസ് 2016 ല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിശേഷമാണു താലിബാന്റെ പരമോന്നത നേതൃപദവിയിലേക്കു ശൈഖ് ഹൈബത്തുള്ള അഖുന്‍സാദ എത്തിയത്. കാണ്ഡഹാറിന് പുറത്തുള്ള പഞ്ച്‌വായി ജില്ലയില്‍ ജനിച്ചുവളര്‍ന്ന അഖുന്‍സാദ മദ്രസകളിലോ മതപാഠശാലകളിലോ ആണ് പഠിച്ചത്. അന്‍ഖുസാദയുടെ കുടുംബം സോവിയറ്റ് അധിനിവേശത്തിനുശേഷം പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്കു മാറി.

Also Read: അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിന് താലിബാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്തും: വിദേശകാര്യ മന്ത്രാലയം

എണ്‍പതുകളില്‍, ‘ഇസ്ലാമിക പ്രതിരോധത്തിന്റെ’ ഭാഗമായി സോവിയറ്റുകളെ നേരിടാൻ യുവ മത വിദ്യാര്‍ത്ഥികളോടൊപ്പം അന്‍ഖുസാദ ഉണ്ടായിരുന്നു. പാക്കിസ്ഥാനിലെ മദ്രസയില്‍ പഠനം തുടര്‍ന്ന അന്‍ഖുസാദ താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ മത ‘ഉപദേഷ്ടാവായി’ വളര്‍ന്നു. ക്രമേണ ഷെയ്ഖ് ഉള്‍ -ഹദീസ് അല്ലെങ്കില്‍ മികച്ച മതപണ്ഡിതന്‍, മൗലവി എന്നീ രണ്ട് ഉന്നത മതപദവികളില്‍ എത്തി.

1990 കളില്‍ സോവിയറ്റ് സൈന്യത്തെ പിന്‍വലിച്ചതു മുതലുള്ള ബന്ധമാണ് അന്‍ഖുസാദയ്ക്കു താലിബാനുമായുള്ളത്. എന്നാല്‍, തന്റെ പണ്ഡിതപശ്ചാത്തലം കാരണം സൈനിക കമാന്‍ഡര്‍ എന്നതിനേക്കാളുപരി മതനേതാവായാണ് അദ്ദേഹം അറിയപ്പെട്ടത്. താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ഫറ പ്രവിശ്യ പിടിച്ചടക്കിയപ്പോള്‍, ആ പ്രദേശത്തെ ക്രമസമാധാന മേല്‍നോട്ടത്തിനായി അന്‍ഖുസാദയെയാണ് നിയമിച്ചത്. പിന്നീട് അദ്ദേഹത്തെ കാണ്ഡഹാറിലെ താലിബാന്‍ സൈനിക കോടതിയില്‍ നിയമിച്ചു. തുടര്‍ന്ന് നംഗര്‍ഹാര്‍ പ്രവിശ്യയിലേക്കു മാറ്റപ്പെട്ട അദ്ദേഹം അവിടുത്തെ സൈനിക കോടതിയുടെ തലവനായി മാറി.

താലിബാന്‍ കോടതികളിലെ ഒരു സ്ഥിരം അംഗമായ അദ്ദേഹം, കുറ്റം ചുമത്തപ്പെട്ട കൊലപാതകികളെയും വ്യഭിചാരികളെയും പരസ്യമായി വധിക്കുന്നതുപോലുള്ള തീവ്ര ഇസ്ലാമിക ശിക്ഷകളെ പിന്തുണയ്ക്കുന്നത് ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പിന്റെ നിരവധി ഫത്വകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന 2001-ല്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ അധിനിവേശത്തില്‍ താലിബാന്‍ ഭരണം അട്ടിമറിക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ താലിബാന്റെ മതപണ്ഡിത കൗണ്‍സിലിന്റെ തലവനായി നിയമിച്ചു. എന്നാല്‍, താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനെ നിയന്ത്രണം പിടിക്കുന്നതുവരെ അദ്ദേഹം അത്ര ശ്രദ്ധയാകര്‍ഷിക്കാത്ത സ്ഥാനത്ത് ഒതുങ്ങി. പൊതുജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വിവിധ ഇസ്ലാമിക അവധി ദിവസങ്ങളില്‍ പ്രസ്താവനകള്‍ പുറത്തിറക്കുന്നതു മാത്രമായിരുന്നു.

താലിബാന്‍ സര്‍ക്കാര്‍ എങ്ങനെയായിരിക്കും?

രണ്ട് ദിവസത്തിനുള്ളില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണു ഖത്തറിലെ താലിബാന്റെ രാഷ്ട്രീയ ഓഫീസ് ഉപമേധാവി ഷേഷര്‍ അബ്ബാസ് സ്റ്റാനെക്സായ് കഴിഞ്ഞദിസം പറഞ്ഞത്. എന്നാല്‍, താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി മുല്ല ബരാദര്‍ പുതിയ സര്‍ക്കാരിനെ നയിക്കുമെന്നാണ് ഇന്നു പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

Also Read: ജാലിയന്‍വാലാബാഗ് സ്മാരക നവീകരണം വിമര്‍ശിക്കപ്പെടുന്നത് എന്തുകൊണ്ട്?

താലിബാനുമായി ബന്ധപ്പെട്ട മൂന്ന് ഉറവിടങ്ങളെയെങ്കിലും ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്തരിച്ച താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ്, ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി എന്നിവര്‍ സര്‍ക്കാരില്‍ ഉന്നത പദവികള്‍ വഹിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സര്‍ക്കാര്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മുതിര്‍ന്ന നേതാക്കളെല്ലാം കാബൂളില്‍ എത്തിയതായും പേര് വെളിപ്പെടാന്‍ ആഗ്രഹമില്ലാത്ത താലിബാന്‍ നേതാവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പുതിയ താലിബാന്‍ സര്‍ക്കാരിനെ മറ്റു രാജ്യങ്ങള്‍ അംഗീകരിക്കുമോ ഇല്ലയോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്.

ഇറാന്‍ മാതൃകയിലുള്ള, ആത്മീയ നേതാവിനു സമാനമായ പരമോന്നത പദവിയായിരിക്കും ശൈഖ് ഹൈബത്തുല്ല അഫ്ഗാനിസ്ഥാനില്‍ വഹിക്കുകയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ചെയ്തത്.

”പുതിയ സര്‍ക്കാര്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്, മന്ത്രിസഭയെക്കുറിച്ച് ആവശ്യമായ ചര്‍ച്ചകളും നടന്നു. ഞങ്ങള്‍ പ്രഖ്യാപിക്കുന്ന ഇസ്ലാമിക സര്‍ക്കാര്‍ ജനങ്ങള്‍ക്കു മാതൃകയായിരിക്കും. സര്‍ക്കാരില്‍ ആത്മീയ പരമോന്ന നേതാവി (അഖുന്ദ്‌സാദ)ന്റെ സാന്നിധ്യത്തെക്കുറിച്ച് സംശയമില്ല. അദ്ദേഹം സര്‍ക്കാരിന്റെ നേതാവാകും. ഇതിനെക്കുറിച്ച് ഒരു ചോദ്യവും ഉദിക്കുന്നില്ല,” അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ സാംസ്‌കാരിക കമ്മിഷനിലെ ഒരു അംഗം പറഞ്ഞു.

തങ്ങള്‍ ഒരു ഏകാധിപത്യ സര്‍ക്കാര്‍ സ്ഥാപിക്കില്ലെന്നു താലിബാന്‍ നേരത്തെ പറഞ്ഞിരുന്നു. വിവിധ വംശീയ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന സര്‍ക്കാരില്‍ വനിതാ നേതാക്കളും ഉള്‍പ്പെടുമെന്നും പറയപ്പെടുന്നു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Who is sheikh haibatullah akhundzada afghanistan supreme leader taliban government

The moderation of comments is automated and not cleared manually by malayalam.indianexpress.com