scorecardresearch
Latest News

റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രാജ്യാന്തര സിനിമയിലേക്ക്; അറിയാം പാൻ നളിൻ എന്ന സംവിധായകനെ

ഗുജറാത്തിലെ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച് ചായ വിറ്റ് ഉപജീവനം കണ്ടെത്തിയ ബാലൻ ലോക സിനിമാ ഭൂപടത്തിൽ ഇടം പിടിച്ച സിനിമയെ വെല്ലുന്ന വിസ്മയ കഥയാണ് പാൻ നളിൻ എന്ന നളിൻകുമാർ രാംനികാൽ പാണ്ഡ്യയുടേത്

റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നും രാജ്യാന്തര സിനിമയിലേക്ക്; അറിയാം പാൻ നളിൻ എന്ന സംവിധായകനെ

ഇത്തവണ ഓസ്കാർ നോമിനേഷനു വേണ്ടി ഇന്ത്യയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത് ‘ചെല്ലോ ഷോ’ എന്ന, 2021 ൽ നിർമ്മിക്കപ്പെട്ട ഗുജറാത്തി ചിത്രമാണ്. അവസാനത്തെ ചലച്ചിത്ര പ്രദർശനം എന്ന അർത്ഥമുള്ള ഈ ചലച്ചിത്രം സംവിധായകൻ പാൻ നളിൻ എന്ന നളിൻകുമാർ രാംനികാൽ പാണ്ഡ്യയുടെ ആത്മകഥാംശം ഉൾക്കൊള്ളുന്ന കഥയാണ് പറയുന്നത്. ലോക സിനിമാ രംഗത്ത് കഴിഞ്ഞ 20 വർഷത്തിലേറെയായി സുപരിചിതമായ പേരാണ് പാൻ നളിൻ. നാല് ഫീച്ചർ ഫിലുമുകളും നിരവധി ഡോക്യുമെന്ററികളും ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്യുകയും തിരക്കഥ, എഡിറ്റിങ്, നിർമ്മാണം തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളിൽ മുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തി.

ഗുജറാത്തിലെ അമ്രേലിയിലെ അഡ്തലയിൽ ജനിച്ച നളിൻ ചെയ്ത ‘ചെല്ലോ ഷോ’ എന്ന സിനിമയിൽ ആ പ്രദേശത്ത് നിന്നുള്ള തന്റെ ബാല്യകാലത്തിന്റെ വേരുകൾ തിരയുകയാണ്. സൗരാഷ്ട്രയിലെ ചാലാല എന്ന ഗ്രാമത്തിൽ നിന്നുള്ള ഒമ്പത് വയസ്സുള്ള സമയ്, സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിന് കൈക്കൂലി നൽകി സിനിമാ ഹാൾ പ്രൊജക്ഷൻ ബൂത്തിൽ കയറുന്നതും, വേനൽക്കാലത്ത് സിനിമകൾ കണ്ടു കഴിയുന്നതും, സിനിമയും ജീവിതവും ഇഴചേർന്നൊഴുകുന്ന സമയ്യുടെ കഥയാണ്.

അഡ്തല ഗ്രാമത്തിൽ നിന്നുള്ള ആറ് ആൺകുട്ടികളാണ് ഈ സിനിമയിൽ അഭിനയിച്ചത്. സൗരാഷ്ട്രയിലെ ഗ്രാമങ്ങളിലും റെയിൽവേ സ്റ്റേഷനിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇന്ത്യയിൽ കോവിഡ്-19 ലോക്ക്ഡൗണിന് തൊട്ടുമുമ്പ് 2020 മാർച്ചിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

2023-ലെ ഓസ്‌കാർ പട്ടികയിൽ പേര് വരുന്നതിന് മുമ്പ് തന്നെ ‘ചെല്ലോ ഷോ’ എന്ന ചലച്ചിത്രം ലോകശ്രദ്ധയിൽ പെട്ടിരുന്നു. 2021-ലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിട്ടായിരുന്നു വേൾഡ് പ്രീമിയർ. ട്രിബേക്ക ഫെസ്റ്റിവലിൽ രണ്ടാമത്തെ മികച്ച ചലച്ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരവും ലഭിച്ചു. സ്പെയിനിൽ നടന്ന 66-ാമത് വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സ്പൈക്ക് അവാർഡും നേടിയിട്ടുണ്ട് ഈ ചിത്രം. മിലിവാലി ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക അവാർഡ്, ബീജിങ് ഫിലിം ഫെസ്റ്റിവലിൽ നോമിനേഷൻ, തുടർന്ന് ടിനാടിയാൻ അവാർഡ് ലഭിക്കുകയും ചെയ്തു.

മൂന്ന് ദശകത്തോളമായി സിനിമാ രംഗത്തെ വിവിധ മേഖലകളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന പാൻ നളിൻ 2001ൽ ‘സംസാര’ എന്ന ചിത്രത്തിലൂടെയാണ് ഫീച്ചർ ഫിലിം ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംയുക്ത പ്രൊഡക്ഷനായിരുന്നു ‘സംസാര.’

1991 ൽ ‘ഖജുരാഹോ’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ നളിൻ കുമാർ പാണ്ഡ്യ ഹ്രസ്വ ചിത്രങ്ങളും ഡോക്യമെന്ററികളും സംവിധാനം ചെയ്തു കൊണ്ടാണ് തുടർന്നുള്ള വർഷങ്ങളിൽ സിനിമലോകത്ത് സജീവമായത്. സംവിധാനത്തിന് പുറമെ നിർമ്മാതാവ് എന്ന നിലയിലും, തിരക്കഥാകൃത്തായും എഡിറ്ററായും ഒക്കെ കഴിവ് തെളിയിച്ച വ്യക്തിയാണ് നളിൻ.

സിനിമ രംഗത്ത് വന്ന് പത്ത് വർഷം പിന്നിട്ട ശേഷമാണ് പാൻ നളിൻ ആദ്യ ഫീച്ചർ ഫിലിം ആയ ‘സംസാര’ സംവിധാനം ചെയ്യുന്നത്. അതൊരു രാജ്യാന്തര പ്രൊഡക്ഷൻ ആയിരുന്നു. ഫിലിം സർക്യൂട്ടുകളിൽ മാത്രമല്ല, കൊമേഴ്സ്യൽ മേഖലയിലും സംസാര എന്ന സിനിമ ജനപ്രീതി നേടിയ ‘സംസാര’ ടിബറ്റൻ ഭാഷയിലായിരുന്നു. ഡർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രഥമ ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം, എഎഫ്‌ഐ ഫെസ്റ്റിൽ ‘ഗ്രാൻഡ് ജൂറി പ്രൈസ് – പ്രത്യേക പരാമർശം,’ സാന്താ ബാർബറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി അവാർഡ്, മെൽബൺ ഇന്റർനാഷണലിൽ ‘ഏറ്റവും ജനപ്രിയ ഫീച്ചർ ഫിലിം’ എന്നിങ്ങനെയുള്ള അവാർഡുകൾ നേടി.

ഇന്ത്യൻ അഭിനയ രംഗത്തെ പ്രതിഭയായ നസിറുദ്ദീൻ ഷാ അഭിനയിച്ച ‘വാലി ഓഫ് ഫ്ലവേഴ്സ്’ ആയിരുന്നു പാൻ നളിൻ സംവിധാനം ചെയ്ത രണ്ടാമത്തെ ഫീച്ചർ ഫിലിം. 2006ൽ പുറത്തിറങ്ങിയ ഈ ചിത്രവും ഫ്രഞ്ച്, ജർമ്മൻ ഇന്ത്യൻ നിർമ്മാതാക്കൾ ഉൾപ്പെടുന്ന രാജ്യാന്തര പ്രൊഡക്ഷൻ ആയിരുന്നു. നസറുദ്ദീൻ ഷായ്ക്ക് പുറമെ മിലിന്ദ് സോമനും ഫ്രഞ്ച് നടി മൈലെനെ ജംപനോയ് എന്നിവരും പ്രധാന റോളിൽ അഭിനയിച്ചു. ഹിന്ദി, ജാപ്പനീസ് ഭാഷകളിലായിരുന്നു ചിത്രം.

പിന്നീട് ഒമ്പത് വർഷത്തിന് ശേഷം 2015ലാണ് നളിൻ അടുത്ത ഫീച്ചർ ഫിലിം ചെയ്തത്. ‘ആങ്ഗ്രി ഇന്ത്യൻ ഗോഡസസ്’ എന്ന ഹിന്ദി ചിത്രം. പാൻ നളിൽ ചെയ്ത സമ്പൂർണ്ണ ഹിന്ദി ചിത്രം ഒരുപക്ഷേ ഇതായിരിക്കും. ‘സംസാര’ എന്ന ആദ്യ ചലച്ചിത്രം പോലെ തന്നെ പിന്നീട് വന്ന രണ്ട് ചലച്ചിത്രങ്ങളും നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ലഭിച്ചവയാണ്. ഇവയും നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപെടുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

അക്കാദമിക് ഇൻസ്റ്റിറ്റ്യൂട്ടിനു പുറത്ത് നിന്നും സിനിമ സ്വയം പഠിച്ചെടുത്ത ചലച്ചിത്രകാരനാണ് നളിൻ. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ അഡ്തല എന്ന ഉൾനാടൻ ഗ്രാമത്തിലാണ് നളിൻ ജനിച്ചത്. 12 വയസ്സുവരെ, അമ്രേലി ജില്ലയിലെ ഖിജാദിയ റയിൽവെ ജംക്‌ഷൻ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ചായ വിൽക്കാൻ അച്ഛനെ സഹായിച്ചു. കുട്ടിക്കാലത്ത് സ്കൂളിൽ പോയി പഠിക്കാൻ താൽപ്പര്യം കാണിക്കാതിരുന്ന നളിൻ ചിത്രങ്ങൾ വരയ്ക്കുകയും പുരാണ നാടകങ്ങളും നാടോടി നാടകങ്ങളും അവതരിപ്പിക്കുന്നതിൽ മുഴുകുകയും ചെയ്തു.

Pan Nalin, Pan Nalin films, Gujarati film, Oscars 2023, Oscar Awards, Academy Awards, 95th Academy Awards, Chhello Show, Chhello Show release,

Read Here: ഇന്ത്യയുടെ ഓസ്‌ക്കർ ചിത്രത്തിലെ കോഴിക്കോടുകാരി

സിനിമ തലയ്ക്ക് പിടിച്ച ‘ചെല്ലോ ഷോ’ എന്ന സിനിമയിലെ സമയ് എന്ന കുട്ടിയെ പോലെയായിരുന്നു നളിനും. വളരെ ചെറുപ്പത്തിൽ തന്നെ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയുടെ ലോകത്തേക്ക് നളിൻ നടന്നു പോയി. ബറോഡ എം എസ് യൂണിവേഴ്സിറ്റിയിൽ ഫൈൻ ആർട്‌സ് പഠിക്കാൻ ചേർന്നു. അവിടെ വച്ച് ഹോളിവുഡ് സിനിമകളുടെയും ലോക സിനിമയുടെയും പുതിയ ലോകം നളിന് മുന്നിൽ തുറന്നു കിട്ടി. ഒരു വർഷത്തിനു ശേഷം നളിൻ എൻഐഡിയിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, അഹമ്മദാബാദ്) ഡിസൈൻ പഠിക്കാൻ ചേർന്നു. എൻഐഡിയിൽ പഠിക്കുമ്പോൾ, അദ്ദേഹം സിനിമകളെക്കുറിച്ച് എഴുതുകയും സിനിമകാണലിലും ഫിലിം ക്ലബ് പ്രവർത്തനത്തിലും സജീവമാവുകയും ചെയ്തു. വിദ്യാഭ്യാസത്തിനും സിനിമാ നിർമ്മാണത്തിനുമായി നളിൻ അമ്പതോളം വിവാഹ വീഡിയോകൾ നിർമ്മിച്ചു. അഹമ്മദാബാദിലെ പ്രശസ്തമായ സൺഡേ ഫ്ലീ മാർക്കറ്റിൽ നിന്ന് നളിൻ പഴയ ഫിലിം ക്യാമറകൾ കണ്ടെത്തി. ഈ ക്യാമറകൾ ഉപയോഗിച്ച് അദ്ദേഹം നാല് ആനിമേഷനുകളും ഇരുപത് ഹ്രസ്വ നിശബ്ദ ചിത്രങ്ങളും നിർമ്മിച്ചു. എന്നിരുന്നാലും, എഡിറ്റിംഗ്, സൗണ്ട്, ലാബ് ജോലികൾ എന്നിവയ്ക്ക് പണം കണ്ടെത്താനാവാതെ ആ സിനിമകളിൽ ഭൂരിപക്ഷവും പൂർത്തിയാക്കിയില്ല, ചിലത് നഷ്ടപ്പെട്ടു. എൻഐഡിയിൽ നിന്ന് ബിരുദം നേടിയ ശേഷം, രണ്ട് വർഷത്തേക്ക് നളിൻ ഇന്ത്യയിലുടനീളം സഞ്ചരിച്ചു.

സിനിമ തലയ്ക്ക് പിടിച്ച മനുഷ്യരുടെ വഴിയിൽ തന്നെയായിരുന്നു നളിൻ നടത്തിയ യാത്രയും. നളിൻ മുംബൈയിലേക്ക് താമസം മാറി, ദുർഗാ ഖോട്ടെ പ്രൊഡക്ഷൻസിൽ പ്രൊഡക്ഷനിൽ ( പ്രൊഡക്ഷൻ റണ്ണർ) ജോലി ലഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മാതാക്കൾ നളിന്റെ കഴിവുകൾ തിരിച്ചറിയുകയും പരസ്യചിത്രങ്ങളും കോർപ്പറേറ്റ് സിനിമകളും സംവിധാനം ചെയ്യാനുള്ള അവസരം നൽകുകയും ചെയ്തു. 1988-ൽ, പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ.കെ.ലക്ഷ്മണുമായി സഹകരിച്ച് ദൂരദർശൻ ടെലിവിഷൻ പരമ്പര നളിൻ വിഭാവനം ചെയ്തു; ഈ പരമ്പര പിന്നീട് ‘വാഗ്ലേ കി ദുനിയ’ എന്ന പേരിൽ ഹിറ്റായി.

യു എസ് എ, യു കെ, യൂറോപ്പ് എന്നിവിടങ്ങളിൽ യാത്ര ചെയ്ത് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നളിൻ തിരക്കഥകൾ എഴുതുകയും ഡോക്യുമെന്ററികൾ സംവിധാനം ചെയ്യാനും തുടങ്ങി. ഡിസ്കവറി, ഫ്രാൻസിലെ കനാൽ പ്ലസ്, ബി ബി സി എന്നിങ്ങനെ വിവിധ രാജ്യാന്തര ടെലിവിഷൻ നെറ്റ്‌വർക്കുകൾക്ക് വേണ്ടിയാണ് ഇതിലെ ഭൂരിപക്ഷം ഡോക്യുമെന്ററികളും ചെയ്തത്. ഷാറൂഖ് ഖാൻ, ശ്രീദേവി എന്നിവരെ കുറിച്ച് ഫ്രഞ്ച്ടെലിവിഷൻ നെറ്റ് വർക്കിന് വേണ്ടി ഡോക്യുമെന്ററികൾ ചെയ്തു. ആധുനിക ഇന്ത്യയെ കുറിച്ചും നാഗാലാൻഡിലെ ഉൾനാടൻ പ്രദേശങ്ങളെ കുറിച്ചും ടിബറ്റൻ പ്രദേശത്തെ കുറിച്ചുമൊക്കെയുള്ള ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്.

നളിന്റെ സ്വതന്ത്രമായ ചലച്ചിത്രനിർമ്മാണ മനോഭാവം ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായകയായ യോലാൻഡെ സോബർമാന്റെ ശ്രദ്ധ ആകർഷിച്ചു; അവർ ‘ബോൺ ക്രിമിനൽ ഇൻ ഇന്ത്യ’ എന്ന ഫീച്ചർ ഡോക്യുമെന്ററി നിർമ്മിക്കുമ്പോൾ, സൗബർമാന്റെ സിനിമാ നിർമ്മാണ ശൈലിയിൽ താൽപ്പര്യം ജനിച്ച, നളിൻ സിനിമയുടെ സഹനിർമ്മാതാവായി. ‘ബോൺ ക്രിമിനൽ’ എന്ന ഡോക്യുമെന്ററിക്ക് കാൻ ഫിലിം ഫെസ്റ്റിവലിൽ ഒഫിഷ്യൽ സെലക്ഷൻ ലഭിച്ചു.

പിന്നീട് നളിൻ മൺസൂൺ ഫിലിംസം എന്ന പേരിൽ സ്വന്തം ഫിലിം പ്രൊഡക്ഷൻ കമ്പിനി തുടങ്ങി. ഡൽഹിയിൽ തുടങ്ങിയ കമ്പനി പിന്നീട് മുംബൈയലേക്ക് മാറ്റി.

യൂറോപ്പിലെ നിർമ്മാതാവ് കാൾ ബൗംഗാർട്ട്നറുടെ ശ്രദ്ധയിലേക്ക് നളിൻ വരുന്നതോടെയാണ് കാര്യങ്ങൾ അതിവേഗം മാറി മറിയുന്നത്. 2000ത്തിൽ പാരീസിലെ സിനിമാതെക്കിൽ വച്ചാണ് ആ വഴിത്തിരിവ് സംഭവിക്കുന്നത്. അവിടെ നളിൻ ചെയ്ത ‘സേക്രഡ് കോർട്ടീസൻ ദേവദാസി’ എന്ന ഡോക്യുമെന്ററിയും ‘ഖജുരാഹോ’ എന്ന ഹ്രസ്വ ചിത്രവും പ്രദർശിപ്പിക്കുമ്പോൾ കാൾ ബൗംഗാർട്ട്നർ അവിടെയുണ്ടായിരന്നു. ‘സംസാര’ എന്ന ചലച്ചിത്രത്തിന് നിർമ്മാതാവിനെ കണ്ടെത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ പരാജയപ്പെട്ട് അലയുന്ന കാലമായിരുന്നു അത്. 170 പേർ നിരസിച്ച ആ പ്രൊപ്പോസൽ പാരീസ് സിനിമാതെക്കിൽ വച്ച് ബൗംഗാർട്ട്‌നറുമായുള്ള കൂടിക്കാഴ്ചയിൽ സ്വീകരിക്കപ്പെട്ടു. അദ്ദേഹം പ്രധാന നിർമ്മാതാവായി വരുകയും ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ഇന്ത്യ എന്നീ രാജ്യങ്ങളുമായുള്ള സഹനിർമ്മാണത്തിൽ ‘സംസാര’യുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. നാല് മാസം കൊണ്ട് പൂർത്തിയാക്കിയ ‘സംസാര’ ടൊറന്റോ ചലച്ചിത്രോത്സവത്തിൽ പ്രീമിയർ ചെയ്തു. ഈചിത്രത്തിന് സാന്താ ബാർബറാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം ലഭിച്ചതോടെ പാൻ നളിൻ ലോക സിനിമയുടെ വെള്ളിവെളിച്ചത്തിൽ ദൃശ്യത നേടി.

‘സംസാര’ യുടെ ഗംഭീര വിജയത്തെത്തുടർന്ന് നളിൻ 15000 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് ഇന്ത്യയിലെ നിരവധി പരമ്പരാഗത വൈദ്യന്മാരെ കണ്ട് ‘ആയുർവേദ: ആർട്ട് ഓഫ് ബീയിംഗ്’ എന്ന ഡോക്യുമെന്ററി പൂർത്തിയാക്കി. ഈ ഡോക്യുമെന്ററി ലോക ശ്രദ്ധ പിടിച്ചുപറ്റി. ‘ആയുർവേദം: ആർട്ട് ഓഫ് ബീയിംഗ്’ സ്‌പെയിനിൽ ഒരു വർഷം നീണ്ട തിയറ്റർ പ്രദർശനം നടത്തി. ഫ്രാൻസിൽ രണ്ട് വർഷത്തെ നീണ്ട പ്രദർശനവും ഉണ്ടായി. യുഎസ്എ, കാനഡ, ജർമ്മനി, ഹോളണ്ട് എന്നിവിടങ്ങളിൽ ചിത്രം സമാനമായ വിജയം നേടി.

‘സംസാര’ പുറത്ത് വന്ന് അഞ്ച് വർഷത്തിന് ശേഷമാണ് 2006-ൽ, നളിന്റെ ഹിന്ദി, ജാപ്പനീസ് ഭാഷകളിലെ രണ്ടാമത്തെ ഫീച്ചർ ഫിലിം പുറത്തുവരുന്നത്. ‘വാലി ഓഫ് ഫ്‌ളവേഴ്‌സ്’ എന്ന രണ്ടാമത്തെ ഫീച്ചർ ഫിലിം ഏകദേശം 35 രാജ്യങ്ങളിൽ മുൻകൂട്ടി വിറ്റഴിച്ചു. ചിത്രം പുറത്തു വരുന്നതിന് മുമ്പ് തന്നെ ഹിറ്റായി മാറി. ഹിമാലയത്തിലും ജപ്പാനിലുമാണ് ‘വാലി ഓഫ് ഫ്ലവേഴ്സ്’ ചിത്രീകരിച്ചത്. നിരവധി ഫിലിം ഫെസ്റ്റിവലികളിൽ പ്രർദശിപ്പിച്ചു. മികച്ച സംവിധായകൻ, മികച്ച സിനിമ എന്നിങ്ങനെയുള്ള അവർഡുകൾ സിനിമയെ തേടിയെത്തി.

2013ൽ കുംഭമേളയെ കുറിച്ച് എടുത്ത ഡോക്യമെന്ററി വിവിധ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചു, വിവിധ പുരസ്കാരങ്ങളും ലഭിച്ചു.ശേഷം 2015ൽ ‘ആങ്ഗ്രി ഇന്ത്യൻ ഗോഡസസ്’ എന്ന മൂന്നാമത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്തു. രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം 2017ൽ നെറ്റ‌ഫ്ലിക്സിൽ സ്ട്രീം ചെയ്തു.

‘ആങ്ഗ്രി ഇന്ത്യൻ ഗോഡസസ്’ എന്ന ചലച്ചിത്രത്തിന് ശേഷം ആറ് വർഷം പിന്നിട്ട ശേഷമാണ് നളിൻ തന്റെ നാലാമത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നത്. 2020 ൽ കോവിഡ് മഹാമാരിയുടെ പിടിയിൽ ലോകം അമരുന്നതിന് തൊട്ട് മുമ്പ് ഷൂട്ടിങ് പൂർത്തിയാക്കിയ ‘ചെല്ലോ ഷോ’ എന്ന ചലച്ചിത്രത്തിൽ നളിന്റെ അത്മകഥാംശമുണ്ട് എന്നത് ആ സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

ആന്ദ്രേ തർക്കോവ്‌സ്‌കി സിനിമകളുടെ ആത്മീയ വാഞ്‌ഛ, അകിര കുറോസാവയുടെ ആക്ഷൻ, സ്റ്റാൻലി കുബ്രിക്കിന്റെയും സെർജിയോ ലിയോണിന്റെയും വൈവിധ്യമാർന്ന സ്‌റ്റൈലിങ് എന്നിവ പാൻ നളിന്റെ സിനിമാ ദർശനത്തെ സ്വാധീനിച്ച ആദ്യകാല ഘടകങ്ങളാണ്. അതിനെ അടിസ്ഥാനമാക്കി പഠിച്ച പാഠങ്ങളിൽ നിന്നുൾക്കൊണ്ട് പുതിയ കാഴ്ചയും ഭാവനയും ദർശനവുമാണ് പാൻ നളിൻ സ്വന്തം സിനിമകളിലൂടെ ആവിഷ്ക്കരിക്കുന്നത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Who is pan nalin indias contender at the oscars