ശത്രുക്കൾ ‘ടാർഗറ്റ് നമ്പർ 2’ ആയി അവരെ അടയാളപ്പെടുത്തിയെന്ന യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ കുടുംബവും ശ്രദ്ധിക്കപ്പെടുന്നത്. ഇത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രഥമവനിത ഒലീന സെലെൻസ്‌കയുടെയും രണ്ട് കൊച്ചുകുട്ടികളായ അലക്‌സാന്ദ്രയുടെയും കിറിലിന്റെയും ദുരവസ്ഥയിലേക്ക് ലോക ശ്രദ്ധ ആകർഷിച്ചു.
റഷ്യയ്‌ക്കെതിരായ പോരാട്ടത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകുന്ന ഭർത്താവിനൊപ്പമാണ് തിരക്കഥാകൃത്ത് കൂടിയായ ഒലീന. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആക്രമണങ്ങളോടുള്ള യുക്രൈനിന്റെ ചെറുത്തുനിൽപ്പിന്റെ ആഗോള മുഖങ്ങളായി മാറിയിരിക്കുകയാണ് 44 കാരനായ പ്രസിഡന്റും അദ്ദേഹത്തിന്റെ കുടുംബവും. യുക്രൈനിൽ പ്രഥമ വനിതയ്ക്ക് ഔദ്യോഗിക ഓഫീസ് ഇല്ല, എന്നാൽ യുദ്ധം തുടരുമ്പോൾ സെലൻസ്ക പ്രധാന പങ്കുവഹിക്കുന്നുണ്ട്.
”ഇന്ന്, ഞാൻ പരിഭ്രാന്തയാകുകയോ (കണ്ണീരൊഴുക്കുകയോ) ചെയ്യില്ല. ഞാൻ ശാന്തയും ആത്മവിശ്വാസമുള്ളവളുമായിരിക്കും. എന്റെ കുട്ടികൾ എന്നെ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ അവർക്കൊപ്പം നിൽക്കും, എന്റെ ഭർത്താവിന്റെ അരികിലും നിങ്ങളോടൊപ്പവും,” യുക്രൈനെ റഷ്യ ആക്രമിക്കുന്നതിനിടെ സെലെൻസ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങളും യുദ്ധശ്രമങ്ങളെ എങ്ങനെ സഹായിക്കാം, എങ്ങനെ ജനങ്ങളെ ഒഴിപ്പിക്കാം, മാനസിക പിന്തുണ നേടാം തുടങ്ങിയവ അടങ്ങിയ ഒരു പ്രത്യേക ടെലിഗ്രാം ചാനൽ തുടങ്ങുക എന്നതാണ് സെലൻസ്കയുടെ ഏറ്റവും പുതിയ ശ്രമം.
മധ്യ യുക്രൈനിലെ ഒരു വ്യാവസായിക നഗരമായ ക്രിവി റിയിലാണ് സെലെൻസ്ക ജനിച്ചത്, അവിടെയാണ് പ്രസിഡന്റും വളർന്നത്. ഇരുവർക്കും ഒരുപാട് പൊതുവായ സുഹൃത്തുക്കളുണ്ടായിരുന്നു. എന്നാൽ ക്രിവി റിഹ് നാഷണൽ യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അവിടെ സെലൻസ്ക ആർക്കിടെക്ചറും പ്രസിഡന്റ് നിയമവും പഠിക്കുകയായിരുന്നു. ആ സമയത്ത് സെലൻസ്കി കോമഡിയിൽ ഒരു കരിയർ ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു.
കോമഡിയാണ് അവരെ ഒന്നിപ്പിച്ചത്. യുക്രൈനിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കവർതാൽ 95 അല്ലെങ്കിൽ സ്റ്റുഡിയോ ക്വാർട്ടർ 95 ന്റെ സ്ഥാപകരിൽ ഒരാളാണ് സെലെൻസ്‌കി. അവിടെ സെലൻസ്‌കയെ തിരക്കഥാകൃത്തായി അദ്ദേഹം ഉൾപ്പെടുത്തി. 2003 സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്.
സ്റ്റുഡിയോയുടെ ഏറ്റവും വിജയകരമായ ഷോകളിലൊന്നാണ് “ജനങ്ങളുടെ സേവകൻ”, അതിൽ സെലൻസ്കി ഒരു സ്കൂൾ അദ്ധ്യാപകനായ വാസിൽ പെട്രോവിച്ച് ഹോളോബോറോഡ്കോയുടെ വേഷം ചെയ്തു. ഷോയുടെ എഴുത്തുകാരിൽ ഒരാളായിരുന്നു സെലൻസ്‌ക. രാജ്യത്തിന്റെ പ്രഥമ പ്രഥമ വനിതയായിരുന്നിട്ടും സെലൻസ്ക കഥകൾ സൃഷ്‌ടിക്കാനായി കവർതാൽ 95-ലെ ഓഫീസിൽ പോയിക്കൊണ്ടിരുന്നു.
പ്രഥമ വനിതയായുള്ള ജീവിതം
പ്രഥമ വനിത എന്ന പദവിയിലെത്തിയതോടെ, കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുന്നതിന് സെലൻസ്ക സജീവമായി പ്രവർത്തിച്ചു. സ്കൂളുകളിൽ സമീകൃതാഹാരം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. മറ്റു പല സ്ത്രീകളെയും പോലെ താനും മകളുടെ ജനനത്തിനു ശേഷമാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ തുടങ്ങിയതെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അവർ പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായും അവർ പ്രവർത്തിച്ചു. പുരുഷന്മാർക്ക് അവരുടെ കുഞ്ഞ് ജനിച്ചതിന് ശേഷം മൂന്ന് മാസത്തേക്ക് 14 ദിവസത്തെ ശമ്പളത്തോടുകൂടിയ അധിക അവധി ലഭിക്കാൻ അനുവദിക്കുന്ന ഒരു ബിൽ പാർലമെന്റ് പാസാക്കിയതിനെയും സെലൻസ്ക പ്രശംസിച്ചു.
യുദ്ധത്തിലെ സെലൻസ്കയുടെ പങ്ക്
റഷ്യൻ ആക്രമണം തുടരുമ്പോൾ, സ്ത്രീകളുടെയും കുട്ടികളുടെയും ദുരവസ്ഥയിലേക്കാണ് സെലൻസ്ക ശ്രദ്ധ കേന്ദ്രീകരിച്ചത്. “യുക്രൈനിയക്കാർ എല്ലാ രാത്രിയിലും കുട്ടികളെ ബേസ്മെന്റിലേക്ക് കൊണ്ടുപോകണം. യുക്രൈൻ സമാധാനപരമായ രാജ്യമാണ്. ഞങ്ങൾ യുദ്ധത്തിന് എതിരാണ്, ആദ്യം ഞങ്ങളല്ല ആക്രമിച്ചത്. പക്ഷേ, ഞങ്ങൾ വിട്ടുകൊടുക്കാൻ പോകുന്നില്ല. ലോകം മുഴുവൻ, നോക്കൂ: നിങ്ങളുടെ രാജ്യങ്ങളിലും ഞങ്ങൾ സമാധാനത്തിനായി പോരാടുകയാണ്, ”അവർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തു.
അവളുടെ രണ്ട് മക്കളും, സിനിമകളിൽ അഭിനയിച്ചിട്ടുള്ള അലക്‌സാന്ദ്രയും, കിറിലും ദുർബലരായവരാണ്. “ശത്രു എന്നെ ഒന്നാം നമ്പർ ലക്ഷ്യമായി അടയാളപ്പെടുത്തി, എന്റെ കുടുംബമാണ് രണ്ടാം നമ്പർ ലക്ഷ്യം,” എന്നാണ് പ്രസിഡന്റ് പറഞ്ഞത്. വാലന്റൈൻസ് ദിനത്തിൽ, പ്രസിഡന്റും ഭാര്യയും പ്രണയത്തെക്കുറിച്ചുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. “നമുക്ക് പരസ്പരം സ്നേഹിക്കാം, നമുക്ക് യുക്രൈനെ സ്നേഹിക്കാം. നമ്മൾ വീട്ടിലാണ്, നമ്മൾ യുക്രൈനിലാണ്,” അവർ വീഡിയോയിൽ പറഞ്ഞു.
Read More: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം; തീപ്പിടിത്തവും അപകടസാധ്യതകളും