മുല്ല അബ്ദുൽ ഗനി ബരാദർ; പുതിയ അഫ്ഘാൻ സർക്കാരിന് നേതൃത്വം നൽകാനൊരുങ്ങുന്ന താലിബാൻ സഹസ്ഥാപകൻ

താലിബാന്റെ രാഷ്ട്രീയ കാര്യ മേധാവിയും സംഘടനയുടെ സഹസ്ഥാപകനുമാണ് ബരാദർ. അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായ് എന്നിവരും ബരാദാറിനൊപ്പം സർക്കാർ ഉന്നത പദവികളിലെത്തും

Mullah Abdul Ghani Baradar, Mullah Abdul Ghani Baradar Taliban, Mullah Abdul Ghani Baradar Afghanistan, who is Mullah Baradar, Mullah Baradar new afghanistan leader, mullah baradar, afghanistan news, afghanistan updates, taliban, current affairs, express explained, ie malayalam

1996 ൽ, താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോൾ, അവർ ഏതുതരം സർക്കാർ സ്ഥാപിക്കുമെന്നും ആരാണ് രാജ്യം ഭരിക്കുകയെന്നും ഒരു ചോദ്യവും ഉയർന്നിരുന്നില്ല. അവർ ഒരു ശൂന്യതയിലേക്ക് കടന്നുവരികയായിരുന്നു അന്ന്, രണ്ട് വർഷം മുമ്പ് പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ നയിച്ച മുല്ല മുഹമ്മദ് ഒമർ അന്ന് ഭരണാധികാരിയായി ചുമതലയേൽക്കുകയും ചെയ്തു.

എന്നാൽ ഇന്ന് സാഹചര്യങ്ങൾ വളരെ വ്യത്യസ്തമാണ്. 2016 ൽ അഫ്ഗാൻ-പാക്കിസ്ഥാൻ അതിർത്തിക്ക് സമീപം യുഎസ് ഡ്രോൺ ആക്രമണത്തിൽ തന്റെ മുൻഗാമിയായ അക്തർ മൻസൂർ കൊല്ലപ്പെട്ടപ്പോൾ ചുമതലയേറ്റ 60-കാരനായ ഇസ്ലാമിക നിയമ പണ്ഡിതനായ ഹൈബത്തുള്ള അഖുൻസാദ രാജ്യത്തിന്റെ നേതാവാകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്നാൽ ഈ അഭ്യൂഹങ്ങൾക്കിടയിൽ റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തത് മുല്ല അബ്ദുൽ ഗനി ബരാദർ പുതിയ അഫ്ഗാൻ സർക്കാരിനെ നയിക്കുമെന്ന് താലിബാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചുവെന്നാണ്.

താലിബാന്റെ രാഷ്ട്രീയ കാര്യാലയ മേധാവിയും സംഘടനയുടെ സഹസ്ഥാപകനുമാണ് ബരാദർ. അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായ് എന്നിവരും ബരാദാറിനൊപ്പം സർക്കാർ ഉന്നത പദവികളിലെത്തുമെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

“എല്ലാ മുൻനിര നേതാക്കളും കാബൂളിൽ എത്തിയിട്ടുണ്ട്, അവിടെ പുതിയ സർക്കാർ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്,” ഒരു താലിബാൻ ഉദ്യോഗസ്ഥൻ റോയ്റ്റേഴ്സിനോട് പറഞ്ഞു.

ആരാണ് മുല്ല അബ്ദുൽ ഗനി ബരാദാർ ?

മുല്ലാ ബരാദർ പോപ്പൽസായ് പഷ്തൂൺ ഗോത്രത്തിൽ പെട്ടയാളാണ്. ആദ്യ അമീർ മുല്ല മുഹമ്മദ് ഒമറിനൊപ്പം താലിബാന്റെ സഹസ്ഥാപകനായി അറിയപ്പെടുന്നു. താലിബാന്റെ തുടക്കത്തിലുള്ള ഏതാനും ഡസൻ അംഗങ്ങളിൽ ഒരാളായിരുന്നു ബരാദർ. നിലവിൽ ഗ്രൂപ്പിന്റെ രാഷ്ട്രീയ ഓഫീസ് മേധാവിയാണ്. അദ്ദേഹത്തിന്റെ പേരിന്റെ അർത്ഥം “സഹോദരൻ” എന്നാണ്, മുല്ല ഒമർ തന്നെ സ്നേഹത്തിന്റെ അടയാളമായി നൽകിയതാണ് ആ പേര്.

1968 ൽ തെക്കൻ അഫ്ഗാനിസ്ഥാനിലെ ഉറുസ്ഗാൻ പ്രവിശ്യയിലെ സ്വാധീനമുള്ള പുഷ്‍തൂൺ ഗോത്രത്തിൽ ജനിച്ച മുല്ല ബരാദർ മുജാഹിദ് ഗറില്ലകൾക്കൊപ്പം സോവിയറ്റ് സൈന്യത്തിനും അവർ ഉപേക്ഷിച്ച അഫ്ഗാൻ സർക്കാരിനും എതിരെ പോരാടിയിരുന്നു. 1989-ൽ റഷ്യക്കാർ പിൻവാങ്ങുകയും രാജ്യം എതിരാളികളായ യുദ്ധപ്രഭുക്കൾ തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിലേക്ക് പോവുകയും ചെയ്തതിനുശേഷം, അദ്ദേഹം തന്റെ മുൻ കമാൻഡറും സഹോദരനുമായ മുഹമ്മദ് ഒമറിനൊപ്പം കാണ്ഡഹാറിൽ ഒരു മദ്രസ സ്ഥാപിച്ചു. രാജ്യത്തിന്റെ മതപരമായ ശുദ്ധീകരണത്തിനും എമിറേറ്റ് സൃഷ്ടിക്കുന്നതിനും വേണ്ടി സമർപ്പിച്ച യുവ ഇസ്ലാമിക പണ്ഡിതരുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനമായ താലിബാൻ ഇവർ രണ്ട് പേരും ചേർന്ന് സ്ഥാപിച്ചു.

ബരാദർ, മുല്ല ഒമറിന്റെ സഹായിയായി. വളരെ ഫലപ്രദമായി ഇടപെടുന്ന തന്ത്രജ്ഞനാണെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു. 1996 ൽ അധികാരത്തിൽ വന്ന താലിബാൻറെ പ്രധാന ശിൽപി ആയിരുന്നു അദ്ദേഹം. അമേരിക്കയും അഫ്ഗാൻ സൈന്യവും അന്നത്തെ താലിബാന് കീഴിലുള്ള അഞ്ച് വർഷത്തെ ഭരണം അവസാനിപ്പിക്കുകയായിരുന്നു. ആ അഞ്ച് വർഷ താലിബാൻ ഭരണത്തിൽ ബരാദർ നിരവധി പ്രധാന ചുമതലകൾ വഹിച്ചു. പ്രതിരോധ ഉപമന്ത്രി ഉൾപ്പെടെയുള്ള പ്രധാന തസ്തികകൾ അതിൽ ഉൾപ്പെടുന്നു.

താലിബാന്റെ 20 വർഷത്തെ പുറത്താക്കൽ സമയത്ത്, ബരാദറിന് ഒരു ശക്തനായ സൈനിക നേതാവെന്നും സൂക്ഷ്മമായ രാഷ്ട്രീയ നടത്തിപ്പുകരാൻ എന്നുമുള്ള പ്രശസ്തി ഉണ്ടായിരുന്നു. എന്നിരുന്നാലും, പാശ്ചാത്യർ അദ്ദേഹത്തിന്റെ അധികാരങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തിയിരുന്നു. ഒടുവിൽ, ഒബാമ ഭരണകൂടം 2010 ൽ അദ്ദേഹത്തെ കറാച്ചിയിൽ കണ്ടെത്തുകയും അറസ്റ്റ് ചെയ്യാൻ ഐഎസ്ഐയെ പ്രേരിപ്പിക്കുകയും ചെയ്തു. 2010 ൽ ഐഎസ്ഐ ബരാദറിനെ കസ്റ്റഡിയിലെടുത്തു. അന്നത്തെ അഫ്ഘാൻ പ്രസിഡന്റും പോപ്പൽസായി വിഭാഗത്തിൽ നിന്നുള്ള വ്യക്തിയുമായ ഹമീദ് കർസായിയുടെ ക്ഷണം ബരാദർ സ്വീകരിക്കാൻ തുടങ്ങിയ സമയത്തായിരുന്നു. പദവിയിലിരിക്കുന്ന സമയത്ത് അഫ്ഘാൻ പ്രതിസന്ധിയിൽ പാകിസ്താൻ സൈന്യത്തിന്റെ പങ്കിനെക്കുറിച്ച് ശബ്ദമുയർത്തിയിരുന്ന വ്യക്തിയായിരുന്നു കർസായി.

ബരാദർ എട്ട് വർഷം തടവിൽ കഴിഞ്ഞു, 2018 ൽ ട്രംപ് ഭരണകൂടം താലിബാനുമായി ചർച്ച ആരംഭിച്ചപ്പോൾ മാത്രമാണ് മോചിതനായത്. യുഎസ് സ്പെഷ്യൽ പ്രതിനിധി സൽമയ് ഖലീൽസാദുമായി ചർച്ച നടത്തിയ ഒൻപതംഗ താലിബാൻ ടീമിന് ബരാദർ നേതൃത്വം നൽകി. യുഎസും താലിബാനും ആയിരുന്നു കഴിഞ്ഞ വർഷത്തെ ദോഹ കരാറിൽ ഒപ്പുവച്ച കക്ഷികൾ. കരാർ പ്രകാരം അൽ-ക്വയ്ദയ്‌ക്കോ ഐസിസിനോ അഭയം നൽകില്ലെന്നും മറ്റ് അഫ്ഗാനികളുമായി യുദ്ധം അവസാനിപ്പിക്കാൻ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിൽ എത്താമെന്നുമുള്ള വ്യവസ്ഥയോടെയാണ് യുഎസ് സൈന്യത്തെ പിൻവലിക്കാൻ സമ്മതിച്ചത്.

പിന്നീട് ബരാദർ താലിബാന്റെ മുഖ്യ അംബാസഡറായി. പാക്കിസ്ഥാൻ, ചൈന തുടങ്ങിയ പ്രാദേശിക ശക്തികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, മറ്റ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നേതാക്കൾ എന്നിവരുമായി ഡസൻ കണക്കിന് മുഖാമുഖം നടത്തുകയും പ്രസിഡന്റ് ട്രംപിനോട് ടെലിഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു ബരാദർ .

ബരാദറിന്റെ അധികാരത്തിലേക്കുള്ള ഉയർച്ച എന്താണ് അർത്ഥമാക്കുന്നത്?

ആഗസ്റ്റ് 15 -ന് കാബൂൾ പിടിച്ചെടുത്തതിനു ശേഷമുള്ള തന്റെ ആദ്യ അഭിപ്രായത്തിൽ, പുതിയ സ്ഥിതിഗതികൾ അപ്രതീക്ഷിതമായിരുന്നെന്ന് ബരാദർ തന്റെ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. “അഫ്ഗാനിസ്ഥാനിൽ ഞങ്ങൾ വിജയം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല” എന്ന് ബരാദർ പറഞ്ഞു. “ഇപ്പോൾ പരീക്ഷാ ഘട്ടം വരുന്നു,” എന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും മുന്നോട്ടുപോകുന്ന ഒരു സുസ്ഥിരമായ ജീവിതം നൽകുന്നതിനുമുള്ള വെല്ലുവിളി നാം നേരിടണം,” എന്നും അഭിമുഖത്തിൽ താലിബാൻ നേതാവ് പറഞ്ഞിരുന്നു.

എന്നിരുന്നാലും, അഫ്ഗാനിസ്ഥാൻ ഗവൺമെന്റിന്റെ ചുമതല അദ്ദേഹം ഏറ്റെടുക്കാനിരിക്കെ, വളരെ വ്യക്തമായി കാണാനാവുന്നത് കഴിഞ്ഞ കാലത്തെ ചങ്ങലകളിൽ നിന്ന് പുറത്ത് വരാനുള്ള താലിബാൻറെ കഴിവില്ലായ്മയാണ്. പാകിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോൾ, ചർച്ചകളിലൂടെ താലിബാനെ കൈപ്പിടിയിലൊതുക്കിയ ബരാദർ ഇപ്പോൾ അവരുമായി സമാധാനം സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. പക്ഷേ, പുതിയ സർക്കാരിന്റെ തലവൻ എന്ന നിലയിൽ ബരാദാർ പാകിസ്ഥാൻ സുരക്ഷാ സ്ഥാപനമായ ആർമിയും ഐഎസ്ഐയും ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ സ്വതന്ത്രമായി ചിന്തിക്കും എന്ന കാര്യം വ്യക്തമാവുന്നുണ്ട്.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Who is mullah abdul ghani baradar taliban new afghanistan govt head

Next Story
മതപാഠശാലയിൽനിന്ന് അഫ്ഗാനിസ്ഥാന്റെ പരമോന്നത പദവിയിലേക്ക്; ആരാണ് ശൈഖ് ഹൈബത്തുല്ല അഖുന്ദ്‌സാദ?Afghanistan, Afghanistan new Taliban governement, Sheikh Haibatullah Akhundzada, Sheikh Haibatullah Akhundzada Afghanistan supreme leader, Taliban government, Who is Sheikh Akhundzada, Akhundzada Taliban, Taliban president, World news, Latest current affairs, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express