ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്‍ ആണ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നത് ചൈന മാത്രമാണ്. എന്നാല്‍, ഇത്തവണ ചൈന എതിര്‍പ്പ് പിന്‍വലിച്ചു. പുല്‍വാമയിലെ ഭീകരാക്രണത്തിന് പിന്നാലെയാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്. യു.എന്‍.എസ്.സി 1267 സാങ്ഷന് ലിസ്റ്റിലാണ് ആഗോള ഭീകരനായി മസൂദ് അസ്ഹറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ മസൂദിനെതിരെ നിലപാട് കടുപ്പിച്ചെങ്കിലും എതിര്‍പ്പുമായി ചൈന രംഗത്തെത്തി. എന്നാല്‍, യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു.
Read More: മസൂദ് അസറിനെ യു എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു
ആരാണ് മസൂദ് അസ്ഹര്‍
പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനാണ് മസൂദ് അസ്ഹര്‍. 1999 വര്‍ഷത്തില്‍ നടന്ന കാണ്ഡഹാര്‍ വിമാനറാഞ്ചലിന് ശേഷം ഇന്ത്യ വിട്ടയച്ച ഭീകരരില്‍ ഒരാളായിരുന്നു മസൂദ് അസ്ഹര്‍. ഇതോടെ അസ്ഹര്‍ കൂടുതല്‍ കരുത്തനായി മാറുകയായിരുന്നു. ഇന്നും ഇന്ത്യ നേരിടുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്നാണ് ഈ സംഭവം. അതിനു ശേഷമായിരുന്നു ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടന അയാള്‍ ആരംഭിക്കുകയും ഇന്ത്യക്കെതിരെയുള്ള പ്രതികാര നടപടികള്‍ ആരംഭിക്കുകയും ചെയ്തത്.
2001 വര്‍ഷത്തില്‍ അരങ്ങേറിയ പാര്‍ലമെന്റ് ആക്രമണമായിരുന്നു ജയ്ഷെ മുഹമ്മദ് ഇന്ത്യയില്‍ നടപ്പിലാക്കിയ ആദ്യ വലിയ ഭീകരാക്രമണം. പതിനാറ് ആളുകള്‍ കൊല്ലപ്പെട്ട ആക്രമണമായിരുന്നു അത്. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 2008 ല്‍ ഇന്ത്യയെ ഞെട്ടിച്ച ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു മുംബൈ ഭീകരാക്രമണം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ജയ്ഷെ മുഹമ്മദ് ആയിരുന്നു.
പിന്നീട് 2016-ല്‍ പത്താന്‍കോട്ടില്‍ നടത്തിയ ഭീകരാക്രമണം ആണ് ജയ്ഷെ മുഹമ്മദ് എന്ന സംഘടനയെ വാര്‍ത്തകളില്‍ വീണ്ടും എത്തിച്ചത്. അടുത്തകാലത്ത് നടന്ന പുല്‍വാമ ആക്രമണത്തിനു പിന്നിലും ഈ സംഘടന തന്നെയായിരുന്നു. നാല്പതോളം സൈനികരാണ് ഈ ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത്. ഈ സംഭവം മസൂദ് അസ്ഹറിനെതിരായ ഇന്ത്യയുടെ വാദങ്ങളെ ലോകത്തിന്റെ പിന്തുണ നേടി കൊടുത്തു. അതാണ് ഇന്ന് വിലക്കില്‍ അവസാനിച്ചത്.
ചൈനയുടെ എതിര്‍പ്പ് മാറിയത് ഇങ്ങനെ
2016
പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യം ശക്തമാക്കുന്നത്. എന്നാല്‍ ചൈന എതിര്‍ത്തു. രാജ്യാന്തര ഭീകരനെന്ന് വിളിക്കുന്നത് ശരിയല്ലെന്നും സെക്യൂരിറ്റി കൗണ്‍സില്‍ പറയുന്ന മാനദണ്ഡങ്ങള്‍ക്ക് ചേരുന്നില്ലെന്നും ചൈന ആവശ്യപ്പെടുകയായിരുന്നു.
കരിമ്പട്ടികയില്‍ പെടുത്താന്‍ വേണ്ട മാനദണ്ഡങ്ങളോട് യോജിക്കാതെ അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനാകില്ലെന്ന് ചൈന അറിയിക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ രംഗത്ത് വന്നു. ചൈനയുടെ നീക്കം ലോകത്തിന്റെ മൊത്തം നേട്ടത്തിന് എതിരെയാണെന്ന് ഇന്ത്യ പറഞ്ഞു. യുഎന്‍ സെലക്ടീവായിട്ടാണ് സമീപിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു.
2017
ബ്രിക്സ് സമ്മേളനത്തില്‍ ജയ്ഷെ മുഹമ്മദിനെ ഭീകര ഗ്രൂപ്പായി പ്രഖ്യാപിക്കാമെന്ന് സമ്മതിച്ച ചൈന വാക്ക് മാറ്റി. യുഎന്‍ സാംഗ്ഷന്‍ കമ്മിറ്റി അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഒരുങ്ങവെ ചൈന വീണ്ടും എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ചൈനയുടെ നീക്കം ഇന്ത്യയ്ക്ക് കടുത്ത നിരാശയായിരുന്നു സമ്മാനിച്ചത്. ഭീകരാവാദത്തിനെതിരെ രാജ്യാന്തര സമൂഹത്തിന്റെ പോരാട്ടത്തെ നീക്കം ബാധിക്കുമെന്നും ഇന്ത്യ പറഞ്ഞു.
2019
അസ്ഹറിനെ വിലക്കാനുള്ള നിര്‍ദ്ദേശത്തെ ചൈന വീണ്ടും വിലക്കുന്നു. എന്നാല്‍ അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഇന്ത്യക്ക് പിന്തുണ അറിയിക്കുകയുമായിരുന്നു. പുല്‍വാമയിലുണ്ടായ ആക്രമണമാണ് ഇന്ത്യയുടെ വാദത്തിന് പിന്തുണ നല്കാന് മറ്റ് രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചത്.
ഒടുവില്‍ വിലക്ക്
യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ സയീദ് അക്ബറുദ്ദീനാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ രാജ്യങ്ങള്‍ക്കും ഇന്ത്യന്‍ അംബാസിഡര്‍ നന്ദി അറിയിച്ചു. ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനാല്‍ മസൂദ് അസ്ഹറിന് സംരക്ഷണം നല്കാല് പാകിസ്ഥാന് സാധിക്കില്ല. ഫ്രാന്‍സാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം സജീവമാക്കി നിര്‍ത്തിയത്. യുഎന്‍ രക്ഷാസമിതിയില്‍ മസൂദിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചതും ഫ്രാന്‍സ് ആണ്.