ബി ജെ പി വിരുദ്ധ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് സമീപകാലത്ത് തുടര്‍ക്കഥയാണ്. പശ്ചിമബംഗാളിലും പഞ്ചാബിലും രാജസ്ഥാനിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയില്‍ മഹാ വികാസ് സഖ്യ സര്‍ക്കാരിന്റെ കാലത്തും നാമതു കണ്ടുകഴിഞ്ഞു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തിലേക്കു നീങ്ങുകയാണു തമിഴ്‌നാട്ടിലെ ഡി എം കെ സര്‍ക്കാര്‍.
കേരളത്തിലാവട്ടെ കുറച്ചുനാളുകളായി തുടരുന്ന ഏറ്റുമുട്ടല്‍ ഓരോ ദിവസവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ മുഖ്യന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ ശക്തമായ വിമര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച ഗവര്‍ണര്‍, വിഷയത്തില്‍ നിയമപരമായി ഇടപെടുമെന്നും പറഞ്ഞുകഴിഞ്ഞു.
”ഞാന്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. എന്നാല്‍ എല്ലാ കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നതാണ് ഞാന്‍ ഇപ്പോള്‍ കാണുന്നത്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയുടെ അടുത്ത ആളുകളും കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇടപെടും,” ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍വകലാശാലകളെ ആര്‍ എസ് എസിന്റെയും സംഘപരിവാറിന്റെയും കേന്ദ്രങ്ങളാക്കാന്‍ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
അടുത്തിടെയാണു ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഭിന്നത ഭൂക്ഷമായത്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അത് പരസ്യ ഏറ്റമുട്ടലിലേക്കു നീങ്ങി. ഗവര്‍ണറുടെ പല പരസ്യ വിമര്‍ശനങ്ങള്‍ക്കുമെതിരെ രൂക്ഷമായ ഭാഷയിലാണു മുഖ്യമന്ത്രിയും സി പി എമ്മും പ്രതികരിക്കുന്നത്. അതിനിടെ, മന്ത്രിമാര്‍ ഗവര്‍ണറുടെ പദവി താഴ്ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയാല്‍ അവരെ പിന്‍വലിക്കുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം പരസ്യമായി പറഞ്ഞു. പിന്നാലെ ധനമന്ത്രി കെ എന്‍ ബാലഗോപാലിനുമേലുള്ള പ്രീതി പിന്‍വലിച്ചതായി അദ്ദേഹം മുഖ്യമന്ത്രി അറിയിച്ചതും കാര്യങ്ങള്‍ വഷളാക്കി.
പല പാര്‍ട്ടികളിലെ അനുഭവം
തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തിലാകുന്നത് ആരിഫ് മുഹമ്മദ് ഖാനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. 26-ാം വയസില്‍ എം എല്‍ എയായ അദ്ദേഹം കോണ്‍ഗ്രസ്, ജനതാദള്‍, ബി എസ് പി, ബിജെപി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2002-ലെ ഗുജറാത്ത് കലാപത്തിനു ശേഷം ബി ജെ പിയുമായി ബി എസ് പി കൈകോര്‍ത്തതിനാല്‍ ആ പാര്‍ട്ടി വിട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ”ഗുജറാത്തിലെ ഏറ്റവും നിഷ്ഠൂരവും സമാനതകളില്ലാത്തതും വികൃതവുമായ അക്രമങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്വേഷത്തിന്റെ പ്രയോക്താക്കളുമായി” പാര്‍ട്ടി കൈകോര്‍ക്കുകയാണെന്ന് ആരോപിച്ചാണ് അദ്ദേഹം ബി എസ് പി വിട്ടത്. എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നുവെന്നതു മറ്റൊരു കൗതുകം. 2007ല്‍ അപോര്‍ട്ടി വിട്ടു.
ആദ്യകാല രാഷ്ട്രീയ ജീവിതം
വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1970-കളുടെ തുടക്കത്തില്‍, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമെന്ന നിലയില്‍ ഇസ്ലാമിക പുരോഹിതന്മാരെ സര്‍വകലാശാലയിലേക്കു ക്ഷണിക്കാന്‍ ഖാന്‍ വിസമ്മതിച്ചതായി പറയപ്പെടുന്നു.
26-ാം വയസില്‍ ഉത്തര്‍പ്രദേശിലെ സിയാനയില്‍നിന്ന് ജനതാ പാര്‍ട്ടി ടിക്കറ്റില്‍ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്‍ സഹ മന്ത്രിയായുമായി. എന്നാല്‍ ഷിയകളും സുന്നികളും തമ്മിലുള്ള ലഖ്നൗ കലാപം സര്‍ക്കാര്‍ കൈകാര്യം ചെയ്ത വിഷയത്തില്‍ ഉടന്‍ രാജിവച്ചു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് ഇന്ദിര വിഭാഗത്തില്‍ ചേര്‍ന്നു. എ ഐ സി സി ജോയിന്റ് സെക്രട്ടറിയായിരുന്ന ഖാന്‍ 1980-ല്‍ ആദ്യമായി പാര്‍ലമെന്റിലെത്തുകയും ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ വിവര പ്രക്ഷേപണ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയാകുകയും ചെയ്തു.
ഷാ ബാനോ കേസും അതിനു ശേഷവും
1986-ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിലും സഹമന്ത്രിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. ഊര്‍ജം, വ്യവസായം, കമ്പനികാര്യം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ വഹിച്ച ആ കാലമാണ് അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായക സമയം. ഷാ ബാനോ കേസിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതിനെത്തുടര്‍ന്ന് അദ്ദേഹം രാജിവച്ചു. വലതുപക്ഷത്തിനും പുരോഗമനവാദികള്‍ക്കിടയിലെ ഒരു വിഭാഗത്തിനും പ്രിയങ്കരമായിരുന്ന ഖാന്റെ നിലപാട് മുസ്ലീം പുരോഹിതന്മാരെയും സ്വന്തം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരെയും ചൊടിപ്പിച്ചു.
ഖാനെ രാജീവ് ഗാന്ധി കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ ശേഷം അദ്ദേഹം വി പി സിങ്ങുമായി കൈകോര്‍ക്കുകയും ജനതാദള്‍ ടിക്കറ്റില്‍ എം പിയാകുകയും ചെയ്തു. വി പി സിങ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ട ശേഷം ഖാന്‍ ബി എസ് പിയില്‍ ചേര്‍ന്ന് ജനറല്‍ സെക്രട്ടറി പദത്തിലെത്തി. 2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം, യു പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടി ബി ജെ പിയുമായി കൈകോര്‍ക്കുമെന്നു വ്യക്തമായതോടെ അദ്ദേഹം ബി എസ് പിയില്‍നിന്ന് രാജിവച്ചു.
രണ്ടു വര്‍ഷത്തിനു ശേഷം ബി ജെ പിയില്‍ ചേര്‍ന്ന ഖാന്‍ 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ ബി ജെ പി ടിക്കറ്റില്‍ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. മൂന്നു വര്‍ഷത്തിനു ശേഷം, യു പിയിലെ കളങ്കിതരായ നേതാക്കള്‍ക്കു പാര്‍ട്ടി ടിക്കറ്റ് നല്‍കിയെന്നാരോപിച്ച് അദ്ദേഹം ബി ജെ പി വിട്ടു.
ഗവര്‍ണറെന്ന നിലയില്‍
ഷാ ബാനോ കേസിലെ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടും കോണ്‍ഗ്രസിനെതിരായ വിമര്‍ശനവുമാണ് ആ പാര്‍ട്ടിയുടെ പതനത്തിനും ബി ജെ പിക്കു മുത്തലാഖ് നിയമം പോലുള്ള ‘പരിഷ്‌കരണവാദ’ ഇടപെടലുകള്‍ക്കും അടിത്തറയിട്ടതെന്നും അദ്ദേഹവുവുമായി അടുപ്പമുള്ളവര്‍ കരുതുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൗമ്യവും ഇംഗ്ലീഷ് സംസാരിക്കുന്നതുമായ ‘പുരോഗമന’ മുസ്ലിം മുഖം എന്ന നിലയില്‍ എപ്പോഴും അറിയപ്പെട്ടിരുന്ന അദ്ദേഹം നിലവില്‍ കേരള ഗവര്‍ണറെന്ന നിലയില്‍ ശ്രദ്ധ നേടുകയാണ്. സംസ്ഥാന സര്‍ക്കാരുമായി നിരന്തരം കലഹിക്കുന്നുണ്ടെങ്കിലും, ‘ജനങ്ങളുടെ ഗവര്‍ണര്‍’ എന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഠിനമായി പരിശ്രമിച്ചു. സാമൂഹിക വിഷയങ്ങളിലേക്കും ആചാരങ്ങളിലേക്കും തന്റെ പേര് ബന്ധിപ്പിക്കുന്ന അദ്ദേഹം പലപ്പോഴും മുണ്ട് ധരിച്ച് പൊതുവേദികളിലെത്താറുണ്ട്. വടക്കേ ഇന്ത്യയില്‍നിന്നു വ്യത്യസ്തമായി മതപൗരോഹിത്യത്തില്‍നിന്നു അകന്നുനില്‍ക്കുന്നതിനു കേരളത്തിലെ മുസ്ലീങ്ങളെ കിട്ടുന്ന എല്ലാ അവസരങ്ങളിലും അദ്ദേഹം പ്രശംസിക്കുകയും ചെയ്യുന്നു.