scorecardresearch

ബി ജെ പി ഭയക്കുന്ന ആപ്പിന്റെ ബുദ്ധികേന്ദ്രം; ആരാണ് ജാസ്മിന്‍ ഷാ?

ഡല്‍ഹി സര്‍ക്കാരിന്റെ നയ രൂപീകരണ വിഭാഗമായ ഡയലോഗ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിഷന്‍ വൈസ് ചെയര്‍പേഴ്സണായ ജാസ്മിന്‍ ഷായെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണു ലെഫ്റ്റനന്റ് ഗവര്‍ണര്‍

ഡല്‍ഹി സര്‍ക്കാരിന്റെ നയ രൂപീകരണ വിഭാഗമായ ഡയലോഗ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിഷന്‍ വൈസ് ചെയര്‍പേഴ്സണായ ജാസ്മിന്‍ ഷായെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണു ലെഫ്റ്റനന്റ് ഗവര്‍ണര്‍

author-image
WebDesk
New Update
Jasmine Shah, AAP, Delhi, BJP

ഡല്‍ഹി സര്‍ക്കാരിന്റെ നയ രൂപീകരണ വിഭാഗമായ ഡയലോഗ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിഷന്‍ (ഡി ഡി സി ഡി) വൈസ് ചെയര്‍പേഴ്സണായ ജാസ്മിന്‍ ഷായെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണു ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ഡി ഡി സി ഡി ഓഫീസുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേകാവകാശങ്ങളും സൗകര്യങ്ങളും ഉപയോഗിക്കുന്നതില്‍നിന്നു ജാസ്മിന്‍ ഷായെ ഗവര്‍ണര്‍ വിലക്കി.

Advertisment

സര്‍ക്കാര്‍ ഓഫീസ് ആം ആദ്മി പാര്‍ട്ടി (എ എ പി)യുടെ രാഷ്ട്രീയകാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുവെന്ന് ചൂണ്ടികാട്ടിയാണു ഗവര്‍ണറുടെ നടപടി. ഈ സാഹചര്യത്തില്‍, ആപ്പിന്റെ ബുദ്ധികേന്ദ്രമായ ജാസ്മിന്‍ ഷാ ആരാണെന്നു നമുക്ക് പരിശോധിക്കാം.

ഡല്‍ഹി സര്‍ക്കാരിന്റെ ബുദ്ധികേന്ദ്രം

ആം ആദ്മി പാട്ടിയുടെ, 'നോണ്‍ പൊളിറ്റിക്കലി പൊളിറ്റക്കല്‍ മാന്‍' എന്നാണു ജാസ്മിന്‍ ഷാ വിശേഷിക്കപ്പെടുന്നത്. 2014-ല്‍ എ എ പിയില്‍ ചേര്‍ന്ന ജാസ്മിന്‍ ഷാ 2016 മുതല്‍ ഡല്‍ഹി സര്‍ക്കാരിന്റ പദ്ധതികളില്‍ പ്രത്യേകിച്ച് നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യത്തിലെ ബുദ്ധികേന്ദ്രമാണ്.

ബജറ്റ്, ഗതാഗത നയങ്ങളെക്കുറിച്ച് 2016 മുതല്‍ ഡല്‍ഹി സര്‍ക്കാരിനെ ഉപദേശിക്കുന്ന ജാസ്മിന്‍ ഷാ, ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിന്റെ ഉപദേശകന്‍ കൂടിയാണ്. ഈ വര്‍ഷം ഏപ്രിലില്‍ സ്ഥാനമൊഴിഞ്ഞ ആശിഷ് ഖേതന്റെ പിന്‍ഗാമിയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്.

Advertisment

പൊതുചെലവില്‍ സമ്പൂര്‍ണ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനുള്ള രാജ്യത്തെ ആദ്യ സംരംഭമായ 2017-18 ലെ ഡല്‍ഹിയുടെ സമഗ്ര ബജറ്റിന്റെ ശില്‍പ്പിയാണു ഷാ. 20 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന 2022-23ലെ ബജറ്റ് ഷായുടെ മേല്‍നോട്ടത്തിലാണു തയാറായത്. ഡി ഡി ഡിസിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സ്വപ്‌നമായ 'ഡല്‍ഹി ഇലക്ട്രിക് വാഹന നയ'ത്തിന്റെ ബുദ്ധികേന്ദ്രമാണു ജാസ്മിന്‍ ഷാ. കോമണ്‍ മൊബിലിറ്റി കാര്‍ഡ്, ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി സംരംഭം, ഇലക്ട്രിക് ബസുകളുടെ വലിയ തോതിലുള്ള ഇന്‍ഡക്ഷന്‍ തുടങ്ങി ഡല്‍ഹി സര്‍ക്കാരിന്റെ നിരവധി നിര്‍ണായക ഗതാഗത പരിഷ്‌കാരങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്.

2018 ഒക്‌ടോബര്‍ മുതല്‍ ഡി ഡി സി ഡി വൈസ് ചെയര്‍പേഴ്‌സണ്‍

ലോകമെമ്പാടുമുള്ള മികച്ച കീഴവഴക്കങ്ങളും നയങ്ങളും കണ്ടെത്തുന്നതിനും ആശയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനുമായി 2015 ഫെബ്രുവരില്‍ സ്ഥാപിതമായ ഡി ഡി സി ഡിയുടെ വൈസ് ചെയര്‍പേഴ്‌സണായി 2018 ഒക്‌ടോബറിലാണു ജാസ്മിന്‍ ഷായെ എ എ പി സര്‍ക്കാര്‍ നിയമിച്ചത്. മന്ത്രിപദവിക്കു തുല്യമാണു ഡി ഡി സി ഡിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം. മുഖ്യമന്ത്രിയാണു കമ്മിഷന്‍ അധ്യക്ഷന്‍.

സി ഡി സി ഡി ലഫ്റ്റനന്റ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ജൂലൈ നാലിലെ സുപ്രധാന സുപ്രീം കോടതി വിധി വന്നു മാസങ്ങള്‍ക്കു ശേഷമായിരുന്നു ജാസ്മിന്‍ ഷായുടെ നിയമനം.

''ഡല്‍ഹി ഡയലോഗ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിഷന്‍ വിസി ആയി പ്രവര്‍ത്തിക്കുന്നതു ബഹുമതിയാണ്. അവസരത്തിന് അരവിന്ദ് കേജ്‌രിവാളിനും മനീഷ് സിസോദിയ സാറിനും നന്ദി. എണ്ണമറ്റ സാധാരണക്കാരുടെ ജീവിതത്തില്‍ പരമാവധി സ്വാധീനം ചെലുത്തുന്നതിനായി ഡല്‍ഹി സര്‍ക്കാരിന്റെ നയങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല,'' എന്നായിരുന്നു ചുമതലയേറ്റ ശേഷം ജാസ്മിന്‍ ഷാ ട്വിറ്ററില്‍ കുറിച്ചത്.

കൊളംബിയ യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) മദ്രാസില്‍നിന്നു മെക്കാനിക്കല്‍ എന്‍നീയറിങ്ങില്‍ ബി ടെകും എം ടെകും പൂര്‍ത്തിയാക്കയ ജാസ്മിൻ ഷാ ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സില്‍നിന്ന് എം പി എ ബിരുദം നേടി. അവിടെ അദ്ദേഹം ഫുള്‍ബ്രൈറ്റ്-നെഹ്റു ഫെല്ലോയായിരുന്നു. ഈ കാലത്താണു മലയാളികളുടെ പ്രിയ നായിക പദ്മപ്രിയയുമായി പരിചയത്തിലാകുന്നതും അത് വിവാഹത്തിലെത്തുന്നതും. പദ്മപ്രിയയും ഇതേ കാലത്ത് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥിയായിരുന്നു.

ആം ആദ്മി പാർട്ടിയിൽ ചേരും മുന്‍പ് ബംഗളൂരു ആസ്ഥാനമായുള്ള 'ജനാഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി എന്ന എന്‍ ജി ഒയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ജനാഗ്രഹയിലെ പ്രവര്‍ത്തന കാലത്ത് 'ജാഗോ രേ' എന്ന വോട്ടര്‍ ബോധവല്‍ക്കരണ കാമ്പയിന്‍ അദ്ദേഹം വിഭാവനം ചെയ്തു.

മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എം ഐ ടി) യിലെ ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബി(ജെ-പി എ എല്‍)ലും അദ്ദേഹം പ്രവര്‍ത്തിച്ചു. അവിടെ സൗത്ത് ഏഷ്യ ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ഷാ.

Aam Aadmi Arvind Kejriwal Bjp Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: