”തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് പ്രതിഷേധ യോഗത്തില്‍ സംസാരിക്കാന്‍ അവള് (അമൂല്യ ലിയോണ) ആഗ്രഹിച്ചു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവള് ‘പാകിസ്ഥാന് സിന്ദാബാദ്’ എന്ന പേരിലാണു പ്രസംഗം ആരംഭിച്ചത്. പ്രസംഗം പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ അവളെ അനുവദിക്കേണ്ടതായിരുന്നു,” പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച ബെംഗളുരുവില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് അമൂല്യയുടെ ഒരു സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്. ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത്.
സുഹൃത്തുക്കള്‍ക്കിടയില്‍ തീപ്പൊരി വിദ്യാര്‍ഥി പ്രവര്‍ത്തകയായി അറിയപ്പെടുന്ന അമൂല്യ കര്‍ണാടകത്തിൽ സംഘടിപ്പിച്ച മിക്കവാറും സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലും പങ്കെടുത്തിട്ടുണ്ട്. ദക്ഷിണ ബെംഗളൂരുവിലെ പ്രമുഖ കോളേജിലെ ജേർണലിസം വിദ്യാര്‍ഥിനിയാണ് അമൂല്യയെന്നു, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുഹൃത്ത് ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
”ചിക്കമഗളൂരു ജില്ലയിലെ കൊപ്പ സ്വദേശിയായ അമൂല്യ ലിയോണ ബെംഗളുരുവില്‍ ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പമാണു താമസിച്ചിരുന്നത്. ചിക്കമഗളൂരുവിലുള്ള മാതാപിതാക്കള്‍ അമൂല്യയുടെ ആക്ടിവിസത്തെയും സിഎഎ വിരുദ്ധ നിലപാടിനെയും പിന്തുണയ്ക്കുന്നില്ല,” സൃഹൃത്ത് പറഞ്ഞു.
Read Also: പാക് അനുകൂല മുദ്രാവാക്യം: അമൂല്യയ്ക്ക് തെറ്റുതിരുത്താൻ അവസരം നൽകണമെന്ന് പിതാവ്
സംസ്ഥാനത്തെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു ജനപിന്തുണ തേടാനായി വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകള് പ്രയോജനപ്പെടുത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് അമൂല്യയെന്നു മറ്റു പ്രവര്‍ത്തകര്‍ പറഞ്ഞു.
ഫെബ്രുവരി 16 ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കന്നഡയില്‍ എഴുതിയതാണു വ്യാഴാഴ്ച പ്രസംഗിക്കാന്‍ ആഗ്രഹിച്ചതെന്ന് അമൂല്യയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
ഇംഗ്ലിഷില്‍ പ്രസംഗിക്കാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ:
ഹിന്ദുസ്ഥാന്‍ സിന്ദാബാദ്
പാകിസ്ഥാന് സിന്ദാബാദ്
ബംഗ്ലാദേശ് സിന്ദാബാദ്
ശ്രീലങ്ക സിന്ദാബാദ്
നേപ്പാള്‍ സിന്ദാബാദ്
അഫ്ഗാനിസ്ഥാന് സിന്ദാബാദ്
ചൈന സിന്ദാബാദ്
ഭൂട്ടാന് സിന്ദാബാദ്
ഏത് രാജ്യമായാലും-എല്ലാ രാജ്യങ്ങള്‍ക്കും സിന്ദാബാദ്.
രാഷ്ട്രമെന്നത് അതിന്റെ മണ്ണാണെന്നു നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഞങ്ങള്‍ കുട്ടികള്‍ നിങ്ങളോട് പറയുന്നു-രാഷ്ട്രമെന്നാല് അതിലെ മനുഷ്യരാണ്. എല്ലാ ജനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കണം. എല്ലാവര്ക്കും അവരുടെ മൗലികാവകാശങ്ങള്‍ നേടാന്‍ കഴിയണം. ഈ രാജ്യങ്ങളിലെ ജനങ്ങളെ സര്‍ക്കാരുകള്‍ പരിഗണിക്കണം. ജനങ്ങളെ സേവിക്കുന്ന എല്ലാവര്ക്കും സിന്ദാബാദ്.
#WATCH The full clip of the incident where a woman named Amulya at an anti-CAA-NRC rally in Bengaluru raised slogan of ‘Pakistan zindabad’ today. AIMIM Chief Asaddudin Owaisi present at rally stopped the woman from raising the slogan; He has condemned the incident. pic.twitter.com/wvzFIfbnAJ
— ANI (@ANI) February 20, 2020
ഞാന്‍ മറ്റൊരു രാജ്യത്തിനു സിന്ദാബാദ് പറഞ്ഞതുകൊണ്ട് ഞാന്‍ ആ രാജ്യത്തിന്റെ ഭാഗമാകില്ല. നിയമപ്രകാരം ഞാന്‍ ഇന്ത്യന്‍ പൗരയാണ്. എന്റെ ജനതയെ ബഹുമാനിക്കുകയും രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് എന്റെ കടമയാണ്. ഞാന്‍ അത് ചെയ്യും. ഈ ആര്‍എസ്എസുകാര്‍ എന്തുചെയ്യുമെന്നു നോക്കാം. ഇതില്‍ സംഘികള്‍ അസ്വസ്ഥരാകും. നിങ്ങളുടെ കമന്റകളുടെ പരമ്പര ആരംഭിക്കുക. എനിക്കു പറയാനുള്ളത് ഞാന്‍ പറയും.
അമൂല്യയുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പ്രകാരം ഉഡുപ്പി ജില്ലയിലെ മണിപ്പാലിലും ചിക്മംഗളൂര് ജില്ലയിലെ കൊപ്പയിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ജയനഗരയിലെ എന്‍എംകെആര്‍വി കോളേജ് ഫോര്‍ വിമനില്നിന്നാണ് അമൂല്യ ബിരുദം നേടിയത്.
”സംഘാടകര്‍ അവളെ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ പ്രസംഗം വിവാദമാകുമായിരുന്നില്ല. അവള് മുദ്രാവാക്യം വിളിച്ച് കുറച്ചുസമയത്തിനുള്ളില്‍ സംഘാടകര്‍ മൈക്രോഫോണ്‍ തട്ടിയെടുത്തു. അതിനുശേഷം, മൈക്ക് ഇല്ലാതെ അവള് എന്താണ് ഉദ്ദേശിച്ചതെന്നു പറയാന്‍ ശ്രമിക്കുകയും ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’ എന്ന് പറയുകയും ചെയ്തു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവളെ വേദിയില്‍നിന്നു കൊണ്ടുപോയി അറസ്റ്റ് ചെയ്യുകയായിരുന്നു,”ഫ്രീഡം പാര്‍ക്കില്‍ വ്യാഴാഴ്ച നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത അമൂല്യയുടെ മറ്റൊരു സുഹൃത്തും പറഞ്ഞു.
Read Also: പാക്കിസ്ഥാൻ സിന്ദാബാദ് മുഴക്കിയ വിദ്യാർഥിക്ക് ജാമ്യമില്ല; 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
പ്രതിഷേധത്തില്‍ അമൂല്യ സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യത്തില്‍, തന്നില്‍നിന്ന് മൈക്ക് പിടിച്ചവാങ്ങിയ വേദിയിലുള്ളവരോട് ”ദയവായി കാത്തിരിക്കൂ, ഞാന്‍ തുടരട്ടെ,” എന്ന് അമൂല്യ പറയുന്നുണ്ട്. എന്നാല്‍ രണ്ട് പോലീസുകാര്‍ അവളെ വേദിയില്‍നിന്നു മാറ്റാന്‍ ശ്രമിച്ചു. അവരില്‍നിന്ന് എങ്ങനെയോ മുക്തയായ അമൂല്യ മൈക്ക് ഇല്ലാതെ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചു. ” പാക്കിസ്താന് സിന്ദാബാദും ഹിന്ദുസ്ഥാന്‍ സിന്ദാബാദും തമ്മിലുള്ള വ്യത്യാസം പാകിസ്ഥാന് സിന്ദാബാദാണ് ..,” സംഘാടകരും പൊലീസും തടയും മുന്‍പ് അവള് തുടരാന്‍ ശ്രമിച്ചു.
അമൂല്യയെ സംബന്ധിച്ച് വിവാദങ്ങൾ ആദ്യമല്ല. ‘പോസ്റ്റ്കാര്‍ഡ് ന്യൂസ്’ വെബ്സൈറ്റ് സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെയെ ജനുവരിയില്‍ മംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് ചോദ്യംചെയ്ത സ്ത്രീകളുടെ കൂട്ടത്തില്‍ അമൂല്യയുണ്ടായിരുന്നു. അമൂല്യയും കര്‍ണാടക കോണ്‍ഗ്രസ് വക്താവും സാമൂഹ്യ പ്രവര്‍ത്തകയുമായ കവിത റെഡ്ഡി, വിദ്യാര്‍ഥി പ്രവര്‍ത്തക നജ്മ നസീര്‍ എന്നിവരുള്‍പ്പെട്ട സംഘം ഹെഗ്ഡെയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും വന്ദേമാതരം ആലപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഐപിസി സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത അമൂല്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അമൂല്യക്ക് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചിരുന്നു.
”സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ, ബി (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍, ദേശീയോദ്ഗ്രഥനത്തിനെതിരായ മുന്‍വിധിയോടെയുള്ള വാദങ്ങള്‍) പ്രകാരം അമൂല്യയ്ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,” ബെംഗളുരു വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ബിസി രമേശ് പറഞ്ഞു.
Read Also: ബിജെപിയിലെ തമ്മിലടി ‘വേറെ ലെവൽ’; സുരേന്ദ്രനോട് ‘മമത’യില്ലാത്തവർ
അതേസമയം, അമൂല്യയുടെ കൊപ്പയിലെ വീട് വ്യാഴാഴ്ച രാത്രി അക്രമിക്കപ്പെട്ടു. സംഭവത്തില്‍ പിതാവ് ഓസ്വാൾഡ് നൊറോണ പൊലീസില്‍ പരാതിപ്പെട്ടു. രാത്രിയില്‍, അജ്ഞാതരായ ചിലര്‍ അമുല്യയുടെ പിതാവിനോട് ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു. വീഡിയോയില്‍, അദ്ദേഹം ഇങ്ങനെ പറയുന്നു: ”എന്റെ മകള്‍ പറഞ്ഞ ഓരോ വാക്കും തെറ്റാണ്. ഞാന്‍ അവളെ പലതവണ മനസിലാക്കിക്കന്‍ ശ്രമിച്ചു, എന്നാല്‍ അവള് അതു കേള്‍ക്കാന്‍ തയാറായില്ല. അഞ്ചുദിവസമായി ഞാന്‍ മകളോട് സംസാരിച്ചിട്ടില്ല.” മകള്‍ക്കു ജാമ്യം തേടുമോയെന്നു നൊറോണയോട് അജ്ഞാതര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ”ജാമ്യത്തിനായി ഞാന്‍ അഭിഭാഷകരെ സമീപിക്കില്ല,” എന്നാണു ജെഡിഎസ് അംഗമായ അദ്ദേഹം നല്കുന്ന മറുപടി.
അമൂല്യ ലിയോണയ്ക്കു നക്സലൈറ്റുകളുമായി ബന്ധമുണ്ടെന്നു കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ മൈസൂരില്‍ പറഞ്ഞു. ‘നക്സലൈറ്റുകളുമായുള്ള അമൂല്യയുടെ ബന്ധം അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അവള് തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. സംഭവത്തിനു പിന്നിലെ സംഘടനകള്‍ക്കെതിരെ നടപടിയെടുക്കും,”യെഡിയൂരപ്പ പറഞ്ഞു.