സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അലസ് ബിയാലിയാറ്റ്സ്‌കിയെ ബെലാറസ് കോടതി വെള്ളിയാഴ്ച പത്ത് വർഷത്തെ തടവിനു ശിക്ഷിച്ചു. പ്രതിഷേധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വേണ്ടി സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി.
വിയാസ്‌ന മനുഷ്യാവകാശ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ ഈ അറുപതുകാരൻ, 2020ൽ അലക്സാണ്ടർ ലുകാഷെങ്കോ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബെലാറസിനെ പിടിച്ചുലച്ച പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്നു. പ്രതിഷേധത്തിനിടെ തടവിലാക്കപ്പെട്ടവർക്ക് നിയമപരമായും സാമ്പത്തികവുമായും സഹായം നൽകുന്നതിൽ വിയാസ്‌ന മുഖ്യ പങ്ക് വഹിച്ചു. വിയാസ്ന സംഘടനയിൽനിന്നു മറ്റു രണ്ടു പേർക്കൊപ്പം 2021ൽ ബിയാലിയാറ്റ്‌സ്‌കി അറസ്റ്റിലായി.
കഴിഞ്ഞ ഒക്ടോബറിൽ, മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയുംക്കുറിച്ചുള്ള പ്രവർത്തനത്തിന് ബിയാലിയാറ്റ്‌സ്‌കിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. റഷ്യൻ റൈറ്റ്സ് ഗ്രൂപ്പായ ‘മെമ്മോറിയലും’ ഉക്രെയ്നിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസുമായിട്ടാണ്’ ബിയാലിയാറ്റ്‌സ്‌കി ഈ നോബൽ സമ്മാനം പങ്കിട്ടത്. ജയിലിൽ കഴിയുകയായിരുന്നതിനാൽ ബിയാലിയാറ്റ്‌സ്‌കിക്കുവേണ്ടി ഭാര്യയാണ് പുരസ്‌കാരം സ്വീകരിച്ചത്.
1980മുതൽ ജനാധിപത്യ അനുകൂല പ്രവർത്തകൻ
ബെലാറഷ്യൻ സാഹിത്യത്തിലെ പണ്ഡിതനും സ്കൂൾ അധ്യാപകനും മ്യൂസിയം ഡയറക്ടറുമായ ബിയാലിയാറ്റ്സ്കി 1980കൾ മുതൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളിൽ ഏർപ്പെട്ടിരുന്നു. ഈ കാലയളവിൽ സോവിയറ്റ് യൂണിയനിൽനിന്നു ബെലാറഷ്യൻ സ്വാതന്ത്ര്യത്തിനായി രാജ്യത്തുടനീളം സോവിയറ്റ് വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
1990ൽ ബെലാറസ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും, ശക്തമായ ഒരു ജനാധിപത്യമാകാനുള്ള അതിന്റെ പ്രതീക്ഷകൾ ഹ്രസ്വകാലമായിരുന്നു. 1994ൽ, അലക്സാണ്ടർ ലുകാഷെങ്കോ ബെലാറസിന്റെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെയും അവസാനത്തെയും സ്വതന്ത്ര തിരഞ്ഞെടുപ്പായിരുന്നത്. അന്നുമുതൽ ലുകാഷെങ്കോയാണ് ബെലാറസിലെ പ്രസിഡന്റ്.
ലുകാഷെങ്കോയുടെ ഭരണം അന്നുമുതൽ പ്രതിഷേധങ്ങളിലൂടെ വെല്ലുവിളിക്കപ്പെട്ടു. 1996ലെ ബഹുജന പ്രതിപക്ഷ പ്രതിഷേധമാണ് ഇതിൽ ആദ്യത്തേത്. ഈ പ്രതിഷേധങ്ങൾക്കിടയിലാണ് രാഷ്ട്രീയ തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തികവും നിയമപരവുമായ സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ അലസ് ബിയാലിയാറ്റ്‌സ്‌കി വിയാസ്‌ന മനുഷ്യാവകാശ സംഘടന സ്ഥാപിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു . രാഷ്ട്രീയ തടവുകാർക്കെതിരെ അധികാരികൾ നടത്തിയ അതിക്രമങ്ങളും വിയാസ്‌ന രേഖപ്പെടുത്തിയിരുന്നു.
2011നും 2014നും ഇടയിൽ ജയിലിൽ
അലസ് ബിയാലിയാറ്റ്‌സ്‌കി ജയിലിലാകുന്നത് ഇതാദ്യമായല്ല. വിയാസ്‌നയുടെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് ആരോപിച്ച് 2011നും 2014നും ഇടയിൽ ബിയാലിയാറ്റ്‌സ്‌കി തടവിലായിരുന്നതായി (ഈ ആരോപണം അദ്ദേഹം നിഷേധിച്ചിരുന്നു). 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബെലാറസ് പ്രസിഡന്റായി അലക്‌സാണ്ടർ ലുകാഷെങ്കോ വീണ്ടും പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ, 2021ൽ അധികാരികൾ അദ്ദേഹത്തെ വീണ്ടും പിടികൂടി. പുടിൻ്റെ അടുത്ത സഖ്യകക്ഷിയായ ലുകാഷെങ്കോ , ബെലാറസിൽനിന്നു ഉക്രെയ്നിനെതിരെ മിസൈലുകൾ വിക്ഷേപിക്കാനും സൈനിക നീക്കത്തിനും ലോജിസ്റ്റിക്സിനും രാജ്യത്തെ ഉപയോഗിക്കാനും റഷ്യൻ സൈനികരെ അനുവദിച്ചതിന് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ദുർബലമായ വിചാരണ
ബിയാലിയാറ്റ്‌സ്‌കിയെയും വിയാസ്‌നയിൽനിന്നുള്ള മറ്റു രണ്ടു പേരെയും ഈ വർഷം ജനുവരിയിൽ ” പൊതു ക്രമം ലംഘിക്കുന്ന ഒരു സംഘടിത കള്ളക്കടത്ത് സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ധനസഹായം” ചെയ്തുവന്ന കുറ്റം ചുമത്തി വിചാരണയ്ക്ക് വിധേയരാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും നിരീക്ഷകരും ഈ വിചാരണയെ നിശിതമായി വിമർശിച്ചു. പലരും ഈ വിചാരണയെ “കാപട്യം” എന്ന് വിളിക്കുകയും ആംനസ്റ്റി ഇന്റർനാഷണൽ ഇതിനെ “അവരുടെ ആക്ടിവിസത്തിന് പ്രതികാരം ചെയ്യാനായുള്ള, ഭരണകൂടത്തിന്റെ അനീതിയുടെ പ്രകടമായ പ്രവൃത്തി” എന്ന് വിശേഷിപ്പിച്ചു.
എല്ലാ കുറ്റങ്ങളും നിഷേധിച്ച ബിയാലിയാറ്റ്‌സ്‌കിക്ക് 12 വർഷത്തെ തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ബിയാലിയാറ്റ്‌സ്‌കിക്ക് 10 വർഷം തടവും കൂട്ടുപ്രതികൾക്ക് ഏഴും ഒമ്പതും വർഷം വീതം തടവും കോടതി വിധിച്ചു. കുറ്റവാളികളുടെ മേൽ ഒരു ലക്ഷം ഡോളർ പിഴ ചുമത്തി. ഇത് കൂടാതെ നിയമവിരുധമായ മാർഗങ്ങളിലൂടെ സമ്പാദിച്ചുവെന്ന് കോടതി കരുതുന്ന, ഏകദേശം 300000 ലക്ഷം ഡോളറും അവരുടെ കൈയിൽനിന്നു ഈടാക്കും.
പ്രതികരണങ്ങൾ
ജയിൽ ശിക്ഷ ബെലാറസിലും പുറത്തുനിന്നും വിമർശനം ക്ഷണിച്ചുവരുത്തുകയും രോഷം ഉണ്ടാക്കുകയും ചെയ്തു. ശിക്ഷാ വിധിയെ ഭയാനകമെന്ന് വിളിച്ച നാടുകടത്തപ്പെട്ട ബെലാറഷ്യൻ പ്രതിപക്ഷ നേതാവ് സ്വിയാറ്റ്‌ലാന സിഖനൂസ്കയ, ബിയാലിയാറ്റ്‌സ്‌കിയും മറ്റ് ആക്ടിവിസ്റ്റുകളും ഒരേ വിചാരണയിൽ അന്യായമായി ശിക്ഷിക്കപ്പെട്ടുവെന്ന് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ശിക്ഷാവിധിയുടെ തലേന്ന്, 23 മനുഷ്യാവകാശ സംഘടനകൾ ബെലാറഷ്യൻ സർക്കാരിനെ അപലപിക്കുകയും എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, പ്രസ്താവന പുറത്ത് വിട്ടിരുന്നു. ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, യൂറോപ്യൻ പ്ലാറ്റ്‌ഫോം ഫോർ ഡെമോക്രാറ്റിക് ഇലക്ഷൻസ് (ഇപിഡിഇ), ആർട്ടിക്കിൾ 19 എന്നിവർ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.
ഈ സംഭവികാസങ്ങളിൽ വിയാസ്ന ശക്തമായ വിമർശനങ്ങൾ ഉയർത്തി. ബെലാറസിലെ മനുഷ്യാവകാശ സംരക്ഷണ പ്രവർത്തകരെ നിയമവിരുദ്ധമായി ശിക്ഷിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇപ്പോൾ വിദേശത്ത് ഐക്യദാർഢ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ശിക്ഷാവിധിക്ക് ശേഷമുള്ള പ്രസ്താവനയിൽ വിയാസ്‌ന പറഞ്ഞു.