മുംബൈ: പിതൃസഹോദരന് ശരദ്പവാറിന്റെ അതേ പാതയിലായിരുന്നു മഹാരാഷ്ട്രയുടെ നിയുക്ത മുഖ്യമന്ത്രി അജിത് പവാറിന്റെയും രാഷ്ട്രീയ വളര്‍ച്ച. ശരദ് പവാറിന്റെ മൂത്ത സഹോദരന് അനന്തറാവുവിന്റെ മകനായ അജിത് പവാറിന്റെ കൈപ്പിടിയിലാണു സംസ്ഥാനത്തെ സഹകരണ മേഖല. 1991-92 കാലം മുതല്‍ ശരദ്പവാറിനൊപ്പമുള്ള അജിത്, എന്‍സിപിയുടെ രൂപകരണ കാലം മുതല്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്‍സിപി അധ്യക്ഷസ്ഥാനത്തേക്കു ശരദ് പവാറിന്റെ പിന്‍ഗാമിയായാണ് അജിത് പവാര്‍ സ്വയം കരുതുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത്, ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ അജിത് അസ്വസ്ഥനായിരുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ മത്സരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അജിത്തും സുപ്രിയയും തള്ളിക്കളഞ്ഞിരുന്നു. അതേസമയം, പവാര്‍ കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ രോഹിത് പവാറിന്റെ എന്‍സിപി പ്രവേശനത്തില്‍ അസ്വസ്ഥനായിരുന്നു അജിത്. ശരദ്പവാറിന്റെ അനന്തരവന്റെ മകനായ രോഹിത് പാര്ട്ടിനേൃത്വത്തില് പ്രാമുഖ്യം നേടുന്നതിലും മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിലും അജിത് അസ്വസ്ഥനായിരുന്നു.
സ്വന്തം രാഷ്ട്രീയവഴിയില്‍ രാജിയെന്ന തന്ത്രം ഉപയോഗിക്കുന്നതില്‍ ഒട്ടും അപരിചിതനല്ല അജിത് പവാര്‍. 2012ല്‍ വകുപ്പ് ചുമതലകളെല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ച അദ്ദേഹം ഉപമുഖ്യമന്ത്രി പദം രാജിവച്ചിരുന്നു. ജലവിഭവ മന്ത്രിയായിരിക്കെ ജലസേചന പദ്ധതികളില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാജി. അജിത്തിന്റെ രാജിയെത്തുടര്‍ന്നു പ്രതിസന്ധിയിലായ പ്രൃഥ്വിരാജ് സര്‍ക്കാരിനു കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നതായി തങ്ങളും പുറത്തേക്കാണെന്ന എന്‍സിപി മന്ത്രിമാരുടെ ഭീഷണി. ഒടുവില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ശരദ്പവാര്‍ തന്നെ രംഗത്തിറങ്ങുകയായിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു പിന്തിരിയാനുള്ള ശരദ്പവാറിന്റെ തീരുമാനത്തിനു പിന്നില്‍ അജിത്തിന്റെ ശാഠ്യമായിരുന്നു. തന്റെ മകന് പാര്‍ഥിനെ മാവല്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കാനായിരുന്നു അജിത്തിന്റെ നീക്കം.
എന്‍സിപി പരിപാടികളില്‍ പാര്‍ട്ടി പതാകയ്ക്കൊപ്പം കാവി പതാകകള്‍ ഉയര്‍ത്താനുള്ള അജിത്തിന്റെ തീരുമാനത്തിലും ക്ഷുഭിതനായിരുന്നു ശരദ്പവാര്‍.
പാര്ട്ടിതീരുമാനത്തോട് മുമ്പും വിയോജിപ്പ്
2012 സെപ്റ്റംബര്‍ 25: പ്രൃഥ്വിരാജ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ വകുപ്പ് പദവികള്‍ രാജിവച്ചു. സര്‍ക്കാരിന് ആപത്തൊഴിഞ്ഞതു ശരദ്പവാറിന്റെ ഇടപെടല്‍ വഴി.
2003 ഏപ്രില്‍: ഡാമുകള്‍ നിറയ്ക്കാന്‍ മൂത്രമൊഴിക്കണമോയെന്ന അജിത് പവാറിന്റെ ചോദ്യം രാജ്യവ്യാപകമായി വിമര്‍ശനങ്ങളുയര്‍ത്തി. പ്രസ്താവനയുടെ പേരില്‍ അജിത് പവാര്‍ മാപ്പ് പറഞ്ഞെങ്കിലും ഇതു 2014ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനും എന്സിപിക്കുമെതിരേ ബിജെപി ഉപയോഗിച്ചു.
2004: ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിനു മഹാരാഷ്ട്ര മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാനുള്ള എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ പരസ്യമായി രംഗത്തെത്തി.