scorecardresearch

Latest News

ഇന്ത്യയിൽ ആരാണ് ‘ന്യൂനപക്ഷം’? കോടതികൾ പറഞ്ഞത് ഇതാണ്

നിലവിൽ, 1992 ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമത്തിന്റെ രണ്ട് (സി) വകുപ്പ് പ്രകാരം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത സമുദായങ്ങളെ മാത്രമേ ന്യൂനപക്ഷമായി കണക്കാക്കൂ

Supreme Court

ന്യൂനപക്ഷങ്ങളെ സംസ്ഥാന തലത്തിൽ തിരിച്ചറിയണമെന്നും മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

എന്തിനെക്കുറിച്ചാണ് കേസ്?

ലക്ഷദ്വീപ് (2.5 ശതമാനം), മിസോറം (2.75 ശതമാനം), നാഗാലാൻഡ് (8.75 ശതമാനം), മേഘാലയ (11.53 ശതമാനം), ജമ്മു കശ്മീർ (28.44 ശതമാനം), അരുണാചൽ പ്രദേശ് (29 ശതമാനം), മണിപ്പൂർ (31.39 ശതമാനം), പഞ്ചാബ് (38.40 ശതമാനം) എന്നിവിടങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായിരിക്കുന്നുവെന്ന് 2011 ലെ സെൻസസ് കാണിക്കുന്നുവെന്ന് അഡ്വക്കേറ്റ് അശ്വിനി ഉപാധ്യായയുടെ ഹർജിയിൽ വാദിക്കുന്നു. ഈ സ്ഥലങ്ങളിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഹിന്ദുക്കൾക്ക് നിഷേധിക്കപ്പെട്ടുവെന്നും അവ ആ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളാണ് അനുഭവിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

ടിഎംഎ പൈ ഫൗണ്ടേഷൻ കേസിലെ സുപ്രീം കോടതിയുടെ 2002ലെ വിധി, ബാൽ പാട്ടീൽ കേസിലെ 2005ലെ തീരുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഹർജി.

ഇന്ത്യൻ നിയമങ്ങൾ പ്രകാരം ന്യൂനപക്ഷത്തിന്റെ നിർവചനം എന്താണ്?

“ന്യൂനപക്ഷങ്ങൾ” എന്ന പ്രയോഗം ഭരണഘടനയുടെ ചില അനുച്ഛേദങ്ങളിൽ കാണപ്പെടുന്നു, പക്ഷേ എവിടെയും അത് നിർവചിച്ചിട്ടില്ല.

ന്യൂനപക്ഷങ്ങളെക്കുറിച്ച് ഭരണഘടന എന്താണ് പറയുന്നത്?

“ഇന്ത്യയുടെ പ്രദേശത്തോ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തോ സ്വന്തമായി ഒരു പ്രത്യേക ഭാഷയോ ലിപിയോ സംസ്ക്കാരമോ ഉള്ള പൗരന്മാരുടെ ഏതെങ്കിലും വിഭാഗത്തിന് അവ സംരക്ഷിക്കാൻ അവകാശമുണ്ട്. കൂടാതെ “മതം, വംശം, ജാതി, ഭാഷ അല്ലെങ്കിൽ അവയിലേതെങ്കിലുമൊന്നിന്റെ പേരിൽ മാത്രം ഒരു പൗരനും സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നിഷേധിക്കുകയോ സർക്കാർ ഫണ്ടിൽ നിന്ന് സഹായം നിഷേധിക്കുകയോ ചെയ്യരുത്,” എന്നാണ് “ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങളുടെ സംരക്ഷണം” കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 29 പറയുന്നത്.

ആർട്ടിക്കിൾ 30 “വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം” കൈകാര്യം ചെയ്യുന്നു.

മതത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലുള്ള എല്ലാ ന്യൂനപക്ഷങ്ങൾക്കും അവരുടെ തീരുമാനപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും അവകാശമുണ്ടെന്ന് അതിൽ പറയുന്നു.

“വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായം നൽകുമ്പോൾ മതം അല്ലെങ്കിൽ ഭാഷാ ന്യൂനപക്ഷത്തിന്റെ മാനേജ്മെന്റിന് കീഴിലാണെന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം ഒരു വിദ്യാഭ്യാസ സ്ഥാപനത്തോടും വിവേചനം കാണിക്കരുത്,” എന്നും അതിൽ പറയുന്നു.

ആർട്ടിക്കിൾ 350(എ) ഭാഷാ ന്യൂനപക്ഷങ്ങൾക്കായി രാഷ്ട്രപതി നിയമിക്കുന്ന ഒരു പ്രത്യേക ഓഫീസർ ഉണ്ടായിരിക്കുമെന്ന് പറയുന്നു. “ഈ ഭരണഘടനയ്ക്ക് കീഴിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കായി നൽകിയിട്ടുള്ള സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കുക എന്നത് സ്പെഷ്യൽ ഓഫീസറുടെ കടമയാണ്,” എന്ന് അതിൽ പറയുന്നു.

അപ്പോൾ ഇന്ത്യയിൽ ആരാണ് ന്യൂനപക്ഷം?

നിലവിൽ, 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ (എൻസിഎം) ആക്ടിന്റെ സെക്ഷൻ 2(സി) പ്രകാരം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത സമുദായങ്ങളെ മാത്രമാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ന്യൂനപക്ഷങ്ങൾ ഏതൊക്കെയാണ്?

എൻസിഎം ആക്ടിന്റെ രണ്ട് (സി) വകുപ്പ് പ്രകാരം, 1993 ഒക്ടോബർ 23-ന് കേന്ദ്രം അഞ്ച് വിഭാഗങ്ങളെ- മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, പാഴ്സികൾ – ‘ന്യൂനപക്ഷ’ സമുദായങ്ങളായി വിജ്ഞാപനം ചെയ്തു. 2014 ജനുവരിയിൽ ജൈനരെ പട്ടികയിൽ ഉൾപ്പെടുത്തി.

ഈ വിഷയത്തിൽ കോടതികൾ എന്താണ് പറഞ്ഞത്?

ടിഎംഎ പൈ: ‘ടിഎംഎ പൈ’ കേസിൽ സുപ്രീം കോടതിയുടെ 11 അംഗ ബെഞ്ച്, ഭരണഘടനയ്ക്ക് കീഴിൽ അവർക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പരിഗണിച്ചു.

2002-ൽ ആറ് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയിൽ പഞ്ചാബിലെ ഡിഎവി കോളേജുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകൾ പരാമർശിച്ചു. അതിൽ പഞ്ചാബ് സംസ്ഥാനത്ത് ഹിന്ദുക്കൾ മതന്യൂനപക്ഷമാണോ എന്ന് സുപ്രീം കോടതി പരിഗണിക്കേണ്ടതുണ്ട്.

“ഡിഎവി കോളേജ് വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ ഒരു മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷം എന്താണെന്നും അത് എങ്ങനെ നിർണ്ണയിക്കണം എന്നുമായിരുന്നു ചോദ്യം. കേരള വിദ്യാഭ്യാസ ബിൽ കേസിൽ [1958] ഈ കോടതിയുടെ അഭിപ്രായം പരിശോധിച്ച ശേഷം, പഞ്ചാബ് സംസ്ഥാനത്ത് ഹിന്ദുക്കളായിരുന്ന ആര്യസമാജികൾ മതന്യൂനപക്ഷമാണെന്ന് കോടതി വിധിച്ചു,” വിധിയിൽ പറയുന്നു

“മറ്റൊരു കേസിൽ, ഡിഎവി കോളേജ് ഭട്ടിൻഡ വേഴ്സസ് പഞ്ചാബ് സ്റ്റേറ്റ് [1971]…ആദ്യത്തെ ഡിഎവി കോളേജ് കേസിലെ നിരീക്ഷണങ്ങൾ വിശദീകരിച്ചു. കൂടാതെ നിയമം ഒരു സംസ്ഥാന നിയമമായതിനാൽ സംസ്ഥാനത്തിന് മുഴുവൻ ഇന്ത്യയുമായി ബന്ധപ്പെട്ടതല്ലെന്ന് പറഞ്ഞു,”

“ഇന്ത്യയിൽ ഹിന്ദുക്കൾ ഭൂരിപക്ഷമായതിനാൽ പഞ്ചാബ് സംസ്ഥാനത്ത് അവർക്ക് മതന്യൂനപക്ഷമാകാൻ കഴിയില്ലെന്ന വാദം ഈ കോടതി നിരസിച്ചു. ഹിന്ദുക്കൾ ന്യൂനപക്ഷ സമുദായമാണോ എന്ന് നിർണ്ണയിക്കാൻ സംസ്ഥാനത്തെ യൂണിറ്റായി എടുത്തതിനാലാണ് അത്. അതിനാൽ, മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷത്തെ നിർണ്ണയിക്കുന്നത് സംസ്ഥാനം എന്ന യൂണിറ്റ് പ്രകാരം മാത്രമേ കഴിയൂ എന്ന് ഈ കോടതി സ്ഥിരമായി പറഞ്ഞിട്ടുണ്ട് എന്നതിൽ സംശയമില്ല,” വിധിയിൽ പറയുന്നു.

ബാൽ പാട്ടീൽ: 2005-ൽ, ‘ബാൽ പാട്ടീൽ’ കേസിലെ വിധിന്യായത്തിൽ, ടിഎംഎ പൈ വിധിയെ സുപ്രീംകോടതി പരാമർശിച്ചു.

“ടിഎംഎ പൈ ഫൗണ്ടേഷൻ കേസിലെ പതിനൊന്ന് ജഡ്ജിമാരുടെ ബെഞ്ചിലെ വിധിക്ക് ശേഷം, ഭാഷാ-മത ന്യൂനപക്ഷങ്ങളുടെ പദവി നിർണ്ണയിക്കുന്നതിനുള്ള യൂണിറ്റ് ഇനി മുതൽ ‘സംസ്ഥാനം’ ആയിരിക്കുമെന്ന് നിയമപരമായ നിലപാട് വ്യക്തമാക്കി…. അങ്ങനെയെങ്കിൽ, സംസ്ഥാനം. ആർട്ടിക്കിൾ 30 അനുസരിച്ചുള്ള “ഭാഷാ ന്യൂനപക്ഷം” നിർണ്ണയിക്കുന്നതിനുള്ള യൂണിറ്റായി കണക്കാക്കേണ്ടതുണ്ട്, തുടർന്ന് “മത ന്യൂനപക്ഷം” ഒരേ നിലയിലായിരിക്കുമ്പോൾ, ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആവുന്നത് സംസ്ഥാനവുമായി ബന്ധപ്പെട്ടാവണം,” എന്നായിരുന്നു വിധിയിലെ പരാമർശം.

“ആർട്ടിക്കിൾ 30-ന്റെ ഉദ്ദേശ്യത്തിനായി ന്യൂനപക്ഷത്തിന് നിയമനിർമ്മാണം നടത്തുന്നവരെ ആശ്രയിച്ച് വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ടാകരുത്. ആർട്ടിക്കിൾ 30-ന്റെ ആവശ്യങ്ങൾക്കായി വിവിധ സംസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാനമായ ഭാഷ, വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാൻ ശ്രമിക്കുന്ന സംസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു “ഭാഷാ ന്യൂനപക്ഷം” നിർണ്ണയിക്കേണ്ടതുണ്ട്. മതന്യൂനപക്ഷത്തെ സംബന്ധിച്ചുള്ള നിലപാട് സമാനമാണ്, കാരണം മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെ ആർട്ടിക്കിൾ 30-ൽ തുല്യമാക്കുന്നു,” വിധിയിൽ പറയുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Who is a minority in india supreme court