/indian-express-malayalam/media/media_files/uploads/2023/05/covid.jpg)
ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ ലിസ്റ്റിലെ മൂന്ന് വേരിയന്റുകളിൽ ഒന്നാണ് ഇജി.5
കോവിഡ് -19 ഇനി പൊതു ആരോഗ്യ അടിയന്തരാവസ്ഥയല്ല എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചതിന് ആഴ്ചകൾക്ക് ശേഷം, കോവിഡിൽനിന്നും മറ്റു പകർച്ചവ്യാധികളിലും നിന്നുമുള്ള ഭീഷണി അവസാനിക്കുന്നില്ലെന്ന് ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 76-ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് ഡോ. ടെഡ്രോസ് ഇക്കാര്യം പറയുന്നത്.
“ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി കോവിഡ് -19 അവസാനിച്ചാലും അത് ആഗോള ആരോഗ്യ ഭീഷണിയായി നിലനിൽക്കുന്നു. പുതിയ വകഭേദം ഉയർന്നു വരാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. അതേപോലെ പുതിയ പകർച്ചവ്യാധിയ്ക്കും മരണത്തിനും കാരണമായേക്കാവുന്ന മറ്റൊരു രോഗകാരി ഉയർന്നുവരുന്നതിന്റെ സാധ്യതയും ഉണ്ട്," ഡോ. ടെഡ്രോസ് പറഞ്ഞു.
അസംബ്ലി സമയത്തെ പാൻഡെമിക് തയ്യാറെടുപ്പിനെക്കുറിച്ചുള്ള യോഗം മുന്നോട്ടുള്ള പാത ചാർട്ട് ചെയ്യുന്നതിന് പ്രയോജനപ്പെടുത്തണമെന്ന് ഡോ. ടെഡ്രോസ് പറഞ്ഞു. “വരുത്തേണ്ട മാറ്റങ്ങൾ നമ്മൾ വരുത്തിയില്ലെങ്കിൽ പിന്നെ ആരു ചെയ്യും? ഇപ്പോൾ അവ ഉണ്ടാക്കുന്നില്ലെങ്കിൽ, പിന്നെ എപ്പോൾ ചെയ്യും? അടുത്ത പാൻഡെമിക് വന്നാൽ ഉത്തരം നൽകാൻ നമ്മൾ തയ്യാറായിരിക്കണം. ”
കൊവിഡ്-19ന് മാരകമായ വകഭേദത്തിലേക്ക് രൂപാന്തരപ്പെടാൻ കഴിയുമോ?
നോവൽ കൊറോണ വൈറസ് രോഗമായ കോവിഡ് -19 നായി ലോകാരോഗ്യ സംഘടന അതിന്റെ ഉയർന്ന തലത്തിലുള്ള മുന്നറിയിപ്പുകൾ നൽകി മൂന്ന് വർഷത്തിന് ശേഷം, മേയ് ആദ്യ ആഴ്ചയിലെ ഇൻട്രാ-ഗവൺമെന്റ് ഓർഗനൈസേഷൻ ഇത് അന്താരാഷ്ട്ര ആശങ്കയുടെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പറഞ്ഞിരുന്നു.
അണുബാധ എല്ലാ രാജ്യങ്ങളിലും അണുബാധകളുടെയും മരണങ്ങളുടെയും തരംഗങ്ങളിലേക്ക് നയിക്കുകയും (ഇന്ത്യയിൽ മൂന്ന് തരംഗം) അതിന്റെ എണ്ണം പിന്നീട് കുറയുകയും ചെയ്യുന്നു. സ്വാഭാവിക അണുബാധയിലൂടെയോ വാക്സിനേഷനിലൂടെയോ ആളുകൾ അണുബാധയ്‌ക്കെതിരെ പ്രതിരോധശേഷി നേടുന്നതിനാൽ, വൈറസ് ഗുരുതരമായ രോഗങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്നത് കുറഞ്ഞു. എന്നിരുന്നാലും, ഇത് ഇപ്പോഴും പ്രചരിക്കുന്നു.
നിരവധി ആളുകൾക്ക് ഇപ്പോഴും അണുബാധ ഉണ്ടാകുന്നു. ഏപ്രിലിൽ ഇന്ത്യയിൽ അണുബാധകളിൽ വർധനവ് ഉണ്ടായിരുന്നു. അത് പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെയാണ് കാണപ്പെട്ടത്. മ്യൂട്ടേഷനുകൾ ക്രമരഹിതമാണ്, വൈറസ് എത്രത്തോളം പകരുന്നുവോ അത്രയധികം മ്യൂട്ടേഷനുകൾക്ക് അത് കാരണമാകുന്നു. കൂടാതെ, മാരകമായ അണുബാധയ്ക്ക് കാരണമാകുന്ന മ്യൂട്ടേഷനുകൾ ക്രമരഹിതമായി ഉണ്ടാകാം. സാധ്യത കുറവാണെങ്കിലും, അത് സംഭവിക്കാമെന്ന് വിദഗ്ധർ പറയുന്നു. ഇക്കാരണത്താലാണ് വൈറസിനെതിരെയുള്ള നിരീക്ഷണം തുടരണമെന്ന് അവർ പറയുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ എപ്പിഡെമിയോളജി ആൻഡ് കമ്യൂണിക്കബിൾ ഡിസീസുകളുടെ മുൻ മേധാവി ഡോ. ആർ. ആർ. ഗംഗാഖേദ്കർ, സാർസ്-കോവ്-2 മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ പകരുന്ന പുതിയ കൊറോണ വൈറസായി മാറാനുള്ള സാധ്യത എപ്പോഴും ഉണ്ടെന്ന് പറഞ്ഞിരുന്നു.
“വൈറസിന് മൃഗങ്ങളിലുള്ള റിസർവോയറുകൾ തുടരുന്നു. വീടുകളിലെ എലികളിൽ പോലും ഇത് ഉണ്ടാകാം. അതിനാൽ മനുഷ്യരിലേക്ക് തിരികെ പകരാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാവില്ല. എന്നിരുന്നാലും, അത് സാർസ്-കോവ്-2-നപ്പുറമുള്ള വ്യത്യസ്ത മ്യൂട്ടേഷനുകളിലേക്ക് നയിക്കും. ഇത് കൊറോണ വൈറസ് കുടുംബത്തിൽ മാത്രമേ നിലനിൽക്കൂ," ഗംഗാഖേദ്കർ പറഞ്ഞു.
എന്തുകൊണ്ടാണ് മഹാമാരികൾ സംഭവിക്കുന്നത്?
അണുബാധകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് കുതിച്ചുകയറുന്നുണ്ടെങ്കിലും, യാത്രാ സൗകര്യമുള്ള കൂടുതൽ ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത് ഒരു അണുബാധ വലിയൊരു വിഭാഗം ജനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പടരാൻ സാധ്യതയുണ്ട്. ഓരോ വർഷവും കോടിക്കണക്കിന് ആളുകൾ വിമാനയാത്ര നടത്തുന്നു, ഇത് അണുബാധ പടരുന്നതിനുള്ള മികച്ച സംവിധാനമാകുന്നു.
നഗരവൽക്കരണത്തിലും വർധനവുണ്ടായിട്ടുണ്ട്. നഗരവൽക്കരണം ധാരാളം ആളുകളെ അടുത്തടുത്ത് താമസിക്കുന്നതിലേക്ക് നയിക്കുന്ന അതിലൂടെ അണുബാധ പടരുന്നതിനും കാരണമാകുന്നു. ശരിയായ ശുചിത്വം, പാർപ്പിടം, ആരോഗ്യ സംരക്ഷണം എന്നിവ ഇല്ലാത്തതിനാൽ ഇത് അണുബാധകൾ പടരുന്നതിന് അനുകൂലമായ അന്തരീക്ഷം നൽകുന്നു.
യാത്രയും ജനസാന്ദ്രതയും മുൻകാല പകർച്ചവ്യാധികളിലും പങ്ക് വഹിച്ചിട്ടുണ്ട്. 1918-ലെ സ്പാനിഷ് ഇൻഫ്ലുവൻസ ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിലാണ് സംഭവിച്ചത്. അത് വൃത്തിഹീനമായ, തിരക്കേറിയ, തിങ്ങിനിറഞ്ഞ ക്യാമ്പുകളിൽ താമസിക്കുന്ന സൈനികർക്കിടയിൽ അതിവേഗം പടർന്നു, തുടർന്ന് അത് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പകരുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായ ബ്ലാക്ക് ഡെത്ത് വ്യാപാരക്കപ്പലുകളിൽ ഉണ്ടായിരുന്ന എലികളിൽനിന്നാണ് യൂറോപ്പിലേക്ക് പടർന്നതെന്ന് കരുതപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനം പകർച്ചവ്യാധികളെയും ബാധിക്കുന്നതെങ്ങനെ?
കാലാവസ്ഥ മഹാമാരികൾ പൊട്ടിപ്പുറപ്പെടുന്നതിലും പരത്തുന്നതിലും പങ്കുവഹിക്കുന്നുണ്ട്. വന നശീകരണവും മറ്റു മൃഗങ്ങളുടെ ആവാസവ്യവസ്ഥയുടെ കടന്നുകയറ്റവും മനുഷ്യരെയും മൃഗങ്ങളെയും കൂടുതൽ അടുപ്പിക്കുന്നു. വർധിച്ച മനുഷ്യ-മൃഗ ഇടപെടലുകൾ അണുബാധ പരക്കുന്നതിന് സാധ്യത വർധിപ്പിക്കുന്നു.
2003-ലെ സാർസ് പൊട്ടിപ്പുറപ്പെടാൻ കാരണമായ രോഗകാരി പാം സിവെറ്റുകളിൽ നിന്നായിരിക്കാമെന്നാണ് പറയുന്നത്. മെർസിന് കാരണമാകുന്ന രോഗകാരി ഡ്രോമെഡറി ഒട്ടകങ്ങളിൽ നിന്നാണ് വന്നതെന്നും പറയുന്നു. കോവിഡ് 19-ന് കാരണമാകുന്ന സാർസ്-കോവ്-2 വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് കടന്നു വന്നതെന്നും പറയപ്പെടുന്നു.
കാലാവസ്ഥ രോഗവാഹകരുടെ ആവാസവ്യവസ്ഥയെ മാറ്റിമറിച്ചേക്കാം. ഉദാഹരണത്തിന്, ഇന്ത്യയിൽ ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകൾ. തണുത്ത, മലയോര സംസ്ഥാനങ്ങളിൽ നേരത്തെ ഈ രോഗം ഉണ്ടായിട്ടില്ല. ഡെങ്കിപ്പനിയുടെ ഭൂമിശാസ്ത്രപരമായ പരിധി 2001-ൽ വെറും എട്ട് സംസ്ഥാനങ്ങൾ ആയിരുന്നു.
എന്നാൽ 2022-ഓടെ ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. അല്ലെങ്കിൽ, സാധാരണയായി വനപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും മാത്രം കണ്ടുവരാറുള്ള സ്‌ക്രബ് ടൈഫസ് ഇപ്പോൾ ഡൽഹി പോലുള്ള നഗരങ്ങളിൽ നിന്ന് എല്ലാ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനം തീവ്രമായ കാലാവസ്ഥാ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അത് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ശരിയായ ശുചിത്വമില്ലാതെ തിരക്കേറിയ ക്യാംപുകളിൽ താൽക്കാലികമായി എങ്കിലും ജീവിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു.
അടുത്ത മഹാമാരിയ്ക്ക് കാരണമായേക്കാവുന്ന രോഗാണുക്കൾ ഏതാണ്?
കോവിഡ് -19 സംഭവിക്കുന്നതിന് വളരെ മുമ്പുതന്നെ, ഒരു നോവൽ കൊറോണ വൈറസ് അടുത്ത പാൻഡെമിക്കിന് കാരണമാകുമെന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങൾ ഉണ്ടായിരുന്നു. കാരണം, പാൻഡെമിക് സാധ്യതയുള്ള രോഗാണുക്കളിൽ ഒന്നാണ് കൊറോണ വൈറസുകൾ. (ബാക്ടീരിയ, വൈറസുകൾ അല്ലെങ്കിൽ സൂക്ഷ്മാണുക്കൾ) ഇത് മനുഷ്യർക്കിടയിൽ അനിയന്ത്രിതമായി പടരാൻ കഴിവുള്ളതും കഠിനമായ രോഗത്തിനും മരണത്തിനും കാരണമാകുന്നവയുമാണ്.
ലോകാരോഗ്യ സംഘടനയ്ക്ക് പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്താൻ സാധ്യതയുള്ളതും അവയ്‌ക്കെതിരെ മതിയായ മരുന്നുകളും വാക്‌സിനുകളും ഇല്ലാത്തതുമായ രോഗാണുക്കളുടെ മുൻഗണനാ പട്ടികയുണ്ട്. ഈ രോഗങ്ങൾക്കുള്ള ഡയഗ്നോസ്റ്റിക്സ്, മരുന്നുകൾ, വാക്സിനുകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിന് മുൻഗണന നൽകുന്നതിനുള്ള അടിസ്ഥാനമായി ഈ പട്ടിക പ്രവർത്തിക്കുന്നു.
- കോവിഡ് -19 കൂടാതെ പട്ടികയിൽ ഉൾപ്പെടുന്നവ
- ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ (ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്ന പനി),
- എബോള വൈറസ് രോഗം, മാർബർഗ് വൈറസ് രോഗം (കടുത്ത രക്തസ്രാവത്തിന് കാരണമാകുന്ന ഗുരുതരമായതും പലപ്പോഴും മാരകവുമായ വൈറൽ അണുബാധ),
- ലസ്സ പനി (എബോള പോലുള്ള രക്തസ്രാവത്തിന് കാരണമാകുന്ന മറ്റൊരു വൈറൽ പനി)
- മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് (MERS-CoV),സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) (കോവിഡ്-19-ന് കാരണമായ സാർസ്-കോവി-2 വൈറസിന്റെ കസിൻസ്),
- നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ (മസ്തിഷ്ക വീക്കത്തിന് കാരണമായേക്കാവുന്ന പഴം വവ്വാലുകൾ വഴി പകരുന്ന ഒരു വൈറൽ അണുബാധ),
- റിഫ്റ്റ് വാലി പനി (പ്രധാനമായും മൃഗങ്ങളിൽ കാണപ്പെടുന്ന രോഗം. ചിലപ്പോൾ മനുഷ്യരിലേക്കും പകരാം, കൂടാതെ ഇത് അണുബാധകൾ, കണ്ണിന് ക്ഷതം, മസ്തിഷ്ക വീക്കം അല്ലെങ്കിൽ ആന്തരിക അവയവങ്ങളുടെ രക്തസ്രാവം പോലുള്ളവയ്ക്ക് കാരണമാകും)
- സിക്ക (മൈക്രോസെഫാലി അല്ലെങ്കിൽ ചെറിയ മസ്തിഷ്കം, ഗർഭിണിയായ അമ്മയ്ക്ക് അണുബാധയുണ്ടാകുമ്പോൾ ഫീറ്റസിന് മറ്റ് വൈകല്യങ്ങൾക്ക് കാരണമാകാം)
കൂടാതെ, "നിലവിൽ അജ്ഞാതമായ ഒരു രോഗകാരി മൂലം മനുഷ്യരിലുണ്ടാകുന്ന ഗുരുതരമായ അന്താരാഷ്ട്ര പകർച്ചവ്യാധിയെ" പ്രതിനിധീകരിക്കുന്ന 'ഡിസീസ് എക്സ്' എന്നതും പട്ടികയിൽ ഉൾപ്പെടുന്നു.
എന്താണ് ചെയ്യേണ്ടത്?
രാജ്യങ്ങളും ആരോഗ്യ പരിപാലന സംവിധാനങ്ങളും ഭാവിയിലെ ഇത്തരം മഹാമാരികൾക്ക് വേണ്ടി തയ്യാറെടുക്കേണ്ടത് ആവശ്യമാണ്. ഒരു ജനസംഖ്യയിലെ രോഗാവസ്ഥയിലോ രോഗലക്ഷണങ്ങളിലോ ഉള്ള വ്യതിയാനങ്ങൾ എന്നിവ നിരീക്ഷിക്കാനും പൊതുജനാരോഗ്യത്തിന് വേഗത്തിൽ മുന്നറിയിപ്പ് നൽകാനും കഴിയുന്ന ഒരു നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിലൂടെ ഇത് ചെയ്യാൻ കഴിയും.
മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് എത്താവുന്ന രോഗാണുക്കളെ കണ്ടെത്താനും ആരോഗ്യ നിരീക്ഷണം സഹായിച്ചേക്കാം. ശുചിത്വം ഉറപ്പാക്കി അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഗവൺമെന്റ് പ്രവർത്തിക്കേണ്ടതുണ്ട്. ഇതിന് ശുദ്ധമായ കുടിവെള്ളവും പോഷകസമൃദ്ധമായ ഭക്ഷണവും നൽകേണ്ടതുണ്ട്.
കൂടാതെ, ആരോഗ്യ അടിയന്തരാവസ്ഥയ്ക്കായി ആരോഗ്യ സംവിധാനങ്ങൾ സജ്ജമായി സൂക്ഷിക്കേണ്ടതുണ്ട്. ഉപകരണങ്ങളുടെയും പരിശീലനം ലഭിച്ച മനുഷ്യരുടെയും ലഭ്യത മാത്രമല്ല, ഏതെങ്കിലും പുതിയ മെഡിക്കൽ കൗണ്ടർ മെഷർ - ഡയഗ്നോസ്റ്റിക്, മരുന്ന് അല്ലെങ്കിൽ വാക്സിൻ - വേഗത്തിൽ നിർമ്മിക്കാനും ലഭ്യമാക്കാനും കഴിയുമെന്ന് ഉറപ്പാക്കാനുള്ള സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us