scorecardresearch
Latest News

ഉദയ്‌പുർ കൊലപാതകം: എന്താണ് ദഅ്‌വത്ത്-ഇ-ഇസ്‌ലാമി?

ഉദയ്പൂർ കേസിലെ പ്രതികൾക്ക് ദഅ്‌വത്ത്-ഇ-ഇസ്‌ലാമിയുടെ പാകിസ്ഥാൻ വിഭാഗവുമായി ആശയപരമായ ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്

Udaipur

ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരനെ കൊലപ്പെടുത്തിയ ഗൗസ് മുഹമ്മദിന് ദഅ്‌വത്ത്-ഇ-ഇസ്‌ലാമി (ഡിഇഐ) എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാണ് രാജസ്ഥാൻ പൊലീസിന്റെ കണ്ടെത്തൽ. നാല് പതിറ്റാണ്ട് മുമ്പ് പാകിസ്ഥാനിൽ സ്ഥാപിതമായ ഒരു സുന്നി ബറേൽവി മതപരിവർത്തന ഗ്രൂപ്പാണിത്. നിരവധി രാജ്യങ്ങളിൽ ഇവരുടെ സംഘങ്ങളുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ദഅ്‌വത്ത്-ഇ ഇസ്ലാമി യഥാർത്ഥ സംഘത്തിൽ നിന്ന് വേർപ്പെട്ടു നിൽക്കുന്ന സുന്നി ഗ്രൂപ്പാണ്, അവർക്ക് ഡിഇഐ പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ല.

മതനിന്ദയും പ്രവാചകന്റെ അന്തിമത്വത്തിന്റെയും വിഷയങ്ങളിൽ 2016 മുതൽ നിരവധി തവണ റാലികൾ നടത്താനും തെരുവിൽ ശക്തി പ്രകടനം നടത്താനും ബറേൽവി ഗ്രൂപ്പായ തെഹ്‌രീകെ-ലബ്ബൈക്ക് പാകിസ്ഥാൻ (ടിഎൽപി), പ്രചോദനം ഉൾക്കൊണ്ടത് ഡിഇഐയിൽ നിന്നാണ്. ഇപ്പോൾ പല ഡിഇഐ അംഗങ്ങളും 2015 ൽ വന്നലബ്ബൈകിന്റെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്.

പ്രവാചകനെ അപകീർത്തിപ്പെടുത്തി കൊണ്ടുള്ള കാർട്ടൂൺ വിവാദത്തിൽ ഫ്രാൻസുമായുള്ള നയതന്ത്രബന്ധം ഇസ്ലാമാബാദ് വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കായി 2020-21ൽ ലബ്ബൈക്ക് തങ്ങളുടെ കേഡറുകൾ ശക്തിപ്പെടിത്തിയിരുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും സിന്ധ് അസംബ്ലിയിൽ അവർ രണ്ട് സീറ്റുകൾ നേടുകയും ചെയ്തു.

2011 ജനുവരിയിൽ, പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യാ ഗവർണറായിരുന്ന സൽമാൻ തസീറിനെ പൊലീസ് അംഗരക്ഷകനായ മുംതാസ് ഖാദ്രി വെടിവച്ചു കൊന്നപ്പോൾ, അയാൾക്ക് ദഅവത്ത്-ഇ-ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഖാദ്രി തന്റെ സംഘടനയിൽ പെട്ടയാളാണോ എന്നതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് ഡിഇഐ വക്താവ് മഹമൂദ് അഹമ്മദ് അട്ടാരിയെ ഉദ്ധരിച്ച് അന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു. ദഅ്‌വത്ത്-ഇ-ഇസ്‌ലാമി അംഗങ്ങൾ സുന്നി ബറേൽവി വിഭാഗത്തിലെ മിതവാദികളാണെന്നും പ്രക്ഷോഭങ്ങളിലോ പ്രതിഷേധ പ്രകടനങ്ങളിലോ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖാദ്രിയെ മോചിപ്പിക്കാനുള്ള പ്രസ്ഥാനത്തിൽ നിന്നാണ് ലബ്ബൈക്ക് വളർന്നത്, തസീറിനെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധേയനായതിന് പിന്നാലെ അയാൾ അതിവേഗം അനുയായികളെയും സമ്പാദിച്ചു.

സോവിയറ്റ് സൈന്യത്തിനെതിരായ ഒന്നാം അഫ്ഗാൻ യുദ്ധത്തിന് സൗദി ധനസഹായം നൽകിയും യുഎസ് ആയുധം നൽകിയും ഇസ്ലാമിക് റാഡിക്കലിസത്തിനും ജിഹാദിസത്തിനും പാകിസ്ഥാൻ സജീവമായി സഹായം നൽകുന്ന സമയത്താണ് ഡിഇഐ രൂപീകരിച്ചത്. 1981ലായിരുന്നു ഇത്. സുന്നി വിഭാഗം ദയൂബന്ദിയെ ഏറ്റെടുക്കുന്നതിന്റെ ബറേൽവി പ്രതികരണമായിരുന്നു ഡിഇഐ.

ദയൂബന്ദി പള്ളികളിൽ നിന്ന് ദയൂബന്ദി പഠനങ്ങൾ പൂർത്തിയാക്കി ഇറങ്ങിയവരാണ് ജിഹാദി തന്സീമുകൾ. പാകിസ്ഥാൻ സൈന്യം നൽകിയ പരിശീലനവും പിന്തുണയും ദയൂബന്ദിയുടെ പ്രതിച്ഛായ വർധിപ്പിച്ചു, ഇത് പാകിസ്ഥാനിലെ ബറേൽവി സുന്നി നേതൃത്വത്തെ ആശങ്കപ്പെടുത്തി. സോവിയറ്റ് പിൻമാറ്റത്തിനുശേഷം, താലിബാന്റെ ഉദയത്തിനും തീവ്രമായ ഇസ്ലാം ആശയങ്ങൾ വികസിക്കുന്നതിനും ദയൂബന്ദി സംഭാവന ചെയ്തു.

ഡിഇഐയുടെ സ്ഥാപകനായ മുഹമ്മദ് ഇല്യാസ് അത്തർ ഖാദിരി, കറാച്ചിയിലെ ഒരു കച്ചി മേമൻ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ വിഭജനത്തിന് മുൻപ് ഇന്ത്യയുടെ ഭാഗമായിരുന്ന ജുനഗർ സ്വദേശികളാണ്. 1921 ൽ രൂപീകൃതമായ തബ്ലീഗ് ജമാത്തിന്റെ (ടിജെ) അതേരീതിയിലാണ് ഡിഇഐയെ രൂപീകരിച്ചത്. തബ്ലീഗ് ജമാഅത്തിനെ പോലെ പള്ളികളിലേക്ക് ദീർഘ യാത്രകൾ നടത്തുകയും വിവിധ സ്ഥലങ്ങളിൽ ഇജ്തിമ അഥവാ സഭകൾ നടത്തുകയും ഇവർ ചെയുന്നു. തബ്ലീഗിനെ പോലെ ആത്മീയ പരിഷ്കരണത്തിനും അതിലൂടെ സമൂഹത്തിന്റെ നവീകരണത്തിലുമാണ് ഈ സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഡിഇഐയും തബ്‌ലീഗും പ്രത്യയശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും സിദ്ധാന്തത്തിലും വ്യത്യസ്തരാണ്. പച്ച തലപ്പാവ് ധരിച്ചാണ് ദഅ്‌വത്ത്-ഇ-ഇസ്‌ലാമി അംഗങ്ങളെ കാണാനാവുക.

തബ്ലീഗ് എൺപതുകളിലും തൊണ്ണൂറകളിലും പാകിസ്ഥാനിൽ പിറവിയെടുത്ത ജിഹാദി സംഘങ്ങളുമായോ മറ്റേതെങ്കിലോ രാഷ്ട്രീയ പാർട്ടികളുമായോ ബന്ധമില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുംബൈ ഭീകരാക്രമണത്തിന് ശേഷം നടത്തിയ അന്വേഷണങ്ങളിൽ തീവ്ര ചിന്താഗതികളുള്ള ചില വ്യക്തികൾക്ക് തബ്ലീഗുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

തസീർ കൊല്ലപ്പെടുന്നതിന് മുമ്പ്, ഡിഇഐ ഒരു ചെറിയ സംഘടനയായിരുന്നു. എന്നാൽ ആ സംഭവവും ടിഎൽപിയുമായുള്ള ബന്ധവും പാകിസ്ഥാൻ സൈന്യവുമായുള്ള ബന്ധവും അവർക്ക് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തു.

“ലഷ്‌കർ ഇ ജാംഗ്‌വിയുമായും മറ്റ് ദയൂബന്ദി ഗ്രൂപ്പുകളുമായും തബ്ലീഗി ജമാഅത്തിന് ഉള്ള അതേ ബന്ധമാണ് ലബ്ബൈക്കുമായും ഡിഇഐയ്‌ക്ക് ഉള്ളത്,” പാകിസ്ഥാൻ എഴുത്തുകാരിയും നിരൂപകയുമായ ആയിഷ സിദ്ദിഖ പറഞ്ഞു. “നിരവധി ഡിഇഐകൾ ഇപ്പോൾ ലബ്ബൈക്കിൽ ചേർന്നതായും” അവർ പറഞ്ഞു.

പാകിസ്ഥാൻ ജനസംഖ്യയുടെ 50 ശതമാനത്തോളം ബറേൽവികളാണ്, എന്നാൽ പാകിസ്ഥാൻ സൈന്യം ദയൂബന്ദിയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിൽ തങ്ങൾ മാറ്റിനിർത്തപ്പെടുന്നതായാണ് അവർ കാണുന്നത്. തബ്ലീഗ് പോലെയുള്ള ഒരു വലിയ അന്താരാഷ്ട്ര സംഘടനയാകാൻ ഡിഇഐ ആഗ്രഹിച്ചപ്പോൾ, അംഗങ്ങൾ അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ കശ്മീരിലോ ഉള്ളപോലെയുള്ള അക്രമാസക്തമായ ജിഹാദിലേക്ക് നീങ്ങിയില്ല. പകരം, ലഷ്‌കർ-ഇ-ജാങ്‌വി, സിപാ-ഇ-സഹാബ, താലിബാൻ തുടങ്ങിയ സംഘങ്ങളുടെ ഭീകരതയുടെ ഇരകളാവുകയായിരുന്നു ബറേൽവികൾ. ഇസ്ലാമാബാദിലെ ബാരി ഇമാമും ലാഹോറിലെ ഡാറ്റാ ദർബാറും ഉൾപ്പെടെയുള്ള പാക്കിസ്ഥാനിലെ അവരുടെ എല്ലാ പ്രധാന ദർഗകളും ബോംബാക്രമണങ്ങൾ നേരിട്ടിട്ടുണ്ട്.

ദയൂബന്ദികളും അഹ്‌ലെ ഹദീസും (വഹാബിസം സ്വാധീനിച്ച റ്റൊരു സുന്നി പരിഷ്‌കരണ പ്രസ്ഥാനം) ബറേൽവി പള്ളികൾ പിടിച്ചെടുക്കുന്നതിൽ നിന്ന് തടയാൻ രൂപീകരിച്ച സുന്നി തെഹ്‌രീക്, 2006 ലെ കറാച്ചി നിഷ്താർ പാർക്കിലെ ബോംബാക്രമണത്തിൽ നിന്ന് ഇതുവരെ കരകയറിയില്ല. ആ ആക്രമണത്തിൽ അവരുടെ എല്ലാ നേതാക്കളും കൊല്ലപ്പെട്ടു.

ബറേൽവി ചിന്താധാരയെ ഒരിക്കൽ ഇസ്‌ലാമിന്റെ മിതത്വ മുഖമായി ഉയർത്തിക്കാട്ടാൻ ശ്രമിച്ചിരുന്നു, യുഎസുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, താലിബാനെ പ്രത്യയശാസ്ത്രപരമായി നേരിടാൻ ബറേൽവിസം ഉപയോഗിക്കാമെന്ന് പാകിസ്ഥാന്റെ മുൻ സൈനിക ഭരണാധികാരി പർവേസ് മുഷറഫ് കരുതി. എന്നാൽ, 2011 ൽ തസീറിനെ ഖദ്രി വധിച്ചതോടെ ആ പദ്ധതി അവസാനിച്ചു. മുൻപത്തെ പോലെ ബറേൽവിസത്തെ “മൃദു” ഇസ്ലാമും സൂഫിസവുമായി ബന്ധപ്പെടുത്തില്ലെന്ന് ടിഎൽപി പറഞ്ഞിട്ടുണ്ട്.

മതനിന്ദ പ്രശ്നം ബറേൽവിസത്തെ എങ്ങനെ ബാധിച്ചുവെന്ന് മനസിലാക്കാൻ, പള്ളികളെ സംരക്ഷിക്കാൻ മുദ്രവാക്യങ്ങൾ ഉയർത്തിയിരുന്ന സുന്നി തെഹ്‌രീക്ക്, “പ്രവാചകനെ നിന്ദിക്കുന്ന ഏതൊരാൾക്കും ശിരഛേദം മാത്രമാണ് ശിക്ഷ” എന്ന മുദ്രാവാക്യമാണ് ഉയർത്തുന്നത് എന്ന് അറിഞ്ഞാൽ മതി.

ഇന്നത്തെ ദഅ്‌വത്ത്-ഇ-ഇസ്‌ലാമി

കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘം ഇപ്പോൾ ലോകമെമ്പാടും സജീവമാണ്. മഅ്ദനി ചാനൽ എന്ന പേരിൽ ഒരു ടെലിവിഷൻ ചാനലും ചാരിറ്റബിൾ ഓർഗനൈസേഷനുകളും ട്രസ്റ്റുകളും ഇവർ നടത്തുന്നു.

1992 ൽ രൂപീകരിച്ച മുംബൈ ആസ്ഥാനമായുള്ള ദാവത്ത്-ഇ-ഇസ്‌ലാമിയുടെ ഇന്ത്യാ ചാപ്‌റ്റർ, പാകിസ്ഥാൻ സംഘത്തിൽ നിന്ന് വേർപെട്ട് നിൽക്കുന്നതാണ്. അതിന്റെ ഇന്ത്യൻ ശാഖയുടെ തലവനായ മൗലാന മുഹമ്മദ് ഷാക്കിർ അലി നൂറി പ്രത്യേക സംഘടന ആരംഭിക്കുകയും അതിന് അദ്ദേഹം സുന്നി ദാഅവത്-ഇ ഇസ്ലാമി എന്ന് പേരിടുകയും ചെയ്തു.

ഉദയ്പൂർ കേസിലെ പ്രതികൾക്ക് പാകിസ്ഥാൻ വിഭാഗവുമായി ആശയപരമായ ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്, കാരണം ഇരുവരും അവരുടെ പേരുകൾക്ക് ശേഷം അട്ടാരി എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്, ഡിഇഐ നേതാവ് മുഹമ്മദ് ഇല്യാസ് അത്താർ ഖാദ്രിക്ക് ശേഷം. പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടനയിലെ അംഗങ്ങൾ പിന്തുടരുന്ന രീതിയാണിത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Who are the dawate islami sunni group udaipur kanhaiyalal murderer explained