വിസ്കി ഫംഗസ്, അല്ലെങ്കിൽ ബൗഡോനിയ കോംപ്നിയാസെൻസിസ്, എഥനോൾ നീരാവിയിൽ തഴച്ചുവളരുകയും നീക്കം ചെയ്യാൻ പ്രയാസമുള്ള കറുത്ത, സൂട്ടി(കരിപിടിച്ച) പുറംപാളിയുള്ളവയെ സൃഷ്ടിക്കുന്നു. ഈ ഫംഗസ് അടുത്തുള്ള പ്രതലങ്ങളിൽ പടർന്ന് അവയെ മറയ്ക്കുന്നു. വിവിധ രാജ്യങ്ങളിൽ മദ്യ നിർമ്മാതാക്കൾക്കെതിരെ കാലാകാലങ്ങളിൽ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
ടെന്നസിയിലെ ലിങ്കൺ കൗണ്ടിയിലെ കോടതി, ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന അമേരിക്കൻ വിസ്കി ബ്രാൻഡായ ജാക്ക് ഡാനിയേലിന്റെ പുതിയ ബാരൽ വെയർഹൗസിന്റെ നിർമ്മാണം നിർത്തിച്ചു. ലോകമെമ്പാടുമുള്ള ബേക്കറികൾക്കും ഡിസ്റ്റിലറികൾക്കും സമീപം സാധാരണയായി കാണപ്പെടുന്ന വിസ്കി ഫംഗസ് എന്നറിയപ്പെടുന്ന കറുത്ത, സൂട്ടി ഫംഗസ് ഉണ്ടെന്ന് അവകാശപ്പെട്ട്, കമ്പനിയുടെ ബാരൽഹൗസുകൾക്ക് സമീപം താമസിക്കുന്ന ക്രിസ്റ്റി ലോംഗ് എന്ന താമസക്കാരൻ കൗണ്ടിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് ഉത്തരവ്. അനിയന്ത്രിതമായി പടർന്ന ഫംഗസ് കാറുകൾ, വീടുകൾ, മരങ്ങൾ എന്നിവയെ മൂടുന്നതായി ക്രിസ്റ്റി പരാതിയിൽ പറയുന്നു.
വെയർഹൗസുകൾക്കുള്ള പെർമിറ്റുകൾക്ക് കൗണ്ടി ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ അല്ല അനുമതി നൽകിയിരിക്കുന്നതെന്ന് ആരോപിച്ച്, ലോംഗും പ്രദേശത്തെ മറ്റ് താമസക്കാരും ജാക്ക് ഡാനിയൽ ഈ പ്രശ്നം പരിഹരിക്കാൻ എയർ-ഫിൽട്ടറേഷൻ സംവിധാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നു. നിലവിൽ, കമ്പനിക്ക് ഈ മേഖലയിൽ ആറ് ബാരൽഹൗസുകളുണ്ട്, കോടതി വിധി വരുന്നതിന് മുമ്പ്, ഒരു വസ്തുവിൽ ഏഴാമത്തേത് നിർമ്മിക്കുകയായിരുന്നെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിസ്‌കി ഫംഗസ് വീടുകൾ, മരങ്ങൾ, ഔട്ട്‌ഡോർ ഫർണിച്ചറുകൾ എന്നിവയെ മൂടുക മാത്രമല്ല, സ്വത്തിന്റെ മൂല്യത്തെ നശിപ്പിക്കുകയും അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന വിവിധ രാജ്യങ്ങളിലെ താമസക്കാർ മദ്യ നിർമ്മാതാക്കൾക്കെതിരെ മുൻവർഷങ്ങളിൽ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
എന്താണ് വിസ്കി ഫംഗസ്?
വിസ്കി ഫംഗസ് എന്താണെന്ന് മനസിലാക്കാൻ, ആദ്യം നമ്മൾ “ഏയ്ഞ്ചൽസ് ഷെയർ” എന്താണെന്ന് അറിയേണ്ടതുണ്ട്. വിസ്കിയോ മറ്റേതെങ്കിലും സ്പിരിറ്റോ ഒരു വീപ്പയിൽ പാകപ്പെടാൻ സൂക്ഷിക്കുമ്പോൾ, അതിന്റെ ഒരു ചെറിയ അളവ് അത് സൂക്ഷിച്ചിരിക്കുന്ന ബാരലിലൂടെ അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിക്കപ്പെടുന്നു. എല്ലാ വർഷവും മദ്യത്തിന്റെ രണ്ട് ശതമാനം വരെ ഈ രീതിയിൽ വീപ്പയിൽ നിന്ന് പുറത്തുപോകുന്നു. പ്രശസ്ത വിസ്കി നിർമ്മാതാക്കളായ ഓക്ക് & ഈഡൻ പറയുന്നതനുസരിച്ച്, “വായുവിലേക്ക് ബാഷ്പീകരിക്കപ്പെടുകയും സംഭരണശാലയെ സുഗന്ധപൂരിതമാക്കുകയും ചെയ്യുന്ന ഈ വിസ്കി മധ്യകാല അയർലൻഡിലും സ്കോട്ട്ലൻഡിലും “ഏയ്ഞ്ചൽസ് ഷെയർ” എന്ന് വിളിക്കപ്പെടുന്നു. വായുവിൽ അപ്രത്യക്ഷമായ വിസ്കി മാലാഖമാർക്കുള്ളതാണെന്ന് അവർ വിശ്വസിച്ചതായി,” ഓക്ക് & ഈഡൻ പറയുന്നു.
വിസ്കി ഫംഗസ്, അല്ലെങ്കിൽ ബൌഡോനിയ കോംപ്നിയാസെൻസിസ്, ഈ ആൽക്കഹോൾ നീരാവിയിലൂടെ തഴച്ച് വളരുന്നു. വെൽവെറ്റ് അല്ലെങ്കിൽ പുറംപാളിയുള്ള ഇതിന് ഒന്നോ രണ്ടോ സെന്റീമീറ്റർ കനത്തിൽ വളരാൻ കഴിയും. സമീപത്തുള്ള പ്രതലങ്ങളിലേക്ക് പടരുകയും അതിന്റെ വഴിയിൽ വരുന്ന എല്ലാത്തിനെയും ഫംഗസ് മൂടുകയും ചെയ്യുന്നു. ഇൻഡ്യാന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിന്റെ അഭിപ്രായത്തിൽ, ഇത് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ബേക്കറികളിലും ഡിസ്റ്റിലറികളിലും ഫെർമെന്റേഷൻ നടക്കുന്നിടത്ത് ഇത് വളരുന്നു.
“ബൌഡോനിയ കോംപ്നിയാസെൻസിസ് എഥനോലിക് നീരാവി ഉപയോഗിച്ച്, മുളച്ച് തുടങ്ങുകയും ഫംഗസിലെ പ്രോട്ടീനുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് താപനിലയെ ചെറുക്കാൻ ഫംഗസിനെ സഹായിക്കുന്നു,” ഇൻഡ്യാന ആരോഗ്യവകുപ്പ് പറഞ്ഞു. 1870-കളിൽ ഫ്രഞ്ച് ഡിസ്റ്റിലേഴ്‌സ് അസോസിയേഷന്റെ ഡയറക്ടറായ അന്റോണിൻ ബൗഡോയിൻ ഫ്രാൻസിലെ കോണിയാക് മേഖലയിലെ ഡിസ്റ്റിലറികൾക്ക് ചുറ്റും “സൂട്ടിന്റെ ഒരു പ്ലേഗ് ” കണ്ടപ്പോഴാണ് ഇതിനെ ആദ്യമായി കണ്ടെത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വിസ്കി ഫംഗസ് എത്രത്തോളം അപകടകരമാണ്?
വിസ്‌കി ഫംഗസുമായി ഹ്രസ്വകാലമോ ദീർഘകാലമോ സമ്പർക്കം പുലർത്തുന്നതിലൂടെ ആരോഗ്യപരമായ അപകടസാധ്യതകളൊന്നും ഗവേഷകർ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഇൻഡ്യാന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് അതിന്റെ 2019ലെ റിപ്പോർട്ടിൽ പരാമർശിച്ചു. എന്നിരുന്നാലും, ഇതിന് വൃക്ഷങ്ങളെയും വസ്തുവകകളെയും നശിപ്പിക്കാനും കഴിയും. “ഇത് ഒരു ശല്യത്തിനെക്കാൾ ഉപരിയാണെന്നും ശരിക്കും വിനാശകാരിയണെന്നും,” വിസ്കി ഫംഗസിനെ ആദ്യമായി തരംതിരിച്ച മൈക്കോളജിസ്റ്റായ ജെയിംസ് സ്കോട്ട് ‘ഇൻസൈഡറോട്’ പറഞ്ഞു.
മാത്രമല്ല, ഫംഗസ് ബാധിച്ച പ്രതലങ്ങളിൽനിന്ന് ഇവ നീക്കം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. താനും ഭർത്താവും വർഷത്തിൽ നാല് തവണ ബ്ലീച്ച് ഉപയോഗിച്ച് ബൗഡോനിയ കോംപ്നിയാസെൻസിസ് കൊണ്ട് പൊതിഞ്ഞ തങ്ങളുടെ വീട് പവർ-വാഷ് ചെയ്യുന്നതിന് 10,000 ഡോളർ ചെലവഴിക്കേണ്ടിവരുമെന്ന് ക്രിസ്റ്റി ലോംഗ് തന്റെ അന്യായത്തിൽ അവകാശപ്പെട്ടു. വിസ്കി ഫംഗസ് നീക്കം ചെയ്യുമ്പോൾ എൻ95 മാസ്കുകൾ, കണ്ണടകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.സ്വകാര്യ കിണറിൽ ഫംഗസ് കണ്ടെത്തിയാൽ കിണർ അണുവിമുക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡിസ്റ്റിലറികൾക്കെതിരെയുള്ള വ്യത്യസ്ത കേസുകൾ എന്തൊക്കെയാണ്?
ക്രിസ്റ്റി ലോങ്ങിന്റെ കേസിന് മുൻപ്, സ്‌കോട്ട്‌ലൻഡിലെ ഫാൽകിർക്ക് പ്രദേശത്തെ ദമ്പതികൾ 2019 ൽ വിസ്‌കി ഭീമൻ ഡിയാജിയോയ്‌ക്കെതിരെ 40,000 പൗണ്ടിന് കേസ് കൊടുത്തിരുന്നു. സമീപ പ്രദേശത്തെ കമ്പനിയുടെ ബാരൽഹൗസ് മൂലമുണ്ടായ വിസ്‌കി ഫംഗസ് തങ്ങളുടെ വീടിനും ഫർണിച്ചറുകൾക്കും കേടുപാടുകൾ വരുത്തിയെന്നായിരുന്നു അവരുടെ പരാതി. ” ഫംഗസ് കാരണം അവരുടെ വീടിന്റെ മൂല്യം അഞ്ച് മുതൽ 10 ശതമാനം വരെ കുറഞ്ഞു” എന്ന് പരാതിക്കാർ അവകാശപ്പെട്ടു. 2012 ൽ, യുഎസിലെ കെന്റക്കി നിവാസികൾ ഇതേ വിഷയത്തിൽ നിരവധി ലൂയിസ്‌വില്ലെ ഡിസ്റ്റിലറികൾക്കെതിരെ കേസ് ഫയൽ ചെയ്തുവെങ്കിലും അവയെല്ലാം ഒടുവിൽ പിരിച്ചുവിട്ടു.