ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുകളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചത്. കേവലഭൂരിപക്ഷവും കടന്നായിരുന്നു വിജയം. കര്‍ണാടകത്തില്‍ വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, സ്നേഹത്തിന്റെ കട തുറന്നു എന്നായിരുന്നു വിജയത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
കര്‍ണാടകയിലെ ജയത്തോടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലായി ഉയര്‍ന്നു. ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍. ഛത്തീസ്ഗഡ്, കര്‍ണാടക എന്നിവയാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കുന്നത്. ബിഹാര്‍, ജാർഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഭരണപക്ഷത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്.
ഹിമാചല്‍ പ്രദേശ്
2022-ലായിരുന്നു ഹിമാചല്‍ പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. 68 അംഗങ്ങളുള്ള സഭയില്‍ 43 സീറ്റും നേടിയായിരുന്നു കോണ്‍ഗ്രസിന്റെ ജയം. സുഖ്വിന്ദര്‍ സിങ് സുഖുവാണ് ഹിമാചലിന്റെ മുഖ്യമന്ത്രി. കോണ്‍ഗ്രസിന്റെ പ്രധാന എതിരാളിയായ ബിജെപിയുടെ നേട്ടം 25 സീറ്റില്‍ ഒതുങ്ങി. ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന്റെ ഉറപ്പുകളുമായിരുന്നു ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്.
രാജസ്ഥാന്‍
ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 200 സീറ്റുകളില്‍ 100 എണ്ണത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ജയം. കേവലഭൂരിപക്ഷത്തിന് തൊട്ടെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു.
മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ 2018-ല്‍ ശക്തമായ ഭരണവിരുദ്ധ വികാരം ബിജെപിക്കെതിരെ ഉണ്ടായിട്ടും കോണ്‍ഗ്രസിന്റെ ജയത്തിന് ശോഭ കുറഞ്ഞു.
ഛത്തീസ്ഗഡ്
രാജസ്ഥാനിലേതു പോലെ ഈ വര്‍ഷം അവസാനം ഛത്തീസ്ഗഡും തിരഞ്ഞെടുപ്പിലേക്ക് കടക്കും. 90 സീറ്റുകളുള്ള സഭയില്‍ 68 എണ്ണവും നേടിയാണ് 2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് നേടാനായത് കേവലം 15 സീറ്റുകള്‍ മാത്രമായിരുന്നു. നീണ്ട 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഭൂപേഷ് ബാഗലാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളിലും ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. 2018-ല്‍ ഭരണത്തിലേറിയ ശേഷം ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് തിരിച്ചു പിടിച്ചേക്കുമെന്നാണ് വിലയിരുുത്തല്‍.