ന്യൂഡൽഹി: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പാല്‍ഘറില്‍ ചരോട്ടിയില്‍ വച്ച് സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിലെ ഡിവൈഡറില്‍ കാർ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആരാണ് സൈറസ് മിസ്ത്രി?
ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഉടമയും ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയുമായ പല്ലോൻജി മിസ്ത്രിയുടെ മകൻ മിസ്ത്രി 2012 ൽ ടാറ്റ സൺസിന്റെ ആറാമത്തെ ചെയർമാനായി നിയമിതനായി. ടാറ്റ കുടുംബത്തിന് പുറത്ത് ഗ്രൂപ്പിന്റെ തലവനായ രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ തലവന്റെ ഏറ്റവും കുറഞ്ഞ കാലയളവുകളിലൊന്നായ നാല് വർഷത്തേക്ക് ഈ സ്ഥാനം വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2016 ഒക്ടോബർ 24-ന് ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് മിസ്ത്രിയെ പുറത്താക്കുകയും 2017 ഫെബ്രുവരി 6-ന് ഹോൾഡിങ് കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ചെയ്തു.
ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റതു മുതൽ 2016 ഒക്ടോബറിൽ പുറത്താകുന്നതുവരെ മിസ്ത്രിയും രത്തൻ ടാറ്റയും തമ്മിലുള്ള ബന്ധം സൗഹാർദപരമായിരുന്നു. ബിസിനസ് രീതികളിൽ മിസ്ത്രി നിരവധി മാറ്റങ്ങൾ വരുത്തി, അതുമൂലം മൂലധനച്ചെലവ് വർധിച്ചെങ്കിലും ഓഹരിയുടമകൾക്കുള്ള വരുമാനം കുറഞ്ഞു.
ലണ്ടനിലെ പ്രശസ്തമായ ഇംപീരിയൽ കോളേജിൽനിന്നും സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞ മിസ്ത്രി ടാറ്റയിൽ ചേരുന്നതിന് മുമ്പ് കുടുംബത്തിന്റെ ബിസിനസിൽ ഏർപ്പെട്ടിരുന്നു. ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ടാറ്റ മോട്ടോഴ്സ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ബിസിനസ്സ് തന്ത്രങ്ങൾ പഠിച്ചത്. ഫോബ്‌സ് ഗോകാക്ക്, യുണൈറ്റഡ് മോട്ടോഴ്‌സ് (ഇന്ത്യ), ഷപൂർജി പല്ലോൻജി ആൻഡ് കോ തുടങ്ങി നിരവധി കമ്പനികളുടെ ഡയറക്ടറായി പ്രവർത്തിച്ചു.
1930-ൽ ടാറ്റ സൺസിന്റെ എഫ്‌ഇ ഡിൻഷോ എസ്റ്റേറ്റിൽ നിന്ന് 12.5 ശതമാനം ഓഹരി ഷാപൂർജി പല്ലോൻജി മിസ്ത്രി വാങ്ങിയതോടെയാണ് ടാറ്റയുമായി മിസ്ത്രി കുടുംബത്തിന്റെ ബന്ധം ആരംഭിച്ചത്. പിന്നീട് ടാറ്റ കുടുംബത്തിൽ നിന്ന് കൂടുതൽ ഓഹരികൾ സ്വന്തമാക്കി, എസ്പി ഗ്രൂപ്പിന്റെ കൈവശം 16.5 ശതമാനമായി. ടാറ്റ കമ്പനിയിലെ തന്റെ ഓഹരി നിലനിർത്തുന്നതിനായി 90-കളിൽ മിസ്ത്രി 60 കോടി രൂപ നിക്ഷേപിച്ചു.
1938-ൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി സ്ഥാനമേറ്റ ജെആർഡി ടാറ്റയ്ക്ക് ടാറ്റ സൺസിൽ മിസ്ത്രി ഒരു പ്രധാന ഓഹരി വാങ്ങുന്നത് ആദ്യം ഇഷ്ടപ്പെട്ടില്ല. എന്നാൽ, പിന്നീട് അവർ നല്ല രീതിയിൽ ഒത്തുപോവുകയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നല്ല ബന്ധം നിലനിർത്തുകയും ചെയ്തു. പല്ലോൻജി മിസ്ത്രിയുടെ മകൾ ആലു, രത്തൻ ടാറ്റയുടെ അർധസഹോദരനായ നോയൽ ടാറ്റയെ വിവാഹം കഴിച്ചതോടെയാണ് ഈ ബന്ധം കൂടുതൽ ദൃഢമായത്.
രത്തൻ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്, ടാറ്റ സൺസ് ബോർഡിന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ കഴിഞ്ഞ വർഷം ഒക്ടോബർ 24 ന് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കി. പിന്നീട് മിസ്ത്രി നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ച് ദീര്‍ഘകാലം നിയമപോരാട്ടം നടത്തി.