ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ മിസൈല്‍ അതിര്‍ത്തിയില്‍ പതിച്ചകാര്യം പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തന്നെ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിക്കുകയും ചെയ്തു. മിസൈൽ 124 കിലോമീറ്റർ അകലെ പാക്കിസ്ഥാൻ അതിര്‍ത്തിയില്‍ പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്ര സർക്കാർ അറിയിക്കുകയും ചെയ്തു. മിസൈല്‍ പരീക്ഷണം പരാജയപ്പെടുന്നതും വഴിമാറിസഞ്ചരിച്ച് അതിര്‍ത്തി കടക്കുന്നതും വളരെ അപൂര്‍വമായ സംഭവമാണ്.
ഇത്തരം പരീക്ഷണങ്ങള്‍ സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം അറിയിക്കേണ്ടതുണ്ടോ
ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കണമെന്നുള്ള 2005 ലെ കരാറനുസരിച്ച് കരയിലോ കടലിലോ നടക്കുന്ന വിക്ഷേപണ പരീക്ഷണങ്ങള്‍ സംബന്ധിച്ച് നേരത്തെ തന്നെ അതിര്‍ത്തി രാജ്യങ്ങളെ അറിയിക്കണം.
പരീക്ഷണത്തിന് മുന്‍പ് എയര്‍ മിഷന്‍സ് (എന്‍ഒടിഎഎം) അല്ലെങ്കില്‍ നാവിഗേഷന്‍ വാണിങ്ങിന് (എന്‍എവിഎആര്‍ഇഎ) മുന്നറിയിപ്പ് നോട്ടീസ് നല്‍കണം. വിക്ഷേപണ സ്ഥാനം 40 കിലോ മീറ്ററിന് (കി.മി) ഉള്ളില്‍ അല്ലെന്നും, ആഘാതപ്രദേശം അന്താരാഷ്ട്ര അതിര്‍ത്തിയുടെ അല്ലെങ്കില്‍ നിയന്ത്രണ രേഖയുടെ 75 കിലോ മീറ്ററിനുള്ളില്‍ അല്ലെന്നും പരീക്ഷണം നടത്തുന്ന രാജ്യം ഉറപ്പു വരുത്തണം. വിക്ഷേപണപാത അതിര്‍ത്തി കടക്കാന്‍ പാടില്ല.
പരീക്ഷണം നടത്തുന്ന രാജ്യം വിക്ഷേപണത്തിന് അഞ്ച് ദിവസത്തിന് മൂന്ന് ദിവസം മുന്നോടിയായി തന്നെ ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മറ്റു രാജ്യത്തിന് നല്‍കണം. വിദേശകാര്യ ഓഫീസും ഹൈക്കമ്മിഷന്‍ വഴിയുമാണ് വിവരങ്ങള്‍ കൈമാറേണ്ടത്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ മുന്നറിയിപ്പുകളും ഉണ്ടായിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിവരം. ഇത്തരം മിസൈലുകളുടെ പരീക്ഷണം സംബന്ധിച്ച് തങ്ങളും വിവരങ്ങള്‍ കൈമാറാറില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.
മിസൈലിനെപ്പറ്റി
ഇരുരാജ്യങ്ങളും മിസൈലിനെപ്പറ്റി കൃത്യമായൊരു ഉത്തരം നല്‍കിയിട്ടില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍സോണിക് മിസൈല്‍ എന്നാണ് അറിയിച്ചത്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മിസൈലുകളില്‍ ഒന്നിന്റെ പരീക്ഷണമാണ് നടന്നതെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്, റഷ്യയുമായി ചേര്‍ന്ന് നിര്‍മ്മിച്ച ‘ബ്രഹ്മോസ്’. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വക്താവ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കറിന്റെ പ്രസ്താവനയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധരുടെ വിശകലനം.
200 കിലോമീറ്റർ സഞ്ചരിച്ചു, 40,000 അടി ഉയരത്തിൽ ശബ്ദത്തിന്റെ 2.5 മടങ്ങ് മുതൽ മൂന്ന് മടങ്ങ് വരെ വേഗതയിൽ കുതിച്ചു എന്നായിരുന്നു ഇഫ്തിക്കറിന്റെ വാക്കുകള്‍. ബ്രഹ്മോസ് മാക് മൂന്നിന് ഉയർന്ന വേഗതയുണ്ട്, ഏകദേശം 290 കിലോമീറ്റർ സഞ്ചരിക്കാന്‍ സാധിക്കും, കൂടാതെ 15 കിലോമീറ്റർ ഉയരത്തിലേക്ക് കുതിച്ചുയരുകയും ചെയ്യും. ബ്രഹ്മോസ് എവിടെനിന്നും തൊടുക്കാവുന്നതും ആണവശേഷിയുള്ളതുമാണ്. ആണവശേഷിയുള്ള പൃഥ്വിയുടെ മറ്റൊരു മിസൈലാണൊ എന്നും ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്.
മിസൈല്‍ സഞ്ചരിച്ച പാത
സംഭവത്തിലെ ശ്രദ്ധേയമായൊരു കാര്യം വായുവില്‍ വച്ച് മിസൈലിന്റെ ദിശ മാറി എന്നുള്ളതാണ്. അതിര്‍ത്തിയിലെ ഏറ്റവും അടുത്ത പോയിന്റില്‍ നിന്ന് 104 കിലോമീറ്റര്‍ അകലെയുള്ള സിര്‍സയില്‍ നിന്ന് പറന്നുയര്‍ന്ന മിസൈല്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 70-80 കിലോ മീറ്റര്‍ സഞ്ചരിച്ചു തെക്ക് പടിഞ്ഞാറുള്ള ഇന്ത്യന്‍ സായുധ സേനയുടെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലേക്ക് നീങ്ങി. എന്നാല്‍ പെട്ടെന്ന് ദിശമാറി പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കടക്കുകയായിരുന്നു.
“ഒരു മിസൈലിന് അതിന്റെ ദിശമാറ്റന്‍ വളരെ കുറച്ച് കാരണങ്ങള്‍ മാത്രമാണുള്ളത്. പറന്നതിന് ശേഷം അതൊരു പാത സ്വീകരിച്ചു, പാത സാധാരണമായിരുന്നില്ല, അതുകൊണ്ട് മറ്റൊരു ദിശയിലേക്ക് പോയി എന്നാണ് മനസിലാക്കുന്നത്. ഒരു ക്രൂയിസ് മിസൈല്‍ വിക്ഷേപിക്കുമ്പോള്‍ അതിന് ‘ടാര്‍ഗെറ്റ് കോര്‍ഡിനേറ്റുകള്‍’ നല്‍കണം, വിക്ഷേപിച്ചുകഴിഞ്ഞാല്‍ അത് സ്വയം സഞ്ചരിക്കുകയാണ്. സഞ്ചരിക്കുമ്പോള്‍ തന്നെ കോര്‍ഡിനേറ്റുകള്‍ നല്‍കാന്‍ കഴിയുന്ന മിസൈലുകളുമുണ്ട്.” ന്യൂഡൽഹിയിലെ സെന്റർ ഫോർ എയർ പവർ സ്റ്റഡീസിന്റെ (സിഎപിഎസ്) തലവനും റിട്ടയേർഡ് എയർ മാർഷലുമായ അനിൽ ചോപ്ര പറഞ്ഞു.
“കോര്‍ഡിനേറ്റുകള്‍ ശരിയാവാത്തതായിരിക്കാം ഒരു കാരണം. എന്നാല്‍ ഇവിടെ മിസൈല്‍ ഒരു പ്രത്യേക ദിശയിലേക്ക് പോവുകയും പിന്നീട് തിരിയുകയും ചെയ്തു. കോര്‍ഡിനേറ്റുകള്‍ തെറ്റായിരുന്നെങ്കില്‍ മിസൈല്‍ നേരെ സഞ്ചരിച്ചേനെ. അവസാന ഘട്ടത്തിലാണ് പൊതുവെ ദിശമാറ്റം സംഭവിക്കുക. മിസൈലിന്റെ ദിശമാറ്റം വച്ച് നോക്കുകയാണെങ്കില്‍ കോര്‍ഡിനേറ്റുകള്‍ തെറ്റാനുള്ള സാധ്യതകള്‍ കുറവാണ്. മറ്റൊരു സാധ്യത ഏന്തെങ്കിലും സൈബര്‍ മാര്‍ഗങ്ങളിലൂടെ ആരെങ്കിലും മിസൈലിന്റെ പ്രവര്‍ത്തനം തകരാറിലാക്കിയതാവാം, ഇതെന്റെ ഊഹം മാത്രമാണ്. ഇങ്ങനെ സംഭവിച്ചാല്‍ മുഴുവന്‍ കോര്‍ഡിനേറ്റുകളേയും ബാധിക്കുകയും ദിശ മാറുകയും ചെയ്യും. ” അദ്ദേഹം വ്യക്തമാക്കി. മിസൈലിന്റെ ലക്ഷ്യസ്ഥാനം സംബന്ധിച്ചുള്ള ഡാറ്റയില്‍ എന്തെങ്കിലും മാറ്റം വന്നാല്‍, ദിശമാറാനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Also Read: കോൺഗ്രസിന്റെ ‘കൈ’ ചോർന്നതിന് പിന്നിൽ; തിരഞ്ഞെടുപ്പ് ഫലങ്ങൾ അർത്ഥമാക്കുന്നത്