ഏതൊരു ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും എടുക്കാവുന്ന തരത്തില്‍ 29,000 മുതല്‍ 3,00,000 വരെ വാട്സാപ്പ് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പരുകള്‍ വാട്സാപ്പിന്റെ വെബ് പോര്‍ട്ടലില്‍ നിന്നും ചോര്‍ന്നുവെന്ന് ഇന്ത്യാക്കാരനായ ഒരു സ്വതന്ത്ര സൈബര്‍ സുരക്ഷാ ഗവേഷകന് അവകാശപ്പെട്ടു. ഈ നമ്പരുകള്‍ ഗൂഗിളില്‍ കാണാന്‍ കഴിയുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ എന്നിവിടങ്ങൡ നിന്നുള്ള ഉപയോക്താക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളതെന്ന് പൂര്‍ണ സമയ നിധി വേട്ടക്കാരന് (ബൗണ്ടി ഹണ്ടര്‍) എന്ന് സ്വയം വിശേഷിപ്പിക്കുന്ന അതുല്‍ ജയരാമന് പറയുന്നത്. എന്നാല്‍, ഈ കണ്ടെത്തല്‍ സമ്മാനത്തിന് അര്‍ഹമല്ലെന്നും പൊതുയിടത്തില്‍ ലഭ്യമാകാന്‍ വാട്സാപ്പ് ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്ന യുആര്‍എല്ലുകളുടെ ഒരു സെര്‍ച്ച് എഞ്ചിന് ആണ് അതിലുള്ളതെന്നും വാട്സ്ആപ്പ് പ്രതികരിച്ചു.
എങ്ങനെയാണ് വാട്സാപ്പ് നമ്പരുകള്‍ ഗൂഗിളില്‍ എത്തിയത്?
ഒരു ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് തങ്ങളുടെ പട്ടികയിലെ ഉപയോക്താക്കളെ ആഡ് ചെയ്യാന്‍ സുഹൃത്തുക്കളെ അനുവദിക്കുന്നതിന് വാട്സാപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചര്‍ എന്ന യുആര്‍എല്ലിലേക്ക് നയിക്കും. ഈ ഫീച്ചറില്‍, ക്ലിക്ക് ചെയ്ത് ചാറ്റിലേക്ക് പോകാന്‍ കഴിയും. ആ അവസരത്തില്‍ ലിങ്ക് ജനറേറ്റ് ചെയ്യുന്നുണ്ട്. ആ ലിങ്കില്‍ വാട്സ് ആപ്പ് നമ്പര്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ എല്ലാവര്ക്കും ടെക്സ്റ്റ് രൂപത്തില്‍ ആ നമ്പര്‍ ലഭിക്കുമെന്ന് ജയരാമന് പറയുന്നു.
എന്താണ് വാട്സാപ്പിന്റെ പ്രതികരണം?
ഒരു ക്ലിക്കിലൂടെ ചാറ്റിലേക്ക് പോകുന്ന ഫീച്ചറാണിത്, വാട്സ്ആപ്പ് ഈ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. അതില്‍ ഉപയോക്താവിന് തന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒരു യുആര്‍എല്‍ സൃഷ്ടിക്കാന്‍ കഴിയും. അതിലൂടെ ആര്‍ക്കും എളുപ്പത്തില്‍ ഈ ഉപയോക്താവിന് സന്ദേശം അയക്കാം. ഈ ഫീച്ചറിലൂടെ ലോകമെമ്പാടും ചെറിയ, സൂക്ഷ്മ ബിസിനസ്സുകള്‍ തങ്ങളുടെ ഉപഭോക്താക്കളുമായി സംവദിക്കുന്നുണ്ട്. ഈ പ്രശ്നം കണ്ടെത്തിയ ഗവേഷകന് സമ്മാനമൊന്നും നല്‍കില്ലെന്ന് വാട്സാപ്പ് പറയുന്നു.
Read Also: ഉപയോക്താക്കളെ ഞെട്ടിക്കാൻ വീണ്ടും വാട്സാപ്പ്; വരാനിരിക്കുന്നത് കിടിലൻ ഫീച്ചറുകൾ
എല്ലാ വാട്സാപ്പ് ഉപയോക്താക്കള്‍ക്കും ആവശ്യമില്ലാത്ത മെസേജുകള്‍ ഒരു ബട്ടണ്‍ അമര്‍ത്തി ബ്ലോക്ക് ചെയ്യാന്‍ സാധിക്കുമെന്ന് പ്രസ്താവന പറയുന്നു.
ഈ ലിങ്ക് ഷെയര്‍ ചെയ്യുന്നവര്‍ തങ്ങളുടെ നമ്പരുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ അറിഞ്ഞു കൊണ്ട് തീരുമാനമെടുക്കുന്നവരാണെന്ന് വാട്സാപ്പ് പറയുന്നു. കൂടാതെ, അവര്‍ ഈ ലിങ്ക് പരസ്യമായി ഷെയര്‍ ചെയ്യുകയുമില്ല.
അതേസമയം ഗൂഗിള്‍ wa.ma ഇന്‍ഡെക്സ് ചെയ്യുന്നത് അവസാനിപ്പിച്ചു. അത് സൂചിപ്പിക്കുന്നത് ഈ യുആര്‍എല്ലിനെ സെര്‍ച്ച് എഞ്ചിനുകള്‍ തിരയുന്നതിനെ വാട്സാപ്പ് ഇപ്പോള്‍ തടഞ്ഞിരിക്കുന്നുവെന്നാണ്.
എന്താണ് ക്ലിക്ക് ചെയ്ത് ചാറ്റ് ചെയ്യുകയെന്ന ഫീച്ചര്‍?
തങ്ങളുടെ ഫോണിലെ അഡ്രസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു ഫോണ്‍ നമ്പരുമായി ഒരാള്‍ക്ക് ചാറ്റ് ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചറാണ് ഇതെന്ന് വാട്സാപ്പ് ബ്ലോഗ് വിശദീകരിക്കുന്നു.
https://wa.me/- ഈ ലിങ്കില്‍ രാജ്യത്തിന്റെ കോഡ് നല്കി അന്താരാഷ്ട്ര രീതിയില്‍ ഒരാള്‍ക്ക് നമ്പര്‍ നല്കിയാല് ക്ലിക്ക് ചെയ്ത് ചാറ്റ് ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കാം. ഇതില്‍ ഫോണ്‍ നമ്പര്‍ അന്താരാഷ്ട്ര രീതിയിലാകും. ഈ രീതിയില്‍ ഫോണ്‍ നമ്പര്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ പൂജ്യം, ബ്രാക്കറ്റുകള്‍ അല്ലെങ്കില്‍ ഡാഷുകള്‍ എല്ലാം ഒഴിവാക്കണം. ഈ ലിങ്കിലേക്ക് സ്ഥിരമായൊരു സന്ദേശത്തെ ചേര്‍ക്കാനും സാധിക്കും.
പതിവായി വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ പേടിക്കേണ്ടതുണ്ടോ?
ഇല്ല. എല്ലാ ഉപയോക്താക്കള്‍ക്കും ഇത് പ്രശ്നം സൃഷ്ടിക്കുന്നില്ല. ക്ലിക്ക് ചെയ്ത് ചാറ്റ് ചെയ്യാനുള്ള ലിങ്ക് സൃഷ്ടിച്ച് ട്വീറ്റിലൂടെയോ മറ്റേതെങ്കിലും പ്ലാറ്റ്ഫോമില്‍ ഷെയര്‍ ചെയ്തോ പൊതുയിടത്തില്‍ ലഭ്യമാക്കിയിട്ടുള്ളവര്‍ മാത്രമേ പേടിക്കാനുള്ളൂ.
ശ്രദ്ധിച്ചു മാത്രമേ ഈ ലിങ്ക് സൃഷ്ടിക്കാവൂ. പ്രത്യേകിച്ച് ഒരു സ്വകാര്യ നമ്പര്‍ ഉപയോഗിച്ച് ലിങ്ക് സൃഷ്ടിക്കുമ്പോള്‍. ഗൂഗിളില്‍ ഇന്‍ഡെക്സ് ചെയ്യാന്‍ സാധ്യതയുള്ള ഏതൊരു പ്ലാറ്റ്ഫോമിലും നമ്പര്‍ ഷെയര്‍ ചെയ്യുന്നത് ആശാസ്യമല്ല. ഉടമയുടെ പേര് ആ നമ്പരിനൊപ്പം ഉണ്ടെങ്കില്‍ അത് വലിയ തലവേദനയ്ക്ക് കാരണമാകും.
Read in English: WhatsApp’s click to chat feature and why it’s under the scanner